രൂപയുടെ മൂല്യം ഇടിഞ്ഞു, രൂപയുടെ മൂല്യം കൂടി തുടങ്ങിയ വാചകങ്ങൾ പലപ്പോഴായി വാർത്തകളിൽ നിറയുന്നതാണ്. നിലവിൽ രൂപയുടെ മൂല്യം അതിന്റെ സർവകാല തകർച്ചയിലാണ്. 84.40 എന്ന നിരക്കിലാണ് ഏറ്റവും ഒടുവിൽ രൂപയുടെ മൂല്യം എത്തി നിൽക്കുന്നത്. രൂപയുടെ മൂല്യം ഇടിയുന്നത് നല്ലതാണെന്നും അതല്ല മൂല്യം ഇടിയുന്നത് സമ്പദ് വ്യവസ്ഥയെ തന്നെ ബാധിക്കുമെന്നും രണ്ട് അഭിപ്രായങ്ങൾ ഉണ്ട്. യഥാർത്ഥത്തിൽ എന്താണ് രൂപയുടെ മൂല്യം, ഇതിൽ ഉണ്ടാവുന്ന ഏറ്റകുറച്ചിലുകൾ എങ്ങനെയാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നത്, നിലവിലെ രൂപയുടെ മൂല്യം കുറഞ്ഞത് എന്തുകൊണ്ടാണ് എന്ന് നമുക്ക് പരിശോധിക്കാം.
ഏറ്റവും ലളിതമായി പറഞ്ഞാൽ അമേരിക്കൻ കറൻസിയായ ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ മൂല്യത്തിലുള്ള ഏറ്റക്കുറച്ചിലുകളാണ് വാർത്തകളിൽ കാണുന്ന രൂപയുടെ മൂല്യം കുറയുന്നതും കൂടുന്നതും. ആഗോള വിപണിയിൽ വ്യാപാരത്തിനായി ഡോളറിനെയാണ് ഇന്ത്യ അശ്രയിക്കുന്നത്. ഒരു ഡോളർ ലഭിക്കാൻ എത്ര ഇന്ത്യൻ രൂപ നൽകണമെന്നതാണ് രൂപയുടെ മൂല്യം നിർണയിക്കുന്നത്. ഒരു ഡോളർ വാങ്ങാൻ കൂടുതൽ രൂപ ചെലവാക്കുന്നതിനെ രൂപയുടെ മൂല്യം കുറയുന്നതായും കുറച്ച് രൂപ മാത്രം ഉപയോഗിക്കുന്നത് രൂപയുടെ മൂല്യം കൂടിയതായും കണക്കാക്കാം. ഉദാരണത്തിന് നിലവിലെ വിപണി വില വെച്ച് ഒരു ഡോളർ ലഭിക്കാൻ 84.40 രൂപ നൽകണം. നാളെ ഒരു പക്ഷേ നിലവിലെ 84.40 രൂപയിൽ നിന്ന് ഒരു ഡോളർ ലഭിക്കാൻ എൺപത്തിരണ്ടോ എൺപത്തിമൂന്നോ രൂപയാവുകയാണെങ്കിൽ രൂപയുടെ മൂല്യം കൂടുന്നുവെന്ന് അർത്ഥം.
രൂപയുടെ മൂല്യം കുറയുന്നത് നല്ലതാണോ ചീത്തയാണോ എന്നൊരു തർക്കം പലപ്പോഴും നിലനിൽക്കാറുണ്ട്. യഥാർത്ഥത്തിൽ രൂപയുടെ മൂല്യം കുറയുന്നത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണവും ദോഷവും ഉണ്ടാക്കുന്നുണ്ടെന്നതാണ് സത്യം. ഇന്ത്യ ഇപ്പോഴും ഒരു ഉപഭോക്തൃ സംസ്ഥാനമാണ്. അതായത് സ്വന്തം ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിനെക്കാൾ വിദേശരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. രൂപയുടെ മൂല്യം കുറയുമ്പോൾ ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നം ലഭിക്കാൻ കൂടുതൽ രൂപ നൽകണം.
നിലവിൽ ഇന്ത്യ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്നത് ക്രൂഡ് ഓയിലാണ്. ഇന്ത്യയുടെ ഉപഭോഗത്തിന്റെ 85-90 ശതമാനം ക്രൂഡ് ഓയിലും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. രൂപയുടെ മൂല്യം കുറയുന്നതിനൊപ്പം ക്രൂഡ് ഓയിലിന്റെ വില കൂടുന്നതും ഇന്ത്യയ്ക്ക് ഇരട്ട പ്രഹരമാണ്. ഇറക്കുമതി കൂടുന്നതോടെ ഇന്ത്യയിൽ ഇന്ധനത്തിനും അവശ്യവസ്തുക്കൾക്കും വില കൂടുകയും ചെയ്യും. ഇതിന് പുറമെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സ്വർണം, ഇലക്ട്രോണിക്‌സ് ഉൽപ്പന്നങ്ങൾക്കും ഇറക്കുമതി ചെലവ് കൂടുകയും വിപണിയിൽ വില കൂടുകയും ചെയ്യും.
അതേസമയം ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്നവർക്ക് രൂപയുടെ മൂല്യം കുറയുന്നതോടെ കൂടുതൽ ലാഭം ഉണ്ടാക്കാൻ സാധിക്കും. ഇത് കൂടാതെ ഇന്ത്യയിലേക്ക് വിദേശനിക്ഷേപം കൂടാനും പ്രവാസികളിൽ നിന്ന് കൂടുതൽ പണം ഇന്ത്യയിലേക്ക് എത്താനും രൂപയുടെ മൂല്യം കുറയുന്നതിലൂടെ സാധിക്കും. നേരത്തെ ഒരു ഡോളർ ഇന്ത്യയിലേക്ക് അയക്കുമ്പോൾ 80 രൂപ ലഭിച്ചിരുന്ന ഒരു പ്രവാസിക്ക് ഇപ്പോൾ 84 രൂപ ലഭിക്കും. കേൾക്കുമ്പോൾ നല്ലതായി തോന്നുമെങ്കിലും ഇതിലും ഒരു പ്രശ്‌നം ഒളിഞ്ഞിരിക്കുന്നുണ്ട്. അത് വിദേശത്തേക്ക് പോകാനുള്ള ചെലവ് വർധിക്കുന്നതാണ്.
നിലവിലെ സാഹചര്യത്തിൽ വിദേശത്തേക്ക് പഠിക്കാനായി പോകുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ഇത്തരത്തിൽ വിദേശത്തേക്ക് പഠനത്തിനായി പോകുന്നവരുടെ ചെലവ് വർധിക്കും. വിദേശ യാത്രകൾക്കായി ചെലവഴിക്കുന്ന തൂകയും വർധിക്കും. ഇതിന് പുറമെ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നവരിൽ പലർക്കും ഉൽപ്പന്നങ്ങളുടെ റോമെറ്റീരിയൽ ഇറക്കുമതി ചെയ്യേണ്ടി വരുന്നുണ്ട്. ഇതിലൂടെ കയറ്റുമതിയിലൂടെ ലഭിക്കുന്ന ലാഭം റോമെറ്റീരിയൽ ഇറക്കുമതി ചെയ്യുന്നതിലൂടെ പോകും.
യഥാർത്ഥത്തിൽ വർഷങ്ങളായി രൂപയുടെ മൂല്യം ഇന്ത്യയിൽ ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. 2021 മാർച്ചിൽ 72 രൂപയുണ്ടായിരുന്ന രൂപയുടെ മൂല്യം 2022 സെപ്റ്റംബർ ആയതോടെ 80 രൂപയായി കുറഞ്ഞു. പലസ്തീൻ - ഇസ്രായേൽ സംഘർഷത്തിന് പിന്നാലെ മധ്യേഷ്യയിൽ ഉണ്ടായ തർക്കം രൂക്ഷമായതാണ് രൂപയുടെ മൂല്യതകർച്ചയുടെ പ്രധാന കാരണങ്ങളിൽ ഒന്ന്. ഇതിന് പുറമെ ഇന്ത്യയിൽ നിന്ന് വിദേശ നിക്ഷേപം വലിയ രീതിയിൽ പിൻവലിക്കുന്നതും രൂപയുടെ മൂല്യം ഇടിയുന്നതിന് കാരണമായി.
ചൈന പുതിയ സാമ്പത്തികനയം അവതരിപ്പിച്ചതും അമേരിക്കയിൽ ഡോണാൾഡ് ട്രംപ് വീണ്ടും അധികാരത്തിൽ എത്തിയതും ഇന്ത്യൻ വിപണിയിൽ നിന്ന് നിക്ഷേപകർ പിൻവലിയാൻ കാരണമായി. അമേരിക്കയിൽ ട്രംപ് വീണ്ടും പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടതോടെ ക്രിപ്റ്റോ കറൻസിയുടെ ഡിമാന്റ് പതിമടങ്ങായി വർധിച്ചു. നിക്ഷേപകർ ഓഹരി വിപണിയിൽ നിന്ന് ക്രിപ്റ്റോ മാർക്കറ്റിലേക്ക് നിക്ഷേപം മാറ്റുന്നതിന് ഇത് പ്രധാന കാരണങ്ങളിൽ ഒന്നായി മാറി. ഇതിന് പുറമെ യുഎസ് ഫെഡറൽ റിസർവ് പ്രഖ്യാപിച്ച ഉയർന്ന പലിശ നിരക്ക് ഡോളറിലേക്ക് വലിയ രീതിയിൽ നിക്ഷേപകരെ ആകർഷിച്ചു. ഡോളറിനൊപ്പം തന്നെ ബിറ്റ്‌കോയിനും കുതിച്ചുയരുകയാണ്.
ഇതോടെ ഇന്ത്യയിലെ ഇക്വിറ്റി ഷെയറുകളിൽ നിന്ന് വലിയ രീതിയിലാണ് നിക്ഷേപകർ പണം പിൻവലിച്ചത്. ഇത് ഇന്ത്യൻ ഓഹരി വിപണിയെ ബാധിക്കുകയും രൂപയുടെ മൂല്യം ഇടിയുന്നതിന് കാരണമാവുകയും ചെയ്തു. ഇതിനിടെ ചൈനയുടെ യുവാന്റെ മൂല്യം വർധിപ്പിക്കുന്നതിനായി പ്രാദേശിക സർക്കാരുകളുടെ സാമ്പത്തിക ബാധ്യതകൾ ചൈന എഴുതിത്തള്ളുകയും പുതിയ സാമ്പത്തിക നയം പ്രഖ്യാപിക്കുകയും ചെയ്തു. ഇതും വിദേശ നിക്ഷേപകരെ ചൈനയിലേക്ക് ആകർഷിച്ചു.
ഇതിന് പുറമെ ഡോളറിൽ നിന്ന് മറ്റൊരു പൊതുനാണയത്തിലേക്ക് വ്യാപാരം മാറ്റാനായി ബ്രിക്‌സ് രാജ്യങ്ങൾ ആലോചിച്ചെങ്കിലും ട്രംപ് ഭീഷണിയുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഡോളറിന് പകരം മറ്റൊരു കറൻസിയെ സ്വീകരിക്കുകയോ പൊതു കറൻസി ഉണ്ടാക്കുകയോ ചെയ്താൽ ബ്രിക്‌സ് രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 100 ശതമാനം തീരുവ ഏർപ്പെടുത്തുമെന്നാണ് ട്രംപ് ഭീഷണിപ്പെടുത്തിയത്.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ഈജിപ്റ്റ്, എത്യോപ്യ, യുഎഇ, ദക്ഷിണാഫ്രിക, ഇറാൻ തുടങ്ങി 9 രാജ്യങ്ങളാണ് ബ്രിക്‌സ് കൂട്ടായ്മയിൽ ഉള്ളത്. ഡോളറിന് വെല്ലുവിളി ഉയർത്തുന്ന തരത്തിൽ സമാന്തര ബ്രിക്സ് കറൻസി പുറത്തിറക്കുകയോ മറ്റ് ഏതെങ്കിലും കറൻസിയെ പിന്തുണയ്ക്കുകയോ ചെയ്യരുതെന്നാണ് ട്രംപ് പറഞ്ഞത്. ഇതും രൂപയുടെ മൂല്യ തകർച്ചയ്ക്ക് കാരണമായി.
രൂപയുടെ മൂല്യം തകരുന്നത് തടയാൻ ഉയർന്ന പലിശ നിരക്കിൽ എൻആർഐ ഡോളർ നിക്ഷേപം ആർബിഐ കൂടുതൽ പ്രോത്സാഹിപ്പിക്കും, ഇത് കൂടാതെ നിലവിലെ റിസർവ് ബാങ്കിന്റെ ഡോളറിന്റെ കരുതൽ ശേഖരം റിസർവ് ബാങ്ക് വിൽക്കാൻ നിർബദ്ധിതരാവുകയും ചെയ്യും. എന്നാൽ ഇത് നിക്ഷേപ പരിധി ഇല്ലാതാക്കുകയും ഇന്ത്യയുടെ ആഗോള വിപണിയിലെ ക്രെഡിറ്റ് റേറ്റിങിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
കയറ്റുമതിക്ക് രൂപയുടെ മൂല്യം ഇടിയുന്നത് ഗുണമാണെങ്കിലും ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന ഇരുമ്പ് ഉരുക്ക് ഉൽപ്പന്നങ്ങൾക്കും ഉരുക്ക് അയിരുകൾക്കും വലിയ രീതിയിലുള്ള കയറ്റുമതി നികുതിയുണ്ട് ഇത് കുറയ്ക്കുന്നതും നിലവിൽ നിർത്തിവെച്ചിരിക്കുന്ന ഗോതമ്പ് കയറ്റുമതി പുനരാരംഭിക്കുന്നതും ഇന്ത്യയ്ക്ക് ഗുണം ചെയ്യും.
Content Highlights: What is Rupee Fall and its good or bad for Indian economy