അവഗണന, ഒറ്റപ്പെടല്‍, സ്വത്ത് നഷ്ടപ്പെടുമോ എന്ന ഭയം... കുടുംബത്തെ ഇല്ലാതാക്കിയ 20-കാരന്റെ പക!

ഉറ്റവരെ നഷ്ടപ്പെട്ട 20-കാരനില്‍ നിന്ന് മണിക്കൂറുകള്‍ കൊണ്ടാണ് കൊലപാതകിയുടെ 'റോളി'ലേക്ക് അര്‍ജുന്‍ തന്‍വാര്‍ എന്ന ചെറുപ്പക്കാരന്‍ മാറിയത്

dot image

ക്രൂരകൊലപാതക വാര്‍ത്ത കേട്ടാണ് കഴിഞ്ഞ ദിവസം രാജ്യതലസ്ഥാനം ഉണര്‍ന്നത്. സൗത്ത് ഡല്‍ഹിയില്‍ ദമ്പതികളെയും മകളെയും വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. നാലംഗ കുടുംബത്തില്‍ അവശേഷിച്ചത് 20-കാരന്‍ മാത്രമാണ്. മാതാപിതാക്കളെയും സഹോദരിയെയും നഷ്ടപ്പെട്ട ചെറുപ്പക്കാരനെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു ബന്ധുക്കളും അയല്‍ക്കാരും. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ എല്ലാം മാറിമറിഞ്ഞു. ഉറ്റവരെ നഷ്ടപ്പെട്ട 20-കാരനില്‍ നിന്ന് മണിക്കൂറുകള്‍ കൊണ്ടാണ് കൊലപാതകിയുടെ 'റോളി'ലേക്ക് അര്‍ജുന്‍ തന്‍വാര്‍ എന്ന ചെറുപ്പക്കാരന്‍ മാറിയത്. റിട്ട. ആര്‍മി ഉദ്യോഗസ്ഥനായ രാജേഷ് കുമാര്‍(51), ഭാര്യ കോമള്‍(46), മകള്‍ കവിത(23) എന്നിവരാണ് മരിച്ചത്. മാതാപിതാക്കളുടെ വിവാഹവാര്‍ഷിക ദിനമാണ് അര്‍ജുന്‍ ക്രൂര കൊലപാതകത്തിനായി തിരഞ്ഞെടുത്തത്.

ആദ്യം നുണ, അഭിനയം…

ഹരിയാന സ്വദേശികളാണ് രാജേഷും കുടുംബവും. മക്കളുടെ മികച്ച വിദ്യാഭ്യാസ സൗകര്യത്തിന് വേണ്ടിയാണ് 15 വര്‍ഷം മുമ്പ് രാജേഷ് കുടുംബത്തോടൊപ്പം ഡല്‍ഹിയിലേക്ക് താമസം മാറ്റിയത്. ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെയായിരുന്നു നടുക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. താന്‍ നടക്കാന്‍ പോയി തിരിച്ചുവന്നപ്പോള്‍ മൂന്നുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് അര്‍ജുന്‍ പൊലീസിനോട് പറഞ്ഞത്. ഇയാള്‍ തന്നെയാണ് വിവരം അയല്‍ക്കാരെയും ബന്ധുക്കളെയും അറിയിച്ചത്. പൊലീസിന്റെ പ്രാഥമിക പരിശോധനയില്‍ തന്നെ ഉയര്‍ന്ന സംശയങ്ങളാണ് അര്‍ജുനിലേക്ക് വിരല്‍ചൂണ്ടിയത്. വിശദമായ ചോദ്യം ചെയ്യലില്‍ പിടിച്ചുനില്‍ക്കാനാകാതെ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു.

കൊല്ലപ്പെട്ട രാജേഷ് കുമാര്‍, കവിത, കോമള്‍
കൊല്ലപ്പെട്ട രാജേഷ് കുമാര്‍, കവിത, കോമള്‍

കുടുംബ സ്വത്തുക്കള്‍ മുഴുവന്‍ മകള്‍ കവിതയുടെ പേരില്‍ എഴുതിവെക്കാന്‍ രാജേഷ് കുമാര്‍ നീക്കം നടത്തുന്നതായി പ്രതി വിശ്വസിച്ചിരുന്നു. ബോക്‌സിങിനോട് ഏറെ താല്‍പര്യമുണ്ടായിരുന്ന അര്‍ജുനെ പിതാവ് ഇതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതും പൊതുഇടങ്ങളില്‍ വെച്ചുള്ള പിതാവിന്റെ തുടര്‍ച്ചയായ അവഹേളനങ്ങളും പക വര്‍ധിപ്പിച്ചു. കൊലപാതക ശ്രമത്തിനിടെ ശബ്ദമുണ്ടാക്കുന്നത് തടയാനാണ് കഴുത്ത് മുറിച്ച് കൊല നടത്താന്‍ തീരുമാനിച്ചതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. മാത്രമല്ല, പിതാവിനോട് തീര്‍ത്താല്‍ തീരാത്ത പകയുണ്ടായിരുന്ന പ്രതി ഇയാളുടെ തലയില്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്‌തെന്നും പൊലീസ് പറഞ്ഞു.

കൃത്യമായ ആസൂത്രണം

സാധാരണ ഒരു ദിവസം പോലെ തന്നെ കൊലപാതക ദിവസം മറ്റുള്ളവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനാണ് അര്‍ജുന്‍ ശ്രമിച്ചത്. തന്റെ ദിനചര്യകള്‍ കൃത്യമായി പിന്തുടര്‍ന്ന ഇയാള്‍, രാവിലെ 5.30ന് പ്രഭാത നടത്തത്തിനായി പുറപ്പെടുകയും ചെയ്തു. തിരിച്ചെത്തി വീട്ടില്‍ കയറിയ പ്രതി, ഓടി ഇറങ്ങി തന്റെ ജിമ്മിലെത്തിയാണ് മാതാപിതാക്കള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കിടക്കുന്നുവെന്ന് അറിയിച്ചത്. തുടര്‍ന്ന് അയല്‍ക്കാരെയും ബന്ധുക്കളെയും അര്‍ജുന്‍ തന്നെയാണ് വിവരം അറിയിച്ചത്.

മൂന്നു പേരുടെയും മൃതദേഹങ്ങള്‍ മുന്നിടത്താണ് കിടന്നിരുന്നത്. മുകള്‍ നിലയിലായിരുന്നു രാജേഷ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. കോമളും കവിതയും വ്യത്യസ്ത മുറികളില്‍ നിലത്തുകിടക്കുന്ന നിലയിലായിരുന്നു. രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍.

ആദ്യം കവിതയെയാണ് അര്‍ജുന്‍ കൊലപ്പെടുത്തിയത്. കവിതയുടെ ദേഹത്ത് മര്‍ദ്ദനമേറ്റ പാടുകളുമുണ്ടായിരുന്നു. കൊലപാതക ശ്രമം തടുക്കുന്നതിനിടെയുണ്ടായതാണിതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. തുടര്‍ന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന പിതാവിനടുത്തേക്കാണ് അര്‍ജുന്‍ പോയത്. ഉറക്കത്തിനിടെ തന്നെ ക്രൂരമായായിരുന്നു കൊല. പിന്നീട് അമ്മയ്ക്കരികിലെത്തിയ പ്രതി ഇവരെയും കൊലപ്പെടുത്തുകയായിരുന്നു.

കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി കൊലപാതകങ്ങള്‍ നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സ്വത്ത് തര്‍ക്കവും വൈരാഗ്യവും മൂലമുള്ള ആഴത്തിലുള്ള പകയാണ് പ്രതിയെ കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപാതക ശേഷം നിരപരാധിയെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച പ്രതി, ദിവസങ്ങള്‍ നീണ്ട ആസൂത്രണങ്ങളാണ് നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി.

പ്രതി പൊലീസ് പിടിയില്‍
പ്രതി പൊലീസ് പിടിയില്‍

ബോക്‌സിങ്ങിനോട് താല്‍പര്യം

ഡല്‍ഹി സര്‍വകലാശാലയില്‍ പൊളിറ്റിക്കല്‍ സയന്‍സ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ അര്‍ജുന്‍ ബോക്‌സിങ് താരം കൂടിയാണ്. ബോക്‌സിങ് മത്സരത്തില്‍ ഡല്‍ഹിയെ പ്രതിനിധീകരിച്ച് വെള്ളി മെഡലും അര്‍ജുന്‍ സ്വന്തമാക്കിയിട്ടുണ്ട്. അര്‍ജുന്റെ ബോക്‌സ്ങ് താല്‍പര്യത്തോട് എതിര്‍പ്പുണ്ടായിരുന്ന രാജേഷ് പലപ്പോഴും പഠന വിഷയത്തില്‍ മറ്റുള്ളവര്‍ക്ക് മുമ്പില്‍ വെച്ച് അര്‍ജുനെ ശകാരിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നു. മാത്രമല്ല പഠനത്തില്‍ മിടുക്കിയായിരുന്ന സഹോദരിയുമായി തന്നെ താരതമ്യം ചെയ്യുന്നതും അര്‍ജുന്റെ വിരോധത്തിന് കാരണമായി.

വീട്ടില്‍ ഒറ്റപ്പെട്ടുവെന്നും അവഗണന നേരിടുന്നുവെന്നുമുള്ള തോന്നലും പ്രതിയുടെ പക വര്‍ധിപ്പിച്ചുവെന്ന് പൊലീസ് പറഞ്ഞു. മാത്രമല്ല പിതാവ് സ്വത്തുക്കളെല്ലാം സഹോദരിയുടെ പേര്‍ക്ക് മാറ്റാന്‍ പോകുന്നുവെന്നും അര്‍ജുന്‍ വിശ്വസിച്ചിരുന്നു. ഡിസംബര്‍ ഒന്നിന് സഹോദരിയുടെ പിറന്നാള്‍ ദിവസം വീണ്ടും മറ്റുള്ളവര്‍ക്ക് മുമ്പില്‍ വെച്ച് പിതാവ് അര്‍ജുനെ ശകാരിച്ചു. ഇതിന് പിന്നാലെ അര്‍ജുന്‍ അസ്വസ്ഥനായിരുന്നുവെന്ന് ചില ബന്ധുക്കള്‍ പറയുന്നു.

ചോദ്യം ചെയ്യലില്‍ കുടുങ്ങി

പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് അര്‍ജുന്‍ നടത്തിയ ക്രൂരകൊലപാതക വിവരം പുറത്തുവന്നത്. പൊലീസ് മൊഴിയെടുക്കുന്നതിനിടെ വ്യത്യസ്തമായ മറുപടിയാണ് അര്‍ജുന്‍ നല്‍കിയതെന്നും, ഇവയില്‍ ചില പൊരുത്തക്കേടുകള്‍ ഉണ്ടായിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. തുടർന്ന് വിശദമായി ചോദ്യം ചെയ്തപ്പോള്‍ പിടിച്ചു നില്‍ക്കാനാകാതെ അർജുന്‍ കുറ്റം സമ്മതിക്കുകയായിരുന്നു. അര്‍ജുന്റെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ കസ്റ്റഡിയിലെടുത്ത് പൊലീസ് പരിശോധിച്ച് വരികയാണ്.

Content Highlights: How aspiring south Delhi boxer executed chilling plot to wipe out family

dot image
To advertise here,contact us
dot image