സ്വര്‍ണം ഏറ്റവും കൂടുതല്‍ തിളങ്ങിയ വര്‍ഷമായിരുന്നു 2024. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കുതിപ്പാണ് 2024ല്‍ സ്വര്‍ണവിലയിലുണ്ടായത്. കയറിയും ഇറങ്ങിയും നിന്ന സ്വര്‍ണവില ആഗോള വിപണിയിലും ആഭ്യന്തര വിപണിയിലും വലിയ കുതിപ്പാണ് ഉണ്ടാക്കിയത്. 27 ശതമാനത്തിന്റെ വര്‍ധനവാണ് ഈ വര്‍ഷം സ്വര്‍ണവിലയിലുണ്ടായത്.
2024 ജനുവരി 2ന് ഗ്രാമിന് 5875 രൂപയും പവന് 47,000 രൂപയുമായായിരുന്ന സ്വര്‍ണവില ഈ വര്‍ഷം ഒക്ടോബര്‍ 31 ന് ഗ്രാമിന് 7455 രൂപയും പവന് 59640 രൂപയുമായി വര്‍ധിച്ച് ഈ വര്‍ഷത്തെ റെക്കോര്‍ഡ് വിലയിലെത്തി. പതിനായിരത്തില്‍ അധികം രൂപയുടെ വര്‍ധനയാണ് ഈ വര്‍ഷം സ്വര്‍ണവിലയിലുണ്ടായത്. അമേരിക്ക പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകള്‍, ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇറക്കുമതി തീരുവ കുറയ്ക്കാനുള്ള ഇന്ത്യയുടെ തീരുമാനവും സ്വര്‍ണത്തിന്റെ ആവശ്യകത വര്‍ധിപ്പിക്കുന്നതിന് കാരണമായി. ഇസ്രയേല്‍- ഹമാസ്, റഷ്യ- ഉക്രൈന്‍ യുദ്ധം തുടങ്ങി മറ്റ് അന്തര്‍ദേശിയ സംഘര്‍ഷങ്ങളും സ്വര്‍ണ വിലയുടെ ഉയര്‍ച്ചയ്ക്ക് കാരണമായി. ഖനികളില്‍ നിന്നുള്ള സ്വര്‍ണ ഉല്‍പ്പാദനം പരിമിതമാണെന്ന സൂചനയും സ്വര്‍ണവില വര്‍ധിക്കുന്നതിന് കാരണമായി.
ചെറിയ രീതിയിലുള്ള ചാഞ്ചാട്ടമായിരുന്നു സ്വര്‍ണവിലയില്‍ ജനുവരി ഫെബ്രുവരി മാസങ്ങളില്‍ കണ്ടുവന്നത്. 46,840 രൂപയായിരുന്നു ജനുവരി ഒന്നിന് സ്വര്‍ണവില. ജനുവരി രണ്ടിന് തന്നെ അത് 47000 കടന്നു. മാര്‍ച്ച് 29ന് ആ മാസത്തെ ഏറ്റവും റെക്കോര്‍ഡ് വിലയായ 50400 രൂപയില്‍ സ്വര്‍ണവില എത്തിയിരുന്നു. ഏപ്രിലില്‍ ഒറ്റയടിക്ക് സ്വര്‍ണവിലയില്‍ 3000ലധികം രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. മെയില്‍ 55000ന് മുകളില്‍ സ്വര്‍ണവില പോയിരുന്നു. പിന്നീട് സ്വര്‍ണവിലയില്‍ വലിയ മാറ്റം വരുന്നത് സെപ്തംബറിലായിരുന്നു അന്ന് ആദ്യമായി സ്വര്‍ണവില 56000 കടന്നു. ഒക്ടോബറില്‍ സ്വര്‍ണവില 60000 കടന്നും കുതിക്കുമെന്ന സ്ഥിതിഗതിയിലേക്കെത്തിച്ചു. ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ പവന് 59,640 രൂപയാണ് സ്വര്‍ണത്തിന്റെ സര്‍വകാല റെക്കോര്‍ഡ് ഉയരം. ഒക്ടോബറില്‍ തന്നെയാണ് 57,000, 58,000, 59000 എന്ന നേട്ടങ്ങളും സ്വര്‍ണവില പിന്നിട്ടത്. ജൂലൈ മുതല്‍ നവംബര്‍ വരെ, സ്വര്‍ണം 15 ശതമാനത്തിലധികം നേട്ടമുണ്ടാക്കി.
അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതോടെ സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ് നേരിട്ടു. നവംബര്‍ 1-ന് ഗ്രാമിന് 7370 രൂപയായിരുന്ന സ്വര്‍ണവില അമേരിക്കന്‍ തിരഞ്ഞെടുപ്പിന് ശേഷം ഗ്രാമിന് 6935 എന്ന ആ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലേക്ക് പോകുന്നതാണ് കണ്ടത്. ഡിസംബറിന്റെ പകുതിയോടെ സ്വര്‍ണവില കൂടുന്നതാണ് കാണാന്‍ സാധിച്ചത്. യുഎസ് സെന്‍ട്രല്‍ ബാങ്ക് പലിശനിരക്കില്‍ 25 ബേസിക് പോയിന്റിന്റെ കുറവ് വരുത്താന്‍ തീരുമാനിച്ചതാണ് വിലയെ സ്വാധീനിച്ചത്. ഡിസംബറില്‍ പലിശനിരക്കില്‍ 25 ബേസിക് പോയിന്റിന്റെ കുറവ് വരുത്താനാണ് യുഎസ് സെന്‍ട്രല്‍ ബാങ്ക് തീരുമാനിച്ചത്. അമേരിക്കന്‍ തിരഞ്ഞെടുപ്പിന് ശേഷം ട്രംപിന്റെ സാമ്പത്തിക, വിദേശ നയങ്ങള്‍, ഭൗമരാഷ്ട്രീയ സംഭവവികാസങ്ങളെല്ലാമാണ് സ്വര്‍ണവില കുറയുന്നതിന് കാരണമായത്.
സ്വര്‍ണവില കഴിഞ്ഞ 5 വര്‍ഷമായി 1700- 2000 ഡോളറില്‍ നിന്നും കാര്യമായി ഉയര്‍ച്ചയില്ലാതെ നിലനിന്നിരുന്നതായിരുന്നു. എന്നാല്‍ അന്താരാഷ്ട്ര സ്വര്‍ണവില 2050 ഡോളര്‍ ലെവലില്‍ നിന്നും കഴിഞ്ഞ ഒറ്റ വര്‍ഷം കൊണ്ട് 2790 ഡോളര്‍ വരെ ഉയര്‍ന്നു. ഏകദേശം 38% ത്തോളം ഉയര്‍ച്ചയാണ് അന്തരാഷ്ട്ര വിലയില്‍ സ്വര്‍ണം രേഖപ്പെടുത്തിയത്. ഇന്ത്യന്‍ രൂപ 83.25 ല്‍ നിന്നും 85 എന്ന നിലയില്‍ ഡോളറിലേക്ക് ദുര്‍ബലമായതും സ്വര്‍ണ വില ഉയരാന്‍ കാരണമായി.
2025ഉം സ്വര്‍ണവിലയ്ക്ക് വളരെ നിര്‍ണായകമായ വര്‍ഷമാണെന്നാണ് കണക്കുകൂട്ടല്‍. ട്രംപ് അധികാരത്തില്‍ കയറിയതതും 2 തവണ ഫെഡ് പോളിസി പലിശ നിരക്ക് കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന പ്രതീക്ഷയും സ്വര്‍ണവിലയെ കാര്യമായി തന്നെ ബാധിക്കും. നിലവില്‍ ഉയര്‍ന്ന കടത്തില്‍ പോകുന്ന അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ ട്രംപ് മസ്‌ക് കൂട്ടുകെട്ട് ഉയര്‍ത്തികൊണ്ടുവരുമെന്ന പ്രതീക്ഷയും സ്വര്‍ണവില കുറയാന്‍ കാരണമാകും. ട്രംപിന്റെ പോളിസികള്‍ പണപ്പെരുപ്പം ഉയര്‍ത്തുകയും പലിശ നിരക്ക് ഉയര്‍ന്ന നിലയില്‍ നിര്‍ത്തേണ്ടി വന്നാലോ അല്ലെങ്കില്‍ കൂട്ടേണ്ട സാഹചര്യം വന്നാലോ സ്വര്‍ണവിലയില്‍ ശക്തമായ ഇടിവുണ്ടാകുമെന്നാണ് സൂചന.
2024ലെ ഓഹരി വിപണി
2024-ല്‍ ഓഹരിവിപണിയും നിരവധി മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. വിപണിയിലേക്ക് കൂടുതല്‍ ചെറുകിട നിക്ഷേപകരെത്തി. എസ്ഐപി നിക്ഷേപത്തിലും വലിയ വര്‍ധനയാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്. നിഫ്റ്റി 50 സൂചിക ഏകദേശം 13.23 ശതമാനം വാര്‍ഷിക റിട്ടേണ്‍ ആണ് ഈ വര്‍ഷം നല്‍കിയത്. 2023-ലെ 19.42 ശതമാനം നേട്ടത്തേക്കാള്‍ ഇത് കുറവാണെങ്കില്‍ പോലും പ്രതിസന്ധി ഘട്ടത്തില്‍ നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ സാധിച്ചു. ഒക്ടോബറില്‍ 1.4 ലക്ഷം കോടി ഡോളറിന്റെ ഉത്തേജക പാക്കേജ് ചൈന പ്രഖ്യാപിച്ചതോടെ വിദേശ നിക്ഷേപകര്‍ ചൈനയിലേക്ക് പണം ഒഴുക്കി. ചൈന ആകര്‍ഷകമായതോടെ വിദേശ നിക്ഷേപകര്‍ 85,000 കോടി രൂപയോളമാണ് ഒഴുക്കിയത്. എന്നാല്‍ ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ ഏകദേശം ഒരു ലക്ഷം കോടി രൂപ ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിച്ചു. ഇത് വിദേശനിക്ഷേപകരെ ഇന്ത്യന്‍ വിപണിയിലേക്ക് തിരിച്ചെത്തിക്കുന്നതിനും കാരണമായി.
Content Highlights: gold price review 2024