അമേരിക്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാളെയാണ്. സങ്കീർണമാണ് അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പ്. ഒരു കൊല്ലത്തോളം നീളുന്ന പ്രക്രിയ. ചൂടേറുന്ന സംവാദങ്ങൾ. സ്ഥാനാർത്ഥികളുടെ ആരോഗ്യ വിവരങ്ങളുൾപ്പെടെ വോട്ടർമാർക്ക് മുന്നിൽ വെളിപ്പെടുത്തണമെന്ന ചിട്ടകൾ. നവംബറിലൊരു ചൊവ്വാഴ്ച മാത്രം വോട്ടെടുപ്പ്. അറിയാം അമേരിക്കൻ തെരഞ്ഞെടുപ്പിന്റെ കാണാപ്പുറങ്ങൾ....
47ാമത് പ്രസിഡൻറിനെ തെരഞ്ഞെടുക്കാൻ ഒരുങ്ങുകയാണ് അമേരിക്ക 186.5 മില്യൺ വോട്ടർമാർ. 50 സംസ്ഥാനങ്ങൾ. 1845 മുതൽ നവംബർ മാസത്തിലെ ആദ്യ തിങ്കളാഴ്ചക്ക് ശേഷമുള്ള ചൊവ്വാഴ്ചയാണ് അമേരിക്കക്കാർ വോട്ടുചെയ്യുന്നത്. വിളവെടുപ്പ് കഴിഞ്ഞുള്ള ദിവസമായതിനാലാണ് ഈ ദിവസം തിരഞ്ഞെടുത്തിരിക്കുന്നത്. നമ്മുടെ പോലെ കൈപ്പത്തിയും താമരപ്പൂവും ചൂലുമൊന്നമല്ല, അമേരിക്കക്കാരുടെ മെയിൻ പാർട്ടികളുടെ ചിഹ്നം. അതൊരു ആനയും കഴുതയുമാണ്. അമേരിക്കൻ കാർട്ടൂണിസ്റ്റായ തോമസ് നാസ്റ്റാണ് ഈ ചിഹ്നങ്ങൾക്ക് പിന്നിൽ. റിപ്പബ്ലിക്കൻമാർക്ക് ആനയും ഡെമോക്രാറ്റുകൾക്ക് കഴുതയും.നീലയും ചുവപ്പുമാണ് നിറം.
ലിബറൽ പൊളിറ്റിക്കൽ പാർട്ടിയാണ് കമലാ ഹാരിസിൻറെ ഡെമോക്രാറ്റിക് പാർട്ടി. സാമുഹ്യ സുരക്ഷ, കാലാവസ്ഥ വ്യതിയാനം, വ്യക്തിസ്വാതന്ത്ര്യം തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകുന്ന പാർട്ടി. നേരമറിച്ച് യാഥാസ്ഥിതിക വിഭാഗമാണ് ട്രംപിൻറെ റിപ്പബ്ലിക്കൻസ്. കുറഞ്ഞ നികുതി, തോക്ക് നിയമം, കുടിയേറ്റം, ഗർഭച്ഛിദ്രം തുടങ്ങീ പ്രധാനവിഷയങ്ങളിൽ യാഥാസ്ഥിതിക നിലപാടുകാരാണവർ.
സ്റ്റേറ്റ് പ്രൈമറികളിലും കോക്കസുകളിലും വോട്ടിങ് നടത്തിയാണ് ഇരുപാർട്ടികളും സ്ഥാനാർത്ഥിയെ നിർണയിക്കുന്നത്.
സ്ഥാനാർത്ഥിത്വം ആഗ്രഹിക്കുന്നവർ പാർട്ടി അംഗങ്ങൾക്കിടയിൽ പ്രചാരണം നടത്തി തെരഞ്ഞെടുക്കപ്പെടുന്ന രീതിയാണത്. വോട്ടെടുപ്പിലൂടെ പ്രസിഡൻറ് സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കുന്നതാണ് പ്രൈമറി. പ്രതിനിധികളുടെ സംഘങ്ങൾ ചേർന്ന് തിരഞ്ഞെടുക്കുന്നതാണ് കോക്കസ്. സംസ്ഥാനങ്ങളിൽ കൂടുതലും പ്രൈമറിയാണ് പിന്തുടരുന്നത്.
യുഎസ് പാർലമെൻറായ കോൺഗ്രസിലേക്കാണ് തെരഞ്ഞെടുപ്പ്. നമ്മുടെ ലോക്സഭയ്ക്ക് തുല്യമായ ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സും സെനറ്റും. 435 സീറ്റാണ് ജനപ്രതിനിധി സഭ. രണ്ട് വർഷത്തിൽ ഒരിക്കലാണ് തെരഞ്ഞെടുപ്പ്. രാജ്യസഭയ്ക്ക് തുല്യമായ സെനറ്റ്. 100 സീറ്റാണുള്ളത്.
ഏറ്റവുമധികം വോട്ടുലഭിക്കുന്നയാളല്ല അമേരിക്കൻ പ്രസിഡൻറാവുക. അമേരിക്കയിൽ പ്രസിഡൻറിനെ തെരഞ്ഞെടുക്കുന്നത് ഇലക്ടറൽ കോളജാണ്.ആകെയുള്ള 50 സംസ്ഥാനങ്ങളിൽ ജനസംഖ്യാനുപാതികമായി തെരഞ്ഞെടുക്കപ്പെടുന്ന ഇലക്ടറൽ വോട്ടർമാരിൽ 270 പേരുടെ പിന്തുണ ലഭിക്കുന്നയാൾ പ്രസിഡൻറാകും. ഒരു സംസ്ഥാനത്ത് ഏറ്റവുമധികം വോട്ട് നേടുന്നയാൾക്ക് ആ സംസ്ഥാനത്തെ മുഴുവൻ ഇലക്ടറൽ കോളജ് അംഗങ്ങളുടെ വോട്ടും ലഭിക്കുന്ന വിന്നർ ടേക്സ് ഓൾ നയമാണ് രീതി. 2016ൽ ഹിലരി ക്ലിൻറണായിരുന്നു ഏറ്റവുമധികം വോട്ട് കിട്ടിയത്. പക്ഷേ ഇലക്ടറൽ കോളജ് ഒപ്പം നിന്നത് ട്രംപിനൊപ്പം. ട്രംപ് അന്ന് പ്രസിഡൻറായി.
ചാഞ്ചാട്ട സംസ്ഥാനങ്ങളിലെ വോട്ടാണ് ഇത്തവണയും നിർണായകമാകുന്നത്. പരമ്പരാഗതമായി ഏതെങ്കിലും ഒരു പാർട്ടിയെ പിന്തുണക്കുന്ന സംസ്ഥാനങ്ങളാണ് അമേരിക്കയിൽ അധികവും. ഉത്തർപ്രദേശ് ജയിച്ചാൽ ഇന്ത്യയിൽ ഭരിക്കാമെന്ന് പറയുന്ന പോലെ അമേരിക്കയിൽ വിധി നിർണയിക്കുക ഈ ചാഞ്ചാട്ട സംസ്ഥാനങ്ങളാണ്. ഏഴുസംസ്ഥാനങ്ങളാണ് ഇത്തവണ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതെ ചാഞ്ചാടി നിൽക്കുന്ന സ്വിങ് സ്റ്റേറ്റ്സ്. അതുകൊണ്ടുതന്നെ 2 സ്ഥാനാർത്ഥികളും അവസാന മണിക്കൂറിൽ സ്വിങ് സ്റ്റേറ്റ്സിലാണ് പ്രചാരണത്തിനിറങ്ങിയിരിക്കുന്നത്. പെൻസിൽവേനിയ, നോർത്ത് കരോലിന, മിഷിഗൺൽ അരിസോണ, ജോർജിയ, വിസ്കോൺസിൻ, നെവാഡ എന്നിവയാണ് ഇത്തവണ ചാഞ്ചാട്ട സംസ്ഥാനങ്ങൾ.
കുടിയേറ്റം, ഗർഭച്ഛിദ്രം,സാമ്പത്തികം, ആരോഗ്യം എന്നിവയാണ് ഇത്തവണ തെരഞ്ഞെടുപ്പിലുയർന്ന പ്രധാന വിഷയങ്ങൾ.
നവംബർ അഞ്ചിന് തെരഞ്ഞെടുപ്പ് നടക്കും. അന്നുതന്നെ വോട്ടെണ്ണൽ ആരംഭിക്കും. ആരായിരിക്കും പ്രസിഡൻറെന്ന് അപ്പോൾ തന്നെ ഏറെക്കുറെ ഉറപ്പിക്കാനാവും. പ്രഖ്യാപനം ഉണ്ടാവുക ഇലക്ടറൽ കോളജിൻറെ വോട്ടിങിന് ശേഷമാണ്. ഡിസംബറിലാണിത്. 2025 ജനുവരിയിലാണ് ഔദ്യോഗിക പ്രഖ്യാപനം.