ഒരൊറ്റ രാവ് ഇരുട്ടിവെളുക്കുമ്പോഴേയ്ക്കും ജീവിതം മാറിമറിഞ്ഞുപോയ ഒരുകൂട്ടം മനുഷ്യരുടെ തീരാനോവിന്റെ മൂന്നുമാസങ്ങളാണ് കടന്ന് പോകുന്നത്. 2024 ജൂലൈ 30ന് പുലർച്ചെയാണ് മനുഷ്യാധ്വാനം കൊണ്ട് പടുത്തുയർത്തിയതെല്ലാം തകർത്തെറിഞ്ഞ് വയനാട്ടിലെ മുണ്ടക്കൈ എന്ന കാർഷിക-തൊഴിലാളി ഗ്രാമം ഭീതിപ്പെടുത്തുന്ന ഒരു ഓർമ്മചിത്രമായി മാറിയത്. രാജ്യം കണ്ട ഏറ്റവും തീവ്രമായ ഉരുൾപൊട്ടൽ ദുരന്തത്തെയായിരുന്നു അന്ന് അവിടുത്തുകാർക്ക് അതിജീവിക്കേണ്ടി വന്നത്. ഏതാണ്ട് നാനൂറിലേറെപ്പേരാണ് ഈ ദുരന്തത്തിൽ മരിച്ചത്. 47ഓളം പേരെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മുണ്ടക്കൈയിലും ചൂരൽമലയിലുമായി ഏതാണ്ട് മൂവായിരത്തോളം പേരുടെ ജീവിതത്തെയാണ് ദുരന്തം അക്ഷരാർത്ഥത്തിൽ തകർത്തെറിഞ്ഞത്.
പ്രിയപ്പെട്ടവരും ജീവിതസമ്പദ്യവുമെല്ലാം നഷ്ടപ്പെട്ട ഒരു ജനത ഒരുദിവസം കൊണ്ടാണ് അവരുടെ മണ്ണിൽ നിന്നും തൂത്തെറിയപ്പെട്ടത്. ഇനിയൊരിക്കലും തിരികെ കിട്ടാത്തവിധം സ്വന്തമായുണ്ടായിരുന്നതെല്ലാം അവർക്ക് നഷ്ടപ്പെട്ടു. ദുരന്തം നടന്നതിന് പിന്നാലെ ഇവരെ ചേർത്തുപിടിക്കാൻ സർക്കാരും സമൂഹവും ഉപാധികളില്ലാതെ മുന്നോട്ടു വന്നിരുന്നു. എല്ലാം നഷ്ടപ്പെട്ട ഒരു ജനതയ്ക്ക് പ്രതീക്ഷയുടെയും ആത്മവിശ്വാസത്തിന്റെയും പുതുജീവൻ പകരുന്ന പ്രഖ്യാപനങ്ങളും ആശ്വാസ നടപടികളും ഈ ഘട്ടത്തിൽ ഉണ്ടായി. ഇതിൽ ദിവസേന 300 രൂപ വീതമുള്ള ധനസഹായ വാഗ്ദാനവും ബാങ്ക്കടം എഴുതിതള്ളുമെന്ന പ്രഖ്യാപനവുമെല്ലാം പൂർണ്ണതോതിൽ എത്രമാത്രം പ്രാവർത്തികമായി എന്നതും ഈ ഘട്ടത്തിൽ ഒരു പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. കേന്ദ്രസർക്കാർ പൂർണ്ണമായും ദുരന്തത്തോട് മുഖം തിരിക്കുകയും അർഹമായ സഹായങ്ങൾ നൽകാൻ മടിക്കുകയും ചെയ്യുന്ന സാഹചര്യം നിലവിലുണ്ട്. കേന്ദ്രത്തിൻ്റെ നിഷേധാത്മക സമീപനം ഉയർത്തിക്കാണിക്കുമ്പോഴും സംസ്ഥാന സർക്കാർ ഏറ്റെടുത്ത ഉത്തരവാദിത്വങ്ങൾ വേഗതയിൽ പൂർത്തീകരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
ഭീതിദമായ ഒരുദുരന്തം അവശേഷിപ്പിച്ച മുറിവോടുകൂടി തന്നെയായിരുന്നു തീർത്തും അപരിചിതമായ ഒരു ചുറ്റുപാടിലേയ്ക്ക് മനസ്സില്ലാമനസ്സോടെ അവർ ജീവിതം പറിച്ച് നട്ടത്. താൽക്കാലിക സംവിധാനങ്ങളുമായി പൊരുത്തപ്പെടാൻ തീരുമാനിച്ചപ്പോഴും പുനരധിവാസ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം
എല്ലാം നഷ്ടപ്പെട്ട ഇവരെ സംബന്ധിച്ച്, സർക്കാർ പ്രഖ്യാപിച്ച പുനരധിവാസം വീണ്ടും ജീവിതം ഒന്നുമുതൽ കെട്ടിപ്പെടുക്കാനുള്ള അനിവാര്യതകൂടിയായിരുന്നു. ദുരന്തത്തെ അതിജീവിച്ച കുടുംബങ്ങൾക്ക് പുനരധിവാസം പൂർത്തിയാകുന്നത് വരെ താമസിക്കാനുള്ള താൽക്കാലിക സൗകര്യങ്ങൾ സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭീതിദമായ ഒരുദുരന്തം അവശേഷിപ്പിച്ച മുറിവോടുകൂടി തന്നെയായിരുന്നു തീർത്തും അപരിചിതമായ ഒരു ചുറ്റുപാടിലേയ്ക്ക് മനസ്സില്ലാമനസ്സോടെ അവർ ജീവിതം പറിച്ച് നട്ടത്. താൽക്കാലിക സംവിധാനങ്ങളുമായി പൊരുത്തപ്പെടാൻ തീരുമാനിച്ചപ്പോഴും പുനരധിവാസ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ദുരന്തം അതിജീവിച്ചവരുടെ പുനരധിവാസം ഏറ്റവും വേഗം പൂർത്തിയാക്കുമെന്നായിരുന്നു സർക്കാരിന്റെയും ഉറപ്പ്.
മുണ്ടക്കൈ-ചൂരൽമല ദുരന്തം നടന്ന് മൂന്ന് മാസം പൂർത്തിയാകുന്ന ഇന്ന് സർക്കാർ പ്രഖ്യാപിച്ച പുനരധിവാസം എവിടെയെത്തി എന്ന ചോദ്യം ഗൗരവത്തിൽ ഉയരേണ്ടതുണ്ട്. തങ്ങളുടേതല്ലാത്ത കാരണങ്ങൾ കൊണ്ട് ജീവനോപാദികളും ജീവിതസമ്പാദ്യവും നഷ്ടപ്പെട്ട ഒരു ജനത അവരുടേതല്ലാത്ത കാരണം കൊണ്ട് ജീവിതത്തിന്റെ പുറംപോക്കിൽ അനിശ്ചിതമായി തുടരേണ്ടി വരുന്നുവെങ്കിൽ അതിന്റെ കാരണങ്ങൾ ഈ ഘട്ടത്തിൽ ഗൗരവത്തിൽ ചർച്ച ചെയ്യേണ്ടതുണ്ട്.
എല്ലാം മറന്ന് ഒത്തൊരുമിച്ച് നിന്ന് പുനരധിവാസം അതിവേഗം പൂർത്തിയാക്കുമെന്നായിരുന്നു ആ ഘട്ടത്തിൽ പ്രഖ്യാപിക്കപ്പെട്ടിരുന്നത്. ലോകത്തിൻ്റെ നാനാഭാഗത്തുനിന്നും വയനാട്ടിലേയ്ക്ക് സഹായ വാഗ്ദാനങ്ങൾ ഈ ഘട്ടത്തിൽ ഒഴുകിയിരുന്നു. എന്നാൽ ദുരന്തം നടന്ന് മൂന്ന് മാസം പൂർത്തിയാക്കുന്ന ഈ ഘട്ടത്തിലും പുനരധിവാസവുമായി ബന്ധപ്പെട്ട് ഒരുകല്ല് പോലും എടുത്ത് വെയ്ക്കാൻ സാധിച്ചിട്ടില്ലെന്നതാണ് ദു:ഖകരമായ യാഥാർത്ഥ്യം. മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സ്വകാര്യ വ്യക്തികളും സംഘടനകളും കൂട്ടായ്മകളുമൊക്കെ നിരവധി സഹായങ്ങളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി സർക്കാർ അനുവദിക്കുകയാണെങ്കിൽ ടൗൺഷിപ്പ് നിർമ്മിക്കാൻ മുൻകൈ എടുക്കാമെന്ന് റിപ്പോർട്ടർ ടിവിയും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ലഭ്യമായ എല്ലാ സഹായവാഗ്ദാനങ്ങളും ഏകോപിപ്പിച്ച് സർക്കാരിന്റെ നേതൃത്വത്തിൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാം എന്ന തീരുമാനമാണ് ഉണ്ടായത്.
എന്നാൽ സഹായ വാഗ്ദാനം ഏകോപിപ്പിച്ചു കൊണ്ട് പുനരധിവാസം ത്വരിതപ്പെടുത്തുമെന്ന സർക്കാർ നീക്കവും കടലാസിന് വെളിയിലേയ്ക്ക് വന്നിട്ടില്ല. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കോടതിയിലേയ്ക്ക് എത്തിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ ദുരന്തം നടന്ന് മൂന്നാംമാസം പിന്നിടുമ്പോഴും മുണ്ടക്കൈ-ചൂരൽമല ദുരിതബാധിതരെ സംബന്ധിച്ച് പുനരധിവാസവുമായി ബന്ധപ്പെട്ട് ശുഭകരമായ ചിത്രങ്ങളല്ല മുന്നിലുള്ളത്. ദുരന്തം നടന്ന സമയത്തെ ചേർത്തുപിടിക്കലുകളുടെ ആശ്വാസകരമായ അന്തരീക്ഷത്തിലേയ്ക്ക് പതിയെ ഇത്തരം ആശങ്കകളുടെയും അനിശ്ചിതത്വങ്ങളുടെയും കാർമേഘങ്ങൾ നിറയാൻ തുടങ്ങിയിട്ടുണ്ടെന്നത് വാസ്തവമാണ്. കേന്ദ്രസർക്കാർ സഹായവുമായി ബന്ധപ്പെട്ട യാഥാർത്ഥ്യങ്ങൾ അവിടെ നിൽക്കുമ്പോഴും അടിസ്ഥാനപരമായി ഇതിനെയെല്ലാം മറികടന്ന് ആശങ്കയുടെയും അനിശ്ചിതാവസ്ഥയുടെയും അന്തരീക്ഷം ഇല്ലാതാക്കാൻ സർക്കാർ സംവിധാനങ്ങൾ അസാധാരണമായ വേഗതയോടെ പ്രതികരിക്കേണ്ടതുണ്ട്.
എന്നാൽ വയനാട് പാർലമെൻ്റ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോഡ് ഓഫ് കോൺടാക്ട് നിലവിൽ വന്നതോടെ ഇതിൻ്റെ നടപടിക്രമങ്ങളിൽ കാലതാമസം നേരിടാൻ കാരണമെന്നാണ് സർക്കാർ സംവിധാനങ്ങൾ വ്യക്തമാക്കുന്നത് ഒന്ന് മുതൽ 100 വരെ വീടുകൾ സ്പോൺസർ ചെയ്യാൻ കത്തുതന്ന എല്ലാവരുടെയും യോഗം മുഖ്യമന്ത്രിയുടെ യോഗം വിളിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. തിരഞ്ഞെടുപ്പിൻ്റെ ഭാഗമായ മാതൃകാ പെരുമാറ്റചട്ടത്തിൻ്റെ കാലാവധി കഴിഞ്ഞാൽ ആ യോഗം വിളിക്കുക എന്നതിനാണ് പ്രഥമപരിഗണന എന്നാണ് റവന്യൂവകുപ്പ് മന്ത്രി കെ രാജൻ റിപ്പോർട്ടറിനോട് പറഞ്ഞത്. യോഗത്തിൻ്റെ പൊതുതീരുമാനത്തിന് അനുസരിച്ച് ഭാവിപ്രവർത്തനം ആസൂത്രണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. 'ഒരു പൊതുലീഡർഷിപ്പിൽ പണിതീർക്കുക അതിൻ്റെ സംഭാവനകൾ ബന്ധപ്പെട്ടവർ നൽകുക എന്നതാണ് സർക്കാരിൻ്റെ നിർദ്ദേശം. ആ യോഗത്തിൻ്റെ അഭിപ്രായം കേട്ട് ഈ വിഷയത്തിൽ സർക്കാർ ഒരു തീരുമാനമെടുക്കും', എന്നാണ് മന്ത്രി ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
മുണ്ടക്കൈ-ചൂരൽമല ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിന് അനുയോജ്യമായി സർക്കാർ കണ്ടെത്തിയ രണ്ട് ഭൂമികൾ ഏറ്റെടുക്കാൻ ഈ മാസം ആദ്യം മന്ത്രിസഭ അനുവാദം നൽകിയിരുന്നു. മേപ്പാടി പഞ്ചായത്തിൽ ഹാരിസൺ മലയാളം ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള അരപ്പറ്റ എസ്റ്റേറ്റിലെ നെടുമ്പാല ഡിവിഷനിലെ 65.21 ഹെക്ടറും കൽപ്പറ്റ നഗരസഭയിലെ എൽസ്റ്റൺ എസ്റ്റേറ്റിലെ 78.73 ഹെക്ടർ ഭൂമിയുമാണ് പുനരധിവാസത്തിനായി ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചത്. രണ്ടുഘട്ടമായി പുനരധിവാസം പൂർത്തീകരിക്കാനായിരുന്നു സർക്കാർ തീരുമാനം. ദുരന്തബാധിതരെ സംബന്ധിച്ച് ഏറെ ആശ്വാസകരമയിരുന്നു ഈ മന്ത്രിസഭാ തീരുമാനം. എന്നാൽ ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവ് ചോദ്യം ചെയ്ത് രണ്ട് എസ്റ്റേറ്റിന്റെ ഉടമകളും ഹൈക്കോടതിയെ സമീപിച്ചത് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരെ സംബന്ധിച്ച് ഇരുട്ടടിയായി മാറി. കോടതി വ്യവഹാരങ്ങളുടെ നൂലാമാലകളിൽപ്പെട്ടതോടെ പുനരധിവാസ പദ്ധതി തന്നെ അനിശ്ചിതാവസ്ഥയിലായി എന്ന നിരാശയിലാണ് ദുരന്തബാധിതരിൽ ഭൂരിപക്ഷവും.
നിലവിൽ ദുരന്തനിവരണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനം റദ്ദാക്കണമെന്നാണ് ഹാരിസൺ, എൽസ്റ്റൺ എസ്റ്റേറ്റ് ഉടമകൾ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഏറ്റെടുക്കാൻ തീരുമാനിച്ച ഭൂമിയിൽ സർക്കാരിന് അവകാശമുണ്ടെന്ന് ചൂണ്ടിക്കാണിച്ച് വയനാട് ജില്ലാകളക്ടർ സുൽത്താൻ ബത്തേരി കോടതിയിൽ സിവിൽ കേസും ഫയൽ ചെയ്തിട്ടുണ്ട്. നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കണമെന്നാണ് എസ്റ്റേറ്റ് ഉടമകളുടെ ആവശ്യം. എന്തായാലും നിയമത്തിന്റെ നൂലാമാലകളിലേയ്ക്ക് ഈ വിഷയം കടന്നതോടെ ഒരു ജനതയുടെ അതിജീവനത്തിന്റെ പ്രതീക്ഷകൾ കൂടിയാണ് ഇല്ലാതാകുന്നത്. യുദ്ധകാലാടിസ്ഥാനത്തിൽ പുനരധിവാസം പൂർത്തിയാക്കുമെന്ന് ദുരന്തബാധിതർക്ക് ഉറപ്പ് നൽകിയ സർക്കാർ ഇനിയെന്ത് ചെയ്യുമെന്ന ചോദ്യമാണ് ഇപ്പോൾ പ്രസക്തമാകുന്നത്.
എന്നാൽ അഡ്വാൻസ്ഡ് പൊസഷന് വേണ്ടിയാണ് ദുരന്തനിവാരണ നിയമപ്രകാരം സ്ഥലം ഏറ്റെടുത്തതെന്നാണ് മന്ത്രി കെ രാജൻ വ്യക്തമാക്കുന്നത്. 'എൽഎആർആർ ആക്ട് 2013 നടപടിക്രമങ്ങൾ അനുസരിച്ച് ഭൂമി ഏറ്റെടുക്കാൻ 120 ദിവസമെങ്കിലും ഏറ്റവും ചുരുങ്ങിയത് സ്റ്റാറ്റ്യൂട്ടറി കാലയളവ് അതിന് ആവശ്യമാണ്. ഡിസാസ്റ്റർ ആക്ട് പ്രകാരം ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചത് ഭൂമിയുടെ പൊസഷൻ വേഗത്തിൽ കിട്ടാൻ വേണ്ടിയാണ്. ആവശ്യമായി നഷ്ടപരിഹാരം നൽകി ഭൂമിയേറ്റെടുക്കണമെന്ന വാദമാണ് ബന്ധപ്പെട്ട എസ്റ്റേറ്റുകൾ കോടതിയിൽ ഉന്നയിക്കുന്നത്. അർഹമായ നഷ്ടപരിഹാരം അർഹതപ്പെട്ടവർക്ക് നൽകുന്നതിന് ഒരു തർക്കവും സർക്കാരിനില്ല. ഡിസാസ്റ്റർ ആക്ടിൻ്റെ സെക്ഷൻ രണ്ടിൻ്റെ നിർവ്വചനങ്ങളിൽ റീഹാബിറ്റേഷൻ ആൻഡ് റീകൺസ്ട്രക്ഷൻ എട്ടാമത്തെ കാരണമായി പറയുന്നുണ്ട്. അതുകൊണ്ട് തന്നെ ബലംപ്രയോഗിച്ച് ഭൂമി ഏറ്റെടുക്കുക എന്നതല്ല സർക്കാർ ആഗ്രഹിക്കുന്നത്. അർഹമായ നഷ്ടപരിഹാരം കൊടുത്ത് തന്നെ ഭൂമി ഏറ്റെടുക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നത് അത് കോടതിയെ ബോധ്യപ്പെടുത്തും. പിന്നെയതിൻ്റെ അർഹതയാണ്. അത് കോടതി നിശ്ചയിക്കട്ടെ. കോടതി നിശ്ചയിക്കുന്ന മുറയ്ക്ക് എവിടെയും പണം കെട്ടിവെയ്ക്കാൻ സർക്കാർ തയ്യാറാണ്. ഇത് കോടതിയെ ബോധ്യപ്പെടുത്തും. കോടതിയ്ക്ക് ഇത് ബോധ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ തന്നെ പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കുന്നതിൽ കാലതാമസമുണ്ടാകില്ല. നവംബർ നാലിന് ഇതുമായി ബന്ധപ്പെട്ട കേസ് കേൾക്കാൻ കോടതി നിശ്ചയിച്ചിട്ടുണ്ട്. അന്ന് പോസിറ്റീവായ ഒരു നിലപാട് കോടതി എടുക്കുമെന്നാണ് പ്രതീക്ഷ' എന്നാണ് റവന്യൂ വകുപ്പ് മന്ത്രി ഈ വിഷയത്തിൽ റിപ്പോർട്ടറിനോട് നയം വ്യക്തമാക്കിയത്.
നിലവിൽ എസ്റ്റേറ്റ് ഉടമകൾ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതിയിലും ഭൂമിയിൽ സർക്കാരിൻ്റെ ഉടമസ്ഥാവകാശം ചൂണ്ടിക്കാണിച്ച് വയനാട് ജില്ലാ കളക്ടർ നൽകിയ ഹർജി സുൽത്താൻ ബത്തേരി കോടതിയുടെ പരിഗണനയിലുമാണ്. അതിനാൽ തന്നെ കോടതിയുടെ നിലപാടിനെ ആശ്രയിച്ചായിരിക്കും പുനരധിവാസത്തിൻ്റെ സുഗമമായ നടത്തിപ്പ് എന്ന് വ്യക്തമാണ്. എന്നാൽ ഈ വിഷയത്തിൽ സർക്കാരിന് സവിശേഷമായ അധികാരം പ്രയോഗിച്ച് ഇത്തരം വിഷയങ്ങളിൽ കാലതാമസമില്ലാതെ തീരുമാനം എടുക്കാൻ തടസ്സമെന്താണ് എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. വയനാട്ടിൽ അടക്കം തോട്ടം ഉടമകൾ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഏക്കർകണക്കിന് ഭൂമികളെ സംബന്ധിച്ച ആധികാരിക റിപ്പോർട്ടുകൾ സർക്കാരിന്റെ പക്കലുണ്ട്. നിയമപ്രകാരം ദീർഘകാല നടപടിക്രമങ്ങളെല്ലാം പൂർത്തീകരിച്ച് സർക്കാർ ഏറ്റെടുത്ത എസ്റ്റേറ്റുകൾ പോലും പിന്നീട് കോടതി വ്യവഹാരങ്ങളിലൂടെ നഷ്ടപ്പെടുന്ന കാഴ്ചയും നമുക്ക് മുന്നിലുണ്ട്. വയനാട്ടിലെ കാട്ടിക്കുളത്ത് വിദേശപൗരൻ്റെ കൈവശമുണ്ടായിരുന്ന 200 ഏക്കറിലധികം വരുന്ന ആലത്തൂർ എസ്റ്റേറ്റ് ദീർഘകാലത്തെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി എസ്ചീട്ട് നിയമ പ്രകാരം സർക്കാർ ഏറ്റെടുത്തിരുന്നു. എസ്റ്റേറ്റിൻ്റെ ഉടമസ്ഥനായിരുന്ന വിദേശപൗരന് നിയമാനുസൃത അവകാശികളില്ലെന്ന് ജില്ലാകളക്ടർ കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കുകയും നിയമവശങ്ങളെല്ലാം പരിശോധിച്ച് ലാൻഡ് റവന്യൂ കമ്മീഷണർ അംഗീകാരം നൽകുകയും ചെയ്തതിന് ശേഷമായിരുന്നു എസ്റ്റേറ്റ് സർക്കാർ ഏറ്റെടുത്തത്. 1964ലെ അന്യം നിൽപ്പും കണ്ടുകെട്ടലും നിയമ പ്രകാരം എസ്റ്റേറ്റ് ഏറ്റെടുത്ത സർക്കാർ നടപടി പിന്നീട് ഹൈക്കോടതി റദ്ദാക്കിയത്. കൃത്യമായ നിയമം പാലിക്കാതെ സർക്കാർ എസ്റ്റേറ്റ് ഏറ്റെടുക്കുകയും കാര്യമായ വാദങ്ങൾ ഉന്നയിക്കാതെ കേസ് തോറ്റുകൊടുക്കുകയായിരുന്നു എന്ന ആരോപണവും ഈ വിഷയത്തിൽ ഉയർന്നിരുന്നു. ഈ നിലയിൽ റവന്യൂവകുപ്പ് വൻകിട തോട്ടങ്ങളുമായി നടത്തിയ കേസുകളിൽ ഭൂരിപക്ഷത്തിൻ്റെയും അന്ത്യം ശുഭകരമല്ലായെന്ന ചരിത്രവും ഈ വിഷയത്തിൽ മുന്നിലുണ്ട്.
അതിനാൽ തന്നെ ഇത്തരം ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് യുദ്ധകാലാടിസ്ഥാനത്തിൽ നിയമനിർമ്മാണം നടത്തി എസ്റ്റേറ്റ് ഉടമകളുടെ വെല്ലുവിളി സർക്കാർ നേരിടണമെന്ന അഭിപ്രായം ഉയരുന്നുണ്ട്. അത്തരമൊരു നിയമനിർമ്മാണത്തിന് ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രതിപക്ഷത്തിനും ഒപ്പം നിൽക്കാതിരിക്കാൻ കഴിയില്ല. സർക്കാർ ഈ വിഷയത്തിൽ സ്വീകരിക്കുന്ന ആർജ്ജവമുള്ള നിലപാട് തന്നെയായിരിക്കും ദുരന്തബാധിതരെ സംബന്ധിച്ച് ഇനിയുള്ള ഏക ആശ്രയം. ഈ വിഷയത്തിൽ കോടതി വ്യവഹാരങ്ങളുടെ അനന്തമായ അനിശ്ചിതത്വങ്ങളുടെ വഴിയേ പോകേണ്ടി വരുന്ന സാഹചര്യമാണ് ഉണ്ടാകുന്നതെങ്കിൽ പുനരധിവാസത്തിന്റെ പേരിൽ ദുരിതമുനമ്പിൽ ഉപേക്ഷിക്കപ്പെട്ട മറ്റൊരു ജനതയായി മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരും അടയാളപ്പെടുത്തപ്പെടും.
Content Highlights: nature rewrote the map of mundakkai before three months The rehabilitation project is yet to start