വീണ്ടും കലാപഭൂമിയാകുമോ ബംഗ്ലാദേശ്; അറസ്റ്റിലായ ചിന്മോയ് കൃഷ്ണദാസില്‍ ഇന്ത്യയുടെ താല്പര്യമെന്ത്?

ചിന്മോയ് കൃഷ്ണദാസിൻ്റെ അറസ്റ്റിന് പിന്നാലെ ചിറ്റഗോഗില്‍ നടന്ന സംഘര്‍ഷത്തില്‍ പബ്ലിക് പ്രോസിക്യൂട്ടറായ സൈഫുല്‍ ഇസ്‌ലാം അലിഫ് കൊല്ലപ്പെട്ടതും ആശങ്ക ഉയര്‍ത്തുന്നതാണ്

dot image

സംവരണ വിരുദ്ധ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് ബംഗ്ലാദേശില്‍ ആളിക്കത്തിയ കലാപം പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീനയുടെ രാജിയിലും പലായനത്തിലുമായിരുന്നു അവസാനിച്ചത്. ഐക്യരാഷ്ട്ര സഭ പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം ഏകദേശം 650ഓളം ആളുകള്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഘര്‍ഷത്തിന് പിന്നാലെ നൊബേല്‍ സമ്മാന ജേതാവും സാമ്പത്തിക വിദഗ്ധനുമായ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുകയും ബംഗ്ലാദേശ് വീണ്ടും ശാന്തമാകുകയുമായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഹിന്ദു പുരോഹിതന്‍ ചിന്മോയ് കൃഷ്ണദാസിന്റെ അറസ്‌റ്റോട് കൂടി ബംഗാള്‍ വീണ്ടും പ്രതിഷേധ നഗരമായി മാറുകയാണ്. മൂന്ന് മാസങ്ങള്‍ക്ക് ശേഷം വീണ്ടും ബംഗ്ലാദേശ് ഒരു കലാപ ഭൂമിയാകുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഇന്ത്യയടക്കം രൂക്ഷമായി പ്രതികരിച്ചു കൊണ്ടിരിക്കുന്ന ചിന്മോയ് കൃഷ്ണദാസിന്റെ അറസ്റ്റ് എന്തിനായിരുന്നു? ആരാണ് ചിന്മോയ് കൃഷ്ണദാസ്?

Sheikh Hasina
ഷെയ്ഖ് ഹസീന

ചിന്മോയ് കൃഷ്ണദാസ്

മതസ്ഥാപനങ്ങളായ ബംഗ്ലാദേശ് സനാതന്‍ ജാഗരണ്‍ മഞ്ചും ബംഗ്ലാദേശ് സൊമ്മിലിറ്റോ ശംഖലോഘു ജോട്ടും ചേര്‍ന്ന് രൂപീകരിച്ച പുതിയ സഖ്യമായ ബംഗ്ലാദേശ് സൊമ്മിലിറ്റോ സനാതന്‍ ജാഗരണ്‍ ജോട്ടിന്റെ വക്താവാണ് ചിന്മോയ് കൃഷ്ണദാസ്. ബംഗ്ലാദേശിലെ ഹിന്ദു സമൂഹത്തിന്റെയും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളുടെയും അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന സംഘടനായാണിത്. ബംഗ്ലാദേശിലെ ഗൗഡിയ വൈഷ്ണവ ഹിന്ദു റിലീജിയസ് ഓര്‍ഗനൈസേഷനായ ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നസിന്റെ (ഇസ്‌ക്കോണ്‍-ഐഎസ്‌കെസിഒഎന്‍) നേതാവ് കൂടിയാണ് കൃഷ്ണദാസ്.

Chinmoy Krishna Das
ചിന്മോയ് കൃഷ്ണദാസ്

മാസങ്ങള്‍ക്ക് മുമ്പ് വരെ ചിന്മോയ് കൃഷ്ണദാസ് ബംഗ്ലാദേശില്‍ പ്രശസ്തനായിരുന്നില്ല. എന്നാല്‍ ഷെയ്ഖ് ഹസീനയ്‌ക്കെതിരെയുള്ള പ്രതിഷേധം അദ്ദേഹത്തെ നേതാവാക്കി മാറ്റുകയായിരുന്നു. ബംഗ്ലാദേശിലെ ഹിന്ദുക്കളെ സംഘടിപ്പിക്കാന്‍ കഴിഞ്ഞുവെന്നതാണ് കൃഷ്ണദാസിനുണ്ടായ നേട്ടം. ബംഗ്ലാദേശ് ദേശീയ പതാകയെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് നിലവില്‍ കൃഷ്ണ ദാസിനെയും 18 പേരെയും അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 30നാണ് ഛട്ടോഗ്രാമിലെ കൊത്‌വാലി പൊലീസ് സ്റ്റേഷനില്‍ സംഭവത്തിനാസ്പദമായ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ന്യൂ മാര്‍ക്കറ്റ് പ്രദേശത്ത് നടത്തിയ ഹിന്ദു വിഭാഗക്കാരുടെ റാലിക്ക് ശേഷമായിരുന്നു പൊലീസ് കൃഷ്ണദാസിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്.

എന്നാല്‍ തിങ്കളാഴ്ച കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതോടെ സ്ഥിതി വഷളാകുകയായിരുന്നു. കൃഷ്ണദാസിനെ ബലമായി പൊലീസ് പിടിച്ചു കൊണ്ടുപോകുകയായിരുന്നുവെന്നാണ് സംഭവ സമയത്ത് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന കുശാല്‍ ഭരണ്‍ ചക്രബര്‍ത്തി ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം കൃഷ്ണദാസിനെ ചിറ്റഗോങ്ങിലെ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.

പിന്നാലെ കോടതി വളപ്പില്‍ കൃഷ്ണദാസിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകളായിരുന്നു തടിച്ചുകൂടിയത്. എന്നാല്‍ കോടതി ജാമ്യാപേക്ഷ നിരസിക്കുകയും ജയിലിലടക്കാന്‍ ഉത്തരവിടുകയും ചെയ്തു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ ജയില്‍ വാന്‍ തടയുകയും പൊലീസ് അവര്‍ക്ക് നേരെ കണ്ണീര്‍ വാതക ഷെല്ലുകളും ഗ്രനേഡുകളും പ്രയോഗിക്കുകയും ചെയ്തതോടെ സംഘര്‍ഷം രൂക്ഷമായി. രണ്ട് മണിക്കൂറോളം സമയമെടുത്താണ് കൃഷ്ണദാസിനെ ജയിലിലടക്കാന്‍ സാധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Also Read:

തുടര്‍ന്ന് നിരവധി സംഘടനകളും കൃഷ്ണദാസിന്റെ മോചനം ആവശ്യപ്പെട്ട് രംഗത്തെത്തി. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സംഘടനയായ ബംഗ്ലാദേശ് ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്ത്യന്‍ യൂണിറ്റി കൗണ്‍സില്‍ കൃഷ്ണദാസിന്റെ അറസ്റ്റിനെ അപലപിക്കുകയും അദ്ദേഹത്തെ ഉടനടി വിടാന്‍ ആവശ്യപ്പെടുകയും ചെയ്തു. അതേസമയം ഈ സംഭവവികാസങ്ങള്‍ ബംഗ്ലാദേശിനെ വീണ്ടും കലാപവേദിയാക്കുമോയെന്ന ആശങ്കകളും പല കോണുകളിലും ഉയരുന്നുണ്ട്. അറസ്റ്റിന് പിന്നാലെയുള്ള ചിറ്റഗോഗില്‍ നടന്ന സംഘര്‍ഷത്തില്‍ പബ്ലിക് പ്രോസിക്യൂട്ടറായ സൈഫുല്‍ ഇസ്‌ലാം അലിഫ് കൊല്ലപ്പെട്ടതും ആശങ്ക ഉയര്‍ത്തുന്നതാണ്.

കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിൽ നിന്നും

പ്രതിഷേധം ശക്തമാക്കി ഇന്ത്യ, വിമര്‍ശിച്ച് ബംഗ്ലാദേശ്

കൃഷ്ണദാസിന്റെ അറസ്റ്റ് അയല്‍രാജ്യമായ ഇന്ത്യയിലും വലിയ ചര്‍ച്ചാ വിഷയമാകുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടെ നിരവധിപ്പേരാണ് ഇദ്ദേഹത്തിന്റെ അറസ്റ്റിനെ അപലപിച്ച് രംഗത്തെത്തിയത്. ബംഗ്ലാദേശിലെ തീവ്ര ചിന്താഗതിക്കാര്‍ ഹിന്ദുക്കള്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ നടത്തുന്ന നിരവധി അക്രമങ്ങളെ തുടര്‍ന്നുള്ള സംഭവമാണിതെന്നാണ് കഴിഞ്ഞ ദിവസം വിദേശ കാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ഹിന്ദുക്കളുടെ സമാധാനപരമായ പ്രതിഷേധത്തിനെതിരെയുള്ള ആക്രമണമാണിതെന്നും പ്രസ്താവനയില്‍ പറയുന്നു.


'ഹിന്ദുക്കളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും സുരക്ഷയും സമാധാനപരമായി യോഗം ചേരുന്നതിനും അഭിപ്രായ പ്രകടനത്തിനുമുള്ള അവകാശം ഉറപ്പാക്കണമെന്നും ബംഗ്ലാദേശിനോട് ഞങ്ങള്‍ ആവശ്യപ്പെടുന്നു

എന്നായിരുന്നു വിദേശ കാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ സൂചിപ്പിച്ചത്. ഹിന്ദുക്കള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയണമെന്ന് ആന്ധ്ര പ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണും ആവശ്യപ്പെട്ടു. ബംഗ്ലാദേശിന്റെ രൂപീകരണത്തിന് വേണ്ടി ഇന്ത്യന്‍ സൈന്യം രക്തം ചൊരിഞ്ഞിട്ടുണ്ടെന്നും ബംഗ്ലാദേശില്‍ ഹിന്ദുക്കളെ ആക്രമിക്കുന്നതില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം കുറിച്ചു. ഐക്യരാഷ്ട്ര സഭയടക്കം ഇടപെടണമെന്നും അദ്ദേഹം വാദിച്ചു. പശ്ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ ഇന്ന് കൊല്‍ക്കത്തയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന്‍ ഓഫീസിലേക്കും പ്രതിഷേധം നടത്തിയിട്ടുണ്ട്.

എന്നാല്‍ തൊട്ടുപിന്നാലെ ഇന്ത്യയുടെ പ്രതികരണത്തില്‍ വിമര്‍ശനവുമായി ബംഗ്ലാദേശും രംഗത്തെത്തി. ബംഗ്ലാദേശിന്റെ ആഭ്യന്തര കാര്യമാണിതെന്നും കൃഷ്ണദാസിന്റെ അറസ്റ്റിനെ ചിലര്‍ തെറ്റായി വ്യഖ്യാനിക്കുകയാണെന്നും ബംഗ്ലാദേശ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യയുടെ പ്രസ്താവന വസ്തുതകളെ തെറ്റായി വ്യഖ്യാനിക്കുന്നതാണെന്നും അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള ധാരണകള്‍ക്ക് വിരുദ്ധമാണെന്നും ബംഗ്ലാദേശ് വ്യക്തമാക്കി. എല്ലാ മതവിഭാഗങ്ങള്‍ക്കിടയിലെയും ജനങ്ങളില്‍ നിലനില്‍ക്കുന്ന വിശ്വാസവും പ്രതിബദ്ധതയും ഇന്ത്യയുടെ പ്രസ്താവനയില്‍ പ്രതിഫലിക്കുന്നില്ലെന്നും ബംഗ്ലാദേശ് വിമര്‍ശിച്ചു. 'ഇസ്‌കോണ്‍' മതമൗലികവാദ സംഘടനയാണെന്നാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. 'ഇസ്‌കോണി'നെ രാജ്യത്ത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശിലെ ഒരു ഹൈക്കോടതിയെ സര്‍ക്കാര്‍ സമീപിച്ചിട്ടുമുണ്ട്.

Content Highlights: Who is Chinmoy Krishna Das and Bangladesh new clashes

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us