1995 ജൂലൈ 2. രാത്രി ഏതാണ്ട് 11 മണിയായിക്കാണും. റോഡുകൾ വിജനമാണ്. അങ്ങിങ്ങായി അലഞ്ഞുതിരിയുന്ന തെരുവുനായകളല്ലാതെ വഴിയിൽ ആരുമില്ലാത്ത ഒരു രാത്രി. അശോക നഗറിലെ ഒരു ഹോട്ടലിന്റെ അടുക്കളയിൽ നിന്നും പുകഞ്ഞുപൊന്തുന്ന ദുർഗന്ധം വമിക്കുന്ന പുക ആ പ്രദേശത്തെയാകെ മൂടിയിരുന്നു.
അന്ന് നൈറ്റ് ഡ്യൂട്ടിയിലായിരുന്നു കൊണാഡ് പ്ലേസ് പൊലീസ് സ്റ്റേഷനിലെ മലയാളി കോൺസ്റ്റബിൾ അബ്ദുൾനസീർ കുഞ്ഞ്. പതിവുപോലെ ഹോം ഗാർഡ് ചന്ദ്രപാലുമൊത്ത് അദ്ദേഹം രാത്രി പട്രോളിങ്ങിനിറങ്ങി. നടന്നുനടന്ന് ഇരുവരും അശോക നഗറിലെ ഐടിഡിസിയുടെ 20 നിലയുള്ള ഹോട്ടലിനടുത്തെത്തി. പതിവില്ലാതെ ഹോട്ടലിന്റെ അടുക്കളയിൽ നിന്നും ആകാശം മുട്ടെ പുക ഉയരുന്നുണ്ട്. ഈ രാത്രിയിൽ എന്താണ് പാകം ചെയ്യാനുള്ളതെന്ന് സംശയം തോന്നിയിട്ടാകാം അന്ന് നസീർ കുഞ്ഞ് ഹോട്ടലിന്റെ വാച്ച്മാനടുത്തെത്തി.
"ഭയ്യാ, എന്താണിത്രയധികം പുക? നിങ്ങൾ എന്തെങ്കിലും പാകം ചെയ്യുകയാണോ?"
പരിഭ്രമിച്ചു നിന്ന് വാച്ച്മാനടുത്തേക്ക് ഓടിയെത്തിയ ഹോട്ടൽ ജീവനക്കാരനായ യുവാവാണ് ചോദ്യത്തിന് മറുപടി നൽകിയത്.
"അതൊന്നുമില്ല സർ. ഞങ്ങൾ പഴയ ചില ഇലക്ഷൻ പോസ്റ്ററുകൾ ഒക്കെ കത്തിക്കുകയാണ്. കഴിയാനായി. അൽപം കൂടിയേ ബാക്കിയുള്ളൂ."
അയാൾ പറഞ്ഞൊപ്പിച്ചു.
"മം ശരി, ശ്രദ്ധിക്കണം.. "എന്ന് മറുപടി നൽകി ഇരുവരും സ്ഥലത്തുനിന്നും മടങ്ങി.
അൽപ ദൂരം നടന്നപ്പോഴാണ് ഹോട്ടലിന് പുറത്തെ ടാക്സി സ്റ്റാന്റിനടുത്ത് പച്ചക്കറി വിൽക്കുന്ന യുവതിയുടെ നിലവിളി കേട്ടത്.
"തീ തീ.. ഹോട്ടലിന് തീപിടിച്ചു" എന്ന് അവർ കൂകിവിളിച്ചു.
തിരിഞ്ഞുനോക്കിയ നസീർ കുഞ്ഞും ഹോം ഗാർഡ് ചന്ദ്രപാലും കണ്ടത് ഹോട്ടലിൽ നിന്നും ശക്തമായ പുക ഉയരുന്നുതും തീ ജ്വാലകളുമാണ്. ഹോട്ടലിന്റെ മതിൽ ചാടി കടന്ന് അകത്തു കയറിയ ഇരുവരും കയ്യിൽ പേപ്പറുകളും മരത്തടികളുമായി തന്തൂർ അടുപ്പിനരികെ നിൽക്കുന്ന രണ്ട് പേരെ കണ്ടു. അതിലൊന്ന് ഹോട്ടലിന്റെ മാനേജറായ കേശവ് കുമാറായിരുന്നു.
"നിങ്ങൾ എന്ത് വിഡ്ഡിത്തമാണീ കാണിക്കുന്നത്. ഈ തീ ഹോട്ടലിന് ആപത്താണ്" എന്ന് പൊലീസുകാർ ആക്രോശിച്ചു.
"ഭയപ്പെടാൻ ഒന്നുമില്ല സർ ഇത് പഴയ ഇലക്ഷൻ പോസ്റ്ററുകളാണ്. അതിപ്പോൾ കത്തി തീരും". കേശവ് കുമാർ പറഞ്ഞു.
കത്തിയമരുന്ന തീജ്വാലകളെ നോക്കി സുശിൽ ശർമയും അടുത്തുതന്നെയുണ്ടായിരുന്നു. ദുർഗന്ധം ശക്തമായി വമിച്ചുകൊണ്ടേയിരുന്നു. തീയിലേക്ക് നോക്കിയ നസീർ കുഞ്ഞിന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. അന്ന് സാധാരണ കോൺസ്റ്റബിളായ നസീർ കുഞ്ഞിന്റെ മനസിൽ തോന്നിയ ചില സംശയങ്ങൾ പിന്നീട് ചെന്നെത്തിയത് തന്തൂർ അടുപ്പിൽ വെന്തൊടുങ്ങുമായിരുന്ന നിഷ്ഠൂരമായ ഒരു കൊലപാതകത്തിലേക്കാണ്.
ഡൽഹി യൂത്ത് കോൺഗ്രസിന്റെ മുൻ പ്രസിഡന്റായിരുന്ന സുശിൽ ശർമ തന്റെ സഹപ്രവർത്തകയായ നൈനി സാഹ്നിയെ വെടിവെച്ചുകൊന്ന് തന്തൂർ അടുപ്പിലിട്ട് ചുട്ടുചാമ്പലാക്കാൻ ശ്രമിച്ചതിന്റെ കഥ, നൈന സാഹ്നി വധക്കേസ് !
കൈയ്യിൽ കിട്ടിയ ബക്കറ്റുകളിൽ വെള്ളം നിറച്ച് നസീർ കുഞ്ഞും ചന്ദ്രപാലും തീയണച്ചു. പാതി കത്തിയ മരത്തടികൾക്കിടയിൽ അവർ ആദ്യം കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ കൊമ്പുപോലെയുള്ള രണ്ട് വസ്തുക്കളാണ്. ഇത് എന്താണ് എന്ന് നസീർ കുഞ്ഞ് കേശവ് കുമാറിനോട് ചോദിച്ചു.
"സാബ് അത് മട്ടൺ ചുട്ടെടുക്കുന്നതാണ്" എന്ന് അയാൾ മറുപടി നൽകി. മറുപടി കേട്ട് തിരിഞ്ഞുനോക്കിയ നസീർ കുഞ്ഞ് ആകെ ഭയപ്പെട്ടു. അടുപ്പിൽ ഉണ്ടായിരുന്ന മാംസപിണ്ഡത്തിന്റെ വയറ് പൊട്ടി കുടൽ പുറത്തേക്ക് ചാടിയിരിക്കുന്നു. കുടൽമാല കണ്ട നസീർ കുഞ്ഞിന് ഒരു കാര്യം വ്യക്തമായി. തന്തൂറിലിട്ട് ധൃതിയിൽ അവർ ചുട്ടെരിച്ചത് ആടിനെയല്ല. കത്തിജ്വലിക്കുന്ന തീയിലേക്ക് ആയാൾ ഒരിക്കൽ കൂടി നോക്കി. പാതി വെന്തുരുകിയ നിലയിൽ ഒരു സ്ത്രീയുടെ മാറിടം നസീർ കുഞ്ഞിന് മുമ്പിൽ വെളിപ്പെട്ടു. അതെ, തന്തൂർ അടുപ്പിൽ അന്ന് വെന്തുരുകിയത് ഒരു സ്ത്രീയുടെ ശരീരമാണ്.
പിടിക്കപ്പെട്ടുവെന്ന് മനസിലാക്കി ഓടി രക്ഷപ്പെടാൻ ശ്രമിച്ച കേശവ് കുമാറിനെ പിടിച്ചുനിർത്തി നസീർ തന്റെ വയർലെസിലൂടെ സന്ദേശമയച്ചു. അശോക് റോഡിലെ ഭഗിയ റെസ്റ്റോറന്റിൻ്റെ തന്തൂർ അടുപ്പിൽ ഒരു സ്ത്രീ ശരീരം കത്തിയെരിയുന്നു.
ആരാണ് കൊല്ലപ്പെട്ട യുവതി? എന്തിനായിരിക്കാം അവർ അവളെ കൊലപ്പെടുത്തിയത്?
നസീർ കുഞ്ഞിന്റെസന്ദേശം ലഭിച്ച നിമിഷങ്ങൾക്കകം എസിപി അശോക് കുമാർ, അഡീഷണൽ സിപി മാക്സ്വെൽ പെരേര തുടങ്ങിയവരുടെ സംഘം സംഭവസ്ഥത്തേക്കെത്തി. അപ്പോഴേക്കും വിറകുകൾക്കിടയിൽ നിന്നും യുവതിയുടെ മൃതദേഹം പുറത്തെടുത്ത് താഴെ ടർപ്പോളിൻ ഷീറ്റിലേക്ക് മാറ്റിയിരുന്നു. ഏതാണ്ട് പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു അത്. 30 വയസിനടുത്ത് പ്രായം തോന്നിക്കുന്നുണ്ടെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതിനിടെ പൊലീസുദ്യോഗസ്ഥർ കേശവ് കുമാറിനെ ചോദ്യം ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ അതിനോട് സഹകരിക്കാതെ ഒഴിഞ്ഞുമാറുന്ന നിലപാടായിരുന്നു കേശവിന്റേത്. സ്വാഭാവികമായും മറ്റാരെയോ സംരക്ഷിക്കാനാണിതെന്ന് മനസിലാക്കാൻ പൊലീസിന് അധികം സമയമൊന്നും വേണ്ടി വന്നില്ല. അങ്ങനെയാണ് കേശവിനൊപ്പമുണ്ടായിരുന്ന സുശിൽ ശർമയിലേക്ക് അന്വേഷണമെത്തുന്നത്. തിരക്കിനിടയിലെപ്പോഴോ സുശീൽ ശർമ അവിടെ നിന്നും രക്ഷപ്പെട്ടിരുന്നു. സംഭവസ്ഥലത്തുനിന്നും ശേഖരിക്കാവുന്ന തെളിവുകൾ ശേഖരിച്ച് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ആ സമയത്ത് ഹോട്ടലിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരെയും വിളിച്ച് പൊലീസ് ചോദ്യം ചെയ്തു. അതിൽ സെക്യൂരിറ്റി ഗാർഡുമാർ നൽകിയ മൊഴിയാണ് കേസിൽ പ്രധാന വഴിത്തിരിവായത്.
രാത്രി ഏതാണ്ട് പത്തേകാലോടെ സുശിൽ കുമാർ തന്റെ കാറിൽ ഹോട്ടലിലെത്തിയിരുന്നു. കാറിന്റെ ഡിക്കിയിൽ നിന്നും വലിയ എന്തോ ഭാണ്ഡക്കെട്ട് അയാൾ പുറത്തെടുത്തുവെച്ചു. പിന്നാലെ ഫോൺ ചെയ്ത് കേശവ് കുമാറിനെ വിളിച്ചുവരുത്തി. ഇരുവരും അൽപസമയം എന്തോ സംസാരിച്ചു. പിന്നാലെ ഹോട്ടലിലേക്ക് ഓടിക്കയറിയ കേശവ് കുമാർ ജീവനക്കാരോട് ജോലി നിർത്താനും പെട്ടെന്ന് ഹോട്ടലിൽ നിന്നും മടങ്ങാനും ആവശ്യപ്പെട്ടു. ജീവനക്കാരെല്ലാം പുറത്തുപോയെന്ന് ഉറപ്പുവരുത്തിയ ഇവർ ഭാണ്ഡക്കെട്ട് എടുത്ത് ഹോട്ടലിന് അകത്തേക്ക് കടന്നു എന്നായിരുന്നു അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരന്റെ മൊഴി.
ഈ സമയം കൊണ്ട് ഇലക്ഷൻ പോസ്റ്ററുകളും മരത്തടികളും ഉപയോഗിച്ച് തന്തൂർ അടുപ്പിന് മുകളിൾ ഇവർ ഒരു താത്ക്കാലിക ചിതയൊരുക്കിയിരുന്നു. തീ വേഗത്തിൽ കത്താൻ നെയ്യോ ബട്ടറോ ഉപയോഗിക്കണമെന്നത് സുശീൽ കുമാറിൻ്റെ നിർദേശമായിരുന്നു. ഇതനുസരിച്ച് കേശവ് കുമാർ സമീപത്തെ കടയിൽ പോയി നാല് പാക്കറ്റ് ബട്ടർ വാങ്ങി വന്നു. മനുഷ്യശരീരം കത്തിനശിക്കുമ്പോഴുണ്ടാകുന്ന ദുർഗന്ധം തടയാനും മൃതദേഹം വേഗത്തിൽ കത്താനും വേണ്ടിയായിരുന്നു ഇത്. എന്നാൽ സുശീൽ കുമാറിന്റെ കണക്കുകൂട്ടലുകൾ പിഴച്ചത് ഇവിടെ നിന്നാണ്. അവർ പ്രതീക്ഷിച്ചതിലും ശക്തിയിൽ തീ ആളിക്കത്തി. ഇതാണ് പട്രോളിങ്ങിനെത്തിയ നസീർ കുഞ്ഞും ചന്ദ്രപാലും കാണാനിടയായത്.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായെങ്കിലും മൃതദേഹം ആരുടേതാണെന്ന് കണ്ടത്താൻ പൊലീസിന് ദിവസങ്ങൾ വേണ്ടി വന്നു. തനിക്ക് ഇനി രക്ഷയില്ലെന്ന് തിരിച്ചറിഞ്ഞിട്ടാകണം, കേശവ് കുമാർ ഒരു ദിവസം പൊലീസിനോട് തനിക്കറിയാവുന്ന എല്ലാ സത്യങ്ങളും വിളിച്ചുപറഞ്ഞു. അന്നാണ് കൊല്ലപ്പെട്ട യുവതിയുടെ പേര് നൈന സാഹ്നി എന്നാണെന്ന് പൊലീസ് തിരിച്ചറിയുന്നത്.
നൈന സാഹ്നി, വയസ് 29, സുശീൽ ശർമയുടെ ഭാര്യ. യൂത്ത് കോൺഗ്രസിന്റെ ഡൽഹി മുൻ പ്രസിഡന്റ്, പ്രഗത്ഭനായ രാഷ്ട്രീയ നേതാവ്. അതായിരുന്നു സമൂഹത്തിന്റെ കണ്ണിൽ അന്ന് സുശിൽ ശർമ. കോൺഗ്രസ് പ്രവർത്തകയായിരുന്നു നൈന സാഹ്നിയും. രാഷ്ട്രീയ പ്രവർത്തനകാലത്ത് നൈന സഹപ്രവർത്തകനായ മത്ലൂബ് കരീമുമായി പ്രണയത്തിലായിരുന്നു. രണ്ട് മതത്തിൽപ്പെട്ടവരായതിനാൽ വിവാഹം നടക്കില്ലെന്ന് കണ്ട് നൈന കരീമുമായുള്ള ബന്ധം ഉപേക്ഷിച്ചിരുന്നു. ഇതിനിടെയാണ് സുശീൽ ശർമ നൈനയുടെ ജിവിതത്തിലേക്ക് കടന്നുവരുന്നത്. 1993ൽ ഡൽഹി ബിർള മന്ദിരിൽ വെച്ച് അതീവ രഹസ്യമായായിരുന്നു നൈനയുടെയും സുശിൽ ശർമയുടെയും വിവാഹം. എന്നാൽ നൈനയുടെ പ്രതീക്ഷകളെ തകർത്ത് ആ വിവാഹജീവിതം താറുമാറാകാൻ അധികം കാലതാമസമുണ്ടായില്ല.
തനിക്ക് ചുറ്റുമുള്ളവരെ കാൽക്കീഴിൽ നിർത്തുകയായിരുന്നു സുശിൽ കുമാറിന്റെ രീതി. എന്നാൽ അടിമപ്പെടാൻ താത്പര്യപ്പെടുന്നവളായിരുന്നില്ല നൈന സാഹനി. മദ്യപിച്ച് നൈനയെ മർദിക്കുന്ന പതിവുണ്ടായിരുന്നു സുശീലിന്. ഇതിനിടെയാണ് സഹപ്രവർത്തകയായ ലിയയുമായി സുശിലിന് അടുപ്പമുണ്ടെന്നും ലിയ ഗർഭിണിയാണെന്നുമുള്ള വാർത്തകൾ തീ പോലെ പടർന്നത്. ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഒഴിഞ്ഞുമാറുന്നതായിരുന്നു സുശിൽ ശർമയുടെ രീതി. രഹസ്യമായി തുടരുന്ന വിവാഹജീവിതവും ശാരീരിക അതിക്രമങ്ങളും സഹിക്കാനാവാതെ നൈന ഓസ്ട്രേലിയയിലേക്ക് പോകുകയാണെന്നും ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നുവെന്നും സുശിലിനോട് പറഞ്ഞു. ഇതോടെ നൈന കരീമുമായി വീണ്ടും ബന്ധം പുലർത്തുന്നുണ്ട് എന്ന സംശയം അയാളിലുണ്ടായി. ഈ സംശയമാണ് പിന്നീട് അതിക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്.
വെടിയേറ്റ് മരിച്ച നൈനയെ തങ്ങൾ ദഹിപ്പിക്കുകയായിരുന്നുവെന്നാണ് കേശവ് പൊലീസിന് നൽകിയ മൊഴി. എന്നാൽ വെടിയേറ്റിട്ടും നൈനയ്ക്ക് ജീവനുണ്ടായിരുന്നുവെന്നും പൊള്ളലേറ്റതും രക്തസ്രാവവുമാണ് മരണത്തിന് ഇടയാക്കിയതെന്നും പോസ്റ്റുമാർട്ടത്തിൽ കണ്ടെത്തിയിരുന്നു.
കൊലപാതകം നടന്ന് ഏതാണ് രണ്ടാഴ്ചയ്ക്ക് ശേഷമാണ് സുശിൽ കുമാർ ബെംഗളൂരുവിൽ കീഴടങ്ങുന്നത്. തനിക്ക് കൊലപാതകവുമായി ബന്ധമില്ലെന്നും ജോലി സംബന്ധമായ കാര്യങ്ങൾക്കായി യാത്രയിലായിരുന്നുവെന്നും പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സുശിലിന് പൊലീസുകാരുടെ ചോദ്യങ്ങൾക്ക് മുൻപിൽ പിടിച്ചുനിൽക്കാനായില്ല.
1996 നവംബർ ഏഴിന് സുശിൽ ശർമയെ ഡൽഹിയിലെ ട്രയൽ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. 2003ൽ വിധിയ്ക്കെതിരെ ശർമ ഹൈക്കോടതിയെ സമീപിച്ചു. വധശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. പിന്നീട് സുപ്രീം കോടതി 2007ൽ വധശിക്ഷ ജീവപര്യന്തമാക്കി മാറ്റി. 2018 ഡിസംബർ 22ന് സുശിൽ ശർമ ജയിൽ മോചിതനായി.
ഡൽഹിയെ വിറപ്പിച്ച കൊലപാതകത്തെ കുറിച്ചുള്ള വിവരം പുറം ലോകത്തെത്തിച്ച നസീർ കുഞ്ഞിന് പക്ഷേ പിന്നീട് ജീവിതം ഏറെ പ്രയാസകരമായിരുന്നു. ജോലിയിൽ പ്രമോഷൻ ലഭിച്ചുവെങ്കിലും സഹപ്രവർത്തകരിലെ ചിലരിൽ നിന്നുണ്ടായ വിവേചനപരമായ പെരുമാറ്റങ്ങൾ അദ്ദേഹത്തെ തളർത്തി. 2002ൽ കുടുംബപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നസീർ കുഞ്ഞ് വിആർഎസ് എടുത്ത് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. നാടിനെ നടുക്കിയ കൊലപാതത്തിൽ പ്രതിയായിട്ടും സുശിൽ ശർമ ഇപ്പോഴും സമൂഹത്തിൽ സ്വതന്ത്രനായി നടക്കുകയാണ്.
Content Highlights: details of naina sahni tandoor murder case