ആക്‌സിഡന്റൽ പ്രധാനമന്ത്രി; അതൊരു 'ആക്‌സിഡന്റ്' അല്ലെന്ന് തെളിയിച്ച 10 വർഷം, വിമർശന ശരങ്ങൾക്കിടയിലെ മൻമോഹൻ കാലം

ഇന്ന് രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയേക്കാള്‍ നയപരമായ നിലപാടായിരുന്നു മന്‍മോഹന്‍ സിംഗിന്റെതെങ്കിലും മൗനി ബാബ എന്ന പരിഹാസങ്ങള്‍ മന്‍മോഹന്‍ സിംഗിന് ഏറ്റുവാങ്ങേണ്ടി വന്നു.

dot image

'എന്റെ പ്രധാനമന്ത്രി പദത്തെക്കുറിച്ച് ലജ്ജിക്കേണ്ട കാര്യമെനിക്കില്ല', ഇന്ത്യയെന്ന മഹാരാജ്യത്തെ രണ്ട് തവണ നയിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശന ശരങ്ങളെ കുറിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം പറഞ്ഞത് ഇപ്രകാരമായിരുന്നു. രാജ്യം കണ്ട 'ദുര്‍ബല പ്രധാനമന്ത്രി'യെന്ന വിശേഷണമായിരുന്നു ഇക്കാലയളവില്‍ മന്‍മോഹന്‍ സിംഗിന് ലഭിച്ചത്. ഇന്ന് രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയേക്കാള്‍ നയപരമായ നിലപാടായിരുന്നു മന്‍മോഹന്‍ സിംഗിന്റെതെങ്കിലും മൗനി ബാബ എന്ന പരിഹാസങ്ങള്‍ മന്‍മോഹന്‍ സിംഗിന് ഏറ്റുവാങ്ങേണ്ടി വന്നു.

Manmohan Singh
മന്‍മോഹന്‍ സിംഗ്

ആക്‌സിഡന്റലി പ്രധാനമന്ത്രിയായെന്നതായിരുന്നു മന്‍മോഹന്‍ സിംഗിന് ലഭിച്ച വിശേഷണം. നരസിംഹ റാവു സർക്കാരിൻ്റെ കാലത്ത് ധനമന്ത്രിയായിരുന്നെങ്കിലും, രാഷ്ട്രീയ നേതാവല്ലാതിരുന്ന മന്‍മോഹന്‍ സിംഗിന്റെ പ്രധാനമന്ത്രി പദം അപ്രതീക്ഷിതമായിരുന്നുവെന്നതില്‍ സംശയമില്ല. ഒരു തവണ മാത്രമേ മന്‍മോഹന്‍ സിംഗ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുള്ളു. എന്നാല്‍ അതില്‍ വിജയിക്കാനും മന്‍മോഹന്‍ സിംഗിന് സാധിച്ചില്ല. 1999ല്‍ സൗത്ത് ഡല്‍ഹിയില്‍ നിന്നായിരുന്നു അദ്ദേഹം മത്സരിച്ചത്. ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് ഇതിന് പിന്നിലെന്ന സംശയങ്ങളും പിന്നാലെ ഉയര്‍ന്നിരുന്നു. ഇതിന് ശേഷം മന്‍മോഹന്‍ സിംഗിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ധൈര്യമുണ്ടായിരുന്നില്ല.

2004ലെ യുപിഎ മുന്നണിയുടെ വിജയത്തോടെയാണ് സോണിയ ഗാന്ധിയുടെ നിര്‍ബന്ധത്തില്‍ മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയാകുന്നത്. സോണിയയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസായിരുന്നു അന്നത്തെ യുപിഎ സര്‍ക്കാര്‍ രൂപീകരിച്ചത്. സോണിയാ ഗാന്ധി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. അന്ന് ബിജെപിയും ശിവസേനയുമുള്‍പ്പെടെയുള്ളവരാണ് പ്രതിപക്ഷത്തുണ്ടായിരുന്നത്. പ്രതിപക്ഷത്തിന്റെ വ്യാപകമായ എതിര്‍പ്പ് കാരണം സോണിയാ ഗാന്ധി പ്രധാനമന്ത്രി സ്ഥാനം നിരസിക്കുകയായിരുന്നു.

സോണിയാ ഗാന്ധിയുടെ പൗരത്വത്തെ സംബന്ധിച്ചുള്ള വിമര്‍ശനങ്ങളായിരുന്നു പ്രധാനമായും പ്രതിപക്ഷം ഉയര്‍ത്തിയത്. പ്രതിഷേധങ്ങളെ ജനാധിപത്യപരമായി സ്വീകരിച്ച് ഈ സ്ഥാനത്തേക്ക് മറ്റൊരാളെ നിയമിക്കാനായിരുന്നു സോണിയയുടെ നീക്കം. അങ്ങനെയാണ് ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ പരിഷ്‌കരിച്ച മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായെത്തുന്നത്.

അന്ന് മുതല്‍ പത്ത് വര്‍ഷം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരിക്കെ മന്‍മോഹന്‍ സിംഗിന് കേള്‍ക്കേണ്ടി വന്നത് മൗനി ബാബ, സോണിയയുടെ പാവ തുടങ്ങിയ വിശേഷണങ്ങളായിരുന്നു. അദ്ദേഹത്തിന്റെ പിന്നില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയായിരുന്നുവെന്നും സോണിയയുടെ പാവയാണ് മന്‍മോഹന്‍ സിംഗെന്നുമായിരുന്നു ഉയര്‍ന്നിരുന്ന വിമര്‍ശനങ്ങള്‍.

Manmohan Singh
മന്‍മോഹന്‍ സിംഗ്

എന്നാല്‍ പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഇന്ത്യയെ തിരിഞ്ഞു നോക്കിയാല്‍, രൂപീകരിക്കപ്പെട്ട നിയമങ്ങളും നടത്തിയ പ്രവര്‍ത്തനങ്ങളും വിലയിരുത്തിയാല്‍ വെറും 'പാവ'യായിരുന്നില്ല മന്‍മോഹന്‍ സിംഗെന്ന് മനസിലാകും. സോണിയ ഗാന്ധി രാഷ്ട്രീയ തീരുമാനമെടുക്കുന്നു, അദ്ദേഹം ഭരണകാര്യങ്ങള്‍ തീരുമാനിക്കുമെന്ന രീതിയിലായിരുന്നു ആദ്യം കാര്യങ്ങളുടെ പോക്ക്. പിന്നീട് സോണിയാ ഗാന്ധി യഥാര്‍ത്ഥ ശക്തി കേന്ദ്രമായി മാറുന്ന കാഴ്ചയും രാജ്യം കണ്ടു. പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ അദ്ദേഹത്തിന് ആദ്യം കേള്‍ക്കേണ്ടി വന്ന ചോദ്യവും സോണിയ ഗാന്ധി എവിടെയിരിക്കുമെന്നതായിരുന്നു.

പക്ഷേ, രാജ്യത്തിന് ആവശ്യമുള്ള ജനോപകാര നിയമങ്ങള്‍ തന്റെ ആക്‌സിഡന്റല്‍ ഭരണകാലത്ത് നിര്‍മിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. വിപ്ലവകരമായ വിവരാവകാശ നിയമമാണ് അതില്‍ പ്രധാനം. അറിയാനുള്ള ജനങ്ങളുടെ അവകാശത്തെ അന്ന് സിംഗ് നിയമമാക്കി. ഇതോടെ സര്‍ക്കാരുകള്‍ക്ക് നേരെ ചോദ്യമുയര്‍ത്താനും വാദങ്ങള്‍ നിരത്താനുമുള്ള കരുത്ത് സാധാരണക്കാരനായ പൗരനും ലഭിച്ചു.

ലോക്പാല്‍, ലോകായുക്ത ആക്ട്, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിന്നാക്ക ജാതിക്കാര്‍ക്കായി 27 ശതമാനം സംവരണം, ആറ് മുതല്‍ 14 വയസ് വരെയുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധിത വിദ്യാഭ്യാസം, ഭക്ഷ്യ സുരക്ഷാ നിയമം, തെരുവ് കച്ചവടക്കാര്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്ന നിയമം, ഇന്ത്യന്‍ കമ്പനീസ് ആക്ട്, ഭൂമി ഏറ്റെടുക്കലില്‍ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതക്കും പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ ആക്ട് തുടങ്ങി ജനങ്ങള്‍ക്ക് വേണ്ടി നിര്‍മിച്ച നിരവധി നിമയങ്ങള്‍ അദ്ദേഹത്തിന്റെ ഭരണകാലത്തിന്റെ വലിയ സംഭാവനകളാണ്.

തനിക്കെതിരെ വരുന്ന ഏത് ശരങ്ങള്‍ക്കിടയിലും മറ്റ് രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധം ഉറപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു. 2008ലെ ഇന്ത്യ-അമേരിക്ക ആവണകരാര്‍ ഇതിന് ഒരു ഉദാഹരണമാണ്. മന്‍മോഹന്‍ സിംഗും അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷും തമ്മില്‍ നല്ല ബന്ധമായിരുന്നു ഉണ്ടായത്. താന്‍ രാഷ്ട്രീയമായി നിഷ്‌കളങ്കനും അടിസ്ഥാനപരമായി ബ്യൂറോക്രാറ്റാണെന്നുമുള്ള വിലയിരുത്തല്‍ ഇല്ലാതാക്കുന്നതായിരുന്നു ആ സമയത്തെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍.

Manmohan Singh
മന്‍മോഹന്‍ സിംഗ്

സമാജ്‌വാദി പാര്‍ട്ടിയുടെ പിന്തുണ നേടിയെടുക്കാനും അദ്ദേഹത്തിന് ആ സമയത്ത് സാധിച്ചു. ദുര്‍ബലനായ പ്രധാനമന്ത്രിയെന്ന വിമര്‍ശനങ്ങളുയരുമ്പോഴും തന്റെ രണ്ടാം ടേമില്‍ തനിക്ക് സ്വന്തമായി പിടിച്ചു നില്‍ക്കാന്‍ സാധിക്കുമെന്ന് മന്‍മോഹന്‍ സിംഗ് കാണിക്കുകയായിരുന്നു. ഒടുവില്‍ കര്‍മപഥങ്ങള്‍ പൂര്‍ത്തിയാക്കി വിമര്‍ശനങ്ങളും പുകഴ്ത്തലുകളും ഏറ്റുവാങ്ങി ഈ ലോകം വിട്ട് അദ്ദേഹം മായുമ്പോള്‍ മന്‍മോഹന്‍ സിംഗ് പറഞ്ഞ അതേ വാചകമാണിപ്പോള്‍ ഓര്‍മിക്കപ്പെടുന്നത്. 'ചരിത്രം എന്നോട് മാധ്യമങ്ങളേക്കാള്‍ ദയ കാട്ടും'.

Content Highlights: Manmohan Singh is called Accidental Prime Minister and he proved he is not

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us