അയോധ്യ മുതൽ സംഭൽ വരെ, ചരിത്രമായി മൂന്നാമൂഴം, 'ഇൻഡ്യ'യുടെ രംഗപ്രവേശം; 2024ൽ ദേശീയ രാഷ്ട്രീയത്തിൽ സംഭവിച്ചത്

വരും കാല ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നിർണയിക്കാൻ പാകത്തിലുള്ള, രാഷ്ട്രത്തെ സംബന്ധിച്ച് ഏറെ നിർണായകമായിരുന്ന ഒരു വർഷമായിരുന്നു 2024

dot image

രാജ്യത്തെ സംബന്ധിച്ച് ഏറെ നിർണായകമായിരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ്, നാമാവശേഷമായിരുന്ന പ്രതിപക്ഷ ശക്തികളുടെ തിരിച്ചുവരവ്, ഏറെ നിർണായകമായ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകൾ, അയോധ്യയിൽ തീരുമെന്ന് കരുതിയ സംഘപരിവാർ രാഷ്ട്രീയപദ്ധതി മറ്റിടങ്ങളിലേക്ക് വ്യാപിക്കുന്ന ഭീതിദമായ രാഷ്ട്രീയ സാഹചര്യം. വരും കാല ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നിർണയിക്കാൻ പാകത്തിലുള്ള, രാഷ്ട്രത്തെ സംബന്ധിച്ച് ഏറെ നിർണായകമായിരുന്ന ഒരു വർഷമായിരുന്നു 2024. കഴിഞ്ഞുപോകുന്ന വർഷത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രധാനപ്പെട്ട സംഭവങ്ങൾ എന്തെല്ലാമായിരുന്നു എന്നതിലേക്ക് ഒരു തിരിഞ്ഞുനോട്ടം

ലോക്സഭാ തിരഞ്ഞെടുപ്പ് 2024

2024ൽ രാജ്യം കണ്ട ഏറ്റവും പ്രധാനപ്പെട്ട പൊളിറ്റിക്കൽ ഇവന്റായിരുന്നു ലോക്‌സഭാ തിരഞ്ഞെടുപ്പ്. വിവിധ രാഷ്ട്രീയ കരുനീക്കങ്ങളാൽ സമ്പന്നമായ മുൻ വർഷങ്ങളുടെ രാഷ്ട്രീയഫലം തെളിഞ്ഞുകണ്ട വർഷം. കൊണ്ടും കൊടുത്തും സഖ്യങ്ങൾ ഉരുവാക്കപ്പെട്ട, ഒറ്റയ്ക്കും കൈകൊടുത്തും രാഷ്ട്രീയപാർട്ടികൾ മത്സരിച്ച 543 ലോക്സഭാ സീറ്റുകളിൽ, ഏഴ് ഘട്ടങ്ങളായി നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചത് ജൂൺ നാലിനാണ്. രാജ്യത്ത് രാഷ്ട്രീമാറ്റം ഉണ്ടാകുമെന്ന് അത്രകണ്ട് പ്രതീക്ഷിക്കപ്പെട്ടിരുന്നില്ലെങ്കിലും, മൂന്നാമതും ഒറ്റയ്ക്ക് രാജ്യം ഭരിക്കാമെന്ന ബിജെപിയുടെ മോഹത്തിന് തിരിച്ചടിയേറ്റ വർഷം കൂടിയായിരുന്നു പോയ വർഷം.

541 സീറ്റുകളിൽ മത്സരിച്ച എൻഡിഎ സഖ്യം ഒറ്റയ്ക്ക് ഭരിക്കാനുള്ള 272 എന്ന മാജിക്ക് നമ്പറിലേക്ക് എത്തിയില്ല എന്നതായിരുന്നു ഈ വർഷത്തെ പ്രധാന ചർച്ചാവിഷയം. അയോദ്ധ്യ അടക്കമുള്ള പല രാഷ്ട്രീയ പദ്ധതികൾ പയറ്റിയിട്ടും ബിജെപി അടങ്ങുന്ന എൻഡിഎ സഖ്യത്തിന് അത്രകണ്ട് പച്ചപിടിക്കാൻ സാധിച്ചില്ല. ഉത്തർപ്രദേശ് അടക്കമുള്ള ബിജെപി കോട്ടകളിൽ പാർട്ടിക്ക് അടിപതറുകയും ചെയ്തു. കോൺഗ്രസ് നേതൃത്വം നൽകുന്ന 'ഇൻഡ്യ' സഖ്യമാകട്ടെ 240 സീറ്റുകൾ നേടി നില മെച്ചപ്പെടുത്തുകയും ചെയ്തു. അതിൽ തന്നെ കോൺഗ്രസ് 99 സീറ്റുകൾ നേടി, മുൻവർഷത്തെ പ്രകടനങ്ങളെ മറികടക്കുകയും, തിരിച്ചവരുന്നുവെന്നുള്ള പ്രത്യാശ സമ്മാനിക്കുകയും ചെയ്തു. മൂന്നാമതും മോദിയെന്ന മുദ്രാവാക്യത്തിന്റെ ബലത്തിൽ, ഒറ്റയ്ക്ക് ഭരിക്കുമെന്ന ആത്മവിശ്വാസത്തിന്റെ പുറത്ത് പ്രചാരണം നടത്തിയ ബിജെപിയ്ക്ക്, ഈ വർഷം സഖ്യകക്ഷികളോട് വലിയ വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവന്നു എന്നതായിരുന്നു ഈ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയപ്രാധാന്യം.

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ്

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചൂടാറും മുമ്പേയാണ് ഹരിയാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. ഒക്ടോബർ അഞ്ചിന് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചത് ഒക്ടോബർ എട്ടിനായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് തിരിച്ചടിയായ പല കാരണങ്ങളെ കുറിച്ച് വ്യക്തമായി വിലയിരുത്താൻ ബിജെപിക്ക് അവസരം കിട്ടിയ തിരഞ്ഞെടുപ്പായിരുന്നു ഹരിയാനയിലേത്. ബിജെപിയുടെ ഒബിസി മുഖമായ നയാബ് സിങ് സൈനിയായിരുന്നു തിരഞ്ഞെടുപ്പിന് മുൻപ് ഹരിയാനയുടെ മുഖ്യമന്ത്രി. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതും അപകടം മണത്ത ബിജെപി, ഒബിസി വിഭാഗത്തിനുള്ള സംവരണത്തിന്റെ മേൽത്തട്ട് പരിധി വർധിപ്പിച്ചും, കർഷകർക്കും അഗ്നിവീറുകൾക്കും അനുകൂലമാകുന്ന തരത്തിലുള്ള നിരവധി പദ്ധതികൾ പ്രഖ്യാപിച്ചുമാണ് നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറായത്.

നയാബ് സിങ് സൈനി

അതേസമയം കോൺഗ്രസാകട്ടെ, ലോക്സഭാ തിരഞ്ഞെടുപ്പ് നൽകിയ ഉയിർത്തെഴുന്നേൽപ്പ് സൂചനകളിൽ അഭിരമിച്ച്, അടിത്തട്ട് രാഷ്ട്രീയത്തിൽ ഇടപെടാതെ, ഉൾപാർട്ടി തർക്കങ്ങളിൽ കുഴഞ്ഞ് നിൽക്കുകയായിരുന്നു. ഫലം വന്നപ്പോൾ ഏവരെയും ഞെട്ടിച്ചുകൊണ്ട് ബിജെപി നിയമസഭയിലേക്ക് വ്യക്തമായ ഭൂരിപക്ഷം നേടി. അനുകൂല സാഹചര്യങ്ങളെപ്പോലും പരസ്പരം തർക്കിച്ച് കളഞ്ഞുകുളിച്ച കോൺഗ്രസ്, നാണക്കേടിൽ കുളിച്ചുനിന്നു.

ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പ്

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് ഒപ്പമായിരുന്നു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പും നടന്നത്. പ്രത്യേകാധികാരം എടുത്തുമാറ്റിയതിന് ശേഷമുള്ള ആദ്യത്തെയായതിനാൽ വളരെയേറെ രാഷ്ട്രീയ പ്രാധാന്യമുള്ള തിരഞ്ഞെടുപ്പായിരുന്നു കശ്മീരിലേത്. രണ്ട് തരത്തിലുള്ള രാഷ്ട്രീയസ്വഭാവം കൈക്കൊള്ളുന്ന, രണ്ട് മേഖലകളിലെ 90 നിയമസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.

നാഷണൽ കോൺഫറൻസുമായി നിരന്തരം ചർച്ചകൾ നടത്തി, 'ഇൻഡ്യ' സഖ്യത്തെ പ്രാവർത്തികമാക്കിയാണ് കോൺഗ്രസ് - നാഷണൽ കോൺഫറൻസ് - സിപിഐഎം സഖ്യം മത്സരിച്ചത്. ബിജെപി ആകട്ടെ ജമ്മു മേഖല കേന്ദ്രീകരിച്ച് ഒറ്റയ്ക്കും. ഹരിയാന നിയമസഭാ തിരഞ്ഞടുപ്പിന്റെ ഫലപ്രഖ്യാപനത്തിനൊപ്പം തന്നെയായിരുന്നു കശ്മീരിലെ ഫലപ്രഖ്യാപനവും. ഹരിയാനയിലെ തോൽവിക്ക് അൽപ്പം മരുന്നായി ജമ്മുകശ്മീരിൽ 'ഇൻഡ്യ' സഖ്യം വിജയിച്ചുകയറി. 90ൽ 49 സീറ്റുകൾ നേടിയ 'ഇൻഡ്യ'യിൽ 32 സീറ്റുകൾ നേടി നാഷണൽ കോൺഫറൻസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ജമ്മു മേഖലയിൽ സ്വാധീനം വർധിപ്പിച്ച ബിജെപി 29 സീറ്റുകളോടെ രണ്ടാം സ്ഥാനത്തെത്തി.

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്

ബിജെപിയെയും കോൺഗ്രസിനെയും സംബന്ധിച്ച് ഏറെ നിർണായകമായ ഒന്നായിരുന്നു മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്. ഇരുപാർട്ടികൾക്കും പണ്ടുമുതൽക്കേ മികച്ച വേരോട്ടമുള്ള സംസ്ഥാനമെന്ന നിലയിൽ ഒരു ബലപരീക്ഷണം തന്നെയായിരുന്നു ഇരു കൂട്ടരെയും സംബന്ധിച്ച് ഈ തിരഞ്ഞെടുപ്പ്. എന്നാൽ ദേശീയ രാഷ്ട്രീയത്തിലെ ഈ ഭീമന്മാരെ ചലിപ്പിക്കുന്ന 'റിമോട്ട്' മറ്റ് ചില ആളുകളുടെ കൈയിലായിരുന്നു എന്നതായിരുന്നു മഹാരാഷ്ട്രയുടെ രാഷ്ട്രീയപ്രതലത്തിന്റെ പ്രത്യേകത.

മഹായുതി സഖ്യം

കഴിഞ്ഞ രണ്ടര വർഷത്തിനിടയിൽ മാത്രം നിരവധി രാഷ്ട്രീയ ട്വിസ്റ്റുകൾ കണ്ട സംസ്ഥാനമാണ് മഹാരാഷ്ട്ര. സഖ്യങ്ങൾ മാറിമറിഞ്ഞു. ബലപരീക്ഷണം ഏതറ്റം വരെയും പോകാമെന്ന നിലയിലെത്തി. മഹാരാഷ്ട്രയിൽ സ്വാധീനമുള്ള പ്രാദേശിക കക്ഷികളുടെ വിലപേശലിൽ ഇന്ത്യൻ രാഷ്ട്രീയത്തിലെ ഭീമന്മാരുടെ 'അന്തസ്സ്' ചോദ്യംചെയ്യപ്പെട്ടു. അങ്ങനെ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തിയ്യതി വരെ നീണ്ട ചർച്ചകളിലാണ് മഹാ വികാസ് അഘാഡി സഖ്യവും, മഹായുതി സഖ്യവും സ്ഥാനാർഥി നിർണയം പൂർത്തിയാക്കിയത്.

മഹാ വികാസ് അഘാഡി സഖ്യം

മഹാ വികാസ് അഘാഡി സഖ്യം അധികാരത്തിലേറുമെന്നായിരുന്നു പൊതുധാരണ. എന്നാൽ അവയെയെല്ലാം തകിടം മറിച്ചുകൊണ്ട് ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യം ഗംഭീര വിജയം നേടി. അതിൽ തന്നെ ബിജെപി ഒറ്റയ്ക്ക് 132 എന്ന ഭീമൻ സംഖ്യയിലേക്കെത്തുകയും ചെയ്തു. രാഷ്ട്രീയ നിരീക്ഷകരെ മൊത്തം അമ്പരപ്പിച്ചുകൊണ്ടും, നിരവധി പ്രവചനങ്ങളുടെ മുനയൊടിച്ചുകൊണ്ടുമായിരുന്നു മഹായുതി സഖ്യത്തിന്റെ ഈ പ്രകടനം. കോൺഗ്രസ് ഉൾപ്പെട്ട മഹാ വികാസ് അഘാഡി സഖ്യം മൂന്നക്കം പോലും കാണാനാകാതെ തകർന്നടിഞ്ഞു. കോൺഗ്രസിന്റെ അക്കൗണ്ടിലേക്ക് മറ്റൊരു നാണക്കേട് എന്നതിനൊപ്പം, 'തലപ്പൊക്ക'ത്തിലുള എൻസിപി ശരദ് പവാർ, ശിവസേന ഉദ്ധവ് താക്കറെ പാർട്ടികൾക്കും ഫലം വലിയ തിരിച്ചടി സമ്മാനിച്ചു.

ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ്

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പമായിരുന്നു ജാർഖണ്ഡ് നിയമസഭാ തിരഞ്ഞടുപ്പും നടന്നത്. ജാർഖണ്ഡ് മുക്തി മോർച്ച നയിച്ച, കോൺഗ്രസും ഉൾപ്പെട്ട 'ഇൻഡ്യ' സഖ്യത്തിന് അനുകൂലമായ സാഹചര്യമായിരുന്നു ജാർഖണ്ഡിലുണ്ടായത്. മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ ഇ ഡി അറസ്റ്റും തുടർന്നുണ്ടായ വൈകാരികമായ അന്തരീക്ഷത്തെയും വോട്ടുകളാക്കി മാറ്റിക്കൊണ്ട്, ജെഎംഎം സഖ്യം തന്നെ ജാർഖണ്ഡിൽ അധികാരത്തിലേറി. ഈ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ താരതമ്യേന അട്ടിമറികൾ ആരും പ്രതീക്ഷിച്ചിരുന്നില്ലാത്ത ഒന്നായിരുന്നു ജാർഖണ്ഡിലേത്. അത്തരത്തിൽ തന്നെ സംഭവിക്കുകയും ചെയ്തു.

ആന്ധ്രാപ്രദേശ്, ഒഡിഷ നിയമസഭാ തിരഞ്ഞെടുപ്പ്

ലോക്സഭാ തിരഞ്ഞെടുപ്പിന് ഒപ്പമായിരുന്നു ആന്ധ്രാ പ്രദേശ്, ഒഡിഷ നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പും നടന്നത്. ദേശീയതലത്തിൽ എൻഡിഎയുമായി സഖ്യത്തിലേർപ്പെട്ട ചന്ദ്രബാബു നായിഡുവിന്റെ തെലുഗു ദേശം പാർട്ടി, ഒരു ഉയിർത്തെഴുന്നേൽപ്പിനുള്ള സകല രാഷ്ട്രീയ അടവുകളും പയറ്റിയ തിരഞ്ഞെടുപ്പായിരുന്നു ആന്ധ്രയിലേത്. ഏവരെയും അത്ഭുതപ്പെടുത്തികൊണ്ട് ടിഡിപി 144ൽ 135 സീറ്റുകൾ നേടി, ഒറ്റയ്ക്ക് അധികാരത്തിലേറി. ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയാകുകയും പവൻ കല്യാൺ ഉപമുഖ്യമന്ത്രിയാകുകയും ചെയ്തു. നായിഡുവിന്റെ തിരിച്ചുവരവിന്റെ ഒരു വർഷമായിക്കൂടിയാണ് 2024 കണക്കാക്കപ്പെടുന്നത്.

പവൻ കല്യാൺ ,ചന്ദ്രബാബു നായിഡു

ബിജു ജനതാ ദളിന്റെയും, നവീൻ പ്ടനായികിന്റെയും 'കോട്ട'യായ ഒഡിഷ നിയമസഭയിലേക്ക്, ബിജെപി ഒരു 'സർപ്രൈസ് എൻട്രി' നടത്തിയ ഒരു വർഷം കൂടിയായിരുന്നു 2024. 24 വർഷത്തെ ബിജെഡി ഭരണമാണ് ഒഡിഷയിൽ ഈ വർഷം അവസാനിച്ചത്. പ്രചാരണമില്ലെങ്കിലും ജയിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ പോലും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടിരുന്ന നവീൻ പട്നായികിന് പോലും തോൽവി ഏറ്റുവാങ്ങേണ്ടിവന്നു. അത്തരത്തിൽ വലിയ ഒരു രാഷ്ട്രീയ അട്ടിമറി കൂടി കണ്ട വർഷമായിരുന്നു 2024.

രാമക്ഷേത്രത്തിന്റെ ഉദ്‌ഘാടനം

ബിജെപിയുടെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയപദ്ധതിയായിരുന്ന രാമക്ഷേത്രത്തിന്റെ ഉദ്‌ഘാടനം നടന്ന വർഷം കൂടിയായിരുന്നു 2024. ജനുവരി 22നായിരുന്നു കർസേവകർ ബാബരി പള്ളി പൊളിച്ചയിടത്ത്, പകുതി മാത്രം പണി തീർന്നിരുന്ന രാമക്ഷേത്രത്തിന്റെ ഉദ്‌ഘാടനം.

തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ നടന്ന ഉദ്‌ഘാടനം ബിജെപിയുടെ ഒരു വോട്ട് പദ്ധതിയാണെന്ന വിമർശനം ശക്തമായിരുന്നു. പ്രധാനമന്ത്രി തന്നെ നേരിട്ട്, ഒരു മുഖ്യ പുരോഹിതനായി അവരോധിച്ച് നടത്തിയ ഉദ്‌ഘാടനം നിരവധി രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

പള്ളി - അമ്പലത്തർക്കങ്ങളുടെ 2024

സംഘപരിവാർ നിരവധി പള്ളികൾക്ക് മേൽ അവകാശവാദങ്ങൾ ഉന്നയിച്ച വർഷം കൂടിയായിരുന്നു 2024. ഒരുതരത്തിൽ പറഞ്ഞാൽ മുൻ വർഷങ്ങളുടെ അതേ മാതൃക പിന്തുടർന്ന വർഷം. എന്നാൽ അവകാശവാദം ഉന്നയിച്ച പള്ളികളുടെ എണ്ണത്തിൽ വർധനവുണ്ടായി.

പുതിയ തർക്കവിഷയമായ സംഭലിലെ ഷാഹി ജമാ മസ്ജിദ്

ഗ്യാൻവാപി, ശാദി ഈദ്ഗാഹ് എന്നിവയ്ക്ക് പുറമെ അജ്‌മീർ ദർഗയിലെ സംഭലിലെ പള്ളിയിലും സംഘപരിവാർ അവകാശവാദങ്ങളുമായി രംഗത്തെത്തി. സംഭലിൽ ഉണ്ടായ സംഘർഷത്തിൽ അഞ്ച് മുസ്ലിം യുവാക്കളാണ് കൊല്ലപ്പെട്ടത്. 'അയോധ്യ' ഇനി ആവർത്തിക്കേണ്ടെന്ന് ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവത് നേരിട്ട് പറഞ്ഞിട്ടും, മുഖമാസികയായ ഓർഗനൈസറിൽ നേരെ വിപരീതമായി ലേഖനം പ്രത്യക്ഷപ്പെട്ടതും ഈ വർഷത്തെ പ്രധാനപ്പെട്ട രാഷ്ട്രീയസംഭവങ്ങളിലൊന്നാണ്.

കെജ്‌രിവാളിന്റെ അറസ്റ്റും രാജിയും

മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിലായതായിരുന്നു ഈ വർഷത്തെ ആദ്യ പാദത്തിലെ പ്രധാനപ്പെട്ട പൊളിറ്റിക്കൽ ഹെഡ് ലൈൻ. മാർച്ച് 21നാണ് കെജ്‌രിവാൾ അറസ്റ്റ് ചെയ്യപ്പെട്ടത്. പിന്നീട് ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മെയ് 10 മുതൽ ജൂൺ 1 വരെ കെജ്‌രിവാളിന് ജാമ്യം അനുവദിച്ചു. തുടർന്ന് കസ്റ്റഡിയിലിരിക്കെ നാടകീയമായി സിബിഐയും അറസ്റ്റ് രേഖപ്പെടുത്തി. നിരവധി രാഷ്ട്രീയവിവാദങ്ങൾക്ക് ശേഷവും, അഞ്ച് മാസത്തെ ജയിൽ വാസത്തിന് ശേഷവും സെപ്റ്റംബർ 13ന് സുപ്രീംകോടതി കെജ്‌രിവാളിന് സ്ഥിരം ജാമ്യം അനുവദിച്ചു.

കെജ്‌രിവാൾ ജയിലിലായിരുന്ന കാലമത്രയും അതിഷി മർലെനയായിരുന്നു ഭരണസംബന്ധമായ കാര്യങ്ങൾ നോക്കിനടത്തിയിരുന്നത്. സെപ്റ്റംബർ 17ന് കെജ്‌രിവാൾ, കുറ്റവിമുക്തൻ എന്ന് തെളിയിക്കപ്പെടും വരെ മാറിനിൽക്കുന്നതായി പറഞ്ഞ് തന്റെ രാജി പ്രഖ്യാപിച്ചു. തുടർന്ന് അതിഷി മർലെന മുഖ്യമന്ത്രിയായി. കെജ്‌രിവാളിന്റെ അറസ്റ്റിലും തുടർന്നുണ്ടായ രാഷ്ട്രീയസാഹചര്യങ്ങളിലും പ്രതീക്ഷയർപ്പിച്ചാണ് ആം ആദ്മി പാർട്ടി ഫെബ്രുവരിയിൽ നടന്നേക്കാവുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനായി ഒരുങ്ങുന്നത്.

പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയപ്രവേശനം

റായ്ബറേലിയിൽ വിജയിച്ചതോടെ രാഹുൽ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തിലെ രാജിവെച്ച ഒഴിവിലേക്കാണ് പ്രിയങ്ക ഗാന്ധി എത്തുന്നത്. വർഷങ്ങളായി പ്രിയങ്ക ഗാന്ധി പൊതുരാഷ്ട്രീയത്തിൽ സജീവമായി നിൽക്കുന്നുണ്ടെങ്കിലും 2024ലാണ് പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെയ്ക്കുന്നത്.

കന്നി രാഷ്ട്രീയ അങ്കത്തിനിറങ്ങിയ പ്രിയങ്ക ഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തിൽ നിന്നും നാല് ലക്ഷത്തിൽപ്പരം വോട്ടുകൾക്കാണ് വിജയിച്ചത്. ഇത്തരത്തിൽ നെഹ്‌റു കുടുംബത്തിലെ മറ്റൊരംഗം കൂടി പാർലമെന്റിലേക്ക് കാലെടുത്തുവെച്ച വർഷം കൂടിയായി 2024.

കരോളുകളോടും ക്രിസ്തുമസിനോടും അസഹിഷ്ണുത

2024 അവസാനിക്കുന്നത് ക്രൈസ്തവ മതവിശ്വാസത്തോടുള്ള സംഘപരിവാർ സംഘടനകളുടെയും അനുകൂലികളുടെയും അതിക്രമങ്ങള്‍ കൂടി രേഖപ്പെടുത്തിക്കൊണ്ടാണ്. മധ്യപ്രദേശിലെ ഇൻഡോറിൽ ക്രിസ്മസ് സാന്റയുടെ വേഷത്തിൽ ഭക്ഷണം വിതരണം ചെയ്ത സൊമാറ്റോ ഡെലിവറി തൊഴിലാളിയെ തടഞ്ഞുനിർത്തി, വേഷം അഴിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോഴുമുണ്ട്.

ഹരിയാനയിലെ റോഹ്‌തകിൽ മതംമാറ്റം ആരോപിച്ചാണ് വിശ്വ ഹിന്ദു പരിഷത്- ബജ്‌രംഗ് ദൾ പ്രവർത്തകർ ക്രിസ്തുമസ് ആഘോഷങ്ങൾ തടസപ്പെടുത്തിയത്. ഏറ്റവുമൊടുവിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രാർത്ഥനാ ഗാനമായ രഘുപതി രാഘവ രാജാ റാമിലെ 'ഈശ്വർ അള്ളാഹ് തേരെ നാം' എന്ന് വരിയോടും സംഘപരിവാറിന്റെ അസഹിഷ്ണുതയുണ്ടായി. മുൻ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ, 'ഈശ്വർ അള്ളാഹ് തേരെ നാം' എന്ന് പാടിയ ബിഹാറി ഗായികയെക്കൊണ്ട് മാപ്പ് പറയിപ്പിക്കുക വരെ സംഘപരിവാർ ചെയ്തു.

Content Highlights: 2024 Major Happenings at Indian National Politics

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us