ഒരു വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ മാത്രം കയ്യിലുണ്ടെങ്കിൽ ആ വാഹനവുമായി ബന്ധപ്പെട്ട എന്തെല്ലാം വിവരങ്ങൾ ഒരു പൗരന് ലഭ്യമാകും. സാധാരണ നിലയിൽ ഒരു വിവരവും ലഭ്യമാകില്ല. മോട്ടോർ വാഹന വകുപ്പിന്റെ മാത്രം കയ്യിലുള്ള വിവരങ്ങളാണത്. എന്നാൽ, ഈയിടെ ടെലഗ്രാമിൽ പ്രത്യക്ഷപ്പെട്ട ഒരു ചാറ്റ്ബോട്ടിൽ ഒരു വാഹനത്തിന്റെ നമ്പർ കൊടുത്താൽ ആ വാഹനത്തെയും ഉടമയെയും സംബന്ധിച്ച സകല വിവരങ്ങളും സെക്കന്റുകൾക്കുള്ളിൽ ലഭ്യമാകും.
കേൾക്കുമ്പോൾ ഒരു കൗതുകം തോന്നുമെങ്കിലും ഏറെ ഞെട്ടിക്കുന്നതും ഗൗരവമേറിയതുമായ ഒരു പ്രശ്നമാണിത്. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ പരിവാഹൻ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വാഹനങ്ങളുടെ മുഴുവൻ വിവരങ്ങളും ടെലഗ്രാമിലെ ഈ ചാറ്റ് ബോട്ട് വഴി ആർക്കും എടുക്കാൻ സാധിക്കുമെന്നത് അതീവ ഗുരുതരമായ ഒരു സുരക്ഷാ വീഴ്ചയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ടെലഗ്രാമിൽ ലഭ്യമായ 'വെഹിക്കിൾ ഇൻഫോ ബോട്ട്' എന്ന ചാറ്റ് ബോട്ട് വഴിയാണ് രാജ്യത്തെ ഏതൊരു വാഹന ഉടമയുടെയും സകല വിവരങ്ങളും ലഭിക്കുക. വാഹന ഉടമയുടെ പേര്, പൂർണമായ മേൽവിലാസം, വാഹനത്തിന്റെ മോഡൽ, ഫിനാൻഷ്യർ ആരാണ്, എത്രാമത്തെ ഓണറാണ് വാഹനം ഉപയോഗിക്കുന്നത്, ചേസിസ് നമ്പർ, എഞ്ചിൻ നമ്പർ, രജിസ്‌ട്രേഷൻ ഡേറ്റ്, വാഹനത്തിന്റെ പഴക്കം, ആർസി ബുക്കിന്റെ കാലാവധി, വാഹനത്തിന്റെ നിർമാണ തിയ്യതി, കളർ, സിസി നമ്പർ, ഭാരം, വാഹക ശേഷി, ഇൻഷുറൻസ് പോളിസി നമ്പർ, ഇൻഷുറൻസ് കമ്പനി ഏത്, ഇൻഷുറൻസ് കാലാവധി, ഫാസ്ടാഗ് അക്കൗണ്ട് വിവരങ്ങൾ, ഏതെല്ലാം നിയമലംഘനങ്ങളാണ് വാഹനം ഇതുവരെ നടത്തിയത്, നിയമ ലംഘനത്തിന് ഇതുവരെ നൽകിയിരിക്കുന്നതും ഇനി നൽകേണ്ടതുമായ പിഴകൾ സംബന്ധിച്ച വിവരങ്ങൾ എന്നിങ്ങനെ തുടങ്ങി ഒരു വാഹനവുമായി ബന്ധപ്പെട്ട സകല വിവരങ്ങളും ഈ ചാറ്റ്ബോട്ടിൽ ലഭ്യമാണ്. പെയിമെന്റ് ഒപ്ഷൻ തെരഞ്ഞെടുത്താൽ വാഹന ഉടമയുടെ ഫോൺ നമ്പറും കൂടുതൽ വാഹനങ്ങളുടെ വിവരങ്ങളും ലഭിക്കും.
വാഹന ഉടമകളുടെ സ്വകാര്യ വിവരങ്ങൾ ചോരുന്നതിനെതിരെ ഡൽഹി ഹൈക്കോടതിയിൽ കേന്ദ്രസർക്കാരിനെതിരെ പൊതുതാൽപ്പര്യ ഹർജി നിലനിൽക്കെയാണ് സ്വകാര്യ വിവരങ്ങൾ ഇപ്പോൾ ടെലഗ്രാം വഴി വിൽപ്പന നടത്തുന്നത്. 2005ലെ വിവരാവകാശ നിയമത്തിലെ സെക്ഷൻ 8(1)(എ),(ഇ) & (ജി) എന്നിവയുടെ ലംഘനമാണ് ഇതെന്നാണ് പൊതുതാൽപ്പര്യ ഹർജിയിൽ ചൂണ്ടിക്കാട്ടിയത്.
ടെലഗ്രാമിൽ ലഭ്യമായ 'വെഹിക്കിൾ ഇൻഫോ ബോട്ട്' എന്ന ചാറ്റ്‌ബോട്ടിന്റെ ലിങ്ക് വഴി ആർക്കും അംഗമാവാൻ സാധിക്കും. ഇതിന് പിന്നാലെ 'വെഹിക്കിൾ ഇൻഫോ' എന്ന ടെലഗ്രാം ചാനലിൽ കൂടി അംഗമാവാൻ ചാറ്റ് ബോട്ട് ആവശ്യപ്പെടും. ഇതോടെ പുതുതായി ചേരുന്ന വ്യക്തിയുടെ പേരിൽ പുതിയ അക്കൗണ്ട് സൃഷ്ടിക്കപ്പെടുകയും പ്രൊഫൈലിൽ 20 പോയിന്റ് ക്രെഡിറ്റാവുകയും ചെയ്യും. ഓരോ തവണയും വാഹന ഉടമകളുടെ വിവരങ്ങൾ എടുക്കുന്നതിന് പത്ത് ക്രെഡിറ്റ് പോയിന്റാണ് ആവശ്യമായിട്ടുള്ളത്. തുടർന്ന് ഇന്ത്യയിലെ ഏത് വാഹന നമ്പർ നൽകിയാലും ചാറ്റ് ബോട്ടിൽ ആ വാഹനവുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ലഭിക്കും. ചാറ്റ് ബോട്ടുകൾ മറ്റുള്ളവർക്ക് റഫർ ചെയ്യുന്നതിന് അനുസരിച്ച് റഫർ ചെയ്യുന്ന വ്യക്തിക്ക് ക്രെഡിറ്റ് പോയിന്റുകൾ ലഭിക്കും. ഇതിന് പുറമെ പണം കൊടുത്ത് ക്രെഡിറ്റ് പോയിന്റ് നേടാനും ഉപഭോക്താവിന് സാധിക്കുന്നതാണ്.
രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വാഹനങ്ങളുടെ വിവരങ്ങൾ ക്രോഡീകരിക്കാനാണ് കേന്ദ്ര സർക്കാർ 'പരിവാഹൻ സേവ' എന്ന പേരിൽ വെബ്സൈറ്റും ആപ്പുമെല്ലാം ആരംഭിച്ചത്. മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്ക് അവരുടെ ഐഡി ഉപയോഗിച്ച് പരിവാഹൻ വെബ്സൈറ്റിൽ ലോഗിൻ ചെയ്താൽ ഏത് വാഹനങ്ങളുടെയും വിവരങ്ങൾ ലഭിക്കുമെങ്കിലും സാധാരണക്കാരായ വ്യക്തികൾക്ക് ഇത്തരത്തിൽ വിവരങ്ങൾ ലഭിക്കില്ലെന്നാണ് പേര് വെളിപ്പെടുത്താനാകാത്ത ഒരു മോട്ടോർ വാഹന ഉദ്യോഗസ്ഥൻ റിപ്പോർട്ടർ ലൈവിനോട് പ്രതികരിച്ചത്. വാഹന നമ്പർ ഉപയോഗിച്ച് പരമാവധി വാഹന ഉടമയുടെ പേരിന്റെ സൂചനകളും അഡ്രസിന്റെ സൂചനകളുമാണ് പരിവാഹൻ ഉപഭോക്താക്കൾക്ക് ലഭിക്കുക. സ്വകാര്യ വാഹനങ്ങളുമായി ബന്ധപ്പെട്ട് മറ്റൊരു വിവരങ്ങളും വ്യക്തികൾക്ക് നൽകേണ്ടതില്ല എന്ന വ്യവസ്ഥയാണ് നിലനിൽക്കുന്നത്. എന്നാൽ നിയമപരമായ വ്യവഹാരങ്ങൾക്ക് വേണ്ടി അപേക്ഷ മൂലം പരാതിക്കാർക്കോ അതുമല്ലെങ്കിൽ പൊലീസിനോ കോടതിക്കോ വാഹനങ്ങളുടെ വിവരങ്ങൾ ആവശ്യപ്പെടാനും അറിയാനും സാധിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
ചാറ്റ് ബോട്ടിനെ കുറിച്ചുള്ള വിവരം ലഭിച്ചതിന് പിന്നാലെ റിപ്പോർട്ടർ ലൈവ് വിവിധ വാഹന നമ്പറുകൾ ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നു. ലഭ്യമായ വാഹന നമ്പറുകൾക്ക് പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ വാഹനമ്പറുകളും ബോളിവുഡ് താരം ഷാരൂഖ് ഖാൻ അടക്കമുള്ള പ്രമുഖരുടെ വാഹന നമ്പറുകളും റിപ്പോർട്ടിങിന്റെ ഭാഗമായി ചാറ്റ് ബോട്ടിൽ പരിശോധിക്കുകയും പൂർണവിവരങ്ങൾ ലഭ്യമാവുകയും ചെയ്തു.
നേരത്തെ രാജ്യത്തെ വാഹന ഉടമകളുടെ വിവരങ്ങൾ ബൾക്ക് ഡാറ്റ ഷെയറിംഗ് പോളിസി (ബിഡിഎസ് പോളിസി) പ്രകാരം റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം വിവിധ സ്ഥാപനങ്ങൾക്ക് വിറ്റിരുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ടെലഗ്രാം വഴി വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ചോർന്നത്.
2019- ൽ റജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ (ആർസി), ഡ്രൈവിംഗ് ലൈസൻസുകൾ (ഡിഎൽ) എന്നിവയിൽ നിന്ന് ബൾക്ക് ഡാറ്റ വാങ്ങാൻ അർഹതയുള്ളവർ ആരാണെന്ന് വ്യക്തമാക്കുന്ന ബൾക്ക് ഡാറ്റ ഷെയറിംഗ് നയവും (ബിഡിഎസ്) നടപടിക്രമവും റോഡ് ഗതാഗത- ഹൈവേ മന്ത്രാലയം പുറത്തിറക്കിയിരുന്നു. എന്നാൽ ഇതുമൂലമുണ്ടാകുന്ന സുരക്ഷാ ആശങ്കകളെ കുറിച്ചോ സ്വകാര്യതാ ലംഘനങ്ങളെ കുറിച്ചോ ചർച്ചകൾ ഒന്നും ഉണ്ടായിരുന്നില്ല. 2020 ൽ ബിഡിഎസ് നയം പുറത്തിറങ്ങുകയും ചെയ്തു. മന്ത്രാലയം വിൽക്കാൻ ഉദ്ദേശിക്കുന്ന ഡാറ്റയുടെ വില എത്രയാണെന്നും അത് ഉപയോഗിച്ച് എന്തുചെയ്യാമെന്നുമായിരുന്നു നയത്തിൽ പറഞ്ഞിരുന്നത്. എൻഫോഴ്സ്മെന്റ്, ഓട്ടോ മൊബൈൽ വ്യവസായങ്ങൾ, ബാങ്കുകൾ, ഫിനാൻസ് കമ്പനികൾ തുടങ്ങിയവയ്ക്കായിരുന്നു ഈ ഡാറ്റകൾ വാങ്ങാൻ സാധിച്ചിരുന്നത്.
'വിശാലമായ ആനുകൂല്യങ്ങൾക്കായി ഡാറ്റ പങ്കിടാനുള്ള ആവശ്യം വർദ്ധിച്ചുവരികയാണ്.' എന്നായിരുന്നു ഇത്തരത്തിൽ ഡാറ്റ നൽകുന്നതിനെ കുറിച്ച് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം അന്ന് പറഞ്ഞത്. എന്നാൽ എന്താണ് ഈ 'വിശാല ആനുകൂല്യം' എന്ന് മന്ത്രാലയം വിശദീകരിച്ചിരുന്നില്ല.
ഇത്തരത്തിൽ നൽകുന്ന വിവരങ്ങൾ ദുരുപയോഗം ചെയ്യുന്ന വ്യക്തികളും എജൻസികളും കമ്പനികളും ഐടി ആക്ട് പ്രകാരം നിയമനടപടിക്ക് വിധേയരാവുമെന്നും അത്തരം എജൻസികളെ ഡാറ്റകളിലേക്ക് ആക്സസ് ചെയ്യുന്നതിൽ നിന്ന് മൂന്ന് വർഷത്തേക്ക് തടയുമെന്നും ബിഡിഎസ് നയത്തിൽ പറയുന്നുണ്ട്.
ബിഡിഎസ് പോളിസിയിലൂടെ കോടികളുടെ വരുമാനമാണ് കേന്ദ്രസർക്കാർ ഉണ്ടാക്കിയത്. 2019 ൽ രാജ്യസഭയിലെ കോൺഗ്രസ് എംപിയായിരുന്ന ഹുസൈൻ ദൽവായിയുടെ ചോദ്യത്തിന് വാഹൻ, സാരഥി ഡാറ്റാബേസിലേക്ക് 87 സ്വകാര്യ സ്ഥാപനങ്ങൾക്കും 32 സർക്കാർ സ്ഥാപനങ്ങൾക്കും പ്രവേശനം നൽകിയെന്നും ഇതിലൂടെ 65 കോടി രൂപ വരുമാനം നേടിയെന്നും സർക്കാർ മറുപടി പറഞ്ഞിരുന്നു.
2020 ൽ ഡൽഹിയിൽ നടന്ന കലാപത്തിൽ ന്യൂനപക്ഷങ്ങളുടെ വാഹനങ്ങൾ തിരിച്ചറിയുന്നതിനും ആക്രമിക്കുന്നതിനും ഇത്തരത്തിൽ ചോർന്ന വിവരങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്ന് വിവിധ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് അടക്കമുള്ള മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇതിന് പുറമെ ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ ഇക്കാര്യം ചൂണ്ടിക്കാട്ടി അന്നത്തെ ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരിക്ക് കത്തയക്കുകയും ചെയ്തിരുന്നു. ഡൽഹി കലാപത്തിൽ മുസ്ലീം മതവിഭാഗത്തിൽപ്പെട്ടവരുടെ വാഹനങ്ങൾ തിരിച്ചറിഞ്ഞ് കത്തിക്കുന്നതിന് ഇത്തരത്തിൽ ചോർന്ന ഡാറ്റ ഉപയോഗിച്ചെന്നാണ് ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ അയച്ച കത്തിൽ ചൂണ്ടിക്കാട്ടിയത്. കലാപ സമയത്ത് നിരവധി വാഹനങ്ങളാണ് ഡൽഹിയിൽ തീവെച്ച് നശിപ്പിച്ചിരുന്നത്.
രാജ്യത്ത് സ്വകാര്യ വിവരങ്ങൾ പുറത്താവുന്നത് തുടർക്കഥയാവുകയാണ്. രാജ്യത്തെ പൗരന്മാരുടെ ആധാർ വിവരങ്ങൾ, കോവിഡ് വാക്‌സിൻ എടുത്ത വ്യക്തികളുടെ സ്വകാര്യവിവരങ്ങൾ, വാക്‌സിൻ വിവരങ്ങൾ എന്നിവയെല്ലാം ചോർന്നിരുന്നു. ഒരോ തവണ വിവരങ്ങൾ ചോരുമ്പോഴും പുറത്തുവരുന്ന വാർത്തകൾ കേന്ദ്രസർക്കാർ നിഷേധിക്കുകയാണ് ചെയ്തത്. 2021 ജൂണിലാണ് ഇന്ത്യക്കാരുടെ വാക്‌സിനേഷൻ ഡാറ്റ ചോർന്നതായി റിപ്പോർട്ട് പുറത്തുവന്നത്. എന്നാൽ വിവരങ്ങൾ ചോർന്നിട്ടില്ലെന്നാണ് അന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം വീണ്ടും കോവിൻ ആപ്പിൽ ലഭ്യമായ വിവരങ്ങൾ ടെലഗ്രാം വഴി പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ രാജ്യത്തെ മുഴുവൻ വാഹന ഉടമകളുടെയും സ്വകാര്യ വിവരങ്ങളും ടെലഗ്രാം ബോട്ട് വഴി ചോർന്നത്.
Content Highlights: Vehicle owners Data in MVD for sale on Telegram, Massive Security breach Special Report