ഇന്ത്യയിൽ മൊബൈല്‍ ടവറുകൾ ഇല്ലാതാകുമോ? മസ്‌കിന്റെ സ്റ്റാർലിങ്കിനെ ജിയോയും എയർടെലും പേടിക്കുന്നതെന്തിന്?

എന്തുകൊണ്ടാണ് മസ്‌കിന്റെ സ്റ്റാര്‍ലിങ്കിനെതിരെ ഇത്രയും എതിര്‍പ്പുകള്‍ ഉയരുന്നത്, സ്റ്റാര്‍ലിങ്ക് എങ്ങനെയാണ് നിലവിലെ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്ക് ഭീഷണിയാവുന്നത്, എങ്ങനെയാണ് സ്റ്റാര്‍ലിങ്ക് പ്രവര്‍ത്തിക്കുന്നത്?

dot image

ലോകത്തിലെ ഏറ്റവും വലിയ രാജ്യങ്ങളില്‍ ഒന്നായ ഇന്ത്യയിലേക്ക് എത്താനൊരുങ്ങുകയാണ് ഇലോണ്‍ മസ്‌കിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ്. നിലവിലെ സര്‍വീസ് പ്രൊവൈഡര്‍മാരില്‍ നിന്ന് കടുത്ത എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടും മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ പച്ചക്കൊടി വീശുകയായിരുന്നു.

ബ്രോഡ്ബാന്‍ഡിനുള്ള സാറ്റലൈറ്റ് സ്‌പെക്ട്രം ലേലത്തിലൂടെ നല്‍കാതെ ഇത്തവണ ഭരണപരമായാണ് അനുവദിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ മുകേഷ് അംബാനിയുടെ റിലയന്‍സും സുനില്‍ മിത്തലിന്റെ ഭാരതി എയര്‍ടെല്ലും എതിര്‍പ്പ് അറിയിച്ച് രംഗത്ത് എത്തുകയും ചെയ്തിരുന്നു.

ഇതിനിടെ മസ്‌കിന്റെ ഇന്ത്യയിലേക്കുള്ള വരവില്‍ ആശങ്കയറിയിച്ച് ചില എജന്‍സികളും രംഗത്ത് എത്തി. എന്തുകൊണ്ടാണ് മസ്‌കിന്റെ സ്റ്റാര്‍ലിങ്കിനെതിരെ ഇത്രയും എതിര്‍പ്പുകള്‍ ഉയരുന്നത്? സ്റ്റാര്‍ലിങ്ക് എങ്ങനെയാണ് നിലവിലെ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്ക് ഭീഷണിയാവുന്നത്? എങ്ങനെയാണ് സ്റ്റാര്‍ലിങ്ക് പ്രവര്‍ത്തിക്കുന്നത്? വിശദമായി പരിശോധിക്കാം,

എന്താണ് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് ?

നിലവില്‍ മൊബൈല്‍ ടവറുകളും ഒപ്റ്റിക്കല്‍ ഫൈബറുകളും വഴി ലഭ്യമായികൊണ്ടിരിക്കുന്ന ഇന്റര്‍നെറ്റ് സേവനങ്ങള്‍ സാറ്റലൈറ്റ് വഴി നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനെയാണ് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് എന്ന് പറയുന്നത്. നിലവില്‍ ഐഎസ്ആര്‍ഒയില്‍ മാത്രമാണ് ഈ സാങ്കേതികവിദ്യ ഇന്ത്യയില്‍ ഉപയോഗിക്കുന്നത്.

2021 മുതല്‍ തന്നെ ഇന്ത്യയില്‍ ബിസിനസ് ആരംഭിക്കാന്‍ ഇലോണ്‍ മസ്‌ക് ശ്രമിക്കുന്നുണ്ട്. എന്നാല്‍ വിവിധ എതിര്‍പ്പുകളെ തുടര്‍ന്ന് ഇതിന് സാധിച്ചിരുന്നില്ല. നിലവില്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന് ഭ്രമണപഥത്തില്‍ 6,419 ഉപഗ്രഹങ്ങളും 100 രാജ്യങ്ങളിലായി നാല് ദശലക്ഷം വരിക്കാരുമുണ്ട്.

ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് സാറ്റലൈറ്റ് ബിസിനസ് കൊണ്ടുവന്നാലുള്ള സാധ്യതകള്‍ മസ്‌ക് ഇതിനോടകം മനസിലാക്കിയിട്ടുണ്ട്. രാജ്യത്ത് നിലവിലെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ എണ്‍പത് ശതമാനവും റിലയന്‍സിന്റെ ജിയോയും സുനില്‍ മീത്തലിന്റെ ഭാരതി എയര്‍ടെലുമാണ് കൈവശം വെച്ചിരിക്കുന്നത്.

Elon Musk

എന്നാല്‍ ഇന്ത്യയുടെ പലഭാഗങ്ങളിലും ഇപ്പോഴും ഇന്റര്‍നെറ്റ് സേവനങ്ങളും മൊബൈല്‍ കവറേജും ലഭിക്കാതിരിക്കുന്നുണ്ട്. ടവറുകളുടെ അപര്യാപ്തതയും സേവനങ്ങള്‍ എത്തിക്കാനുള്ള സാങ്കേതിക തടസങ്ങളുമാണിതിന് കാരണം. എന്നാല്‍ സാറ്റലൈറ്റ് ഇന്റര്‍നെറ്റും കോള്‍ സര്‍വീസും എത്തുന്നതോടെ രാജ്യത്തിന്റെ ഏത് ഭാഗത്ത് ഉള്ളവര്‍ക്കും എളുപ്പം ഇന്റര്‍നെറ്റും മറ്റും സര്‍വീസുകളും ഉപയോഗിക്കാന്‍ സാധിക്കും.

കണ്‍സള്‍ട്ടിംഗ് കമ്പനിയായ EY-Parthenon-ന്റെ പഠനമനുസരിച്ച് ഇന്ത്യയിലെ 1.4 ബില്യണ്‍ ജനങ്ങളില്‍ ഏകദേശം 40% പേര്‍ക്ക് ഇപ്പോഴും ഇന്റര്‍നെറ്റ് ആക്സസ് ഇല്ല. അതേസമയം ഇന്ത്യയുടെ തൊട്ടടുത്ത രാജ്യമായ ചൈനയില്‍ ഏകദേശം 1.09 ബില്യണ്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുണ്ടെന്നാണ് ആഗോള ഓണ്‍ലൈന്‍ ട്രെന്‍ഡുകള്‍ ട്രാക്ക് ചെയ്യുന്ന DataRepor-tal-ന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

എന്താണ് എതിര്‍പ്പിന് കാരണം ?

നിലവില്‍ രാജ്യത്ത് സര്‍വീസ് നല്‍കുന്ന വിവിധ കമ്പനികള്‍ വിവിധ സ്‌പെക്ട്രങ്ങള്‍ക്കായി ലേലത്തില്‍ പങ്കെടുത്താണ് ലൈസന്‍സ് സ്വന്തമാക്കിയത്. ഇതിനിടെ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് പോലൊരു കമ്പനി ഇന്ത്യയിലേക്ക് എത്തുകയും ലേലമില്ലാതെ തന്നെ സ്‌പെക്ട്രം സ്വന്തമാക്കുകയും ചെയ്യുന്നത് തങ്ങളുടെ ബിസിനസിനെ കാര്യമായി ബാധിക്കുമെന്നാണ് വിവിധ കമ്പനികള്‍ വിലയിരുത്തുന്നത്. ഇന്ത്യയുടെ ടെലികോം റെഗുലേറ്റര്‍ ഇതുവരെ സ്‌പെക്ട്രം വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സര്‍ക്കാര്‍ നിശ്ചയിക്കുന്ന തുക നല്‍കി മസ്‌ക് ഇന്ത്യന്‍ വിപണിയില്‍ എത്തിയാല്‍ എങ്ങനെയായിരിക്കും നേരിടേണ്ടതെന്ന് ഇപ്പോഴും കമ്പനികള്‍ക്ക് കണ്ടെത്താനായിട്ടില്ല.

മസ്‌കിന്റെ വെല്ലുവിളി നേരിടുന്നതിനായി ജിയോ ഇതിനോടകം എയര്‍വേവ് ലേലത്തിന് കോടിക്കണക്കിന് രൂപ നിക്ഷേപം നടത്തിയിട്ടുണ്ട്. നിലവില്‍ ലക്‌സംബര്‍ഗ് ആസ്ഥാനമായുള്ള മുന്‍നിര സാറ്റലൈറ്റ് ഓപ്പറേറ്ററായ എസ്ഇഎസ് ആസ്ട്രയുമായി ജിയോ കരാറില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു.

വേഗത്തിലുള്ള ഇന്റര്‍നെറ്റ് - കോള്‍ സേവനങ്ങള്‍ക്കായി ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 160 മുതല്‍ 1,000 കിലോമീറ്റര്‍ വരെ സ്ഥാനമുള്ള ലോ-എര്‍ത്ത് ഓര്‍ബിറ്റ് (LEO) ഉപഗ്രഹങ്ങള്‍ ഉപയോഗിച്ചാണ് മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി മീഡിയം-എര്‍ത്ത് ഓര്‍ബിറ്റ് (MEO) ആണ് എസ് ഇ എസ് ഉപയോഗിക്കുന്നത്. ഇത് താരതമ്യേന ചിലവ് കുറഞ്ഞ രീതിയാണ്.

സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ എങ്ങനെ നേരിട്ട് ജനങ്ങള്‍ക്ക് നല്‍കാം എന്നതിനെക്കുറിച്ച് ഇന്ത്യയില്‍ വ്യക്തമായ നിയമ വ്യവസ്ഥകളില്ലാത്തതിനാല്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ന്യായമായ മത്സരം ഉറപ്പാക്കണമെന്നും അതിനാല്‍ ലേലം അനിവാര്യമാണെന്നുമാണ് അംബാനിയുടെ റിലയന്‍സ് പറയുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ ഇതുസംബന്ധിച്ച് ടെലികോം റെഗുലേറ്ററിന് ജിയോ കത്ത് എഴുതുകയും ചെയ്തിരുന്നു.

Mukesh Ambani

പുതിയ ഒരു സര്‍വീസ് പ്രൊവൈഡര്‍ മത്സരത്തിന് ഇറങ്ങുന്നതുകൊണ്ട് മാത്രമല്ല ജിയോയും എയര്‍ടെലും മസ്‌കിന്റെ ഇന്ത്യയിലേക്കുള്ള വരവിനെ എതിര്‍ക്കുന്നത്. നിലവില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സര്‍വീസ് നല്‍കുന്നതിനായി മൊബൈല്‍ ടവറുകളും മറ്റു ഇന്‍ഫ്രാസ്‌ട്രെച്ചറുകളും കമ്പനികള്‍ നിര്‍മിച്ചിട്ടുണ്ട്. സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇന്ത്യയില്‍ വ്യാപകമാവുന്നതോടെ ഇത്തരം ടവറുകളും അനുബന്ധ കാര്യങ്ങളും ആവശ്യമില്ലാതെ വരും. ഇതിലൂടെ കോടിക്കണക്കിന് രൂപയാണ് ഇന്ത്യയിലെ നിലവിലെ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്ക് ഉണ്ടാവുക.

ഇതിന് പുറമെ ദക്ഷിണാഫ്രിക, കെനിയ പോലുള്ള രാജ്യങ്ങളില്‍ വില കുറച്ചും ഒരു വര്‍ഷത്തോളം സൗജന്യ സേവനങ്ങള്‍ നല്‍കിയുമാണ് മസ്ക് ആഭ്യന്തര വിപണി പിടിച്ചത്. ഇത്തരത്തില്‍ ഇന്ത്യയിലും സേവന നിരക്ക് കുറച്ചാല്‍ മറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരും ഇതിന് നിര്‍ബന്ധിതരാവും. ഉപഭോക്താക്കളുടെ നഷ്ടത്തിനൊപ്പം വന്‍ ബാധ്യതകളും ഇത് കമ്പനികള്‍ക്ക് ഉണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്. ഇതിന് പുറമെ സ്റ്റാര്‍ലിങ്കിനെ പോലെ സാറ്റലൈറ്റ് സേവനങ്ങള്‍ നല്‍കാന്‍ കൂടുതല്‍ പണം ബിസിനസിലേക്ക് നിക്ഷേപിക്കേണ്ടി വരുമെന്നും ഇന്ത്യന്‍ കമ്പനികള്‍ ഭയക്കുന്നുണ്ട്.

നിലവില്‍, ഐഫോണ്‍ പോലുള്ളവ അടിയന്തര സന്ദേശങ്ങളുടെ രൂപത്തില്‍ സാറ്റലൈറ്റ്-കമ്മ്യൂണിക്കേഷന്‍ (സാറ്റ്കോം) ആശയവിനിമയം വാഗ്ദാനം ചെയ്യുന്നുണ്ട്. വിദഗ്ധരുടെ അഭിപ്രായത്തില്‍, സാധാരണ സ്മാര്‍ട്ട്ഫോണുകളിലേക്ക് ഈ സേവനങ്ങള്‍ വരും വര്‍ഷങ്ങളില്‍ ഉടന്‍ എത്തും. മസ്‌കിനൊപ്പം മറ്റൊരു ശതകോടീശ്വരനായ ജെഫ് ബെസോസും ഇന്ത്യന്‍ വിപണി ലക്ഷ്യമാക്കിയിട്ടുണ്ട്. ജെഫ് ബെസോസ് പ്രൊമോട്ട് ചെയ്യുന്ന പ്രോജക്റ്റ് കൈപ്പര്‍ ആണ് ഇന്ത്യന്‍ വിപണി ലക്ഷ്യമിടുന്നത്.

ഇലോണ്‍ മസ്‌കിന്റെ പിന്തുണയുള്ള സ്റ്റാര്‍ലിങ്കിനും ജെഫ് ബെസോസിന്റെ പ്രൊജക്റ്റ് കൈപ്പറിനും പുറമേ കുറഞ്ഞത് അര ഡസന്‍ കമ്പനികളെങ്കിലും ഇന്ത്യന്‍ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ (സാറ്റ്കോം) വിപണിയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. മ്യൂണിക്ക് ആസ്ഥാനമായുള്ള റിവാഡ നെറ്റ്വര്‍ക്ക്, കാലിഫോര്‍ണിയ ആസ്ഥാനമായുള്ള വിയാസാറ്റ്, ബാഴ്സലോണയുടെ സാറ്റലിയറ്റ്, ഒട്ടാവ ആസ്ഥാനമായുള്ള ടെലിസാറ്റ്, ഡെലവെയറില്‍ നിന്നുള്ള ഗ്ലോബല്‍സാറ്റ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇത് ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഓപ്ഷനുകള്‍ അനുവദിക്കുമ്പോള്‍, നിലവിലുള്ള ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് അത് കടുത്ത ഭീഷണി ഉണ്ടാക്കും.

ഭാവിയെന്ത്?

മൊബൈല്‍ ഫോണുകളിലേക്ക് ഡയറക്ട് ഇന്റര്‍നെറ്റ് - സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് സ്റ്റാര്‍ലിങ്ക് ഉപഗ്രഹത്തില്‍ ഒരു eNodeB മോഡം സജ്ജീകരിക്കുന്നുണ്ട്. ഈ മോഡം നിലവിലുള്ള സ്മാര്‍ട്ട്ഫോണുകളില്‍ അധിക ഹാര്‍ഡ്വെയറിന്റെയോ സോഫ്റ്റ്വെയറിന്റെയോ ആവശ്യമില്ലാതെ തന്നെ സേവനങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കും.

ഇതിന് പുറമെ സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സിഗ്‌നലുകള്‍ സ്വീകരിക്കാന്‍ സ്മാര്‍ട്ട്ഫോണുകളെ പ്രാപ്തമാക്കുന്ന ചിപ്സെറ്റുകള്‍ അമേരിക്കന്‍ ചിപ്പ് മേക്കര്‍ ക്വാല്‍കോം ഡിസൈന്‍ ചെയ്യുന്നുണ്ട്. ഐഫോണ്‍ പോലുള്ള ഫോണുകള്‍ക്ക് ഉപരിയായ സാധാരണ സ്മാര്‍ട്‌ഫോണുകളിലും സേവനങ്ങള്‍ ലഭ്യമാക്കാനാണിതെന്ന് ക്വാല്‍കോം ഇന്ത്യ സീനിയര്‍ ഡയറക്ടര്‍ മന്‍മീത് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.

നിലവില്‍ ഇന്ത്യയില്‍ 50 മുതല്‍ 60 എംബി വരെയാണ് ഇന്റര്‍നെറ്റ് സേവനങ്ങളുടെ പരമാവധി വേഗത. എന്നാല്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കില്‍ ഇത് 250 മുതല്‍ 350 എംബി വരെ വേഗതയില്‍ സേവനങ്ങള്‍ ലഭ്യമാക്കും. ഇതിന് പുറമെ കാലവസ്ഥാവ്യതിയാനങ്ങള്‍ മൂലമുണ്ടാവുന്ന ടവര്‍ പ്രശ്‌നങ്ങള്‍ ഇല്ലാതെ തടസമില്ലാത്ത സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കാനും സാറ്റ്‌കോം സേവനങ്ങളിലൂടെ സാധിക്കും. സാറ്റലൈറ്റ് സേവനങ്ങളിലേക്ക് ഉപഭോക്താക്കളുടെ ഒഴുക്ക് തടയുന്നതിനായി നിലവിലെ സര്‍വീസുകള്‍ക്ക് ഈടാക്കുന്ന ചാര്‍ജുകളില്‍ ഗണ്യമായ കുറവ് വരുത്താന്‍ ഇന്ത്യയിലെ നിലവിലെ സേവനദാതാക്കള്‍ നിര്‍ബന്ധിതരാവുകയും ചെയ്യും.

Content Highlights: Will mobile towers disappear in India? Why are Jio and Airtel afraid of Musk's Starlink?

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us