2024 ഡൊണാള്‍ഡ് ട്രംപ് കരുത്ത് തെളിയിച്ച വര്‍ഷം കൂടിയാണ്. നിരവധി ട്വിസ്റ്റുകളും ആകാംക്ഷകളും നിറഞ്ഞ തിരഞ്ഞെടുപ്പിനൊടുവില്‍ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്, ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസിനെതിരെ അട്ടിമറി ജയമാണ് നേടിയത്. ഒരുകണക്കിന് ട്രംപിന്റേത് അപ്രതീക്ഷിത ജയമായിരുന്നുവെന്ന് തന്നെ പറയാം. അതുവരെ പുറത്തുവന്ന സര്‍വേ ഫലങ്ങളെല്ലാം കാറ്റില്‍പ്പറത്തി ട്രംപ് രാഷ്ട്രീയ തിരിച്ചുവരവ് നടത്തി. 2020ല്‍ രണ്ടാം ടേമിനായുള്ള പോരാട്ടത്തില്‍ നഷ്ടമായ തന്റെ ആധിപത്യം തിരിച്ചുപിടിക്കുകയാണ് ട്രംപ് ചെയ്തത്.
2020ല്‍ ജോ ബൈഡനോട് പരാജയപ്പെട്ട ട്രംപ് ഉണ്ടാക്കിയ പൊല്ലാപ്പുകള്‍ ചില്ലറയായിരുന്നില്ല. ക്യാപ്പിറ്റോള്‍ കലാപം പോലെ കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് ട്രംപിന്റെ പരാജയത്തിന് പിന്നാലെ അരങ്ങേറിയത്. നാല് വര്‍ഷത്തിന് ശേഷം നടന്ന അടുത്ത തിരഞ്ഞെടുപ്പില്‍ പ്രിലിമിനറികളിലെല്ലാം മുന്നേറിയാണ് ഡൊണാള്‍ഡ് ട്രംപ് എന്ന സ്ഥാനാര്‍ത്ഥിയെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രഖ്യാപിച്ചത്. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിത്വത്തില്‍ ഉണ്ടായ ആശങ്കകളും കമലയുടെ വൈകിയുള്ള വരവുമെല്ലാം ഒരുതരത്തില്‍ ട്രംപിന് ഗുണമാകുക തന്നെ ചെയ്തു.
ജൂണ്‍ ആദ്യ വാരത്തോടെ തന്നെ പ്രൈമറികള്‍ സ്വന്തമാക്കി ട്രംപ്-ബൈഡന്‍ പോരിന് വഴിതെളിഞ്ഞു. ബൈഡന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ തുടക്കം മുതല്‍ തന്നെ പല മുറുമുറുപ്പുകളുമുണ്ടായിരുന്നു. ബൈഡന്റെ പ്രായവും ആരോഗ്യവും ചോദ്യചിഹ്നമായി. ഇതിന് പിന്തുണ നല്‍കുന്ന പല ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിരുന്നു. ഈ വിമര്‍ശനങ്ങള്‍ക്കെല്ലാം ആക്കം കൂട്ടുന്നതായിരുന്നു സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള ആദ്യ സംവാദം. ഡെമോക്രാറ്റുകള്‍ക്ക് തീര്‍ത്തും നിരാശ നല്‍കുന്ന പ്രകടനമാണ് ബൈഡന്‍ സംവാദത്തില്‍ കാഴ്ചവെച്ചത്. മാത്രമല്ല ട്രംപ് അവിടെ സ്‌കോറ് ചെയ്യുകയും ചെയ്തു. ഇതോടെ 80 വയസിന് മുകളിലുള്ള ബൈഡന്‍ മത്സര രംഗത്ത് നിന്ന് പിന്മാറണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ശക്തമായി.
തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന വാദത്തെ തള്ളി രംഗത്തുവന്ന ബൈഡന്‍, സ്ഥാനാര്‍ത്ഥിത്വത്തില്‍ ഉറച്ചുനില്‍ക്കുമെന്നായിരുന്നു ആദ്യം സ്വീകരിച്ച നിലപാട്. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ബൈഡന് ഈ നിലപാട് മാറ്റേണ്ടി വന്നു. മുന്‍ പ്രസിഡന്റ് ബരാക് ഒബാമ ഉള്‍പ്പടെ ബൈഡനെ തള്ളി രംഗത്തെത്തിയതിന് പിന്നാലെ മത്സരത്തില്‍ നിന്ന് പിന്മാറുന്നതായി ബൈഡന്‍ പ്രഖ്യാപിച്ചു. രാജ്യത്തിന്റെയും പാര്‍ട്ടിയുടെയും നല്ലതിനായി പിന്മാറുന്നുവെന്നായിരുന്നു പ്രഖ്യാപനം. ബൈഡന്റെ പിന്മാറ്റത്തോടെ പല പേരുകളും ആ സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നു. കമലാഹാരിസിനൊപ്പം മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമ, ഹിലരി ക്ലിന്റണ്‍ തുടങ്ങിയ പേരുകളും ചര്‍ച്ചയായി. ഒടുവില്‍ ബൈഡന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പൂര്‍ണ പിന്തുണ നല്‍കി കൂടെയുണ്ടായിരുന്ന കമലയ്ക്ക് തന്നെയാണ് നറുക്ക് വീണത്. ബൈഡന്‍ മാറിയ അവസരത്തില്‍ ഡെമോക്രാറ്റുകളെ നയിക്കാനുള്ള ഏറ്റവും മികച്ച ഓപ്ഷന്‍ കമല ഹാരിസെന്നാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ വിലയിരുത്തപ്പെട്ടത്.
ട്രംപിനെതിരെ കമലയോ എന്ന് ആദ്യഘട്ടത്തില്‍ സംശയമുന്നയിച്ചവര്‍ക്കുള്ള മറുപടിയായിരുന്നു പിന്നീട് കണ്ട ഇഞ്ചോടിഞ്ച് പോരാട്ടം. സംവാദങ്ങളിലും പ്രചാരണ വേദികളിലും ഇരു സ്ഥാനാര്‍ത്ഥികളും വാശിയേറിയ പോരാട്ടമാണ് കാഴ്ചവെച്ചത്. പണപ്പെരുപ്പം, നികുതി, ഗര്‍ഭച്ഛിദ്രം, കുടിയേറ്റം, വിദേശനയം, വ്യാപാരം, കാലാവസ്ഥ, ആരോഗ്യരംഗം, നിയമപരിപാലനം തുടങ്ങിയ വിഷയങ്ങള്‍ തിരഞ്ഞെടുപ്പില്‍ പോര്‍മുഖം തീര്‍ത്തു. സ്വിങ് സ്റ്റേറ്റുകള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കിയായിരുന്നു ഇരു പാര്‍ട്ടികളുടെയും പ്രചാരണം. കമലയ്ക്കെതിരെ ട്രംപ് നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങളും ചര്‍ച്ചയായി. പുറത്തുവന്ന ഭൂരിഭാഗം അഭിപ്രായ സര്‍വേകളും കമല ഹാരിസിന് മുന്‍തൂക്കം നല്‍കുന്നവയായിരുന്നു.
ഇതിനിടെ പെന്‍സില്‍വാനിയയിലെ ബട്ട്ലറിന് സമീപം നടന്ന പ്രചാരണ പരിപാടിക്കിടെയുണ്ടായ വധശ്രമത്തില്‍ നിന്ന് തലനാരിഴയ്ക്കായിരുന്നു ട്രംപ് രക്ഷപ്പെട്ടത്. ട്രംപിന്റെ വലതുചെവിയില്‍ പരിക്കേല്‍പ്പിച്ചാണ് വെടിയുണ്ട കടന്നുപോയത്. ആക്രമണം നടത്തിയ 20കാരന്‍ തോമസ് മാത്യു ക്രൂക്ക്സിനെ മിനിറ്റുകള്‍ക്കുള്ളില്‍ രഹസ്യാന്വേഷണ വിഭാഗം വധിച്ചു. പരിക്കേറ്റ് ചോരയൊലിക്കുന്ന നിലയില്‍ ട്രംപ് അമേരിക്കന്‍ പതാകയ്ക്ക് മുന്നില്‍ നിന്ന് മുദ്രാവാക്യം വിളിക്കുന്ന ചിത്രങ്ങള്‍ വലിയ മൈലേജ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നേടിക്കൊടുത്തുവെന്നതില്‍ സംശയമുണ്ടായിരുന്നില്ല. റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷന് രണ്ട് ദിവസം മുമ്പായിരുന്നു സംഭവം. ആക്രമണം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രചാരണ വേദികളില്‍ ട്രംപ് പ്രത്യക്ഷപ്പെട്ടു. പരിക്കേറ്റ ചെവിയില്‍ ബാന്‍ഡേജുമായാണ് ട്രംപ് പ്രചാരണത്തിനെത്തിയത്.
നവംബര്‍ അഞ്ചിനായിരുന്നു അമേരിക്കയില്‍ തിരഞ്ഞെടുപ്പ് നടന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ വോട്ടെണ്ണിയപ്പോള്‍ ഉജ്ജ്വല വിജയമാണ് ട്രംപ് സ്വന്തമാക്കിയത്. 538ല്‍ 312 ഇലക്ടറല്‍ വോട്ടുകള്‍ ട്രംപ് നേടി. സ്വിങ് സ്റ്റേറ്റുകളായ പെന്‍സില്‍വാനിയ, മിഷിഗണ്‍, നോര്‍ത്ത് കരോലിന, നെവാഡ, ജോര്‍ജിയ, അരിസോന തുടങ്ങിയിടങ്ങളിലെല്ലാം ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നതും.
2016ലെ തിരഞ്ഞെടുപ്പ് വിജയത്തില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ പ്രതീക്ഷിച്ചതിലും വലിയ സെനറ്റ് ഭൂരിപക്ഷത്തിലേക്ക് നയിക്കാന്‍ ട്രംപിന് സാധിച്ചു. സപ്പോര്‍ട്ടര്‍മാരുമായുള്ള ബന്ധവും ഗര്‍ഭച്ഛിദ്ര നിയമത്തില്‍ ഉള്‍പ്പടെ സ്വീകരിച്ച നിലപാടും ഉയര്‍ത്തിപ്പിടിച്ച തീവ്രദേശീയ മുഖവും ട്രംപിന് ഗുണമായെന്നാണ് വിലയിരുത്തല്‍. ട്രംപിന് പിന്തുണയുമായി ഇലോണ്‍ മസ്‌ക് എത്തിയതും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഗുണമായിട്ടുണ്ട്. ഇതേസമയം ബൈഡന്‍ ഭരണകൂടത്തോടുള്ള ജനങ്ങളുടെ അതൃപ്തി, പണപ്പെരുപ്പവും വിലക്കയറ്റവും ഗര്‍ഭഛിദ്രനിയമത്തിലെ കമല ഹാരിസിന്റെ നയം തുടങ്ങിയ ഘടകങ്ങള്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് തിരിച്ചടിയാവുകയും ചെയ്തു.
പിന്തുണയും ആത്മവിശ്വാസവും വര്‍ധിപ്പിച്ചാണ് ട്രംപ് ഓവല്‍ ഓഫീസിലേക്ക് കാലെടുത്ത് വെക്കുന്നത്. എന്നാല്‍ ആദ്യ ടേമില്‍ നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുള്ള രണ്ട് തവണ ഇംപീച്ച്മെന്റിന് വിധേയനായിട്ടുള്ള ട്രംപ് രണ്ടാം ടേമിനൊരുങ്ങുമ്പോള്‍ എന്തൊക്കെ മാറ്റങ്ങളാകും രാജ്യത്തെയും ലോകത്തെയും കാത്തിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. വരാനിരിക്കുന്ന ട്രംപിന്റെ നാല് വര്‍ഷം പ്രവചിക്കുക അത്ര എളുപ്പമല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ജനുവരി 20നാണ് ട്രംപിന്റെ സത്യപ്രതിജ്ഞ.
ട്രംപിന്റെ ആദ്യ ടേമിലെ ആഭ്യന്തര, വിദേശ നയങ്ങളില്‍ കൊണ്ടുവന്ന പരിഷ്‌ക്കാരങ്ങളുടെ തുടര്‍ച്ച രണ്ടാം ടേമില്‍ പ്രതീക്ഷിക്കാം. സാധാരണക്കാരുടെ ചെലവ് വര്‍ധിപ്പിക്കാതെയും പണപ്പെരുപ്പത്തിന് വഴിവെക്കാതെയും താരിഫുകളില്‍ മാറ്റം കൊണ്ടുവരാന്‍ ട്രംപിനാകുമോ എന്നാണ് അറിയേണ്ടത്. അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്കുള്ള താരിഫുകള്‍ വര്‍ധിപ്പിക്കുന്നത് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ ബാധിച്ചേക്കാം.
തന്റെ ആദ്യ എക്സിക്യൂട്ടീവ് ഓര്‍ഡറുകളില്‍ ഒന്നായി മെക്സികോ, കാനഡ എന്നീ രാജ്യങ്ങള്‍ക്ക് കനത്ത താരിഫ് ചുമത്തുന്ന നടപടിയുണ്ടാകുമെന്ന് ട്രംപ് സൂചന നല്‍കിയിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് വരുന്ന എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും 25 ശതമാനം നികുതി ഈടാക്കുമെന്നാണ് പ്രഖ്യാപനം. മാത്രമല്ല ചൈനയ്ക്ക് 25 ശതമാനത്തിന് പുറമെ 10 ശതമാനം അധിക നികുതി ചുമത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു.
ട്രംപ് വരുമ്പോള്‍ ആശങ്കയിലായിരിക്കുന്ന മറ്റൊരു വിഭാഗമാണ് കുടിയേറ്റക്കാര്‍. അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്നത് ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരിന്നു. ലക്ഷക്കണക്കിന് അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്നാണ് പ്രത്യക്ഷമായും പരോക്ഷമായും ട്രംപ് വിജയത്തിന് ശേഷം പറഞ്ഞിരിക്കുന്നത്. അമേരിക്കന്‍ ഐക്യനാടുകളില്‍ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കുമെന്നും ട്രംപ് അടുത്തിടെ പറഞ്ഞിരുന്നു. 150 വര്‍ഷത്തിലേറെയായി ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശത്തെ വിഡ്ഢിത്തമെന്നായിരുന്നു ട്രംപ് വിശേഷിപ്പിച്ചത്.
ഈ പ്രഖ്യാപനങ്ങള്‍ ട്രംപ് നടപ്പിലാക്കിയാല്‍ അത് ഇന്ത്യക്കാര്‍ അടക്കം ലക്ഷക്കണക്കിന് പേരെയാകും ബാധിക്കുക. എന്നാല്‍ ഇത് നടപ്പാക്കണമെങ്കില്‍ വൈറ്റ് ഹൗസ് അഭിമുഖീകരിക്കേണ്ട നിരവധി കടമ്പകളുണ്ട്. മാത്രമല്ല, നാടുകടത്തല്‍ നടപടികള്‍ നടപ്പാക്കുന്നതില്‍ രാഷ്ട്രീയമായി സങ്കീര്‍ണതകള്‍ ഉണ്ടാക്കാനും സാധ്യതയുണ്ട്.
മറ്റൊന്ന് വിദേശനയങ്ങളില്‍ അമേരിക്ക സ്വീകരിക്കാന്‍ പോകുന്ന മാറ്റങ്ങളാകും. ട്രംപ് അവകാശപ്പെട്ടതുപോലെ യുക്രെയിനിലെയും മിഡില്‍ ഈസ്റ്റിലെയും സംഘര്‍ഷം വേഗത്തില്‍ ശമിപ്പിക്കാനാകുമോ എന്നത് കാത്തിരുന്ന് കാണണം. റഷ്യ-യുക്രെയ്ന്‍ യുദ്ധവും ഇസ്രയേല്‍-ഹമാസ് സംഘര്‍ഷവും അവസാനിപ്പിക്കാന്‍ തനിക്കാകുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഇതെങ്ങനെ സാധിക്കുമെന്നതില്‍ ട്രംപ് വ്യക്തത വരുത്തിയിട്ടില്ല.
Content Highlights: what to expect in trump's second term explaining