'പത്മനാഭസ്വാമിക്ക് സുഗമമായി കടന്നുപോകാൻ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ റൺവേ അടച്ചിടുമെന്ന' വാർത്ത പലർക്കും കൗതുകകരമായിരുന്നു. ക്ഷേത്രോത്സവത്തിന് വേണ്ടി ഒരു എയർപോർട്ട് അടച്ചിടുന്നത് ഇന്ത്യയിൽ എന്നല്ല ലോകത്ത് തന്നെ മറ്റൊരിടത്ത് ഉണ്ടോയെന്ന കാര്യം സംശയമാണ്. എന്തായാലും നമ്മുടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വർഷത്തിൽ രണ്ടുദിവസം ഏതാനും മണിക്കൂറുകൾ ശ്രീപത്മനാഭനായി അടച്ചിടും. ഇതിന് പിന്നിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രമുണ്ട്.
വർത്തമാനകാല ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിൽ ഒന്നായാണ് തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തെ കണക്കാക്കുന്നത്. അഞ്ചു തലയുള്ള ആദിശേഷന്റെ മുകളിൽ യോഗനിദ്രയിൽ കിടക്കുന്ന വിഷ്ണുവാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ക്ഷേത്രത്തിലെ രണ്ട് പ്രധാന ഉത്സവങ്ങളാണ് പൈങ്കുനി ആറാട്ടും അൽപശി ആറാട്ടും. പരമ്പരാഗതമായി നടക്കുന്ന ഈ ആറാട്ട് ഉത്സവങ്ങൾ വർഷത്തിൽ രണ്ട് തവണയാണ് നടത്തുന്നത്. മാർച്ച് -ഏപ്രിൽ മാസത്തിനിടയിൽ നടത്തുന്ന പൈങ്കുനി ആറാട്ടും ഒക്ടോബർ -നവംബർ മാസങ്ങൾക്കിടയിൽ നടക്കുന്ന അല്പശി ആറാട്ടും. ഈ ആറാട്ടുത്സവങ്ങളുടെ ഭാഗമായ ഘോഷയാത്ര തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ റൺവേയിലൂടെ കടന്നു പോകാൻ വേണ്ടിയാണ് ഈ സമയങ്ങളിൽ വിമാനത്താവളം താൽക്കാലികമായി അടച്ചിടുകയും വിമാനങ്ങളുടെ സമയം പുനക്രമീകരിക്കുകയും ചെയ്യുന്നത്.
ഒരു ക്ഷേത്രാചാരത്തിൻ്റെ സുഗമമായ നടത്തിപ്പിന് വേണ്ടി ഒരു വിമാനത്താവളം തന്നെ അടച്ചിടുകയും വിമാന സർവീസുകൾ നിർത്തിവയ്ക്കുകയും ചെയ്യുന്ന രീതി അതിശയിപ്പിക്കുന്നതാണ്. ഇതിനു പിന്നിലെ ചരിത്രം എന്താണെന്ന് നോക്കാം. പതിനെട്ടാം നൂറ്റാണ്ടിൽ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയുടെ കാലത്താണ് ഈ ക്ഷേത്രാചാര ചടങ്ങുകൾ ആരംഭിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. പിന്നീട് 1932ൽ ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ കാലത്ത് രാജ കുടുംബത്തിന്റെ സ്വകാര്യ സ്വത്തായിരുന്ന ഭൂമി വിമാനത്താവളത്തിനായി നൽകിയത് ചില വ്യവസ്ഥകളോടെയായിരുന്നു. വർഷത്തിൽ 363 ദിവസം വിമാനത്താവളത്തിൻ്റെ ഉപയോഗത്തിനും രണ്ട് ദിവസം പത്മനാഭസ്വാമി ക്ഷേത്രത്തിൻ്റെ ഘോഷയാത്രയ്ക്കും ഈ സ്ഥലം നൽകണമെന്നായിരുന്നു വ്യവസ്ഥ. ഈ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് ഘോഷയാത്രക്കായി ഇന്നും വിമാനത്താവളം താൽക്കാലികമായി അടച്ചിടുകയും വിമാന സർവ്വീസ് താൽക്കാലികമായി നിർത്തിവെയ്ക്കുകയും ചെയ്യുന്നത്.
മീനത്തിലെ രോഹിണി നാളിൽ ആരംഭിച്ച് ചിത്തിര നക്ഷത്രത്തിൽ സമാപിക്കുന്നതാണ് പൈങ്കുനി ആറാട്ട്. തുലാം മാസത്തിൽ നടത്തുന്നതാണ് അല്പശി ആറാട്ട്. ഈ കഴിഞ്ഞ ദിവസമാണ് അല്പശി ആറാട്ടിന് തലസ്ഥാനം നഗരി സാക്ഷ്യം വഹിച്ചത്.
വിമാനത്താവളത്തിലെ റൺവേയിലൂടെ ക്ഷേത്രദേവതകളുടെ വിഗ്രഹങ്ങൾ പുണ്യസ്നാനത്തിനായി വിമാനത്താവളത്തിന് പിന്നിലുള്ള ശംഖുമുഖം ബീച്ചിലേക്ക് കൊണ്ടുപോകും. തിരുവിതാംകൂർ രാജാവാണ് പരമ്പരാഗത വസ്ത്രം ധരിച്ച് പച്ചപ്പട്ട് തൊപ്പിയും മരതക മാലയും ആചാരപരമായ വാളുമായി ഘോഷയാത്ര നയിക്കുന്നത്ത്. ഇത്തവണ ഘോഷയാത്ര നയിച്ചത് ഇപ്പോഴത്തെ രാജാവായ ശ്രീമൂലം തിരുനാൾ രാമവർമ്മയായിരുന്നു.
രാജകുടുംബാംഗങ്ങളും നിരവധി ഭക്തരും അലങ്കരിച്ച 5 ആനകളും ഉൾപ്പെടുന്ന ഘോഷയാത്ര വൈകുന്നേരം അഞ്ചുമണിയോടെയാണ് ക്ഷേത്രത്തിൽ നിന്ന് പുറപ്പെടുക. തുടർന്ന് വിമാനത്താവളത്തിലൂടെ ശംഖുമുഖം ബീച്ചിലേക്ക് പോകും. പത്മനാഭസ്വാമി, നരസിംഹമൂർത്തി, കൃഷ്ണസ്വാമി എന്നീ ദേവതകളുടെ വിഗ്രഹങ്ങളാണ് വിമാനത്താവളത്തിന്റെ സമീപമുള്ള കൽമണ്ഡപമായ കരിക്ക് മണ്ഡപത്തിലേക്ക് എത്തിക്കുന്നത്. തുടർന്ന് ശംഖുമുഖം തീരത്തെത്തി കടലിൽ മുങ്ങി വിഗ്രഹങ്ങൾക്ക് ദീപം തെളിയിച്ച് ഘോഷയാത്രയായി തിരികെ ക്ഷേത്രത്തിലെത്തിക്കുന്നതാണ് ആചാരത്തിൻ്റെ കീഴ്വഴക്കം.
നിലവിൽ അദാനി ഗ്രൂപ്പിന്റെ കൈയിലാണ് വിമാനത്താവളം എങ്കിലും ഈ ഉത്സവ ആചാരങ്ങൾക്ക് തടസ്സമുണ്ടായിട്ടില്ല. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിനെ ഇതരമതത്തിൽപ്പെട്ടവരും ആദരവോടെയാണ് കാണുന്നത്. കേരളത്തിലെ മതസൗഹാർദ്ദത്തിൻ്റെ പ്രതീകം കൂടിയായി ഈ ഘോഷയാത്ര മാറുന്നുണ്ട്.
ആറാട്ടുമായി ബന്ധപ്പെട്ട് നിരവധി ചരിത്രസംഭവങ്ങൾ നടന്നിട്ടുണ്ട്. അതിൽ പ്രസിദ്ധമാണ് രാജാവിനെ വധിക്കാൻ ശ്രമിച്ച എട്ടുവീട്ടിൽ പിള്ളമാരുടെ ചരിത്രം. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണ സമിതിയായ എട്ടു നായർ പ്രഭുക്കന്മാരാണ് എട്ടു വീട്ടിൽ പിള്ളമാർ. അവർ താമസിക്കുന്ന ഗ്രാമങ്ങൾക്ക് അനുസരിച്ചായിരുന്നു അവരുടെ പേരുകൾ അറിയപ്പെട്ടിരുന്നത്. ക്ഷേത്രത്തിലെ വസ്തുവകകളിൽ നിന്ന് പാട്ടം ദേവസ്വത്തിൽ എത്തിക്കാൻ ചുമതലയുള്ളവരായിരുന്നു എട്ടു വീട്ടിൽ പിള്ളമാർ. പക്ഷേ പിന്നീട് ഇവർ രാജാവിനെതിരായ ഗൂഢാലോചനകളിൽ ഏർപ്പെടുകയും രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ വ്യാപൃതരാവുകയും ചെയ്തു എന്നാണ് പറയപ്പെടുന്നത്. അതിന്റെ ഭാഗമായി പലതവണ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവിനെ വകവരുത്താൻ ഇവർ ശ്രമം നടത്തുകയുണ്ടായി. ആറാട്ട് എഴുന്നള്ളിപ്പ് സമയത്ത് മാർത്താണ്ഡവർമ്മ മഹാരാജാവിനെ വധിക്കാൻ ഇവർ പദ്ധതി ഇട്ടിരുന്നു. എന്നാൽ ഗൂഢാലോചന പിടിക്കപ്പെടുകയും തുടർന്ന് വിചാരണ നടത്തി എട്ടുവിട്ടിൽ പിള്ളമാരെ വധിക്കാൻ രാജാവ് ഉത്തരവിടുകയും ചെയ്തു എന്നാണ് ചരിത്രരേഖകൾ.
ഇന്ദിരാഗാന്ധി വധിക്കപ്പെട്ട സംഘർഷ സാഹചര്യത്തിലും ക്ഷേത്രാചാരം നടന്നിരുന്നു. അന്നത്തെ രാജാവായ ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മക്ക് പൊലീസിൽ നിന്നും മറ്റ് സുഹൃത്തുക്കളിൽ നിന്നും അക്രമ സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് ഉണ്ടായിരുന്നു. പക്ഷേ ചിത്തിര തിരുനാൾ നിർഭയം ക്ഷേത്രാചാര ചടങ്ങ് നടത്തുകയായിരുന്നു. കസവുമുണ്ട് ധരിക്കേണ്ടിയിരുന്നിടത്ത് കറുത്ത കരയുള്ള മുണ്ട് ധരിച്ചാണ് ഘോഷയാത്ര അദ്ദേഹം നയിച്ചത്. ഒരു തടസ്സവുമില്ലാതെ ഘോഷയാത്രാ ചടങ്ങ് പൂർത്തിയാക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഇത്തരത്തിൽ കൗതുകവും ഉദ്വേഗവും നിറഞ്ഞ നിരവധി സംഭവങ്ങൾ ആറാട്ട് ഉത്സവവുമായി ബന്ധപ്പെട്ട ചരിത്രത്തിൽ ഇടംനേടിയിട്ടുണ്ട്.
Content Highlights: Thiruvananthapuram Airport will be closed for Padmanabhaswamy to pass through