ഉറങ്ങിക്കിടക്കുന്നവരുടെ 'തലതകർത്ത' ക്രൂരത; കൊല്ലത്തെ വിറപ്പിച്ച മൊട്ട നവാസ് എന്ന സീരിയല്‍ കില്ലര്‍

നഗരമുറങ്ങുമ്പോള്‍ സ്ട്രീറ്റ് ലൈറ്റുകളുടെ വെളിച്ചത്തിൽ അയാൾ പുറത്തിറങ്ങും. വേട്ടയവസാനിപ്പിച്ചെന്ന് കരുതിയിടത്ത് നിന്ന് നവാസ് കൊലപ്പെടുത്തിയത് നിസഹായരായ അഞ്ച് മനുഷ്യരെ...

ഐഷ ഫർസാന
1 min read|30 Oct 2024, 07:32 pm
dot image

വർഷം 1966. കൊല്ലം ന​ഗരം ശാന്തതയിലാഴ്ന്നു പോയ ഒരു രാത്രി… .ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ്, അയ‍ഞ്ഞ ഷർട്ടും പാന്‍റ്സും ധരിച്ച് അയാൾ പുറത്തേക്ക് നടന്നു. സമയമേതാണ്ട് രാത്രി രണ്ട് മണിയായി കാണും, നേരിയ തണുപ്പുണ്ടായിരുന്നു. സ്ട്രീറ്റ്ലൈറ്റുകളുടെ വെളിച്ചത്തിൽ തന്റെ ഇരകളെ തേടിയിറങ്ങലായിരുന്നു അയാളുടെ വിനോദം. മുൻ പരിചയമോ, ശത്രുതയോ ഒന്നുമില്ല. എതിർക്കാൻ ശേഷിയില്ലാത്ത, അന്വേഷിച്ച് വരാൻ പ്രത്യേകിച്ച് ആരുമില്ലാത്ത, തെരുവുകളിൽ അന്തിയുറങ്ങുന്ന മനുഷ്യരായിരുന്നു അയാളുടെ ലക്ഷ്യം.

യാതൊരു പ്രകോപനവുമില്ലാതെ അയാൾ കൊന്നു തള്ളിയത് ഏഴോളം നിസഹായരായ മനുഷ്യരെയാണ്. പരമ്പര കൊലപാതകങ്ങൾക്ക് പൊലീസ് അറസ്റ്റ് ചെയ്യുമ്പോൾ അയാൾക്ക് പ്രായം മുപ്പത് വയസ് മാത്രം.

കൊല്ലം ജില്ലയിൽ 1966ലായിരുന്നു മൊട്ട നവാസിന്റെ ജനനം. വീടും കുട്ടിക്കാലവും നവാസിന് ഭീതിപ്പെടുത്തുന്ന ഓർമകളായിരുന്നുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. യൗവ്വനത്തിൽ മയക്കുമരുന്നും മദ്യവുമെല്ലാം മൊട്ട നവാസിന്റെ സന്തത സഹചാരികളായിരുന്നു. രാത്രി എട്ട് മണിയാകുമ്പോഴേക്കും ഉറങ്ങാൻ കിടക്കുന്ന ശീലമുണ്ടായിരുന്നു നവാസിന്. അർധരാത്രിയിൽ ഉറക്കമെഴുന്നേൽക്കും. പിന്നെ പതിയെ തന്‍റെ ഇരകളെ തേടിയിറങ്ങും. അതായിരുന്നു നവാസിന്റെ മോഡസ് ഓപ്പറാണ്ടി.

വർഷം 1996. അന്ന് മൊട്ട നവാസിന് ഏതാണ്ട് മുപ്പത് വയസ് പ്രായം കാണും. ഇവിടെ നിന്നാണ് മൊട്ട നവാസ് എന്ന കോൾഡ് ബ്ലഡഡ് മർഡററുടെ കഥ തുടങ്ങുന്നത്. യാചകരും, ഹോട്ടൽ ജീവനക്കാരും തുടങ്ങി പലരും മൊട്ട നവാസിന്റെ ക്രൂരതകൾക്കിരയായിട്ടുണ്ട്. പ്രത്യേകിച്ചാരും അന്വേഷിച്ച് വരാനില്ലാത്ത, കൊലപാതകത്തിന്റെ കാരണമെന്തെന്ന് പൊലീസിന് ഊഹിക്കാൻ പോലും സാധിക്കാത്ത ചില മനുഷ്യർ മൊട്ട നവാസിനാൽ കൊലചെയ്യപ്പെട്ടു.

കൊല്ലം നഗരത്തിലെ എസ്പി ഓഫീസിന് സമീപമുള്ള ഫ്ലൈഓവറിന് താഴെ ഉറങ്ങുകയായിരുന്ന 65കാരനായ രാജശേഖരനാണ് മൊട്ട നവാസിന്റെ ക്രൂരതയുടെ ആദ്യ ഇരയെന്നാണ് കരുതപ്പെടുന്നത്. രാത്രി ഏതാണ്ട് രണ്ട് മണിയായിക്കാണും. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവ് വഴിയരികിൽ വികൃതമെന്ന് തോന്നിക്കും വിധം ഉറങ്ങുന്ന ഒരു വൃദ്ധനെ കണ്ടു. മദ്യപിച്ച് ലക്കുകെട്ട് കിടക്കുകയാകുമെന്ന് കരുതി അയാൾ മുന്നോട്ടു നടന്നു. മനസിലെന്തോ വല്ലാതെ അലട്ടിയിട്ടുണ്ടാകാം. യുവാവ് തിരികെ വൃദ്ധന് അരികിലെത്തി. വെളിച്ചം നന്നേ കുറവാണ്. വൃദ്ധൻ കിടക്കുന്നതിന് അടുത്തായി എന്തോ ഒന്ന് തളം കെട്ടി കിടപ്പുണ്ട്. അയാൾ കണ്ണുകൾ നന്നായൊന്ന് അടച്ചുതുറന്നു. വീണ്ടും വൃദ്ധനെ നോക്കി. അരികിൽ തളം കെട്ടി കിടക്കുന്നത് രക്തമാണെന്ന് മനസിലായതോടെ യുവാവ് അലറിക്കരഞ്ഞു. പിന്നാലെ പൊലീസിനെ വിവരമറിയിച്ചു.

പൊലീസ് സ്ഥലത്തെത്തിയപ്പോൾ കാണുന്നത് തലയോട്ടി ചിന്നിച്ചിതറിയ വിധത്തിൽ ഒരു വൃദ്ധന്റെ മൃതദേഹമാണ്. മുഖം തിരിച്ചറിയാനാകാത്ത വിധം വികൃതമായിരുന്നു. ശരീരമാകെ രക്തത്തിൽ കുളിച്ചിരുന്നു. മൃതദേഹം പൊലീസ് ഉടനെ പോസ്റ്റുമാർട്ടത്തിന് അയച്ചു. കല്ലുകൊണ്ട് തലയോട്ടി അടിച്ചുതകർത്തതിൽ രക്തം വാർന്നായിരുന്നു മരണമെന്നായിരുന്നു പോസ്റ്റുമാർട്ടം റിപ്പോർട്ട്. കൊലപാതകത്തിന്റെ കാരണമെന്താണെന്നോ ആരാണ് കൊലപാതകത്തിന് പിന്നിലെന്നോ കണ്ടെത്താൻ അന്ന് പൊലീസിന് സാധിച്ചില്ല. എന്നാൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ നവാസിനെ അന്ന് പൊലീസ് അറസ്റ്റ് ചെയ്തിെങ്കിലും ദൃക്സാക്ഷികളില്ലാത്തതിനാൽ കോടതി വെറുതെ വിട്ടു.

വേട്ടയവസാനിപ്പിച്ചെന്ന് കരുതിയ സമയത്ത് മൊട്ട നവാസ് വീണ്ടും തന്റെ ഇരകൾക്കായുള്ള വേട്ടയാരംഭിച്ചു. 2007ലായിരുന്നു അടുത്ത കൊലപാതകം. അന്ന് ഷമീർ എന്നയാളായിരുന്നു നവാസിന്റെ ഇര. ഈ രണ്ട് കൊലപാതകങ്ങളെ സംബന്ധിച്ച് ആധികാരികമായ വിവരങ്ങൾ ലഭ്യമല്ല. ഷമീറിന്റെ കൊലപാതകത്തിലും നവാസിനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു.

2012ലാണ് മൊട്ട നവാസിന്റെ കൊലപാതക പരമ്പരകൾ തുടക്കമിടുന്നത്. അതൊരു ജൂൺ മാസമായിരുന്നു. സമയം രാത്രി ഏതാണ്ട് 2-3 മണിയായിക്കാണും. പതിവുപോലെ നേരത്തെ ഉറങ്ങിയ നവാസ് ഉറക്കമുണർന്നു. തന്റെ അയഞ്ഞ കുപ്പായവും ധരിച്ച് പുറത്തേക്ക് നടന്നു. നടത്തം അവസാനിച്ചത് എസ്പി ഓഫീസിന് സമീപത്ത് നിർമാണത്തിലിരിക്കുന്ന ഫ്ലൈഓവറിനടുത്താണ്. ഫ്ലൈഓവറിന് കീഴിൽ ഉറങ്ങുകയായിരുന്ന 65കാരനായ വൃദ്ധനായിരുന്നു അന്നത്തെ നവാസിന്റെ ഇര. യാതൊരു പ്രകോപനവുമില്ലാതെ ഉറങ്ങിക്കിടക്കുകയായിരുന്ന വൃദ്ധനെ നവാസ് ശക്തിയേറിയ കല്ലുപയോഗിച്ച് തലയ്ക്കടിച്ചു, കൊന്നു. തലയോട്ടി ചിന്നിച്ചിതറുന്നത് വരെ ആ കാഴ്ചയെ അയാൾ ഹരത്തോടെ നോക്കിനിന്നു എന്ന് പിൽക്കാലത്ത് പൊലീസ് റിപ്പോർ‌ട്ടുകളിൽ പറയുന്നുണ്ട്. അവിടെ നിന്നും മടങ്ങി. പിറ്റേദിവസമാണ് കൊലപാതകത്തെ കുറിച്ച് നഗരമറിയുന്നത്. സ്ഥലത്തെത്തിയ പൊലീസ് ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമാർട്ടത്തിന് അയച്ചു. റിപ്പോർട്ട് ലഭിച്ച് അന്വേഷണം ആരംഭിക്കാനിരിക്കെ, തൊട്ടടുത്ത ദിവസം, ഇതേ പ്രദേശത്ത് കടമുറിയ്ക്ക് മുൻപിൽ അപ്പുക്കുട്ടൻ ആചാരി എന്നയാളെയും മരിച്ച നിലയിൽ കണ്ടെത്തി. രണ്ട് പേരുടേയും മൃതദേഹം കണ്ടെത്തിയത് ഓരേ രീതിയിലായിരുന്നു. വസ്ത്രങ്ങളില്ലാതെ, തലയോട്ടി ചിന്നിച്ചിതറി, രക്തത്തിൽ കുളിച്ച നിലയിൽ. സ്ഥിരമായി തന്റെ കടയുടെ മുന്നിലായിരുന്നു അപ്പുക്കുട്ടൻ ആചാരി ഉറങ്ങിയിരുന്നതെന്നും കാര്യമായി ശത്രുക്കളോ അന്വേഷിച്ച് വരാൻ ബന്ധുക്കളോ ഇല്ലായിരുന്നുവെന്നും അന്ന് കടയുടമ പൊലീസിനോട് വ്യക്തമാക്കിയിരുന്നു.

രണ്ട് കൊലപാതകങ്ങളും നടന്ന സ്ഥലും രീതിയും പരിശോധിച്ച പൊലീസിന് കൊലപാതകങ്ങൾക്ക് പിന്നിൽ ഒരു കോൾഡ് ബ്ലഡഡ് മർഡററുടെ കരങ്ങളുണ്ടെന്ന് മനസിലാക്കാൻ അധികം സമയം വേണ്ടി വന്നില്ല. അന്വേഷണങ്ങളും തിരച്ചിലുകളും വേഗത്തിലായി. രാത്രികളെ ജനം ഭയപ്പെട്ടു തുടങ്ങി. നഗരത്തിൽ പൊലീസ് പട്രോളിങ് ശക്തമാക്കി. ദിവസങ്ങൾ പിന്നിട്ടു. നഗരം വീണ്ടും പതിയെ ആശ്വാസത്തിന്റെ നെടുവീർപ്പിടുന്നതിനിടെ കൊല്ലത്തെ ഞെട്ടിച്ച മൂന്നാമത്തെ കൊലപാതകവും നടന്നു. എസ്പി ഓഫീസിന് സമീപത്തെ പണി തീരാത്ത ഫ്ലൈഓവറിന് താഴെ ഉറങ്ങിക്കിടന്ന ബോണ്ടൻ കുമാറിനെയും നവാസ് നിഷ്കരുണം കൊന്നുതള്ളി. പൊലീസ് പട്രോളിങ് ഉൾപ്പെടെ ശക്തമായ പ്രദേശത്ത് കൊലപാതകി എങ്ങനെയെത്തിയെന്ന ചോദ്യം ജനങ്ങളുടെ ഭീതി ഇരട്ടിയാക്കി.

പലപ്പോഴും മണിക്കൂറുകളുടെ ഇടവേളയിൽ കൊല്ലത്തിന്റെ വിവിധ പ്രദേശങ്ങളിലെത്തിയ നവാസ് പൊലീസിന്റെ കണ്ണുവെട്ടിച്ച് വീണ്ടും കൊലപാതകങ്ങൾ ‍ തുടർന്നു. ശാസ്താംകോട്ട സ്വദേശിയായ തങ്കപ്പനായിരുന്നു നവാസിന്റെ അടുത്ത ഇര. ബസ് സ്റ്റാന്റിൽ ഉറങ്ങിക്കിടക്കുകയായിരുന്നു തങ്കപ്പൻ. മറ്റ് മൂന്ന് കൊലപാതകങ്ങളുടെയും സമാന രീതിയിൽ തലയോട്ടി ചിന്നിച്ചിതറിയായിരുന്നു ഇയാളുടെ മരണവും. കൊലപാതകിയെ കണ്ടെത്താൻ യാതൊരു വിധ തെളിവുകളും അവശേഷിപ്പിക്കാതെയായിരുന്നു മൊട്ട നവാസ് ക്രൈം സീനിൽ നിന്ന് പിൻവാങ്ങിയത്. ഇത് പൊലീസിനെ കൂടുതൽ ആശയക്കുഴപ്പത്തിലാക്കി. ഉത്തരം കണ്ടെത്താൻ പൊലീസ് ശ്രമം തുടരുന്നതിനിടെ നവാസ് മുൻസിപ്പൽ ഓഫീസിന് മുന്നിൽ കിടന്നുറങ്ങുകയായിരുന്ന സുദർശൻ എന്ന 45കാരനെയും കൊലപ്പെടുത്തി. തലയോട്ടി ചിന്നിച്ചിതറി രക്തം വാർന്നുള്ള മരണമായിരുന്നു സുദർശന്റേതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

ഏതാണ്ട് രണ്ടാമത്തെ കൊലപാതകം നടത്തിയപ്പോൾ തന്നെ നവാസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മാനസിക വിഭ്രാന്തിയുള്ള ആളെപ്പോലെ പെരുമാറി നവാസ് അന്ന് പൊലീസിനെ കബളിപ്പിച്ചു. ഇയാളെ ചോദ്യം ചെയ്യാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും പെരുമാറ്റത്തിലെ അസ്വാഭാവികതകൾ കണക്കിലെടുത്ത് നവാസിനെ പൊലീസ് തിരുവനന്തപുരത്തെ മാനസികാരോ​ഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

ഡോക്ടർമാർ നവാസിനെ വിവിധ പരിശോധനകൾക്ക് വിധേയനാക്കി. എന്നാൽ മാനസിക വിഭ്രാന്തിയുള്ള ഒരാളെപ്പോലെയായിരുന്നില്ല അക്കാലയളവിൽ നവാസ് പെരുമാറിയിരുന്നതെന്ന് ഡോക്ടര്‍മാർ പറയുന്നു. ആരോ​ഗ്യപ്രശ്നങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി നവാസിനെ അന്ന് ആശുപത്രിയിൽ നിന്ന് വിട്ടയച്ചു. ഇതിന് പിന്നാലെയായിരുന്നു നവാസ് മറ്റ് കൊലപാതകങ്ങൾ നടത്തിയതെന്നാണ് റിപ്പോർട്ട്. സംശയം തോന്നിയ പൊലീസ് മാനസികാരോ​ഗ്യ കേന്ദ്രത്തിൽ വിളിച്ച് അവർ എത്തിച്ചയാളെക്കുറിച്ച് അന്വേഷിച്ചു. അയാൾ എവിടെയുണ്ടെന്ന ചോദ്യത്തിന് പരിശോധനകൾക്ക് ശേഷം വിട്ടയച്ചുവെന്നായിരുന്നു അധികൃതരുടെ മറുപടി. ഇതോടെയാണ് കൊല്ലത്തെ വിറപ്പിച്ച കൊലപാതകങ്ങൾക്ക് പിന്നിലെ കോൾഡ് ബ്ലഡഡ് മർഡറർ മൊട്ട നവാസാണെന്ന് കണ്ടെത്തിയത്.

2012 നവംബർ 2ന് അന്നത്തെ ഈസ്റ്റ് സർക്കിൾ ഇൻസ്പെക്ടർ വി സു​ഗതൻ, സബ് ഇൻസ്പെക്ടർ ജി ​ഗോപകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രസന്ന കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മൊട്ട നവാസ് എന്ന കൊലപാതകിക്ക് വിലങ്ങിട്ടു.

ദീർഘകാലത്തെ വാദപ്രതിവാദങ്ങൾക്കൊടുവിൽ പൂജപ്പുര സെൻട്രൽ ജയിലിൽ വിചാരണ തടവുകാരനായിരുന്ന മൊട്ട നവാസ് ജയിൽമോചിതനായി. കേസന്വേഷണത്തിൽ പൊലീസ് വരുത്തിയ വീഴ്ചകളും കുറ്റപത്രത്തിലെ പഴുതുകളുമാണ് അഞ്ച് പേരെ നിഷ്കരുണം തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പ്രതിയുടെ മോചനത്തിലേക്ക് നയിച്ചതെന്ന ആരോപണങ്ങൾ അന്നേ പൊലീസിനുള്ളിൽ നിന്ന് തന്നെ ഉയർന്നിരുന്നു. കൊല്പപ്പെട്ടവരാരും അന്വേഷിച്ച് വരാൻ ആരുമില്ലാത്തവരായതിനാൽ പൊലീസ് അന്വേഷണത്തിൽ അലംഭാവം സംഭവിച്ചിട്ടുണ്ടെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു. അഡ്വ. ആനന്ദ് ബ്രഹ്മാനന്ദ് ആയിരുന്നു അന്ന് മൊട്ട നവാസിന് വേണ്ടി കൊല്ലത്തെ കോടതികളിൽ ഹാജരായത്. കൊല്ലപ്പെട്ടവരിൽ മിക്കവരും മൊട്ട നവാസിനേക്കാൾ കായികശേഷിയുള്ളവരാണെന്നായിരുന്നു അന്ന് അഭിഭാഷകൻ ഉന്നയിച്ച പ്രധാന വാദം. തെളിവുകളുടെ അഭാവത്തിലായിരുന്നു മൊട്ട നവാസിനെ അന്ന് കോടതി വെറുതെവിട്ടത്.

കുട്ടിക്കാലത്ത് നേരിട്ട പ്രതിസന്ധികളാണ് മൊട്ട നവാസിനെ ഇത്തരം ക്രൂരകൃത്യങ്ങളിലേക്ക് നയിച്ചതെന്ന റിപ്പോർട്ടുകൾ പിൽക്കാലത്ത് പുറത്തുവന്നിരുന്നു. ചെറുപ്പത്തിലേ അച്ഛൻ നഷ്ടപ്പെട്ട നവാസായിരുന്നു അമ്മയും സഹോദരിയുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം. നാല് വർഷത്തോളം മുംബൈയിലാരുന്നു കുടുംബത്തോടൊപ്പം നവാസ്. അവിടെ നിന്നും ലഹരിക്ക് അടിമയായി. മുംബൈയിലെ തെരുവുകളിൽ വെച്ച് അമ്മയും മരിച്ചതോടെ തിരികെ കേരളത്തിലെത്തി. ഇതിനിടെയാണ് നവാസിന്റെ സഹോദരിയെ കാണാതാകുന്നത്. ഇവരെ സംബന്ധിച്ച് പിന്നീട് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.

2019 മാർച്ചോടെ മൊട്ട നവാസിനെ കോടതി വെറു‌തെവിട്ടു. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയായിരുന്നു ഇയാളെ വിട്ടയച്ചത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ നവാസിനെ കുറിച്ച് പിന്നീടാരും അന്വേഷിച്ചില്ല. അന്വേഷിച്ചവർക്കാർക്കും നവാസിനെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടുമില്ല. ഇന്നയാൾക്ക് പ്രായം അറുപതിനോടടുത്തിട്ടുണ്ടാകും. നവാസ് മരണപ്പെട്ടോ ജീവിച്ചിരിപ്പുണ്ടോ എന്ന് ആർക്കും വ്യക്തതയില്ല. ഒരുപക്ഷേ അയാളിപ്പോഴും പേരും നാടും രൂപവുമൊക്കെ മാറ്റി നമുക്കിടയിൽ ജീവിക്കുന്നുണ്ടാകാം.

Content Highlight: Story of kollam serial killer motta navas

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us