'ബഹിരാകാശത്ത് ടാക്‌സിയോ? ലോകം മുഴുവന്‍ വൈഫൈ കണക്ഷനോ? ഇതൊന്നും നടക്കാന്‍ പോകുന്നില്ല.....' പലരും ഈ പദ്ധതികള്‍ കേട്ട് പൊട്ടിച്ചിരിച്ചു. പക്ഷേ ആ ചിരിക്കൊന്നും അധികം ആയുസുണ്ടായില്ല എന്ന് കാലം തെളിയിക്കുകയാണ്. അന്ന് ഈ വാഗ്ദാനങ്ങളൊക്കെ ലോകത്തോട് വിളിച്ചു പറഞ്ഞ മനുഷ്യന്റെ വളര്‍ച്ച അതിനെല്ലാം മറുപടിയാവുകയാണ്. ഇലോണ്‍ മസ്‌ക് എന്ന ഇലോണ്‍ റീവ് മസ്‌കാണ് കണ്ടുപിടുത്തങ്ങള്‍ കൊണ്ട് ലോകത്തെ വിസ്മയിപ്പിക്കുന്ന ആ മനുഷ്യന്‍.
ലോകചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് അമേരിക്കന്‍ ബിസിനസുകാരന്‍ ഇലോണ്‍ മസ്‌ക് ഇപ്പോള്‍. മസ്‌കിന്റെ ആസ്തി 400 ബില്യണ്‍ ഡോളര്‍ മറികടന്നതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകത്തില്‍ തന്നെ ഒരു വ്യക്തിയുടെ ആസ്തി ഈ നിലവാരം മറികടക്കുന്നത് ചരിത്രത്തില്‍ ആദ്യമായിട്ടാണ്. മസ്‌കിന്റെ സ്‌പേസ് എക്‌സ്‌പ്ലൊറേഷന്‍ ബിസിനസായ സ്‌പേസ് എക്‌സിന്റെ മൂല്യത്തിലാണ് ഭീമമായ വര്‍ധനയാണുണ്ടായത്. ഇത്തരത്തില്‍ ചുരുങ്ങിയ കാലയളവില്‍ 20 ബില്യണ്‍ ഡോളര്‍ വര്‍ധിച്ച് 350 ബില്യണ്‍ ഡോളര്‍ എന്ന നിലയിലേക്കാണ് കമ്പനിയുടെ മൂല്യം ഉയര്‍ന്നത്. സ്‌പേസ് എക്‌സും, നിക്ഷേപകരും 1.25 ബില്യണ്‍ ഡോളറുകളുടെ ഇന്‍സൈഡര്‍ ബയിങ് നടത്താന്‍ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. നിലവില്‍ 447 ബില്യണ്‍ ആണ് മസ്‌കിന്റെ സമ്പത്ത്. ലോക സമ്പന്ന പട്ടികയിലേക്ക് ഇലോണ്‍ മസ്‌ക് വരുന്നത് 2021ലാണ്. ബില്‍ ഗേറ്റ്സിനെ ബഹുദൂരം പിന്നിലാക്കിയായിരുന്നു മസ്‌ക് ഒന്നാംസ്ഥാനത്തെത്തിയത്.
അമേരിക്കന്‍ തിരഞ്ഞെടുപ്പിനു ശേഷമുള്ള ഡോണാള്‍ഡ് ട്രംപിന്റെ വിജയവും, ട്രംപുമായി ബന്ധപ്പെട്ട് ഇലോണ്‍ മസ്‌ക് പോസിറ്റീവായ പ്രതികരണങ്ങള്‍ നടത്തിയതും അദ്ദേഹത്തിന്റെ ബിസിനസുകള്‍ നിക്ഷേപകരുടെ ശ്രദ്ധാകേന്ദ്രമാകാന്‍ കാരണമായി. ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനിയായ ടെസ്ലയുടെ ഓഹരി വിലയിലുണ്ടായ കുതിപ്പും അദ്ദേഹത്തിന്റെ ആസ്തിമൂല്യം വര്‍ധിക്കുന്നതില്‍ നിര്‍ണായകമായി. ഈ കമ്പനിയില്‍ നിക്ഷേപകരുടെ താല്പര്യം വര്‍ധിക്കുന്നതിന്റെ സൂചനയാണിത്. ഇലോണ്‍ മസ്‌കിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പായ xa1 എന്ന കമ്പനിയുടെ വാല്യുവേഷന്‍ ഇക്കഴിഞ്ഞ നവംബറില്‍ ഇരട്ടിയിലധികമായി മാറിയിരുന്നു. പുതിയ ഫണ്ടിങ്ങിലൂടെ കമ്പനി 50 ബില്യണ്‍ ഡോളര്‍ സമാഹരിക്കുകയും ചെയ്തു.
എത്ര സങ്കീര്‍ണ്ണമായ സാങ്കേതികവിദ്യകളെ കുറിച്ചും അതിന്റെ ഭാവിയെ കുറിച്ചുമുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള മിടുക്ക് മസ്‌കിന്റെ വിജയ തന്ത്രമാണ്. 18 വര്‍ഷം മുന്‍പാണ് സ്പേസ് ടൂറിസത്തെ കുറിച്ച് ലോകത്തോട് മസ്‌ക് വിളിച്ചു പറയുന്നത്. അന്ന് നീല്‍ ആംസ്ട്രോങ് ഉള്‍പ്പടെയുള്ളവര്‍ മസ്‌കിന്റെ ആശയത്തെ തള്ളിപ്പറഞ്ഞിരുന്നു. 2002-ലാണ് ചെലവ് ചുരുക്കി ബഹിരാകാശ യാത്ര എന്ന ആശയത്തില്‍ സ്‌പേസ് എക്‌സ്‌പ്ലോറേഷന്‍ ടെക്‌നോളജീസ് എന്ന കമ്പനി മസ്‌ക് തുടങ്ങുന്നത്. 2008-ല്‍ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കുള്ള കാര്‍ഗോ ഗതാഗതത്തിന് നാസ സ്പേസ് എക്സുമായി കരാര്‍ ഒപ്പിട്ടു. പിന്നീട് നടന്നത് ചരിത്രം, 2012 മേയ് 22-നായിരുന്നു ലോകത്ത് ആദ്യമായി ഒരു സ്വകാര്യ കമ്പനി അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് സ്‌പേസ്-ക്രാഫ്റ്റ് വിക്ഷേപിച്ചത്. 9 വര്‍ഷങ്ങള്‍ക്കു ശേഷം 2021 മെയില്‍ ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍നിന്ന് ഡ്രാഗണ്‍ ക്യാപ്സൂളിലേറി സഞ്ചാരികള്‍ ചരിത്രത്തിലേക്ക് കുതിച്ചു. അന്ന് അദ്ദേഹം പറഞ്ഞു, ചൊവ്വയില്‍ താന്‍ കോളനി ഉണ്ടാക്കുമെന്ന്.
ടെസ്ലയുടെ വിജയത്തിന് പിന്നിലും മസ്‌ക് എന്ന മനുഷ്യന്റെ അര്‍പ്പണബോധവും കഠിനാധ്വാനവും തന്നെയായിരുന്നു. 2004-ലാണ് തകര്‍ന്നടിഞ്ഞിരിക്കുന്ന ടെസ്ല എന്ന ഇലട്രിക് കാര്‍ കമ്പനിയിലേക്ക് മസ്‌ക് ഇന്‍വെസ്റ്റ് ചെയ്യുന്നത്. മസ്‌കിനെ സംബന്ധിച്ച് അത് ഒരു വെല്ലുവിളിയായിരുന്നു. 2008-ലെ സാമ്പത്തികമാന്ദ്യത്തില്‍ കമ്പനി കൂപ്പുകുത്തി. പക്ഷേ മസ്‌ക് വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു ഒറ്റ ചാര്‍ജിങില്‍ 320 കിലോ മീറ്റര്‍ സഞ്ചരിക്കാവുന്ന റോഡ്സ്റ്റര്‍ കാര്‍ പുറത്തിറക്കി കമ്പനി വീണ്ടും തലയുയര്‍ത്തി. പടുകുഴിയില്‍ നിന്ന് ലോകത്തെ ഏറ്റവും വലിയ സമ്പന്നതയിലേക്ക് മസ്‌ക് അന്ന് കയറി വന്നു. ലോകം മനസില്‍ കാണുമ്പോള്‍ മസ്‌ക് മാനത്തു കാണും അതുതന്നെയാണ് ചെറുസംരംഭകനില്‍ നിന്ന് രണ്ട് പ്രധാന കമ്പനികളുടെ ( സ്പേസ് എക്സ്, ടെസ്ല) സി.ഇ.ഒ പദവിയിലേക്ക് വളരാന്‍ മസ്‌കിനെ സഹായിച്ചതും.
ലോകം ആരാധനയോടെ നോക്കുന്ന ബിസിനസുകാരനായ ഇലോണ്‍ മസ്‌ക്, ദക്ഷിണാഫ്രിക്കയില്‍ 1971ല്‍ ആണ് ജനിക്കുന്നത്. ഭൗതിക ശാസ്ത്രം, സാമ്പത്തിക ശാസ്ത്രം എന്നിവയില്‍ യു.എസിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. വിവാദങ്ങള്‍ ഇടയ്ക്കിടെ ഉണ്ടാകുന്നുണ്ടെങ്കിലും ഇന്ന് ലോകത്തിന്റെ ചരിത്രം തന്നെ മാറ്റിക്കുറിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ബിസിനസുകാരനായി ഇലോണ്‍ മസ്‌ക് എന്ന ബിസിനസുകാരന്‍ വളര്‍ന്നിരിക്കുകയാണ്.
Content Highlights: twitter owner elon musk breaks guinness world record for largest ever loss of personal fortune