അദാനിയുടെ കോഴ, സഹോദരിയുമായുള്ള സ്വത്ത് തർക്കം, അഴിമതി; ജഗൻ മോഹൻ റെഡ്ഡിയുടെ രാഷ്ട്രീയ ഭാവിയെന്താകും?

സ്വത്ത് തർക്കവും അഴിമതിയാരോപണങ്ങളിലും വലയുന്ന ജഗൻമോഹൻ റെഡ്ഡിക്കെതിരെയ കോഴ ആരോപണം ജഗന്റെ രാഷ്ട്രീയ ഭാവിയെ എങ്ങനെയാണ് ബാധിക്കുക

അശ്വിൻ രാജ് എൻ കെ
1 min read|24 Nov 2024, 02:04 pm
dot image

'ആന്ധ്രപ്രദേശിന്റെ ഭാവി നിർണയിക്കുന്ന യുവരാജാവ്', വൈ എസ് ജഗൻമോഹൻ റെഡ്ഡിയെ ഒരുകാലത്ത് വിശേഷിപ്പിച്ചിരുന്നത് ഇങ്ങനെയായിരുന്നു. എന്നാൽ 2024 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റ കനത്ത പരാജയത്തിന് പിന്നാലെ ഒന്നിന് പിറകെ ഒന്നൊന്നായി ഉയരുന്ന ആരോപണങ്ങളിൽ ചുറ്റിത്തിരിയുകയാണ് ജഗൻ മോഹൻ റെഡ്ഡി ഇപ്പോൾ. ഏറ്റവുമൊടുവിൽ സഹോദരി വൈ എസ് ശർമ്മിളയ്ക്ക് എതിരായ സ്വത്ത് തർക്ക കേസ് നടക്കുന്നതിനിടെയാണ് ഗൗതം അദാനിയുമായി ബന്ധപ്പെട്ട് വിവാദം പൊന്തിവരുന്നത്. 2021 ൽ ഗൗതം അദാനി വൈ എസ് ജഗമോഹനെ നേരിട്ട് കാണുകയും 200 മില്ല്യൺ ഡോളർ കൈക്കൂലി വാഗ്ദാനം ചെയ്‌തെന്നുമാണ് നിലവിൽ യുണൈറ്റഡ് സ്റ്റേറ്റ്‌സ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷൻ നൽകിയ പരാതിയില് ആരോപിക്കുന്നത്. അദാനിയുമായി കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെ അദാനിയിൽ നിന്ന് വൈദ്യുതി വാങ്ങാൻ ആന്ധ്രാപ്രദേശ് തീരുമാനിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്.
വിവിധ രാജ്യങ്ങളിലെ പദ്ധതികള്‍ കാണിച്ച് അമേരിക്കയിലെ നിക്ഷേപകരില്‍ നിന്ന് കൂടുതല്‍ പണം സ്വീകരിക്കുന്നതിനായി അദാനി ഗ്രൂപ്പ് പദ്ധതികള്‍ നടപ്പാക്കിയിരുന്നു. എന്നാല്‍ കെെക്കൂലി നല്‍കിയതടക്കമുള്ള കാര്യങ്ങള്‍ നിക്ഷേപകരില്‍ നിന്ന് മറച്ചുവെച്ചെന്ന് ചൂണ്ടിക്കാട്ടി ഓഹരിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്‌സ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷൻ പരാതി നല്‍കുകയും തുടർന്ന് അമേരിക്കന്‍ നീതിന്യായ വകുപ്പ് കുറ്റപത്രം രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.

ആന്ധ്രാപ്രദേശിലെ ഒരു ഉന്നത ഉദ്യോഗസ്ഥനെ അദാനി സന്ദർശിച്ചെന്നും കൈക്കൂലി വാഗ്ദാനം ചെയ്തെന്നുമാണ് കുറ്റപത്രത്തിലെ ആരോപണം എന്നാൽ യുണൈറ്റഡ് സ്റ്റേറ്റ്സ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ സമർപ്പിച്ച പരാതിയിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡിയെയാണ് അദാനി സന്ദർശിച്ചതെന്ന് പേരെടുത്ത് പരാമർശിക്കുന്നുണ്ട്.

2021 നും 2023 നും ഇടയിൽ ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, തമിഴ്നാട്, ഒഡീഷ, ജമ്മു കശ്മീർ എന്നിവയുൾപ്പെടെ ഒന്നിലധികം സംസ്ഥാനങ്ങളിലുള്ള സംസ്ഥാന ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥർക്ക് 265 മില്യൺ ഡോളർ കൈക്കൂലിയായി നൽകാൻ അദാനി ഗ്രൂപ്പ് അസൂർ പവറുമായി ഗൂഢാലോചന നടത്തിയെന്നും യുഎസ് എസ്ഇസിയുടെ പരാതിയിൽ പറയുന്നുണ്ട്.

jagan and adani

സഹോദരി വൈ എസ് ശർമ്മിളയ്ക്ക് എതിരെ സ്വത്തുമായി ബന്ധപ്പെട്ട് ജഗൻ നൽകിയ പരാതി നിലനിൽക്കെയാണ് അദാനിയുമായി ബന്ധപ്പെട്ട ആരോപണം എത്തിയിരിക്കുന്നത്. ജഗനും വൈ എസ് ശർമിളയും ചേർന്ന് സ്ഥാപിച്ച സരസ്വതി പവർ ആൻഡ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരികൾ തട്ടിയെടുക്കുന്നുവെന്ന് കാണിച്ചാണ് അമ്മ വൈ എസ് വിജയമ്മയ്ക്കും സഹോദരിക്കുമെതിരെ ജഗനും ഭാര്യയും നാഷനൽ കമ്പനി ലോ ട്രൈബ്യൂണലിൽ (എൻസിഎൽടി) ഹർജി നൽകിയത്.

ഒരുകാലത്ത് ജഗന്റെ എല്ലാം എല്ലാം സഹോദരി വൈഎസ് ശർമിളമയായിരുന്നു. ജഗന്റെ 'അസ്ത്രം' എന്നായിരുന്നു വൈ എസ് ശർമിളയെ ഒരുകാലത്ത് വിശേഷിപ്പിച്ചിരുന്നത്. 2012 ൽ പിതാവ് രാജശേഖര റെഡ്ഡി മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ ഓഫീസ് ഉപയോഗിച്ച് അനധികൃതമായി വൻ സ്വത്ത് സമ്പാദിച്ചെന്നാരോപിച്ച് ജഗൻമോഹൻ റെഡ്ഡിയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ജഗനെ ജയിൽ മോചിതനാക്കണമെന്നാവശ്യപ്പെട്ട് വൈ എസ് ശർമിളയുടെ നേതൃത്വത്തിൽ ആന്ധ്രയിൽ ഉടനീളം പദയാത്ര സംഘടിപ്പിച്ചു.

YS Sharmila
വെെ എസ് ശര്‍മിള

ജയിൽ മോചിതനായി തിരികെ എത്തിയ ജഗൻ മോഹൻ റെഡ്ഡി കരുത്തനായിട്ടായിരുന്നു തിരികെ എത്തിയത്. ആന്ധ്രാപ്രദേശിന്റെ വിഭജനത്തിനെതിരെ നിരാഹാര സമരം കിടന്ന ജഗൻ ആദ്യം ആന്ധ്രയുടെ പ്രതിപക്ഷ നേതാവ് ആവുകയും പിന്നീട് മുഖ്യമന്ത്രിയാവുകയും ചെയ്തു. 2019 ൽ അച്ഛൻ വൈ എസ് രാജശേഖര റെഡ്ഡി നടത്തിയ യാത്രയെ അനുസ്മരിപ്പിക്കുന്ന വിധം ജഗന് പിന്തുണ തേടി വൈ എസ് ശർമിള 1500 കിലോമീറ്റർ പദയാത്ര നടത്തി. തുടർന്നായിരുന്നു ആന്ധ്രയുടെ അധികാര കസേരയിൽ വൈ എസ് ജഗൻമോഹൻ റെഡ്ഡി എത്തിയത്. ഭരണത്തിൽ ജഗനും പാർട്ടി തലപ്പത്ത് ശർമിളയും എത്തുമെന്ന് കരുതിയെങ്കിലും അധികാരം പൂർണമായും ജഗൻ മോഹൻ റെഡ്ഡിയിലേ്യ്ക്ക് മാത്രമായി കേന്ദ്രീകരിക്കുകയായിരുന്നു.

ഇതിൽ അസ്വസ്ഥയായ വൈ എസ് ശർമിള ജഗനിൽ് നിന്ന് അകന്നു. വൈ എസ് രാജശേഖര റെഡ്ഡിയുടെ സ്വത്തിൽ അവകാശമുന്നിയിക്കുകയും ഇരുവരും തമ്മിലുള്ള സ്വത്ത് തർക്കം കുടുംബത്തിന് പുറത്തേക്ക് എത്തുകയും ചെയ്തു. സ്വത്തുക്കളുമായി ബന്ധപ്പെട്ട തർക്കത്തിൽ അമ്മ വിജയമ്മയുടെ നിർദ്ദേശങ്ങൾ പോലും ജഗൻ ചെവികൊണ്ടില്ല.

വൈ എസ് ആർ കോൺഗ്രസിൽ തനിക്ക് ഇനി സ്വാധീനം ഇല്ലെന്ന് മനസിലാക്കിയ ശർമിള തന്റെ പ്രവർത്തന മണ്ഡലം തെലങ്കാനയിലേക്ക് മാറ്റുകയും അമ്മയുടെ കൂടെ പിന്തുണയോടെ പുതിയ പാർട്ടി തെലങ്കാനയിൽ രൂപീകരിക്കുകയും ചെയ്തു. വൈഎസ്ആർ കോൺഗ്രസും എൻ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടിയും പവൻ കല്യാണിന്റെ ജനസേന പാർട്ടിയും ശക്തിപ്രാപിച്ച ആന്ധ്രയിൽ തങ്ങൾക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന ബോധ്യമായത് കൊണ്ടായിരുന്നു ശർമിള തെലങ്കാനയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. വൈ എസ് ആർ തെലങ്കാന എന്ന പേരിലായിരുന്നു പുതിയ പാർട്ടി ആരംഭിച്ചത്. എന്നാൽ തെലങ്കാനയിൽ തനിക്ക് ഒരു ചലനവും സൃഷിടിക്കാൻ മനസിലാക്കിയ ശർമിള തന്റെ പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിക്കാനും കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാനും ശ്രമം നടത്തിയെങ്കിലും രേവന്ത് റെഡ്ഡിയുടെ അടക്കം പ്രതിഷേധങ്ങളെ തുടർന്ന് നടപ്പായില്ല. തുടർന്ന് തിരഞ്ഞെുപ്പിൽ മത്സരിക്കേണ്ടെന്ന് തീരുമാനിച്ച ശർമിള കോൺഗ്രസിന് നിരുപധിക പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

ശർമിളയുടെ പിന്തുണ പക്ഷേ കോൺഗ്രസ് ജഗനെതിരെയുള്ള ആയുധമാക്കി. ആന്ധ്രയിലെ ജനങ്ങളുടെ ആഗ്രഹത്തിന് വിരുദ്ധമായി സംസ്ഥാനം വിഭജിക്കുകയും തെലങ്കാന രൂപീകരിക്കുകയു ചെയ്തതിന് പിന്നാലെയാണ് ആന്ധ്രാപ്രദേശിൽ കോൺഗ്രസ് തകർന്നത്. അന്ന് തകർന്ന കോൺഗ്രസിനെ വീണ്ടും ശർമിളയിലൂടെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം കോൺഗ്രസ് ആരംഭിച്ചു. ശർമിളയെ ആന്ധ്രപ്രദേശ് സംസ്ഥാനഘടകത്തിൻ്റെ അധ്യക്ഷയായി കോൺഗ്രസ് നിയോഗിച്ചു. ജഗനെതിരെ നേർക്ക് നേർ നിന്ന് പോരാടാൻ ശർമിളയെ കരുവാക്കുകയെന്ന തന്ത്രമാണ് കോൺഗ്രസ് പഴറ്റിയത്.

'അധികാര കൊതി മൂത്ത സഹോദരി അമ്മയെ കൂട്ടുപിടിച്ച് ഒറ്റപ്പെടുത്തുന്ന, സ്നേഹം ലഭിക്കാത്ത, ആന്ധ്ര ജനതയുടെ പുത്രനായ ജഗൻ' എന്ന രീതിയിൽ സോഷ്യൽ മീഡിയ ക്യാംപെയിനിലൂടെയായിരുന്നു ജഗൻ ഇതിനെ നേരിട്ടത്. ഇതിന് പിന്നാലെ 2019 ൽ അധികാരത്തിലേക്ക് എത്തുന്നതിനായി പ്രയോഗിച്ച സിനിമ തന്ത്രങ്ങൾ 2024 ൽ ആവർത്തിച്ചെങ്കിലും നിരാശയായിരുന്നു ഫലം. 2019 ൽ 22 ലോക്സഭ സീറ്റുകളും 151 നിയമസഭ സീറ്റുകളും നേടി വിജയിച്ച ജഗന്റെ വൈഎസ്ആർ കോൺഗ്രസ് പാർട്ടി പക്ഷേ 2024 ൽ എത്തിയപ്പോൾ ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്. ലോക്സഭയിൽ വെറും നാല് സീറ്റുകളും നിയമസഭയിൽ വെറും 12 സീറ്റുകളുമാണ് പാർട്ടിക്ക് നേടാൻ കഴിഞ്ഞത്.

മമ്മൂട്ടിയെ നായകനാക്കി തന്റെ അച്ഛനും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയുമായിരുന്ന വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിത കഥ പറഞ്ഞ സിനിമയായ 'യാത്ര' ഒരുക്കിയായിരുന്നു 2019 ൽ തിരഞ്ഞെടുപ്പിനെ ജഗൻ നേരിട്ടത്. അന്ന് ആ സിനിമ വലിയ വിജയമായിരുന്നു. എന്നാൽ അഞ്ച് വർഷങ്ങൾക്കിപ്പുറം അതേ സിനിമയുടെ രണ്ടാം ഭാഗം തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ആന്ധ്രയിൽ റിലീസ് ചെയ്‌തെങ്കിലും ചിത്രം പരാജയമാവുകയും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാതെ കടന്നുപോവുകയും ചെയ്തു.

2004ൽ വൈ എസ് ആർ നേതൃത്വം നൽകി കോൺഗ്രസിനെ അധികാരത്തിലെത്താൻ സഹായിച്ച, 1475 കിലോ മീറ്റർ നീണ്ട പദയാത്രയെ അടിസ്ഥാനമാക്കിയായിരുന്നു യാത്രയുടെ ആദ്യ ഭാഗം പുറത്തിറങ്ങിയത്. രണ്ടാം ഭാഗത്തിൽ വൈ എസ് ആറിന്റെ മരണവും തുടർന്നുള്ള അധികാര കൈമാറ്റവും ജഗൻ മോഹന്റെ രാഷ്ട്രീയവുമായിരുന്നു ഇതിവൃത്തമായത്. മമ്മൂട്ടി വീണ്ടും വൈ എസ് രാജശേഖര റെഡ്ഡിയായി എത്തിയപ്പോൾ തമിഴ് താരം ജീവയായിരുന്നു ജഗൻ മോഹൻ റെഡ്ഡിയായി എത്തിയത്.

Yathra Movie Poster

സഹോദരിയുമായുള്ള സ്വത്ത് തർക്കം ആന്ധ്രയിലെ സാധാരണക്കാർക്കിടയിൽ ജഗന്റെ ഇമേജ് തകർക്കുന്നതിന് കാരണമായിരുന്നു. ഇതിന് പിന്നാലെ അധികാരത്തിൽ എത്തിയ ചന്ദ്രബാബു നായിഡുവിന്റെ സർക്കാർ ജഗനെതിരെ ഗുരുതര അഴിമതിയാരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. മുൻ സർക്കാരിന്റെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് അന്വേഷണം നടത്താൻ ടിഡിപി സർക്കാർ നടപടി സ്വീകരിച്ചിരുന്നു.

ജഗൻ മോഹൻ റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന സമയത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് മുട്ട പഫ്സിനായി 3.62 കോടി രൂപ ചെലവഴിച്ചെന്ന ആരോപണമായിരുന്നു ഇതിൽ ഏറ്റവും ചർച്ചയായത്. സുരക്ഷാ നടപടികളിലും വ്യക്തിഗത ആവശ്യത്തിനും പ്രത്യേക വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചതിലും ക്രമക്കേട് നടന്നെന്ന് ആരോപണം ഉയർന്നു. ജഗനെതിരെ ഇത്രയും ആരോപണങ്ങളും കേസുകളും നടക്കുമ്പേഴും അദാനിയുമായുള്ള കോഴ ആരോപണത്തിൽ ഇതുവരെ മുഖ്യമന്ത്രി ചന്ദ്രബാബുനായിഡുവോ ടിഡിപി പാർട്ടിയോ കാര്യമായ പരാമർശങ്ങൾ ഒന്നും നടത്തിയിട്ടില്ല എന്നതാണ് ഏറ്റവും വലിയ കൗതുകം.

Chandrababu nayidu

വിവാദത്തിൽ പരാമർശം നടത്തിയാൽ അത് തിരിച്ചടിയാവുമെന്നാണ് ടിഡിപി വിലയിരുത്തുന്നത്. കേസിനെ കുറിച്ച് പഠിച്ച ശേഷം പ്രതികരിക്കാമെന്നാണ് ടിഡിപി നേതാക്കൾ പറയുന്നത്. നേരത്തെ ആന്ധ്രാപ്രദേശിൽ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനായി അദാനി പോർട്സ് മാനേജിങ് ഡയറക്ടറുമായി മുഖ്യമന്ത്രി ചന്ദ്രബാബുനായിഡു ചർച്ച നടത്തിയിരുന്നു. സഖ്യകക്ഷിയായ ബിജെപിയുടെ നേതാവും പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിയുമായുള്ള ഗൗതം അദാനിയുടെ സൗഹൃദവും ഇതിന് കാരണമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

അതേസമയം സ്വത്ത് തർക്കവും അഴിമതിയാരോപണങ്ങളിലും വലയുന്ന സമയത്ത് ഉയർന്ന കോഴ ആരോപണം ജഗന്റെ രാഷ്ട്രീയ ഭാവിയെ എങ്ങനെയാണ് ബാധിക്കുകയെന്ന് കാത്തിരുന്ന് തന്നെ കാണണം.
Contnet Highlights; What will be the political future of Jagan Mohan Reddy? Adani bribery and property dispute with sister

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us