കൂറുമാറി കൂട്ടം തെറ്റിയവര്‍; കേരള രാഷ്ട്രീയത്തില്‍ പാര്‍ട്ടിമാറിയവരുടെ ഭാവിയെന്തായി?

അറിയാം കൂറുമാറിയ ചില നേതാക്കളുടെ കഥ

സ്നേഹ ബെന്നി
1 min read|13 Dec 2024, 05:55 pm
dot image

കൂറുമാറ്റം ഒരു കലയാണെങ്കില്‍ രാഷ്ട്രീയക്കാരുടെയത്ര വലിയ കലാകാരന്മാര്‍ വേറെ ഉണ്ടാകില്ല. മറുകണ്ടം ചാടാന്‍ ഇവരെ കഴിഞ്ഞേ വേറെ ആളുകള്‍ ഉള്ളൂ. ഇന്നലെവരെ അപ്പുറത്തുണ്ടായിരുന്നവര്‍ നിന്ന നില്‍പ്പില്‍ ഇപ്പുറത്തുവരുന്നു. ഇപ്പുറത്തുണ്ടായിരുന്നവര്‍ ഒരു മടിയുമില്ലാതെ അപ്പുറത്തെത്തുന്നു. അങ്ങനെ അങ്ങനെ പലതും. ഇങ്ങനെ മറുകണ്ടം ചാടിയ ഒരുകാലത്തെ നിങ്ങളുടെ ഹീറോകള്‍ ഇപ്പോള്‍ എന്തു ചെയ്യുന്നുവെന്ന് നോക്കിയാലോ. പലരും രാഷ്ട്രീയ ജീവിതമേ അവസാനിപ്പിച്ച് വീട്ടിലിരിപ്പായി. മറ്റു ചിലര്‍ നിലവിലുണ്ടായിരന്നതിനേക്കാള്‍ ശോഭിച്ചു. അറിയാം ചില കൂറുമാറിയ നേതാക്കളുടെ കഥ...

എ.പി. അബ്ദുള്ളക്കുട്ടി

2009ലാണ് മയ്യില്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന മുന്‍ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുല്ലക്കുട്ടിയെ സി.പി.ഐ. എം പുറത്താക്കിയത്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു അബ്ദുള്ള കുട്ടിയുടെ നീക്കങ്ങള്‍. സിപിഐമ്മിന്റെ കരുത്തുറ്റ യുവനേതാവായിരുന്ന അബ്ദുള്ളക്കുട്ടിക്ക് അടിമുടി വലതുപക്ഷമാകാന്‍ ഒന്നിരുട്ടി വെളുക്കുന്ന താമസമേ ഉണ്ടായുള്ളു. ഗുജറാത്ത് വംശഹത്യയുടെ പേരില്‍ ഏറ്റവുമധികം വിമര്‍ശനം നേരിട്ടിരുന്ന ബിജെപി മുഖ്യമന്ത്രിയായി നരേന്ദ്ര മോദിയുടെ വികസന സങ്കല്പങ്ങളോടുള്ള ആരാധന തുറന്ന് പറഞ്ഞപ്പോഴേ ആ വ്യതിയാനം തുടങ്ങിയിരുന്നു. പിന്നാലെ സിപിഐഎമ്മില്‍ നിന്നും പുറത്തേയ്ക്ക്. പക്ഷേ, സിപിഐഎമ്മിന്റെ അത്ഭുതക്കുട്ടി കോണ്‍ഗ്രസിന്റെ കൈയ്യ് പിടിച്ചു. അങ്ങനെ പോയത് നേരേ കോണ്‍ഗ്രസ്സിലേക്ക്. മോദി ആരാധന തലയ്ക്ക് പിടിച്ച് ഒടുവില്‍ 2019ല്‍ കോണ്‍ഗ്രസില്‍ നിന്ന് അബ്ദുള്ളക്കുട്ടിയുടെ ഭാഗ്യാന്വേഷണം ബിജെപിയില്‍ എത്തി. ആ ദിവസങ്ങളില്‍ തന്നെ ഡല്‍ഹിയില്‍ നരേന്ദ്ര മോദിയുമായും അമിത്ഷായുമായും കൂടിക്കാഴ്ച നടത്തുകയും ബി.ജെ.പി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് ജെപി നദ്ദയില്‍നിന്ന് അംഗത്വം സ്വീകരിക്കുകയും ചെയ്തു. അബ്ദുള്ളക്കുട്ടിയെ ബിജെപി ആദ്യം സംസ്ഥാന വൈസ് പ്രസിഡന്റാക്കി. പിന്നീട് 2020 സെപ്റ്റംബറില്‍ ദേശീയ ഉപാധ്യക്ഷനാക്കി. ഇപ്പോള്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനാണ്.

മഞ്ഞളാംകുഴി അലി

മലപ്പുറത്തെ ഇടതുപക്ഷത്തിന്റെ ഖല്‍ബായിരുന്നു മഞ്ഞളാംകുഴി അലി. 2004ലെ സിപിഐഎം മലപ്പുറം സംസ്ഥാന സമ്മേളനത്തോടെ സിപിഐഎം ഔദ്യോഗിക പക്ഷത്തിന്റെ കണ്ണിലെ കരടായി അദ്ദേഹം. ഇടതുപക്ഷത്തിന്റെ സ്വതന്ത്ര എംഎല്‍എ ആയിരിക്കെ 2010ല്‍ രാജിവെച്ചു. പാര്‍ട്ടി നേതൃത്വം തന്നെ ഒറ്റപ്പെടുത്തുകയാണെന്ന് പറഞ്ഞായിരുന്നു മഞ്ഞളാംകുഴി അലിയുടെ രാജി. പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച അലി, നേരെ മുസ്ലിം ലീഗിലേക്ക് ചേക്കേറി. പെരിന്തല്‍ മണ്ണയില്‍ നിന്ന് വിജയിച്ച അലി വിഖ്യാതമായ അഞ്ചാംമന്ത്രിയുടെ കുപ്പായത്തില്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലുമെത്തി. പിന്നീടുള്ള തിരഞ്ഞെടുപ്പിലൊന്നും അലി തോല്‍വി അറിഞ്ഞില്ല.

സെല്‍വരാജ്

2011-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തില്‍നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജയിച്ച സെല്‍വരാജ് രായ്ക്ക് രാമാനം കോണ്‍ഗ്രസ് പാളയത്തിലെത്തിയത് കേരള ചരിത്രത്തിലെ ഏറ്റവും ദുരൂഹമായ ഒരു പൊളിറ്റിക്കല്‍ ഓപ്പറേഷനാണ്. അല്‍പ്പായുസ്സെന്ന് വിലയിരുത്തിയ ഒരു മന്ത്രിസഭയുടെ ജീവശ്വാസം കൂടിയായിരുന്നു അന്ന് ആ കൂറുമാറ്റം. പിന്നീട് അതേ മണ്ഡലത്തില്‍ അരിവാള്‍ ചുറ്റികയ്ക്ക് പകരം കൈപ്പത്തിയില്‍ നിന്ന് ശെല്‍വരാജ് ഉപതിരഞ്ഞെടുപ്പിലും വിജയിച്ചു. ഉപതെരഞ്ഞെടുപ്പില്‍ 6334 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ചു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ താഴെ വീഴാതിരിന്നപ്പോള്‍ ആ വിജയത്തില്‍ പ്രതിസന്ധികളെ മറികടന്നത് ആരൊക്കെയായിരുന്നു എന്നതും ചരിത്രം. പക്ഷേ 2016-ലും 2021-ലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായെങ്കിലും രണ്ടു തവണയും തോറ്റു. ഇപ്പോള്‍ സെല്‍വരാജ് എവിടെയെന്ന് കോണ്‍ഗ്രസുകാര്‍ക്കു പോലും ഒരു ധാരണയുമില്ല.

ചെറിയാന്‍ ഫിലിപ്പ്

കോണ്‍ഗ്രസ്സിലെ ബുദ്ധിജീവിയായിരുന്നു ചെറിയാന്‍ ഫിലിപ്പ്. കോണ്‍ഗ്രസിലെ ജീവിക്കുന്ന രക്തസാക്ഷിയെന്നൊക്കെ വിശേഷിപ്പിക്കപ്പെട്ട നേതാവ്. ഉമ്മന്‍ ചാണ്ടിയുടെയും എ കെ ആന്റണിയുടെയും വേണ്ടപ്പെട്ട പേരാളി. എംഎല്‍എയായി രണ്ടു ടേമോ പത്തു വര്‍ഷമോ തികച്ചവര്‍ക്ക് ടിക്കറ്റ് നല്‍കരുതെന്ന് ആവശ്യപ്പെട്ടതോടെ പദവികള്‍ അട്ടിപ്പേറാക്കിയ കോണ്‍ഗ്രസുകാര്‍ ചെറിയാന്‍ ഫിലിപ്പിനെ പുകച്ചു, ചെറിയാന്‍ പുറത്ത് ചാടി. നേരെ എകെജി സെന്‍ററിലെത്തി. ബുദ്ധിജീവി എന്ന നിലയില്‍ കൈരളിയിലും കിട്ടി പരിഗണ. ഇടതു സ്വതന്ത്രനായി ആദ്യം മത്സരിച്ചത് പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ. അവിടെ പരാജയം ഏറ്റുവാങ്ങി. 2006-ല്‍ പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറയിലും 2011-ല്‍ തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവിലും മത്സരിച്ചു. രണ്ടിടത്തും ജയിക്കാനായില്ല. സിപിഐഎം പക്ഷേ, ചെറിയാനെ അവഗണിക്കുകയോ കൈവിടുകയോ ചെയ്തില്ല. 2006-2011 കാലയളവിലെ വി.എസ് സര്‍ക്കാര്‍ കെടിഡിസി ചെയര്‍മാനാക്കി. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ നവകേരള മിഷന്റെ കോര്‍ഡിനേറ്ററാക്കി. പക്ഷെ ഖര്‍വാപ്പസി എന്ന രോഗം കലശലായതോടെ ചെറിയാന്‍ പഴയ തട്ടകത്തിലേയ്ക്ക് മടങ്ങി. 2021 ഒക്ടോബറില്‍ ചെറിയാന്‍ കോണ്‍ഗ്രസിലേക്കുള്ള ക്ഷണം സ്വീകരിച്ചു. നിലവില്‍ കെ.പി.സി.സി രാഷ്ട്രീയ പഠനകേന്ദ്രം അധ്യക്ഷനും രാഷ്ട്രീയ കാര്യസമിതി അംഗവും എ.ഐ.സി.സി അംഗവുമായി പ്രവര്‍ത്തിക്കുന്നു.

സിന്ധു ജോയി

എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റും ദേശീയ വൈസ് പ്രസിഡന്റും സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവുമായി പ്രവര്‍ത്തിച്ച സിന്ധു ജോയിയുടെ രാഷ്ട്രീയ പരിണാമം അവിശ്വസനീയമായിരുന്നു. സിപിഐഎമ്മിന്റെ പ്രോമിസിങ് വനിതാ നേതാവ് എന്ന നിലയിലായിരുന്നു കേരളം സിന്ധുവിനെ കണ്ടത്. ആ നിലയില്‍ സിപിഐഎം സിന്ധുവിനെ പരിഗണിക്കുകയും ചെയ്തു. 2006ല്‍ ഉമ്മന്‍ചാണ്ടിക്കെതിരെയും 2009-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് കേന്ദ്രമന്ത്രി കെ.വി. തോമസിനെതിരെയും സിപിഐഎം നിയോഗിച്ചത് സിന്ധുവിനെയായിരുന്നു. പാര്‍ട്ടി അവഗണിക്കുന്നു എന്ന് പരിഭവിച്ച് 2011ലായിരുന്നു സിന്ധുവിന്റെ കോണ്‍ഗ്രസ്സിലേക്കുള്ള ചേക്കേറ്റം. പക്ഷേ കോണ്‍ഗ്രസില്‍ സജീവമാകാനോ പദവികള്‍ അലങ്കരിക്കാനോ സിന്ധു ജോയിക്ക് കഴിഞ്ഞില്ല.

അല്‍ഫോണ്‍സ് കണ്ണന്താനം

ഐഎഎസ് പദവി രാജിവച്ച് സിപിഐഎം സ്വതന്ത്രനായി നിയമസഭയിലേക്കു മത്സരിച്ചു ജയിച്ചയാളാണ് അല്‍ഫോന്‍സ് കണ്ണന്താനം. 2006-2011 കാലയളവിലെ പന്ത്രണ്ടാം കേരള നിയമസഭയില്‍ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചാണ് കണ്ണന്താനം എംഎല്‍എ ആയത്. പിന്നീട് 'മോദി തരംഗ'ത്തിന്റെ ആകര്‍ഷണത്തില്‍പ്പെട്ട് ബിജെപിയിലെത്തി. നിയമസഭാ സ്ഥാനാര്‍ത്ഥിയാക്കാന്‍ സി.പി.ഐ.എം തയ്യാറാകില്ല എന്നു മനസ്സിലാക്കിയതിലെ നിരാശ തീര്‍ക്കാന്‍ കൂടിയാണ് കണ്ണന്താനം പാര്‍ട്ടി മാറിയത്. ബിജെപി അദ്ദേഹത്തെ രാജസ്ഥാനില്‍നിന്ന് രാജ്യസഭയില്‍ എത്തിച്ചു. 2017 സെപ്റ്റംബര്‍ മൂന്നു മുതല്‍ 2019 മെയ് 24 വരെ കേന്ദ്ര സഹമന്ത്രിയുമാക്കി. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്തുനിന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളു. രാഷ്ട്രീയത്തില്‍ അനക്കമില്ലാത്ത നേതാവായി ഇപ്പോള്‍ കണ്ണന്താനം മാറി.

കെ ടി ജലീല്‍

മുസ്ലീം ലീഗിലെ തീപ്പൊരി യുവശബ്ദമായിരുന്നു കെ ടി ജലീല്‍. എം കെ. മുനീറിനു ശേഷം യൂത്ത് ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് ആകേണ്ടിയിരുന്ന ജലീലിനെ കേരളത്തില്‍ നിന്നും കെട്ടുകെട്ടിക്കാന്‍ ഒരു വിഭാഗം തീരുമാനിച്ചു. യൂത്ത് ലീഗ് അഖിലേന്ത്യാ കണ്‍വീനറാക്കാനുള്ള നടപടി പ്രമോഷനല്ല ഡീ പ്രമോഷനാണെന്ന് ലീഗിന്റെ രാഷ്ട്രീയം അറിയുന്നവര്‍ക്കൊക്കെ അറിയാം. അങ്ങനെ ഡീപ്രമോഷന്‍ വേണ്ടെന്ന് ജലീല്‍ തീരുമാനിച്ചു. സാക്ഷാല്‍ കുഞ്ഞാലിക്കുട്ടിയെ വെല്ലുവിളിച്ച് ലീഗിന് പുറത്തേയ്ക്ക്. പിന്നീടങ്ങോട്ട് കണ്ടത് ജലീലെന്ന പോരാളിയെ ആയിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ കുത്തകയായിരുന്ന കുറ്റിപ്പുറം മണ്ഡലത്തില്‍ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജലീല്‍ 8781 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കുഞ്ഞാലിക്കുട്ടിയെ മലര്‍ത്തിയടിച്ചു. ലീഗിന്റെയും കുഞ്ഞാലിക്കുട്ടിയുടെയും ചങ്കുതകര്‍ത്ത പരാജയം. 2016-ല്‍ ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരില്‍ ആദ്യം തദ്ദേശസ്വയംഭരണ വകുപ്പിന്റേയും പിന്നീട് ഉന്നത വിദ്യാഭ്യാസവകുപ്പിന്റേയും ചുമതലയുള്ള മന്ത്രിയായി. ബന്ധു നിയമനവുമായി ബന്ധപ്പെട്ട പരാതിയില്‍ ലോകായുക്ത വിധി എതിരായതിനെത്തുടര്‍ന്ന് കെടി ജലീല്‍ രാജിവയ്ക്കേണ്ടിവന്നു. 2024ല്‍ വീണ്ടും എംഎല്‍എ ആയി.

പത്മജ വേണുഗോപാല്‍

കോണ്‍ഗ്രസിന്റെ കരുത്തുറ്റ നേതാവ് കെ. കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത് ദേശീയതലത്തില്‍ത്തന്നെ കോണ്‍ഗ്രസിനെ ഞെട്ടിച്ചു. ജനങ്ങളുടെ ഇടയിലിറങ്ങി കൂടുതല്‍ രാഷ്ട്രീയ പ്രവര്‍ത്തനമൊന്നും കാഴ്ച്ചവച്ചിട്ടില്ലെങ്കിലും 1996-ല്‍ കോണ്‍ഗ്രസ്സില്‍ അംഗത്വമെടുത്തതു മുതല്‍ 2024-ല്‍ ബി.ജെ.പിയിലേക്കു പോകുന്നതുവരെ കെ.പി.സി.സി ഭാരവാഹിയും രാഷ്ട്രീയകാര്യസമിതി അംഗവുമായിരുന്നു.പാര്‍ട്ടിയില്‍ വിവിധ പദവികള്‍ നല്‍കിയും പത്മജയെ കോണ്‍ഗ്രസ് നേതൃത്വം എപ്പോഴും പരിഗണിച്ചിരുന്നു. പക്ഷേ തന്നോടും പിതാവിനോടും കോണ്‍ഗ്രസ് നീതികാണിച്ചില്ല എന്ന പരാതിയുടെ തുടര്‍ക്കഥയായിട്ടായിരുന്നു ബിജെപിയിലേക്കുള്ള പത്മജയുടെ കൂറുമാറ്റം.

പി വി അന്‍വര്‍

കോണ്‍ഗ്രസില്‍ നിന്നു തുടങ്ങി ഡിഐസിയിലെത്തി അവിടെ നിന്നും പുറത്തുപോയി സ്വതന്ത്രനായി മത്സരിച്ചാണ് ഒടുവില്‍ അന്‍വര്‍ ഇടതുപാളയത്തിലെത്തിയത്. 2016ല്‍ അന്‍വര്‍ നിലമ്പൂരില്‍ ജെയിന്റ് കില്ലറായി. ഇടതു സ്വതന്ത്രനായി മത്സരിച്ച് മൂന്നു പതിറ്റാണ്ടോളം നീണ്ട യുഡിഎഫ് കുത്തക അവസാനിപ്പിച്ച് സീറ്റ് പിടിച്ചെടുത്തു. ആര്യാടന്‍ ഷൗക്കത്തിനെയാണ് തോല്‍പ്പിച്ചത്. 2021ലും വിജയം ആവര്‍ത്തിച്ചതോടെ അന്‍വറിന് പാര്‍ട്ടി അണികള്‍ക്കിടയില്‍ ഹീറോ പരിവേഷമാണ് ലഭിച്ചത്. ഇടതുസോഷ്യല്‍ മീഡിയയിലെ തീപ്പൊരിയായിരുന്ന അന്‍വര്‍ സാക്ഷാല്‍ പിണറായി വിജയനെ വെല്ലുവിളിച്ചാണ് സിപിഐഎമ്മുമായി അകന്നത്. പിന്നീട് ഡിഎംകെ എന്ന പാര്‍ട്ടി രൂപീകരിച്ച അന്‍വറിന്റെ അടുത്ത നീക്കം എന്തെന്നതില്‍ വ്യക്തതയില്ല.

പി സരിന്‍

ഐഎഎഎസില്‍ നിന്നും പടിയിറങ്ങി യൂത്ത് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച ആളാണ് പി സരിന്‍. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസിന്റെ ഗവേഷണ വിഭാഗത്തിലും ഐടി സെല്ലിലും സരിന്‍ പ്രവര്‍ത്തിച്ചിരുന്നു. 2023 ല്‍ ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച അനില്‍ ആന്റണിക്കു പകരക്കാരനായാണ് കെപിസിസി ഡിജിറ്റല്‍ മീഡിയ ചുമതലയില്‍ ഡോ. പി സരിനെത്തിയത്. പിന്നീട് കോണ്‍ഗ്രസിന്റെ സൈബര്‍ ഇടത്തിലെ ചടുലമായ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് പി സരിനായിരുന്നു. 2024ലെ പാലക്കാട് ഉപതെരഞ്ഞെടുപ്പോടെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി ഇടഞ്ഞ് ഇടതു പാളയത്തിലേക്ക് ചേക്കേറുകയായിരുന്നു സരിന്‍. ഇടതുപക്ഷം മുന്‍പിന്‍ നേക്കാതെ പാലക്കാട് സരിനെ സ്ഥാനാര്‍ത്ഥിയാക്കി. തിരഞ്ഞെടുപ്പില്‍ തോല്‍വി നേരിട്ടെങ്കിലും ഇടതുപക്ഷം സരിനെ കൈവിടില്ലെന്ന സൂചനകളാണ് ഉള്ളത്.

സന്ദീപ് വാര്യര്‍

എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ എസ്എഫ്ഐയുടെ ലേബലില്‍ മത്സരിച്ച ചരിത്രമുണ്ട് സന്ദീപ് വാര്യര്‍ക്ക്. മുന്‍ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയുടെ പ്രസംഗങ്ങളും മറ്റും കേട്ട് അദ്ദേഹത്തോടുള്ള ആരാധനയിലാണ് സന്ദീപ് ബിജെപിക്കാരനായത്. 2019 മുതലാണ് സന്ദീപ് പാര്‍ട്ടിയില്‍ ശ്രദ്ധിക്കപ്പെടുന്ന നിലയിലേക്ക് ഉയര്‍ന്നത്. ആധാര്‍ വിഷയത്തിലുള്ള സുപ്രീംകോടതി വിധി പുറത്തുവന്ന ദിവസം. അന്ന് ബിജെപിയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഒരു ചാനല്‍ ചര്‍ച്ചയായിരുന്നു സന്ദീപിന്റെ രാഷ്ട്രീയ ജീവിതത്തില്‍ വഴിത്തിരിവായത്. ബിജെപിയുടെ താഴേത്തട്ട് മുതല്‍ മേലെത്തട്ട് വരെ പ്രവര്‍ത്തിച്ച സന്ദീപ് വാര്യര്‍ക്ക് കഴിഞ്ഞ കുറേക്കാലമായി കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ബിജെപി സംസ്ഥാന നേതൃത്വത്തോട് വലിയ എതിര്‍പ്പുണ്ടായിരുന്നു. പാര്‍ട്ടിക്കെതിരെ വിമര്‍ശനം തുടര്‍ന്നിട്ടും, അച്ചടക്ക നടപടി സ്വീകരിച്ച് സന്ദീപിന് വീരപരിവേഷം നല്‍കേണ്ടെന്നായിരുന്നു പാര്‍ട്ടി നിലപാട്. പിന്നീടുള്ള ദിവസങ്ങളില്‍ ബിജെപി, സന്ദീപ് വാര്യരെ പൂര്‍ണമായും അവഗണിക്കാനും തീരുമാനിച്ചു. പാര്‍ട്ടിയായി പുറത്താക്കില്ലെന്ന് ഉറപ്പായതോടെ, ഒടുവില്‍ സന്ദീപ് തന്നെ സ്വയം തന്റെ വഴി തിരഞ്ഞെടുത്തു. സിപിഐഎമ്മിലോ കോണ്‍ഗ്രസിലോ എന്ന നിലയില്‍ സന്ദീപ് വാര്യരുടെ പാര്‍ട്ടിമാറ്റം സംബന്ധിച്ച അഭ്യൂഹങ്ങള്‍ പാലക്കാട് തിരഞ്ഞെടുപ്പിലെ ഹോട്ട്‌ടോപ്പിക്കായിരുന്നു. ഊഹാപോഹങ്ങള്‍ക്ക് അവസരം നല്‍കാതെ ഒടുവില്‍ ഗാന്ധിയന്‍ ആശയത്തെ പിന്തുടരുന്നുവെന്ന് സന്ദീപ് പ്രഖ്യാപിച്ചു. കോണ്‍ഗ്രസില്‍ സന്ദീപിവനെ എങ്ങനെ അക്കോമഡേറ്റ് ചെയ്യുമെന്നതും ഇപ്പോള്‍ പലവിധ അഭ്യൂഹങ്ങള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്.

Content Highlights: leaders those who switch from one party to another in kerala

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us