1990 ഏപ്രിൽ നാലിനാണ് വിദേശ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ അടിവസ്ത്രത്തില്‍ ലഹരിമരുന്നുമായി പോവുന്നതിനിടെ പിടിയിലായത്.
അന്ന് വലിയതുറ പൊലീസ് സ്റ്റേഷനിലെ എസ്ഐ ആയിരുന്ന ജയ്മോഹൻ ആണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. തിരുവനന്തപുരം വഞ്ചിയൂർ സെഷൻസ് കോടതി കേസിൽ ആന്‍ഡ്രൂ സാല്‍വദോറിനെ ശിക്ഷിച്ചു. പ്രശസ്ത അഭിഭാഷകയായ സെലിന്‍ വില്‍ഫ്രഡാണ് കേസിൽ പ്രതിയ്ക്ക് വേണ്ടി ഹാജരായത്. നിയമ ബിരുദം നേടിയ മുൻ മന്ത്രി ആന്റണി രാജു അന്ന് സെലിന്‍റെ ജൂനിയർ അഭിഭാഷകനായിരുന്നു. കേസിൽ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി. 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് തിരുവനന്തപുരം സെഷന്‍സ് ജഡ്ജി കെ.വി. ശങ്കരനാരായണന്‍ ഉത്തരവിറക്കി. എന്നാല്‍, പ്രതിഭാഗം തൊട്ടുപിന്നാലെ ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ചെയ്തു.
ഹൈക്കോടതി പ്രതി കുറ്റക്കാരനല്ലെന്ന് വിധിച്ച് വെറുതെ വിട്ടു. അന്ന് ആ വിധിന്യായത്തിൽ പറഞ്ഞ പ്രധാന കാര്യം കേസിലെ പ്രധാന തൊണ്ടിമുതൽ അടിവസ്ത്രത്തിലൊളിപ്പിച്ച ലഹരിമരുന്നായിരുന്നു. പക്ഷേ, അപ്പീൽ പോയപ്പോൾ പ്രതിഭാഗം ഉന്നയിച്ച വാദം കോടതിയിൽ സമർപ്പിച്ച അടിവസ്ത്രം വിദേശ പൗരൻ ധരിച്ചതല്ല എന്നാണ്. ആ വാദം വലിയ വിവാദങ്ങളുണ്ടാക്കി. അന്വേഷണ ഉദ്യോഗസ്ഥനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലാണ് വിധിന്യായം ഉണ്ടായത്. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജയ്മോഹൻ തന്നെ അന്നത്തെ ഡിജിപിയെ സമീപിച്ചു. ഡിജിപിയുടെ അഭ്യർത്ഥനപ്രകാരം ഹൈക്കോടതി വിജിലൻസും സംഭവം അന്വേഷിച്ചു.
തുടർന്ന് സംഭവത്തിൽ വഞ്ചിയൂർ പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. തമ്പി എസ് ദുർഗാദത്ത് എന്ന അന്നത്തെ വഞ്ചിയൂർ സിഐക്കായിരുന്നു അന്വേഷണ ചുമതല. അന്ന് ദക്ഷിണമേഖലാ ഐജി ആയിരുന്ന സെൻകുമാർ അന്വേഷണത്തിന് മുൻകൈയ്യെടുക്കുന്ന സാഹചര്യവുമുണ്ടായി. തൊണ്ടിമുതലായ അടിവസ്ത്രം വെട്ടിച്ചെറുതാക്കി തുന്നിച്ചേർക്കുകയായിരുന്നു എന്നാണ് ഫോറൻസിക് റിപ്പോർട്ടിലെ കണ്ടെത്തൽ. അന്ന് തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയത് അഭിഭാഷകനായിരുന്ന ആന്റണി രാജുവാണെന്നാണ് നിലവിലെ കേസ്. 1994ലാണ് കേസിൽ ആന്റണി രാജു കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2006-ൽ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ അന്വേഷണ റിപ്പോർട്ട് പൊലീസ് ഫയൽ ചെയ്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120ബി, 420, 201, 193, 217, 34 എന്നീ വകുപ്പുകൾ ആണ് കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്നത്.
സാങ്കേതിക കാരണങ്ങളാലാണ് ആന്റണി രാജുവിനെതിരായ എഫ്‌ഐആര്‍ റദ്ദാക്കുന്നതെന്നും പുതിയ നടപടിക്രമങ്ങളുമായി വിചാരണക്കോടതിക്ക് മുന്നോട്ട് പോകാന്‍ തടസമില്ലെന്നുമായിരുന്നു ഇതുസംബന്ധിച്ച ഹൈക്കോടതിയുടെ വിധി. ഇതിനെതിരെ ആന്റണി രാജു നല്‍കിയ അപ്പീലാണ് ഇന്ന് സുപ്രീം കോടതി തള്ളിയത്. ആന്റണി രാജു വിചാരണ നേരിടണമെന്ന് വ്യക്തമാക്കിയ കോടതി ഒരു വര്‍ഷത്തിനകം വിചാരണ നടപടികള്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചു. വിജിലന്‍സ് റിപ്പോര്‍ട്ടിലോ എഫ്ഐആറിലോ തനിക്കെതിരെ ഒരു ആരോപണവും ഉണ്ടായിരുന്നില്ലെന്നായിരുന്നു ആന്റണി രാജുവിന്റെ വാദം. കേസില്‍ മെറിറ്റുണ്ടെന്നും ഹൈക്കോടതി പറഞ്ഞിട്ടില്ല. നിരപരാധിയായിട്ടും 33 വര്‍ഷങ്ങളായി കേസിന് പിന്നാലെയാണ് താനെന്നുമായിരുന്നു ആന്റണി രാജു കോടതിയില്‍ വാദിച്ചത്.
പൊലീസ് നൽകിയ കുറ്റപത്രം 16 വർഷമായി വിചാരണയില്ലാതെ വിചാരണാ കോടതിയിൽ കെട്ടികിടക്കുകയായിരുന്നു. സുപ്രീം കോടതിയുടെ ഇന്നത്തെ വിധിയോടെ ആ കുറ്റപത്രത്തിന്മേൽ ഇനി വിചാരണ നടക്കും.
കുറ്റവിമുക്തനായതോടെ ഓസ്ട്രേലിയിലേക്ക് കടന്ന ആന്‍ഡ്രൂ സാല്‍വദോര്‍ പിന്നീട് അവിടെ ഒരു കൊലക്കേസിൽ പ്രതിയായി. മെൽബൺ റിമാൻഡ് സെന്ററിൽ തടവിൽ കഴിയുമ്പോൾ ആൻഡ്രൂ സഹതടവുകാരനോട് കേരളത്തിലെ കേസിനെക്കുറിച്ച് പറഞ്ഞു. അഭിഭാഷകന്റെയും കോടതിയിലെ ക്ലാർക്കിന്റെയും സഹായത്തോടെ അടിവസ്ത്രം മാറ്റി കുറ്റവിമുക്തനായെന്നാണ് അയാൾ പറഞ്ഞത്. സഹതടവുകാരൻ ഈ വിവരം കൊലക്കേസ് അന്വേഷിച്ച ഡിറ്റക്ടീവ് സംഘത്തെ അറിയിച്ചു. 1996 ജനുവരി 25ന് രേഖപ്പെടുത്തിയ ഈ മൊഴി കാൻബറയിലെ ഇന്റർപോൾ യൂണിറ്റ് ഇന്ത്യയിലെ ഇന്റർപോൾ യൂണിറ്റായ സി ബി ഐയെ അറിയിച്ചു. സി ബി ഐ ഡൽഹി ആസ്ഥാനത്തു നിന്നാണ് ഈ കത്ത് കേരള പൊലീസിന് ലഭിച്ചത്. ഈ കത്ത് കണ്ടെടുത്തത് അന്വേഷണത്തിൽ വഴിത്തിരിവായി. യഥാർഥ അടിവസ്ത്രം ജൂനിയർ അഭിഭാഷകൻ ആന്റണി രാജു കോടതി ജീവനക്കാരനായ ജോസിന്റെ സഹായത്തോടെ എടുത്ത് മാറ്റിയെന്നായിരുന്നു ഹൈക്കോടതി വിജിലൻസിന് കേസിലെ പരാതിക്കാരൻ ജയമോഹൻ അറിയിച്ചത്. മൂന്നുവര്‍ഷത്തെ പരിശോധനയ്ക്കുശേഷം ഇക്കാര്യം അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ഇതിനിടെ ആന്റണി രാജു എംഎൽഎ ആയി. വിചാരണയ്ക്ക് ആന്റണി രാജു ഹാജരാകാത്തതിനാല്‍ കേസ് നിരന്തരം മാറ്റിവെക്കേണ്ടിവന്നതും വലിയ ചർച്ചയായി.
1990ലാണ് കേസിനാസ്പദമായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടൽ നടന്നത്. 1991ൽ പുറത്തിറങ്ങിയ ഒരു മലയാള ചിത്രത്തിൽ സമാനമായ ഒരു രംഗമുണ്ട്. ശ്രീനിവാസനും സുരേഷ് ഗോപിയും പ്രധാന കഥാപാത്രങ്ങളായ ആനവാൽമോതിരം. ചിത്രത്തിൽ ഇത്തരമൊരു പ്രമേയം വന്നത് ആകസ്മികമായാണെന്നൊക്കെ പറയുന്നുണ്ടെങ്കിലും ആന്റണി രാജുവിനെതിരായ കേസിനെക്കുറിച്ച് പറയുമ്പോൾ മലയാളിക്കാദ്യം ഓർമ്മവരിക ആനവാൽമോതിരമാണ്. 1990 ൽ ഗ്രേഗ് ചാമ്പ്യന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ബ്രിട്ടീഷ് കോമിക് ചിത്രം ഷോർട്ട് ടെെമിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ആനവാൽ മോതിരം ഒരുക്കിയത്.
ആല്‍ബര്‍ട്ടോ ഫെല്ലിനി എന്ന വിദേശ പൗരനെ സി ഐ ജെയിംസും എസ് ഐ നന്ദകുമാറും ഉൾപ്പെടുന്ന സംഘം പിടികൂടുന്നതാണ് ചിത്രത്തിലുള്ളത്. അയാളുടെ അടിവസ്ത്രത്തില്‍ പൊലീസ് മയക്കുമരുന്നു കണ്ടെത്തുന്നു. കോടതിയിൽ കേസിന്റെ വിചാരണ നടക്കുന്നു.
സി.ഐ ജയിംസിനോട് അഭിഭാഷകന്റെ ചോദ്യം:'അയാള്‍ ഡ്രോയര്‍ ഉടുത്തിരുന്നോ, അതോ വേറെ എവിടെയെങ്കിലും വച്ചിരിക്കുകയായിരുന്നോ?'
സി.ഐ ജയിംസിന്റെ ഉത്തരം: ഉടുത്തിരുന്നു
അഭിഭാഷകന്‍: യുവര്‍ ഓണര്‍, ഉടുത്തിരുന്നു, പ്ലീസ് നോട്ട്, ഹെറോയിന്‍ കൈവശം വച്ചു എന്ന് പൊലീസ് ആരോപിക്കുന്ന ആല്‍ബര്‍ട്ടോയ്‌ക്കെതിരേയുള്ള കേസിലെ തൊണ്ടിസാധനങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഇലാസ്റ്റിക്കുള്ള ഈ ഡ്രോയര്‍. തത്സമയം ആല്‍ബര്‍ട്ടോ ഇത് ധരിച്ചിരുന്നുവെന്നും ഈ ഡ്രോയര്‍ അഴിച്ചെടുത്തതാണെന്നും അന്വേഷണ ഉദ്യോഗസ്ഥരായ ജെയിംസ് പള്ളത്തറയും നന്ദകുമാറും ഈ കോടതി മുന്‍പാകെ സമ്മതിച്ചതാണ്. (അഭിഭാഷകന്‍ നീല നിറമുള്ള അടിവസ്ത്രം പുറത്തെടുക്കുന്നു) ഈ ഡ്രോയര്‍ മിസ്റ്റര്‍ ആല്‍ബര്‍ട്ടോയെ നിങ്ങള്‍ക്ക് ധരിപ്പിക്കാമോ? തൊണ്ടി സാധനങ്ങളുടെ കൂട്ടത്തില്‍ നിങ്ങള്‍ ഹാജരാക്കിയ സാധനമാണിത്. പതിനഞ്ച് വയസ്സുകാരന് പോലും പ്രായമാകാത്ത ഈ ഡ്രോയര്‍ ആല്‍ബര്‍ട്ടോയെ നിങ്ങള്‍ക്ക് ധരിപ്പിക്കാമോ?
സി ഐ ജയിംസ് അങ്കലാപ്പിലാകുന്നു: ഇത്….. ഇത് മാറിയിട്ടുണ്ടെന്നാണ് തോന്നുന്നത്.
അഭിഭാഷകന്‍: ഐ.ഡോണ്ട് വാണ്ട് യുവര്‍ എക്സ്പ്ലനേഷന്‍, ഇത് ആല്‍ബര്‍ട്ടോയെ ധരിപ്പിക്കാമോ, ഇല്ലയോ. ടെല്‍ മി യെസ് ഓര്‍ നോ
സി.ഐ ജയിംസ്: നോ
പിന്നാലെ കോടതി വിധി: പ്രതിയുടെ പേരില്‍ ആരോപിച്ച കുറ്റകൃത്യം പ്രോസിക്യൂഷന് തെളിയിക്കാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല, തല്‍കൃത്യത്തില്‍ അപഹാസ്യരാകും വിധം പരാജയപ്പെടുകയും ചെയ്തിരിക്കുന്നു. അതിനാല്‍ ആല്‍ബര്‍ട്ടോ ഫെല്ലിനിയെ വെറുതെ വിടുന്നു.
ഐറിഷ്-അമേരിക്കന്‍ നടനായ ഗാവിന്‍ പക്കാഡ് ആണ് ആല്‍ബര്‍ട്ടോ ഫെല്ലിനി ആയി വേഷമിട്ടത്. സി ഐ ജയിംസിനെ ശ്രീനിവാസനും എസ് ഐ നന്ദകുമാറിനെ സുരേഷ് ഗോപിയുമാണ് അവതരിപ്പിച്ചത്.
Content highlights: timeline of the drug related case in which ex minister antony raju accused