അരപതിറ്റാണ്ടിന്റെ കുടുംബവാഴ്ചയ്ക്ക് അവസാനം: സിറിയയില്‍ ഇനിയെന്ത്? പ്രതിസന്ധികള്‍ അവസാനിക്കുമോ?

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ന​ഗരങ്ങളെല്ലാം ഒന്നൊന്നായി കീഴിടക്കിയ വിമതസൈന്യം തലസ്ഥാനം വരെ കയ്യടക്കിയതോടെയാണ് വർഷങ്ങൾ നീണ്ട സിറിയൻ പ്രതിസന്ധിയ്ക്ക് വിരാമമാകുന്നു എന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്

അഖിലശ്രീ ജെ
1 min read|08 Dec 2024, 05:43 pm
dot image

ലോകം കണ്ട ഏറ്റവും വലിയ അഭയാർത്ഥി പ്രതിസന്ധിക്ക് അവസാനമാകുമെന്ന പ്രതീക്ഷയിൽ ലോകം. സിറയയിൽ ഒരു ദശകത്തോളമായി തുടരുന്ന ആഭ്യന്തര യുദ്ധത്തിനൊടുവിൽ ഏകാധിപതി ബാഷർ അൽ അസദിന് രാജ്യം വിടേണ്ടി വന്നിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ന​ഗരങ്ങളെല്ലാം ഒന്നൊന്നായി കീഴിടക്കിയ വിമതസൈന്യം തലസ്ഥാനം വരെ കയ്യടക്കിയതോടെയാണ് വർഷങ്ങൾ നീണ്ട സിറിയൻ പ്രതിസന്ധിയ്ക്ക് വിരാമമാകുന്നു എന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

രാജ്യം ഭരിച്ചിരുന്ന പിതാവ് ഹഫീസ് അസദിന്റെ മരണത്തെ തുടർന്ന് ലണ്ടനിൽ നേത്ര ഡോക്ടറാവാൻ പഠിച്ചുകൊണ്ടിരുന്ന ബാഷർ അൽ അസദിന് തിരികെ നാട്ടിലേക്ക് വിമാനം കയറേണ്ടിവന്നിടത്താണ് കഥയുടെ തുടക്കം. മൂത്ത സഹോദരൻ ബാസൽ അൽ അസദ് സ്ഥാനമേൽക്കാൻ തയ്യാറായിരുന്നുവെങ്കിലും ഒരു കാർ അപകടത്തിൽ ജീവൻ നഷ്ടമായതോടെ നറുക്ക് വീണത് അനുജനായ ബാഷർ അൽ അസദിന്.

അന്ന് 34 വയസാണ് അസദിന് പ്രായം. ബാത് പാർട്ടിയുടെ തലവനും സൈനിക മേധാവിയുമായ അസദിനെ പ്രസിഡന്റ് പദവിയിലെത്തിക്കാൻ നിയമം തന്നെ മാറ്റിയെഴുതി രാജ്യം. പ്രസിഡന്റാവാൻ കുറഞ്ഞ പ്രായം 34 എന്ന് തിരുത്തിയതോടെ അച്ഛന്റെ അതേ പാതയിൽ മകനും രാജ്യം ഭരിക്കാൻ തുടങ്ങി. പതിറ്റാണ്ടുകളായി അസദ് കുടുംബത്തിൻറെ ഭരണത്തിലുഴറുകയാണ് സിറിയ അന്ന്.

പത്തുവർഷം ജനം മകനായ അസദിൽ പ്രതീക്ഷ നൽകി കാത്തിരുന്നു. എന്നാൽ അച്ഛൻ നൽകിയ രാഷ്ട്രീയ പാഠം ഉൾക്കൊണ്ട മകൻ ജനതയുടെ വികസനം പരിഗണിച്ചതേയില്ല. വർഷങ്ങള്‍ കടന്ന് 2011ലെത്തി. ഇതോടെ അസദ് ഭരണത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ട ജനത പ്രതിഷേധം തുടങ്ങി. സ്വേച്ഛാധിപത്യത്തിനെതിരെ… അറബ് വസന്ത പ്രക്ഷോഭങ്ങളുടെ കാറ്റ് സിറിയയിലും വീശിയെന്ന് വേണം പറയാൻ.

തുടക്കത്തിൽ സമാധാനപരമായിരുന്നു അസദിനെതിരായ പ്രതിഷേധം. പക്ഷേ വരാനിരിക്കുന്ന ദുരന്തത്തിന്റെ വ്യാപ്തി തിരിച്ചറിഞ്ഞ അസദ് അരയും തലയും മുറുക്കി സ്വന്തം ജനങ്ങളെ അടിച്ചമർത്താൻ ശ്രമം തുടങ്ങി. ഒരു ഘട്ടത്തിൽ സ്വന്തം ജനതയ്ക്കെതിരെ അയാൾ രാസായുധം വരെ പ്രയോഗിച്ചു. 2013ലായിരുന്നു അത്. അലെപ്പോയിൽ പ്രതിഷേധം തീജ്വാല പോലെ ആളിപ്പടർന്നു. പ്രതിപക്ഷം അലെപ്പോ നഗരം കീഴടക്കിയതോടെയാണ് സിറിയ മാധ്യമങ്ങളിൽ നിറയുന്നത്. ലോക രാജ്യങ്ങളെല്ലാം അസദ് ഭരണകൂടത്തിനെതിരെ രംഗത്തുവന്നു. ഈ സമയം റഷ്യ അസദിനൊപ്പം നിന്നു. അസദിന് ആയുധ സഹായം നൽകി നിഴലായി. 2016ഓടെ പ്രതിഷേധങ്ങളെല്ലാം ഏറെക്കുറെ അടിച്ചമർത്താൻ അസദിനായി. എന്നാൽ പൌരാണികതയേറെയുള്ള സിറിയ പതിയെ ഛിന്നഭിന്നമാകാൻ തുടങ്ങിയിരുന്നു. ഇതിനിടെ അലെപ്പോയുടെ നിയന്ത്രണം വീണ്ടും സൈന്യമേറ്റെടുത്തിരുന്നു.

നശിച്ച ഭരണത്തിൽ നിന്ന് രക്ഷതേടി ജനങ്ങൾ പലായനം തുടങ്ങി. ആയിരങ്ങൾ തെരുവിലായി. അസദിന്റെ സൈന്യം പ്രധാന നഗരങ്ങളുടെ നിയന്ത്രണമേറ്റെടുത്തു. ഇതിനിടെ 2017ൽ ലോകപൊലീസെന്നറിയിപ്പെടുന്ന അമേരിക്കയും സിറിയയിൽ ഇടപെട്ടു. അസദിൻ്റെ ആയുധശേഷിക്കെതിരെ അമേരിക്ക മിസൈലുകൾ തൊടുത്തു. അങ്ങനെ മറ്റെല്ലായുദ്ധങ്ങളിലേയും പോലെ സിറിയ പുകഞ്ഞുകൊണ്ടേയിരുന്നു. അസദ് ഓരോ തവണയും നിഷ്ഠൂരമായി പ്രതിഷേധങ്ങളെ അടിച്ചമത്തിക്കൊണ്ടിരുന്നു. വിമത സംഘടനയായ എച്ച്ടിഎസ് അഥവാ ഹയാത് തഹ്രീർ അൽ ഷംസിന്റെ നേതൃത്വത്തിൽ അസദ് അറിയാതെ വിമതർ സ്വയം സംഘടിച്ചുകൊണ്ടിരുന്നു.

ഇക്കഴിഞ്ഞ നവംബർ 27ന് വിമതർ വലിയൊരുമുന്നേറ്റം നടത്തി. ഇദ്ലിബ് നഗരം കീഴടക്കിയായിരുന്നു വിമതർ വീണ്ടും അസദിനെതിരായ പ്രക്ഷോഭങ്ങൾ ആളിക്കത്തിച്ചത്. വെറും പന്ത്രണ്ട് ദിവസം കൊണ്ട് അസദിനെപ്പോലും ഞെട്ടിച്ച് നഗരങ്ങളൊന്നൊന്നായി കീഴടക്കി വിമത‍ർ‌ വലിയ മുന്നേറ്റം നടത്തി. നീണ്ട 54 വർഷത്തെ അസദ് കുടുംബവാഴ്ചയ്ക്കെതിരെ ജനം വിമതർക്ക് പിന്നിൽ അണിനിരന്നു. അലെപ്പോയ്ക്ക് പിന്നാലെ, ഹുംസും ഹമയുമെല്ലാം കീഴടക്കി മുന്നേറിയ വിമത സൈന്യം ഒറ്റ ദിവസം കൊണ്ട് അസദിന്റെ മൂക്കിന് താഴെ തലസ്ഥാനമായ ഡമാസ്കസിലെത്തി. കസേരയിളകിയെന്നറിഞ്ഞപാടെ അസദ് നാടുവിട്ടു.

സിറിയൻ നഗരങ്ങളിൽ ഇപ്പോൾ ജനാരവമാണ്.. വർഷങ്ങൾ നീണ്ട സ്വേച്ഛാധിപത്യം അവസാനിപ്പിക്കാനായതിൻ്റെ ‌സന്തോഷം കൊണ്ട് അലറിവിളിക്കുകയാണവർ. പുതുതായി അധികാരമേൽക്കുന്നവർക്ക് സുഗമമായ അധികാരക്കൈമാറ്റമുണ്ടാകുമെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. വിമത സംഘടനയായ എച്ച്ടിഎസ് അഥവാ ഹയാത് തഹ്രീർ അൽ ഷംസ് നേതാവ് അബു മുഹമ്മദ് അൽ ജലാനിയിലേക്ക് അധികാരമെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Content Highlights: What Happened In Syria Key Facts About Ongoing Conflicts

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us