അമേരിക്കന്‍ ഐക്യനാടുകളില്‍ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കുമെന്നാണ് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം. 150 വര്‍ഷത്തിലേറെയായി ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശത്തെ 'വിഡ്ഢിത്ത'മെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
1868-ല്‍ അംഗീകാരം നല്‍കിയ 14-ാം ഭേദഗതി പ്രകാരം മാതാപിതാക്കളുടെ പൗരത്വം കണക്കാക്കാതെ, അമേരിക്കയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് രാജ്യം പൗരത്വം നല്‍കും. ഇതില്‍ മറ്റുരാജ്യങ്ങളിലെ പൗരന്മാരുടെ മക്കളും, രേഖകളില്ലാതെ കുടിയേറിയവരും വിനോദസഞ്ചാരികളും ഹ്രസ്വകാല വിസയില്‍ കുടിയേറിയ വിദ്യാര്‍ത്ഥികളുടെ മക്കളും ഉള്‍പ്പെടുന്നുണ്ട്.
എന്‍ബിസി-ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കാന്‍ ആലോചിക്കുന്നതായി ട്രംപ് പറഞ്ഞത്. അമേരിക്കന്‍ പൗരത്വം ലഭിക്കുന്നതിന് 'ബെര്‍ത് ടൂറിസം' ഉള്‍പ്പടെ നടക്കുന്നുണ്ടെന്നാണ് ട്രംപിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. കുട്ടികള്‍ക്ക് അമേരിക്കന്‍ പൗരത്വം ലഭിക്കാന്‍ ഗര്‍ഭിണികള്‍ യുഎസിലേക്ക് വരുന്ന 'പ്രതിഭാസ'മുണ്ടെന്നും ഇവര്‍ അവകാശപ്പെടുന്നു. ഒരു അതിര്‍ത്തി കടന്ന് അവിടെ വെച്ച് കുട്ടികളുണ്ടായി എന്നതുകൊണ്ട് നിസാരമായി ആര്‍ക്കും പൗരത്വം നല്‍കരുതെന്നാണ് അമേരിക്കയിലെ കുടിയേറ്റം കുറയ്ക്കണമെന്ന് വാദിക്കുന്നവര്‍ പറയുന്നത്.
കുടുംബങ്ങളെ തമ്മില്‍ പിരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അതുകൊണ്ട് അവരെ ഒന്നിപ്പിക്കാനുള്ള ഏക മാര്‍ഗം അവരെ തിരിച്ചയക്കുകയാണെന്നും ട്രംപും പറയുന്നു. ട്രംപിന്റെ പ്രഖ്യാപനം നടപ്പായാല്‍ ഇത് പ്രതികൂലമായി ബാധിക്കാന്‍ പോകുന്നത് നിരവധി പേരെയാകും. ജന്മാവകാശ പൗരത്വം ഇല്ലാതാക്കിയാല്‍, പൗരത്വത്തിന് ജനന സര്‍ട്ടിഫിക്കറ്റ് തെളിവായി കണക്കാക്കുന്നത് ഇല്ലാതാകും. അമേരിക്കന്‍ പൗരന്മാര്‍ക്ക് അവരുടെ പൗരത്വത്തിന് തെളിവായി ജനന സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കാന്‍ കഴിയില്ലെന്നും അമേരിക്കന്‍ ഇമിഗ്രേഷന്‍ കൗണ്‍സിലിന്റെ ഫാക്ട്ഷീറ്റില്‍ പറയുന്നുണ്ട്.
2022ലെ സെന്‍സസ് രേഖകള്‍ പ്രകാരം 4.8 മില്യണ്‍ ഇന്ത്യന്‍-അമേരിക്കന്‍ പൗരന്മാര്‍ രാജ്യത്തുണ്ട്. ഇതില്‍ 34 ശതമാനം അല്ലെങ്കില്‍ 1.6 മില്യണ്‍ പേരും അമേരിക്കയ്ക്ക് അകത്ത് ജനിച്ചവരാണ്. ജന്മാവകാശ പൗരത്വം പ്രകാരം ഇവരെല്ലാം അമേരിക്കന്‍ പൗരന്മാരാണ്. ഈ നിയമം ഇല്ലാതായാല്‍ ഇവരുടെ പൗരത്വം ചോദ്യചിഹ്നമാകും. ട്രംപ് പ്രഖ്യാപനം പോലെ ജന്മാവകാശ പൗരത്വം നിർത്തലാക്കിയാല്‍ ഇത് ബാധിക്കാന്‍ പോകുന്നത് 16 ലക്ഷം ഇന്ത്യക്കാരെയാകും.
Content Highlights: Donald Trump To Eliminate Birthright Citizenship: Its Impact On Indians