അമേരിക്കയ്‌ക്കൊപ്പം ലോകം കാത്തിരിക്കുകയാണ്; ആരാകും അമേരിക്കയുടെ 47ാം പ്രസിഡന്‍റ് എന്നറിയാന്‍. അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്‍റായി കമല ഹാരിസ് അധികാരമേല്‍കുമോ? അതേ നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലോകത്തെ ഏറ്റവും ശക്തമായ ആ രാഷ്ട്രീയ അധികാര കസേരയിലേക്ക് ഡോണള്‍ഡ് ട്രംപ് തിരിച്ചെത്തുമോ…അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.
വളരെ സങ്കീര്‍ണമാണ് അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് പ്രക്രിയ. 2020 ലെ സെന്‍സസ് പ്രകാരം 24.60 കോടി വോട്ടര്‍മാരാണ് രാജ്യത്തുള്ളത്. നേരിയ മുന്‍തൂക്കത്തില്‍ സ്ത്രീകളാണ് വോട്ടര്‍മാരില്‍ ഭൂരിപക്ഷം. 51 ശതമാനം. പുരുഷന്മാര്‍ 47 ശതമാനവും. വംശീയ അടിസ്ഥാനത്തില്‍ വെള്ളക്കാര്‍ക്ക് തന്നെയാണ് ഭൂരിപക്ഷം. 60.1 ശതമാനം. ഹിസ്പാനിക് വിഭാഗം (18.5%), കറുത്ത വംശജര്‍ (12.2%), ഏഷ്യന്‍ ജനവിഭാഗം (5.6%), മറ്റുള്ളവര്‍ (3.6%) എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളുടെ ശതമാനകണക്ക്.
പൗരന്മാർ നേരിട്ടല്ല, ഇലക്ടറൽ കോളജ് എന്നൊരു 538 അംഗ സമിതിയാണ് പ്രസിഡന്‍റിനെ തിരഞ്ഞെടുക്കുന്നത്. ഓരോ സംസ്ഥാനത്തിനും അമേരിക്കന്‍ പാര്‍ലമെന്‍റ് എന്നറിയപ്പെടുന്ന കോൺഗ്രസിലെ അവരുടെ അംഗസംഖ്യയ്ക്കു തുല്യമായ ഇലക്ടർമാരെ തിരഞ്ഞെടുക്കാം. അധോസഭയായ ജനപ്രതിനിധിസഭയിൽ ജനസംഖ്യാനുപാതികമായ അംഗങ്ങളും, ഉപരിസഭയായ സെനറ്റിൽ 2 അംഗങ്ങളുമാണ് ഓരോ സംസ്ഥാനങ്ങൾക്കുമുള്ളത്. ഉദാഹരണത്തിന്, ന്യൂയോർക്ക് സംസ്ഥാനത്തിന് 26 ജനപ്രതിനിധിസഭാംഗങ്ങളും 2 സെനറ്റർമാരുമാണുള്ളത്. ഇലക്ടറൽ കോളജിൽ ന്യൂയോർക്കിന് 28 അംഗങ്ങളായിരിക്കും ഉണ്ടാവുക. 50 സംസ്ഥാനങ്ങളും തലസ്ഥാനമായ വാഷിങ്ടണ്‍ ഡിസിയും ചേർന്ന് ആകെ 538 ഇലക്ടറൽ വോട്ടുകളാണുള്ളത്. കേവല ഭൂരിപക്ഷമായ 270 ഇലക്ടറല്‍ വോട്ടുകള്‍ നേടുന്ന സ്ഥാനാര്‍ഥിയാണ് പ്രസിഡന്‍റാകുക.
മെയ്ൻ, നെബ്രാസ്ക എന്നീ 2 സംസ്ഥാനങ്ങൾ ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളും വിന്നർ ടേക്സ് ഓൾ നയമാണ് പിന്തുടരുന്നത്. ഏറ്റവും കൂടുതല്‍ ജനകീയ വോട്ടുനേടുന്ന സ്ഥാനാര്‍ഥിക്ക് അവിടത്തെ എല്ലാ ഇലക്ടര്‍മാരുടെ വോട്ടും ലഭിക്കുമെന്നതാണ് ഈ വിന്നര്‍ ടേക്സ് ഓള്‍ നയം. അഥവാ 10 ഇലക്ട്രൽ വോട്ടുകൾ ഉള്ള ഒരു സംസ്ഥാനത്തിൽ 51% ജനകീയ വോട്ടുകൾ നേടുന്ന സ്ഥാനാർഥിക്ക് 10 ഇലക്ട്രല്‍ വോട്ടും ലഭിക്കും . എതിര്‍ സ്ഥാനാർഥി സംപൂജ്യനാകും. അതായത് ന്യൂയോര്‍ക്കില്‍ 28 ഇലക്ടറല്‍ കോളജ് വോട്ടുകളുള്ളത്. ജനകീയ വോട്ടിന്‍റെ 51 ശതമാനവും കമല ഹാരിസ് ലഭിച്ചാല്‍ 28 ഇലക്ടറല്‍ വോട്ടും കമലയ്ക്ക് തന്നെ ലഭിക്കും. 49 ശതമാനം ജനകീയ വോട്ട് ലഭിച്ചെങ്കിലും ഡോണള്‍ഡ് ട്രംപ് സംപൂജ്യനാകും. നെബ്രാസ്‌കയിലും മെയ്‌നിലും സ്ഥാനാര്‍ഥിക്ക് കിട്ടിയ വോട്ടിന് ആനുപാതികമായ ഇലക്ടര്‍മാരുടെ വോട്ടേ ലഭിക്കൂ.
ഇലക്ടറൽ കോളജ് സംവിധാനത്തിന്റെ ഈ പ്രത്യേകത മൂലം ദേശീയതലത്തിൽ ജനകീയ വോട്ടിൽ ഒന്നാമതെത്തുന്ന സ്ഥാനാർഥി പ്രസിഡന്റാകണമെന്നില്ല എന്നര്‍ത്ഥം. 2016ൽ ഹിലറി ക്ലിന്‍റന് ഡോണള്‍ഡ് ട്രംപിനെക്കാൾ 29 ലക്ഷത്തോളം വോട്ടുകൾ അധികം ലഭിച്ചു. എന്നാൽ, കൂടുതൽ ഇലക്ടറൽ കോളജ് വോട്ടുകൾ നേടിയത് ട്രംപ് ആയിരുന്നു. 30 സംസ്ഥാനങ്ങൾ ജയിച്ച ട്രംപ് 304 ഇലക്ടറൽ വോട്ടുകൾ നേടി. ഹിലറിക്ക് 20 സംസ്ഥാനങ്ങളിലായി 227 ഇലക്ടറല്‍ വോട്ടുകളാണ് ലഭിച്ചത്. ദേശീയതലത്തിലെ ജനകീയ വോട്ടുകളെക്കാൾ പ്രധാനം 270 ഇലക്ടറൽ കോളജ് വോട്ടുകൾ നേടിത്തരുന്ന സംസ്ഥാനങ്ങൾ ജയിക്കുന്നതിലാണ് കാര്യമെന്നര്‍ത്ഥം.
റിപ്പബ്ലിക്കൻ പാർട്ടിക്ക് മുൻതൂക്കമുള്ള സംസ്ഥാനങ്ങളെ റെഡ് സ്റ്റേറ്റ് എന്നാണ് വിശേഷിപ്പിക്കാറ്. ടെക്സസ്, ലൂസിയാന, അലബാമ തുടങ്ങിയ ഈ ഗണത്തില്‍പെടുന്നതാണ്. ഡമോക്രാറ്റുകൾക്ക് ആധിപത്യമുള്ള സംസ്ഥാനങ്ങളെ ബ്ലൂ സ്റ്റേറ്റ് എന്നാണ് പറയാറുള്ളത്. ന്യൂയോര്‍ക്ക്, കലിഫോര്‍ണിയ,ഇല്ലിനോയിസുമെല്ലാം ഈ ഗണത്തില്‍പെടുന്നതാണ്. ഇരു പാർട്ടികളും അവരവരുടെ ശക്തികേന്ദ്രങ്ങൾ അനായാസം നിലനിർത്തുകയാണു പതിവ്. എന്നാല്‍ 2 പാർട്ടികളെയും മാറിമാറി ജയിപ്പിക്കുന്ന, അല്ലെങ്കിൽ 2 പാർട്ടികൾക്കും തുല്യ സ്വാധീനമുള്ള സംസ്ഥാനങ്ങളാണ് സ്വിങ് സ്റ്റേറ്റ് അഥവാ ബാറ്റിൽഗ്രൗണ്ട് സ്റ്റേറ്റ്. ഈ സംസ്ഥാനങ്ങളാണ് അമേരിക്കൻ തിരഞ്ഞെടുപ്പിന്റെ വിധി നിർണയിക്കുന്നത്.
ഇത്തവണ നിര്‍ണായകമാകുക അരിസോന (ഇലക്ടറല്‍ വോട്ടുകള്‍: 11), ജോര്‍ജിയ (ഇലക്ടറല്‍ വോട്ടുകള്‍:16), മിഷിഗന്‍ (ഇലക്ടറല്‍ വോട്ടുകള്‍:15), നെവാഡ (ഇലക്ടറല്‍ വോട്ടുകള്‍:6), നോര്‍ത്ത് കരോലൈന (ഇലക്ടറല്‍ വോട്ടുകള്‍:16), പെന്‍സില്‍വേനിയ (ഇലക്ടറല്‍ വോട്ടുകള്‍:19), വിസകോന്‍സൌന്‍ (ഇലക്ടറല്‍ വോട്ടുകള്‍:10) എന്നീ ഏഴ് സംസ്ഥാനങ്ങളാണ്. ആകെ 93 ഇലക്ടറല്‍ വോട്ടുകളാണ് ഈ സംസ്ഥാനങ്ങളിലുള്ളത്.
കമല ഹാരിസ്
വൈസ് പ്രസിഡൻ്റ്
ഡെമോക്രാറ്റിക് പാർട്ടി
1964 ഒക്ടോബര്‍ ഇരുപതിന് കാലിഫോര്‍ണിയയിലെ ഓക്ക്‌ലാന്‍ഡിലാണ് കമലയുടെ ജനനം. പിതാവ് ജമൈക്കന്‍ സ്വദേശിയും സാമ്പത്തികശാസ്ത്ര പ്രൊഫസറുമായ ഡൊണാള്‍ഡ് ഹാരിസ്. അമ്മ തമിഴ്‌നാട്ടുകാരിയും സ്തനാര്‍ബുദ ഗവേഷകയുമായ ശ്യാമള ഗോപാലന്‍. കമലയ്ക്ക് അഞ്ചുവയസ്സുള്ളപ്പോള്‍ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു. പിന്നീട് കമലയും സഹോദരി മായയും അമ്മയ്‌ക്കൊപ്പമായിരുന്നു.വാഷിങ്ടണിലെ ഹോവഡ് സര്‍വകലാശാലയില്‍നിന്നാണ് കമല ബിരുദം നേടിയത്. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഹേസ്റ്റിങ്‌സ് കോളേജ് ഓഫ് ലോയില്‍നിന്ന് നിയമബിരുദവും നേടി.
1990 ല്‍ അലമെയ്ഡ കൗണ്ടി ഡിസ്ട്രിക്ട് അറ്റോർണി ഓഫിസിൽ അഭിഭാഷകയായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. 2003 ല്‍ സാൻഫ്രാൻസിസ്കോ പ്രോസിക്യൂട്ടർ പദവിയിലെത്തിയ കമല 2011 ജനുവരി 3 ന് കലിഫോർണിയയിൽ അറ്റോർണി ജനറലായി അധികാരമേറ്റു. ആദ്യമായിട്ടായിരുന്നു വെള്ളക്കാരല്ലാത്തയാൾ ആ പദവിയിലെത്തുന്നത്; ഒപ്പം ആദ്യ വനിത എന്ന ഖ്യാതിയും. 2014ല്‍ അഭിഭാഷകനായ ഡഗ്ളസ് എംബോഫിനെ വിവാഹം ചെയ്തു.
2017 ല്‍ ഡമോക്രാറ്റിക് പാർട്ടി അംഗമായി കലിഫോർണിയയിൽനിന്ന് 60% വോട്ടോടെ ആദ്യമായി യുഎസ് സെനറ്റിലേക്ക്. സെനറ്റ് ജുഡിഷ്യറി സമിതി അംഗമായുള്ള തകർപ്പൻ പ്രകടനം കമലയെ ദേശീയശ്രദ്ധാ കേന്ദ്രമാക്കി. 'ഫീമെയ്ല്‍ ബരാക്ക് ഒബാമ' എന്നാണ് അക്കാലത്ത് കമല വിശേഷിപ്പിക്കപ്പെട്ടത്. 2019 ലാണ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുകയാണെന്ന് ഔദ്യോഗികമായി കമല പ്രഖ്യാപിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവശ്യമായ ഫണ്ട് ലഭ്യമാകാതായതോടെ നോമിനേഷൻ പിൻവലിച്ച് ജോ ബൈഡന് പിന്തുണ അറിയിച്ചു. ബൈഡന്‍ തന്‍റെ വൈസ് പ്രഡിസന്‍റ് സ്ഥാനാർഥിയായി കമല ഹാരിസിനെ ഒപ്പംകൂട്ടി.2021 ജനുവരി 20ന് അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്‍റായി ചുമതലയേറ്റപ്പോള്‍ ആ പദവിലെത്തുന്ന ആദ്യ വനിതയെന്ന ചരിത്രനേട്ടമാണ് കമല ഹാരിസ് സ്വന്തം പേരില്‍ കുറിച്ചത്. അമേരിക്കയിലെ പ്രധാന പാർട്ടികളിലൊന്നിനു കീഴിൽ മത്സരിച്ച് വൈസ് പ്രസിഡന്‍റ് സ്ഥാനത്തെത്തുന്ന വെളുത്ത വംശജയല്ലാത്ത ആദ്യ വ്യക്തിയെന്ന നേട്ടവും, വൈസ് പ്രഡിസന്‍റാകുന്ന ആദ്യ ആഫ്രിക്കൻ അമേരിക്കൻ, ആദ്യ ഇന്ത്യൻ അമേരിക്കൻ എന്നീ നേട്ടങ്ങളും കമലയ്ക്ക് സ്വന്തം.
2018 ല്‍ പുറത്തിറങ്ങിയ ദ് ട്രൂത്‌സ് വി ഹോൾഡ്: ആൻ അമേരിക്കൻ ജേര്‍ണി എന്നതാണ് കമലയുടെ ആത്മകഥ. ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തി അമ്മയാണ്. ഇന്ത്യന്‍ സംസ്‌കാരത്തെ വിലമതിക്കുന്നവരും അതേക്കുറിച്ച് ബോധ്യമുള്ളവരുമായാണ് അമ്മ തങ്ങളെ വളര്‍ത്തിയതെന്ന് ഓര്‍മക്കുറിപ്പില്‍ കമല എഴുതിയിട്ടുള്ളത്. സ്‌നേഹവും ദേഷ്യവും അമ്മ പ്രകടിപ്പിച്ചിരുന്നത് തമിഴിലായിരുന്നുവെന്നും കമല ഓര്‍ക്കുന്നു. 2009 ലാണ് കമലയുടെ അമ്മ-ശ്യാമള ഗോപാലന്‍ മരിച്ചത്. തമിഴ്‌നാട്ടിലുള്ള ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ കമലയും സഹോദരി മായയും എത്താറുണ്ട്.
ഡോണള്‍ഡ് ജോൺ ട്രംപ്
മുന്‍ പ്രസിഡന്‍റ്
റിപ്പബ്ലിക്കന്‍ പാര്‍ട്ടി
ജർമൻ–സ്കോട്ടിഷ് വേരുകളുള്ള ഫ്രഡ് സി.ട്രംപ്-മേരി മക്ലിയോഡ് ദമ്പതികളുടെ മകനായി 1946 ജൂൺ 14നു ന്യൂയോർക്കിലെ ക്വീൻസിൽ ജനനം.1968ൽ യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയയിലെ വാർട്ടൺ ബിസിനസ് സ്കൂളിൽനിന്നു ബിരുദം. 1971ൽ പിതാവിന്‍റെ റിയൽ എസ്റ്റേറ്റ്, കൺസ്ട്രക്ഷൻ കമ്പനിയുടെ ചുമതല ഏറ്റെടുത്തു. ഫോബ്സിന്‍റെ ഏറ്റവും പുതിയ കണക്കനുസരിച്ച് 6.7 ബില്ല്യണ്‍ ഡോളറിന്‍റെ ആസ്തിയുണ്ട് ട്രംപിന്. 2004 മുതല്‍ 2017 വരെ NBC ചാനല്‍ സംപ്രേക്ഷണം ചെയ്ത് ദ അപ്രന്‍റീസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ട്രംപ് അമേരിക്കയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. സിനിമകളിലും പരസ്യചിത്രങ്ങളിലും അഭിനയിച്ചു. രണ്ടു പതിറ്റാണ്ടോളം മിസ് യൂണിവേഴ്‌സ് ലോക സൗന്ദര്യമൽസരത്തിന്‍റെയും മിസ് യുഎസ്‌എ, മിസ് ടീൻ യുഎസ്‌എ തുടങ്ങിയവയുടെയും പ്രധാന നടത്തിപ്പുകാരനായിരുന്നു. സ്വന്തം പേരിൽ മോഡലിങ് സ്ഥാപനം മുതൽ സർവകലാശാല വരെ സ്ഥാപിച്ചിട്ടുണ്ട്. മൂന്നു തവണ വിവാഹം കഴിച്ചു. ഇവാന സെൽനിക്കോവ, മാർല മേപ്പിൾസെ, ഇപ്പോഴത്തെ ഭാര്യ മെലാനിയ എന്നീ മൂന്ന് പേരും മോഡലിങ് രംഗത്തുനിന്നാണ് ട്രംപിന്‍റെ ജീവിതപങ്കാളികളായത്.
പരമ്പരാഗത അമേരിക്കന്‍ ശീലങ്ങളില്‍നിന്ന് വ്യത്യസ്തമാണ് ട്രംപിന്‍റെ രാഷ്ട്രീയജീവിതം. റൊണാൾഡ് റെയ്‌ഗനെ പിന്തുണച്ചു എന്നതൊഴിച്ചാൽ 1987 വരെ രാഷ്ട്രീയത്തിൽ കണ്ടിട്ടേയില്ല. 1988 ല്‍ റിപ്പബ്ലിക്കൻ പാർട്ടിയിൽ ചേർന്നു. തുടര്‍ന്നങ്ങോട്ട് മിക്ക തിരഞ്ഞെടുപ്പിലും സാധ്യതാപ്പട്ടികയിൽ ട്രംപിന്‍റെ പേരും വന്നു തുടങ്ങി. ജോർജ് ബുഷിന്‍റെ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥിയാകാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. 1999ൽ റിഫോംസ് പാർട്ടിയിലേക്ക് കളം മാറ്റി. 2000ത്തിലെ തിരഞ്ഞെടുപ്പിൽ റിഫോംസ് പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥിയാവുകയായിരുന്നു ലക്ഷ്യം. എന്നാൽ പ്രൈമറികൾക്കു മുൻപേ പിന്മാറി. രണ്ടുവർഷം കഴിഞ്ഞപ്പോൾ റിഫോംസ് വിട്ടു ഡമോക്രാറ്റ് പാർട്ടിയിലെത്തി. 2009ൽ റിപ്പബ്ലിക്കൻ പാർട്ടിയിലേക്ക് മടങ്ങി.
2016 ല്‍ എല്ലാവരെയും ഞെട്ടിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായ ട്രംപ്, ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്‍റനെ തോല്‍പ്പിച്ച് അമേരിക്കയുടെ 45ാം പ്രസിഡന്‍റുമായി. അമേരിക്കന്‍ പ്രസിഡന്‍റുമാരില്‍ ഏറ്റവും ധനികനായ വ്യക്തിയെന്ന പെരുമ ട്രംപിനാണ്. 2020ലെ രണ്ടാം പോരാട്ടത്തിൽ പക്ഷേ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡനു മുന്നിൽ പരാജയപ്പെട്ടു.
സാമ്പത്തികം, വിദേശകാര്യം, കുടിയേറ്റം, ഗര്‍ഭച്ഛിദ്രം എന്നീ വിഷയങ്ങളാണ് തിരഞ്ഞെടുപ്പില്‍ ഏറെ ഉയര്‍ന്ന് കേട്ടത്. ജോ ബൈഡന്‍റെ ഭരണത്തില്‍ അമേരിക്ക സാമ്പത്തികമായി തകര്‍ന്നുപോയെന്ന് ആരോപിക്കുന്ന ഡോണള്‍ഡ് ട്രംപ്, വ്യക്തികൾക്കും ബിസിനസുകൾക്കും നികുതി ഇളവ് നല്‍കുമെന്ന് പ്രഖ്യാപിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അമേരിക്കയെ സാമ്പത്തികമുന്നേറ്റത്തിലേക്ക് തിരിച്ചെത്തിക്കാന്‍ അമേരിക്ക ഫസ്റ്റ് എന്ന നയം പിന്തുടരുമെന്നും ട്രംപ് അവകാശപ്പെടുന്നു.ചൈനയിൽനിന്നുള്ള ഇറക്കുമതിക്ക് 60 ശതമാനം ചുങ്കവും മറ്റിടങ്ങളില്‍നിന്നുള്ള ഇറക്കുമതിക്ക് 20 ശതമാനം ചുങ്കവും ഏര്‍പ്പെടുത്തുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. എണ്ണ ഖനനം വര്‍ധിപ്പിച്ച് എണ്ണ വിലയും പലിശ നിരക്കിലടക്കം ഇളവ് വരുത്തി ജീവിതച്ചെലവും കുറക്കുമെന്ന് ട്രംപ് പറയുന്നു. അതേസമയം വാർഷിക വരുമാനം 4 ലക്ഷം ഡോളറില്‍ താഴെയുള്ളവര്‍ക്ക് നികുതി ഇളവ് നല്‍കുമെന്നും എന്നാല്‍ 10 ലക്ഷത്തിന് മുകളിൽ വരുമാനമുള്ള വ്യക്തികൾക്കും കമ്പനികൾക്കും കൂടുതല്‍ നികുതി ഏര്‍പ്പെടുത്തുമെന്നുമാണ് കമല ഹാരിസിന്‍റെ നയം. ഭക്ഷ്യ വിലയും ഭവനനിര്‍മാണ ചെലവും കുറക്കാന്‍ പദ്ധതികളും, ആദ്യ പാര്‍പ്പിട വാങ്ങലിന് 25,000 ഡോളർ സഹായവും, നവജാത ശിശുക്കളുടെ മാതാപിതാക്കള്‍ക്ക് നികുതി ഇളവും കമല പ്രഖ്യാപിച്ചിട്ടുണ്ട്.
റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനുമായി ചര്‍ച്ച നടത്തി യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുമെന്നാണ് വിദേശകാര്യ രംഗത്ത് ഡോണൾഡ് ട്രംപ് പ്രധാന വാഗ്ദാനം. ഇസ്രയേലിന് നിരുപാധിക പിന്തുണ തുടരുമെന്നും, ചൈനയുമായി വ്യാപാരയുദ്ധത്തിന്‍റെ തന്നെ സാധ്യതയുമാണ് ട്രംപിന്‍റെ വിദേശനയത്തില്‍ തെളിയിരുന്നത്. എന്നാല്‍ ജോ ബൈഡന്‍റെ വിദേശനയത്തിന്‍റെ തുടര്‍ച്ച തന്നെയാണ് കമലയില്‍നിന്ന് ലോകം പ്രതീക്ഷിക്കുന്നത്.
ഭൂരിപക്ഷമായ വെള്ളക്കാര്‍ക്കിടയില്‍ പ്രധാന ചര്‍ച്ചയായിട്ടുള്ള കുടിയേറ്റമാണ് ഡോണള്‍ഡ് ട്രംപിന്‍റെ മറ്റൊരു ട്രംപ് കാര്‍ഡ്. 1.1 കോടി അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുമെന്നും, മെക്സിക്കോ അതിർത്തി മതിൽ വിപുലീകരിക്കുമെന്നും, കുടിയേറ്റക്കാരുടെ കുട്ടികള്‍ക്ക് പൌരത്വം നല്‍കുന്നത് നിര്‍ത്തലാകുമെന്നുമെല്ലാമാണ് ട്രംപ് നല്‍കുന്ന വാഗ്ദാനങ്ങള്‍. എന്നാല്‍ അതിര്‍ത്തി സുരക്ഷ വര്‍ദ്ധിപ്പിക്കുമെന്ന് ഉറപ്പു പറയുന്ന കമല കുടിയേറ്റ വിഷയത്തില്‍ ഉഭയകക്ഷി സമീപനം സ്വീകരിക്കുമെന്നും, യോഗ്യരായ കുടിയേറ്റക്കാര്‍ക്ക് നിയമ പരിരക്ഷ നല്‍കുമെന്നുമാണ് പറയുന്നത്. ഗര്‍ഭച്ഛിദ്രത്തിലുള്ള അവകാശം നിയമംമൂലം പുനഃസ്ഥാപിക്കുമെന്നാണ് കമല ഹാരിസ് അമേരിക്കന്‍ വനിതാ വോട്ടര്‍മാര്‍ക്ക് നല്‍കുന്ന പ്രധാന വാഗ്ദാനം. എന്നാല്‍ ഗര്‍ഭച്ഛിദ്ര വിഷയത്തില്‍ യാഥാസ്ഥിതിക നിലപാടുള്ള ട്രംപ് ഗര്‍ഭച്ഛിദ്രം സംബന്ധിച്ച അധികാരം സംസ്ഥാനങ്ങള്‍ക്കാണെന്ന നിലപാടാണ് സ്വീകരിക്കുന്നത്.
പോണ്‍ നടിക്കു പണം കൊടുത്തത് മൂടിവയ്ക്കാൻ ബിസിനസ് രേഖകളിൽ ഡോണള്‍ഡ് ട്രംപ് കൃത്രിമം നടത്തിയെന്ന ഹഷ് മണി കേസാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ആദ്യ ഘട്ടത്തില്‍ നിറഞ്ഞുനിന്നത്. എന്നാല്‍ ട്രംപിനെതിരെ നടന്ന രണ്ട് വധശ്രമങ്ങള്‍ ചര്‍ച്ചകളെ വഴിമാറ്റി. ജൂലൈ 13ന് പെന്‍സില്‍വാനിയയിലെ ബട്ലറില്‍ തിരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിച്ചുകൊണ്ടിരിക്കേയാണ് ട്രംപിനു നേരെ ആദ്യ വധശ്രമമുണ്ടായത്. വലതു ചെവിക്കു മുകളില്‍ ചര്‍മ്മത്തില്‍ ഉരസി വെടിയുണ്ട കടന്നുപോയപ്പോള്‍ ട്രംപ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. സെപ്തംബര്‍ 16ന് ഫ്ളോറിഡയിലെ ഗോൾഫ് ക്ലബിനു സമീപം വെച്ച് ട്രംപിനെതിരെ വീണ്ടും വെടിവെപ്പുണ്ടായി. പരിക്കുകളൊന്നുമില്ലാതെ ട്രംപ് രക്ഷപ്പെട്ടു. യുക്രൈന് പരസ്യപിന്തുണ പ്രഖ്യാപിച്ച റയാൻ വെസ്‍ലി റൗത്ത് എന്ന 58 കാരനെ പൊലീസ് പിടികൂടി. ഈ രണ്ട് സംഭവത്തോടെയും സര്‍വേകളില്‍ ട്രംപിന്‍റെ ഗ്രാഫ് ഉയര്‍ന്നുതുടങ്ങി.
ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ആദ്യ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി പ്രസിഡന്‍റ് ജോ ബൈഡന്‍ തന്നെയായിരുന്നു. എന്നാല്‍ ആദ്യ പ്രസിഡൻഷ്യൽ സംവാദത്തിൽ ട്രംപിന് മുന്നില്‍ പതറിയതോടെ ജോ ബൈഡൻ പിന്മാറണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമായി. അതോടെ ജൂലൈ 21ന് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിത്വത്തില്‍ പ്രസിഡന്‍റ് ജോ ബൈഡൻ പിന്മാറി. തിരഞ്ഞെടുപ്പിന് 4 മാസം മാത്രം ബാക്കിനിൽക്കേയായിരുന്നു ബൈഡന്‍റെ പിന്മാറ്റം. 81 കാരനായ ജോ ബൈഡന് അനാരോഗ്യമാണ് പ്രതിസന്ധിയായത്. തനിക്ക് പകരം വൈസ് പ്രസിഡന്‍റ് കമല ഹാരിസ് സ്ഥാനാര്‍ഥിയാകണമെന്ന് നിര്‍ദേശിച്ചത് ജോ ബൈഡന്‍ തന്നെയാണ്. അങ്ങനെയാണ് പെടുന്നനെ കമല ഹാരിസ് മത്സരരംഗത്തേക്ക് എത്തിയത്. അതോടെ സര്‍വേയില്‍ ട്രംപിനെ പിന്നിലാക്കി കമല ഹാരിസിനായി മുന്നേറ്റം. ഇതിനിടെയാണ് ടെസ്‌ല സിഇഒയും സമൂഹമാധ്യമമായ എക്സിന്റെ ഉടമയുമായ ഇലോൺ ട്രംപിന് വോട്ട് അഭ്യർഥിച്ച് പെൻസിൽവാനിയയിൽ പ്രചാരണ റാലിയിലെത്തിയത്. ഉടൻ കമലയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് 50 ദശലക്ഷം ഡോളർ സംഭാവന നല്‍കി മൈക്രോസോഫ്റ്റ് മേധാവി ബിൽ ഗേറ്റ്സ് രംഗത്തെത്തിയതും വലിയ ചര്‍ച്ചയായി. പ്രചാരണചൂടിനിടെ അമേരിക്കയെ ഭീതിയിലാക്കി ആഞ്ഞടിച്ച ഹെലീൻ, മിൽട്ടൺ ചുഴലിക്കാറ്റുകള്‍ പ്രചാരണത്തെ ദുരന്തനിവാരണം സംബന്ധിച്ച തര്‍ക്കങ്ങളിലേക്കുമെത്തിച്ചു. പശ്ചിമേഷ്യയിലെ സംഘര്‍ഷം ഇസ്രയേല്‍- ഇറാന്‍ തുറന്ന പോരിലേക്ക് വഴിമറിയതും പ്രചാരണത്തില്‍ പ്രധാന വിഷയമായി. ന്യൂയോർക്കില്‍ ട്രംപിന്‍റെ പ്രചാരണ പരിപാടിയിൽ പ്രസംഗിക്കവേ,കടലിൽ പൊന്തിക്കിടക്കുന്ന എച്ചിൽക്കൂട്ടമാണ് പ്യൂർട്ടോറിക്കോക്കാരെന്ന് ഹാസ്യതാരം ടോണി ഹിൻച്ക്ലിഫ് പരിഹസിച്ചു. ഇതിനെ അപലപിക്കുന്നതിനിടെ ട്രംപ് അനുകൂലികള്‍ മാലിന്യക്കൂട്ടമെന്ന് ധ്വനിപ്പിക്കുന്ന പരാമര്‍ശം പ്രസിഡന്‍റ് ജോ ബൈഡനില്‍നിന്നുണ്ടായി.മാലിന്യങ്ങള്‍ കൊണ്ടുപോകുന്ന ട്രക്കിന്‍റെ ഡ്രൈവറായി വേഷം ധരിച്ചെത്തിയാണ് ട്രംപ് ബൈഡന് മറുപടി നല്‍കിയതും പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളെ നാടകീയമാക്കി.
അമേരിക്കന്‍ പൗരത്വം നേടിയവർ, ഗ്രീന്‍ കാർഡുള്ളവർ, എച്ച് വണ്‍ ബി വിസയില്‍ എത്തിയർ, ഹൃസ്വകാല സന്ദർശകർ, കുടിയേറ്റക്കാർ എന്നു തുടങ്ങി ഏതാണ്ട് 48 ലക്ഷത്തോളം ഇന്ത്യക്കാരാണ് അമേരിക്കയിലുള്ളത്. പതിറ്റാണ്ടുകള്‍ നീണ്ട ശീതസമരത്തിന്‍റെ കറുത്ത കാർമേഘങ്ങള്‍ നീങ്ങിയ 1990 കളുടെ തുടക്കത്തിലാണ് ഇന്ത്യ-അമേരിക്ക ബന്ധം സൗഹാർദ്ദത്തിന്‍റെയും സഹകരണത്തിന്‍റെയും പുതിയ നീലകാശത്തിലേക്ക് വളർന്നുതുടങ്ങിയത്. തുടർന്നിങ്ങോട്ട് അമേരിക്കയില്‍ അധികാരത്തിലേറിയ പ്രസിഡന്‍റുമാരെല്ലാം ഇന്ത്യയിലെത്തി. ബില്‍ ക്ലിന്‍ഡന്‍, ജോർജ് ഡബ്ലു ബുഷ്, ബറാക്ക് ഒബാമ, ഡോണള്‍ഡ് ട്രംപ്, ജോ ബൈഡന്‍ വരെ ഇന്ത്യയുമായുള്ള ബന്ധം ഊട്ടി ഉറപ്പിക്കാനായി ഡല്‍ഹിയിലെ സന്ദർശകരായി. ചൈനയെ പ്രതിരോധിക്കാന്‍ മേഖലയില്‍ തന്ത്രപ്രധാന പങ്കാളിയായിട്ടാണ് ഇന്ത്യയെ അമേരിക്ക കണക്കാക്കുന്നത്.
‘ഉറ്റ സുഹൃത്ത്’ എന്നാണ് ഡോണള്‍ഡ് ട്രംപ് പ്രസിഡന്‍റായിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിശേഷിപ്പിച്ചത്. എന്നാല്‍ ഡോണള്‍ഡ് ട്രംപിന്‍റെ നാലു വർഷ ഭരണകാലം ഇന്ത്യയ്ക്കത്ര ആശാവഹമായിരുന്നില്ല. ഇറാനില്‍ നിന്നും വെനസ്വേലയില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങുന്നത് വിലക്കിയ ട്രംപ് അമേരിക്കയുടെ വില കൂടിയ എണ്ണ വാങ്ങാന്‍ ഇന്ത്യയെ നിർബന്ധിച്ചു. ചൈനയുമായി അതിർത്തിയില്‍ കൊമ്പുകോർത്തുനിന്ന സമയത്തു പോലും റഷ്യയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങുന്നതിന്‍റെ പേരിലേർത്തിയ ഉപരോധങ്ങളില്‍ അയവു വരുത്താന്‍ ട്രംപ് തയ്യാറായില്ല. സ്റ്റീല്‍ മുതല്‍ റബ്ബർ വരെ നിരവധി ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് അമേരിക്ക ഏർപ്പെടുത്തിയ ഇറക്കുമതി തീരുവ കാരണം ഇരു രാജ്യങ്ങളും വ്യാപാര യുദ്ധത്തിലേക്ക് നീങ്ങുന്ന സാഹചര്യം വരെയുണ്ടായി. വ്യാപാരരംഗത്ത് ഇന്ത്യക്ക് അനുവദിച്ച പ്രത്യേക പരിഗണന അമേരിക്ക ഏകപക്ഷീയമായി പിന്‍വലിച്ചു. അമേരിക്കയില്‍ പരമാവധി സ്വദേശിവല്‍ക്കരണം ലക്ഷ്യമിട്ട് നടപ്പാക്കിയ നയങ്ങള്‍ ഇന്ത്യയിലെ ചെറുതും വലുതുമായ ഐടി കമ്പനികളെയും തൊഴിലാളികളെയും ഒരു പോലെ ശ്വാസംമുട്ടിക്കുന്നതായി. ഉയർന്ന വിദ്യാഭ്യാസവും നൈപുണ്യങ്ങളും ഉള്ളവർക്ക് അനുവദിച്ചിരുന്ന എച്ച് വണ്‍ ബി വീസകളുടെ എണ്ണം കുറച്ചുവെന്നത് മാത്രമല്ല, ഇതേ വീസക്കാരുടെ ജീവിത പങ്കാളിക്ക് വർക്ക് പെർമിറ്റ് നിഷേധിക്കുക കൂടി ചെയ്തതോടെ നിരവധി ഇന്ത്യക്കാരാണ് പ്രതിസന്ധിയിലായി. ഓരോ രാജ്യത്തിനും ഗ്രീന്‍ കാർഡ് ക്വാട്ട നിശ്ചയിച്ചതും നിരവധി ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയായി. എന്നാല്‍ ഡോണള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പുലര്‍ത്തിയ വ്യക്തികേന്ദ്രീകൃത നിലപാടിന് പുറത്ത് രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധത്തിന്‍റെ തുടര്‍ച്ചക്കാണ് ബൈഡന്‍ പ്രാമുഖ്യം നല്‍കിയത്. സാങ്കേതിക-സാമ്പത്തിക-സൈനിക മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ വിപുലമായി. ക്വാഡ് കൂട്ടായ്മയ്ക്ക് അടക്കം മികച്ച പിന്തുണയാണ് ബൈഡനില്‍ നിന്നുണ്ടായത്.
കുതിച്ചുയരുന്ന കൊവിഡ് കണക്കുകള്‍, മരണങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി വലിയ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു ബൈഡന്‍റെ ആദ്യ ഭരണവര്‍ഷങ്ങള്‍. 2019 ന്‍റെ അവസാനത്തില്‍ ചൈനയിലെ വുഹാനിലും പുറത്ത് ഇറ്റലിയടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലും കൊവിഡ് ഭീതി പടർത്തിയപ്പോള്‍, വരാനിരിക്കുന്ന മഹാദുരന്തത്തിന് മുന്നില്‍ അമേരിക്ക നേതൃപരമായ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന് ലോകരാജ്യങ്ങള്‍ ന്യായമായും പ്രതീക്ഷിച്ചു. എന്നാല്‍ അന്നത്തെ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ അമേരിക്കയില്‍നിന്ന് അതുണ്ടായില്ല. ഒരു ദിവസം കൊറോണ വൈറസ് സ്വയം അപ്രത്യക്ഷമാകുമെന്നായിരുന്നു ട്രംപിന്‍റെ കണ്ടെത്തല്‍. അധികം വൈകിയില്ല, കൊവിഡിന് മുന്നില്‍ അക്ഷരാർത്ഥത്തില്‍ ദുരന്തഭുമിയായി അമേരിക്ക മാറി.
കൊവിഡില്‍ തൊട്ട് തന്നെയായിരുന്നു ജോ ബൈഡന്‍റെ തുടക്കം.1.9 ട്രില്യണ്‍ ഡോളറിന്‍റെ പാക്കേജ് പ്രഖ്യാപിച്ച് കൊവിഡില്‍ അതിവേഗം പ്രതിരോധം തീര്‍ക്കാന്‍ ബൈഡന് സാധിച്ചു. വംശീയ മുന്‍വിധികളെ ഭരണതലത്തില്‍ പ്രതിരോധിച്ച് വംശീയ അതിക്രമങ്ങള്‍ക്ക് അയവു വരുത്താനുമായി. ആലോചനകളില്ലാതെ ട്രംപ് പിന്‍മാറി അന്താരാഷ്ട്ര സംഘടനകളിലേക്കെല്ലാം ബൈഡന്‍റെ അമേരിക്ക തിരിച്ചെത്തി. ഏതാനും മുസ്ലിം രാജ്യങ്ങള്‍ക്ക് ട്രംപ് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് എടുത്തുമാറ്റിയത്, ഇസ്രയേലുമായുള്ള നല്ല നയതന്ത്രത്തിനൊപ്പം പലസ്തീന്‍ ജനതയക്ക് സഹായങ്ങള്‍ പുനസ്ഥാപിച്ചത്, മ്യാന്‍മാറിലെ പട്ടാള അട്ടിമറിയെ തുറന്ന് എതിർത്തത്, അതിർത്തികളിൽ മതിൽ കെട്ടുന്നത് നിർത്തിവച്ചത്, സ്വകാര്യ ജയിലുകൾ പൂട്ടാൻ നടപടി തുടങ്ങിയത് മാതാപിതാക്കളോടൊപ്പം എത്തുന്ന യുവ കുടിയേറ്റക്കാർക്കുള്ള സംരക്ഷണം ദീർഘിപ്പിച്ചത്, രേഖകളില്ലാത്ത കുടിയേറ്റക്കാരെ സെൻസസിൽ നിന്ന് ഒഴിവാക്കുന്ന ഉത്തരവ് അസാധുവാക്കിയത്.. അങ്ങനെ അമേരിക്കയ്ക്കും ലോകത്തിലും ഒരു പോലെ ശുഭപ്രതീക്ഷ നല്‍കുന്ന ഭരണവര്‍ഷങ്ങളായിരുന്നു ബൈഡന്‍റെ ആദ്യ ഘട്ടം. എന്നാല്‍ രാജ്യത്തിന്‍റെ സാമ്പത്തികരംഗത്ത് കാര്യമായ നേട്ടങ്ങളുണ്ടാക്കാന്‍ ബൈഡാനായില്ല. കുടിയേറ്റത്തിനെതിരെ അയഞ്ഞ നിലപാട് സ്വീകരിച്ചത് രാജ്യത്ത് തൊഴിലില്ലായ്മ വർധിക്കുവാൻ കാരണമായെന്നാണ് മറ്റൊരു വിമര്‍ശനം. വിലക്കയറ്റം നിയന്ത്രിക്കാനായില്ല. യുക്രെയ്നിലും ഗാസയിലും തുടരുന്ന യുദ്ധങ്ങൾ നോക്കി നില്‍ക്കാനെ ബൈഡന്‍ കഴിഞ്ഞുള്ളു എന്നതും പ്രധാന പരാജയമായാണ് വിലയിരുത്തപ്പെടുന്നത്.
രാജ്യക്രമവും ലോകക്രമവും ഒരു പോലെ അലങ്കോലമാക്കിയ നാലു ഭരണവർഷങ്ങള്‍ എന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ തന്നെ ട്രംപിന്‍റെ ഭരണകാലത്തെ വിശേഷിപ്പിച്ചത്. കൊറോണയ്ക്കൊപ്പം ഡോണള്‍ഡ് ട്രംപിന്‍റെ ഭരണവർഷത്തിന്‍റെ അവസാനത്തില്‍ അമേരിക്കയെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു ജോർജ് ഫ്ലോയ്ഡിന്‍റെ കൊലപാതകം. ഒരു കടയിൽനിന്ന് സിഗരറ്റു വാങ്ങിയ ശേഷം 20 ഡോളറിന്‍റെ കള്ളനോട്ടു കൊടുത്തെന്ന ആരോപണത്തിൽ ഡെറക് ഷോവിന്‍ എന്ന വെളുത്ത വംശജനായ പൊലീസ് ഉദ്യോഗസ്ഥന്‍ കഴുത്തില്‍ മിനിറ്റുകളോളം കാല്‍മുട്ട് അമർത്തിയപ്പോള്‍, എനിക്ക് ശ്വാസം മുട്ടുന്നു.. എന്ന ഫ്ലോയിഡന്‍റെ അവസാന രോദനം ലോക മനസാക്ഷിയെ തന്നെയാണ് നടുക്കിയത്. മിനിയാപോളിസിലെ അതേ തെരുവില്‍നിന്നുയർന്ന Black lives matter മുദ്രാവാക്യങ്ങള്‍ ലോകമെങ്ങും അലയൊലികളുണ്ടാക്കിയപ്പോള്‍ പ്രതിഷേധങ്ങളെ ഭീകരവത്കരിച്ച് അതിന്‍റെ നേതാക്കളെ രാജ്യദ്രോഹികളായി ചിത്രികരിക്കുകയാണ് ട്രംപ് ചെയ്തത്. രണ്ടാം ലോകയുദ്ധാനന്തരം നീണ്ട ഏഴ് പതിറ്റാണ്ടുകാലം ലോകപൊലീസായി, ലോകകാര്യങ്ങളില്‍ മുന്നില്‍നിന്ന് വളർത്തിയെടുത്ത അന്താരാഷ്ട്ര ബന്ധങ്ങളെല്ലാം നാലുകൊല്ലം കൊണ്ട് തകർത്തെറിഞ്ഞാണ് ട്രംപ് വൈറ്റ് ഹൗസില്‍നിന്ന് മടങ്ങിയത്. പാരീസ് ഉടമ്പടി, യുനെസ്കോ, യു.എന്‍. മനുഷാവാകാശ കൌണ്‍സില്‍, ലോകാരോഗ്യ സംഘടന, intermediate-range nuclear forces ഉടമ്പടി, ഇറാന്‍ ആണവക്കരാർ, Open Skies ഉടമ്പടി, Trans-Pacific Partnership എന്ന് തുടങ്ങി 12 അന്താരാഷ്ട്ര സംഘടനകളില്‍ നിന്നാണ് ട്രംപ് ആലോചനകളില്ലാതെ പിന്‍മാറിയത്. അമേരിക്ക മാന്യതയിലേക്ക് തിരിച്ചുവരുന്നു. ഇതായിരുന്നു അമേരിക്കയുടെ നാല്‍പത്തിയാറാമത് പ്രസിഡന്‍റായി ജോ ബൈഡന്‍ ജനുവരി 20 ന് അധികാരമേറ്റപ്പോള്‍ ലോകമാധ്യമങ്ങളില്‍ നിറഞ്ഞ തലക്കെട്ട്. അത്ര കലുഷിതമായിരുന്നു ഡോണള്‍ഡ് ട്രംപിന്‍റെ നാല് ഭരണവർഷങ്ങള്‍.
കൊവിഡ് പ്രതിരോധം മുതല്‍ കാലാവസ്ഥാ വ്യതിയാനം വരെ.. ലോകരാജ്യങ്ങളുടെ ഒന്നിച്ചുള്ള പ്രവർത്തനം കൂടുതല്‍ കൂടുതല്‍ പ്രസക്തമാകുന്ന ആഗോള പ്രതിസന്ധികള്‍ക്ക് മുന്നില്‍, ലോകത്തെ ഏറ്റവും ശക്തമായ സൈനിക, സാമ്പത്തിക ശക്തിയായ അമേരിക്ക സ്വീകരിച്ച നിഷേധാത്മക, ഒറ്റപ്പെട്ടലിന്‍റെ വിദേശനയം ആ രാജ്യം അതുവരെ അഭിരമിച്ച ആഗോള അപ്രമാദിത്വത്തിന് കനത്ത വെല്ലുവിളിയുർത്തിയിട്ടുണ്ട്. 1990 ല്‍ അവസാനിച്ച സോവിയറ്റ് യൂണിയന്‍ - അമേരിക്ക ശീതസമരകാലത്തിന് ശേഷം ആദ്യമായായിരുന്നു അത്തരമൊരു വെല്ലുവിളി അമേരിക്ക നേരിട്ടത്. കാട്ടുതീപോലെ രാജ്യത്ത് പടർന്നുപന്തലിച്ച പ്രതിഷേധത്തിന്റെ ശബ്ദങ്ങൾ, കൊവിഡിന് മുന്നില്‍ അതിദയനീയമായി പരാജയപ്പെട്ട പൊതുജനാരോഗ്യ മേഖല.. അമേരിക്കയുടെ മാനുഷികവും സാമ്പത്തികവുമായ എല്ലാ അടിത്തറകൾക്കും ഇളക്കം തട്ടി. സോവിയറ്റ് യൂണിയന്‍റെ തകർച്ചയോടെ ചരിത്രം അവസാനിച്ചെന്നും ലോകരാജ്യങ്ങളെ ഇനി അമേരിക്ക നയിക്കുമെന്ന് വിധി എഴുതിയ ബുദ്ധിജീവികള്‍ പോലും പുതിയ ലോകക്രമത്തെക്കുറിച്ച് ചർച്ച ചെയ്തു തുടങ്ങി. വിമർശനങ്ങള്‍ ഏറെയുണ്ടെങ്കിലും അരാജകത്വം അരങ്ങുവാഴുന്ന അന്താരാഷ്ട്ര രംഗത്ത് അമേരിക്ക ഒരു നങ്കൂരം തന്നെയാണ്.