ട്രൂഡോയ്ക്ക് അടിപതറുന്നോ? ട്രംപ് വരുമ്പോൾ പടിയിറക്കം; വീഴുന്നത് ഇന്ത്യക്ക് മുന്നിലോ?

കാനഡയിലെ രാഷ്ട്രീയ അസ്ഥിരതയിൽ അമേരിക്കയ്ക്ക് എന്ത് കാര്യം? ഇന്ത്യക്ക് മുന്നിൽ അടിതെറ്റി വീണോ ട്രൂഡോ?

dot image

ഒൻപത് വർഷത്തെ ഭരണത്തിന് ശേഷം കാനഡയിലെ ഭരണകക്ഷിയായ ലിബറൽ പാർട്ടി നേതാവ് ജസ്റ്റിൻ ട്രൂഡോ രാജി വെയ്ക്കുമെന്ന് റിപ്പോർട്ട്. ട്രൂഡോയു‌ടെ രാജി ഇന്ന് തന്നെയുണ്ടാകുമെന്നാണ് രാജ്യാന്തര വാർത്താ ഏജൻസിയായ റോയി‌ട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. തിരഞ്ഞെടുപ്പുകളിൽ ട്രൂഡോയുടെ പാർട്ടിയുടേത് മോശം പ്രകടനമാണെന്നും ജനങ്ങൾ പാർട്ടിയിൽ നിന്നും അകലുന്നുവെന്നും ഇനിയുള്ള തിരഞ്ഞെടുപ്പുകളിൽ പരാജയം ഉറപ്പാണെന്നുമുള്ള സർവ്വേ റിപ്പോർ‌ട്ട് പുറത്ത് വന്നിരിക്കുന്ന പശ്ചാത്തലത്തിലാണ് ട്രൂഡോയുടെ രാജി നീക്കം. ലിബറല്‍ പാര്‍ട്ടിയുടെ പ്രധാനപ്പെട്ട നേതൃയോഗം ബുധനാഴ്ച ചേരുന്നതിന് മുന്നോടിയായി ട്രൂഡോ നേതൃസ്ഥാനം രാജിവെച്ചേക്കുമെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യോഗത്തിൽ നാണം കെട്ട് പുറത്തുപോകേണ്ട സാഹചര്യം ഒഴിവാക്കാനാണ് ബുദ്ധിപരമായ നീക്കമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എല്ലാ ജീവനക്കാരോടും തിങ്കളാഴ്ച ജോലിക്ക് ഹാജരാകാന്‍ കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചതാണ് രാജി അഭ്യൂഹങ്ങള്‍ക്ക് ശക്തിപകരുന്നത്.

ട്രൂഡോ രാജി വെയ്ക്കുമെന്ന വാർത്ത പുറത്ത് വരുമ്പോൾ ചില ചോദ്യങ്ങളും ഉയരുന്നുണ്ട്. രാജിവെച്ചാലും കാവൽ പ്രധാനമന്ത്രിയായി ട്രൂഡോ തുടരുമോ?കാനഡയിലെ ഈ രാഷ്ട്രീയ പ്രതിസന്ധിക്ക് പിന്നിൽ ട്രൂഡോ മാത്രമാണോ? ‌ട്രംപ് വരുമ്പോൾ ‌ട്രൂഡോ ഭയക്കേണ്ടതുണ്ടോ?‌ കാനഡയിലെ രാഷ്ട്രീയ അസ്ഥിരതയിൽ അമേരിക്കയ്ക്ക് എന്ത് കാര്യം? ഇന്ത്യക്ക് മുന്നിൽ അടിതെറ്റി വീണോ ട്രൂഡോ? ട്രൂഡോയെ ജനവിരുദ്ധനാക്കിയത് ഇന്ത്യയോട് സ്വീകരിച്ച നിലപാടോ? കുടിയേറ്റവും പണപ്പെരുപ്പവും ട്രൂഡോയെ കൂപ്പുകുത്തിച്ചോ? ഉപപ്രധാനമന്ത്രിയായിരുന്ന ക്രിസ്റ്റിയാ ഫ്രീലാന്‍ഡിന്റെ മുന്നറിയിപ്പ് കാര്യമായി എടുത്തില്ലേ? ‌ട്രൂഡോ രാജിവെച്ചാൽ കാനഡയിൽ എന്ത് സംഭവിക്കും? ഇന്ത്യൻ വിദ്യാ‍ർഥികൾക്ക് ആശ്വാസമോ ഈ രാജി? വിശദമായി പരിശോധിക്കാം

എന്തുകൊണ്ട് രാജി?

സ്വന്തം പാര്‍ട്ടി പോലും തന്നോട് ഒപ്പമില്ലെന്ന് മനസിലാക്കിയ ട്രൂഡോ വേറേ പോംവഴികള്‍ ഇല്ലാത്തത് കൊണ്ടാണ് രാജി സമർപ്പിക്കുന്നതെന്നാണ് വിവരം. കനേഡിയന്‍ പാര്‍ലമെന്റിലെ ലിബറല്‍ പാര്‍ട്ടിയുടെ 153 എംപിമാരില്‍ 131-ഓളം പേരാണ് ട്രൂഡോയ്ക്ക് എതിരായി നിൽക്കുന്നത്. അനുകൂലിക്കുന്നവരാകട്ടെ 23 എംപിമാര്‍ മാത്രം. വോട്ടിങ് ശതമാനം കുറയുമെന്ന് ചൂണ്ടിക്കാണിച്ച് ലിബറൽ പാർട്ടി അംഗങ്ങൾ രാജിവയ്ക്കാൻ ട്രൂഡോയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നുവെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലിബറൽ നേതൃസ്ഥാനത്ത് നിന്ന് രാജിവെയ്ക്കുമോ അതോ പ്രധാനമന്ത്രി സ്ഥാനം രാജിവെയ്ക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ലിബറല്‍ പാര്‍ട്ടി ഇക്കാര്യത്തില്‍ എന്ത് നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഇപ്പോഴും വ്യക്തമല്ല.

ഈ നയങ്ങൾ തിരിച്ചടിയായി

പണപ്പെരുപ്പം, കുടിയേറ്റ നയം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ട്രൂഡോക്ക് വീഴ്ച സംഭവിച്ചുവെന്ന വിമർശനം ശക്തമാണ്. കുടിയേറ്റ നയത്തില്‍ തന്റെ സര്‍ക്കാരിന് തെറ്റുപറ്റിയെന്ന് ജസ്റ്റിന്‍ ട്രൂഡോ തന്നെ സമ്മതിച്ചതുമാണ്. ആ നയങ്ങളുടെ മറപറ്റി, വ്യാജ കോളേജുകളും വന്‍കിട കമ്പനികളും നിക്ഷിപ്തതാത്പര്യങ്ങള്‍ക്കുവേണ്ടി കുടിയേറ്റ സംവിധാനത്തെ ചൂഷണം ചെയ്യുന്ന സ്ഥിതിയും കാനഡയിൽ സംജാതമായി. കുടിയേറ്റക്കാര്‍ കൂടിയത് ഭവനപ്രതിസന്ധിയും പണപ്പെരുപ്പവുമുണ്ടാക്കി. മാത്രമല്ല കാനഡയിലെ ആരോഗ്യ, ഗതാഗത സംവിധാനങ്ങള്‍ മോശമായതും ട്രൂഡോയുടെ ഭരണവീഴ്ച്ചയായാണ് വിലയിരുത്തുന്നത്.

'ട്രംപിന് എന്താ ഈ വീട്ടിൽ കാര്യം'

'ട്രംപ് വരുമ്പോൾ ട്രൂഡോ ഇറങ്ങുന്നു', അമേരിക്കൻ പ്രസിഡന്റ് ആയി ട്രംപ് അധികാരത്തിൽ എത്തിയതും ട്രൂഡോയ്ക്ക് കനത്ത പ്രഹരമാണ് ഏൽപ്പിച്ചത്. ട്രംപ് അധികാരമേൽക്കുമ്പോൾ കാനഡയുടെ പ്രധാനമന്ത്രിയായി ജസ്റ്റിൻ ട്രൂഡോ തുടരുന്നതിൽ അർഥമില്ലെന്നാണ് വിമർശകരു‌ടെ പക്ഷം. യു എസ് ലിബറല്‍ പാര്‍ട്ടിയുടെ ക്യൂബെക്, ഒന്റാരിയോ, അറ്റ്‌ലാന്റിക് പ്രവിശ്യകളിലെ പ്രാദേശിക നേതൃത്വം ട്രൂഡോയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. മാത്രമല്ല, കാനഡയുടെ ഗവർണർ എന്ന് ട്രൂഡോയെ ട്രംപ് പരിഹസിച്ചതും വലിയ ചർച്ചയായിരുന്നു. കൂടാതെ കാനഡയില്‍ നിന്നു യുഎസിലേക്കുള്ള അനധികൃത കുടിയേറ്റവും ലഹരിക്കടത്തും അവസാനിപ്പിച്ചില്ലെങ്കില്‍ കാനഡയ്ക്കുമേല്‍ 25 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് തുറന്നടിച്ചിരുന്നു. അതായത് ട്രംപ് വന്നാൽ ട്രൂഡോയുടെ ഭരണനയങ്ങൾക്ക് എല്ലാം കനത്ത തിരിച്ചടിയായിരിക്കും.

ഇന്ത്യയെ പ്രകോപിപ്പിച്ച് മേടിച്ചതോ ജനവിരുദ്ധത

ഇന്ത്യയും കാനഡയും തമ്മിൽ നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ ട്രൂഡോയ്ക്ക് ജനപിന്തുണ നഷ്ടമായിരുന്നു. കാനഡയിലെ ന്യൂനപക്ഷങ്ങൾക്ക് എതിരെ ജനവിരുദ്ധനിലപാട് സ്വീകരിച്ച ട്രൂഡോയ്ക്ക് ഭരണവിരുദ്ധവികാരം തന്നെ നേരിടേണ്ടി വന്നു. നിജ്ജാർ വധത്തിന് പിന്നിൽ ഇന്ത്യയാണെന്ന ട്രൂഡോയുടെ ആരോപണത്തിന് വ്യക്തമായ തെളിവ് സമ‍ർപ്പിക്കാനാകാത്തതും തിരിച്ചടിയായി. ഇന്ത്യയിലെ കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയതും ട്രൂഡോയെ പ്രതിരോധത്തിലാക്കിയിരുന്നു.

രാജി ഇന്ത്യൻ വിദ്യാ‍ർഥികൾക്ക് ആശ്വാസമോ?

കുടിയേറ്റ നിയന്ത്രണം അടക്കം ജസ്റ്റിൻ ട്രൂഡോ കൊണ്ടുവന്ന മാറ്റങ്ങൾ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വലിയ ആശങ്കയായിരുന്നു സൃഷ്ടിച്ചത്. ഇത് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പിആർ അടക്കമുള്ള സ്വപ്നങ്ങൾക്ക് കനത്ത പ്രഹരമായിരുന്നു. ഇമിഗ്രേഷൻ, ബോർഡർ കൺട്രോൾ നയത്തിൽ കാര്യമായ മാറ്റവും കാനഡ കൊണ്ടുവന്നിരുന്നു. കനേഡിയൻ ഗവൺമെൻ്റ് രാജ്യത്തിന്റെ അതിർത്തികളിൽ "ഫ്ലാഗ്‌പോളിംഗ്" അവസാനിപ്പിക്കുകയും ചെയ്തു. ഇതും വിദേശ വിദ്യാർത്ഥികളുടെ വർക്ക് പെർമിറ്റ് എന്ന സ്വപ്നത്തിന് വലിയ തിരിച്ചടിയായിരുന്നു. കാനഡയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളോട് സ്റ്റഡി പെർമിറ്റുകൾ, വിസകൾ തുടങ്ങിയ വിദ്യാഭ്യാസ രേഖകൾ വീണ്ടും സമർപ്പിക്കാൻ കാനഡ നിർദ്ദേശം നൽകിയിരുന്നു. ഇതും വിദ്യാർഥികൾക്കിടയിൽ തലവേദനയായി. ട്രൂഡോയുടെ രാജിയോടെ ഈ നിബന്ധനകൾക്ക് ഒക്കെ താത്കാലിക ഇളവ് പ്രതീക്ഷിക്കാം

ഇനി കാനഡയിൽ എന്ത് ?

അനാവശ്യമായി തിരഞ്ഞെടുപ്പിനെ നേരിടാന്‍ ലിബറൽ പാര്‍ട്ടിക്ക് താത്പര്യമില്ലെന്നാണ് റിപ്പോർട്ട്. അതിനാൽ ട്രൂഡോ പാര്‍ട്ടി നേതൃസ്ഥാനം മാത്രം രാജിവെക്കും. പ്ര​ധാനമന്ത്രി സ്ഥാനം രാജിവെച്ചാൽ കാവൽ പ്രധാനമന്ത്രിയായി തുടരാനും സാധ്യതയുണ്ട്. ലിബറല്‍ പാര്‍ട്ടി പുതിയ നേതാവിനെ തിരഞ്ഞെടുക്കാന്‍ നാല് മാസം വരെയെടുക്കും. ട്രൂഡോ രാജിവച്ചാൽ, പാർട്ടി ഒരു പ്രത്യേക നേതൃത്വ കൺവെൻഷൻ രൂപീകരിച്ച് ഒരു ഇടക്കാല നേതാവിനെ പ്രധാനമന്ത്രിയായി ചുമതലപ്പെടുത്തും. പാർട്ടിക്കുള്ള വെല്ലുവിളി, ഈ കൺവെൻഷൻ തന്നെ ക്രമീകരിക്കാൻ മാസങ്ങളെടുക്കും, അതിനുമുമ്പ് ഒരു തിരഞ്ഞെടുപ്പ് നടന്നാൽ, അംഗങ്ങൾ തിരഞ്ഞെടുക്കാത്ത ഒരു പ്രധാനമന്ത്രിയുടെ കൈകളിലായിരിക്കും പാർട്ടി. കാനഡയിൽ ഇത് മുൻപ് ഒരിക്കലും സംഭവിച്ചിട്ടില്ല. ഇത് ഒരുവിഭാ​ഗം അം​ഗങ്ങളിൽ പ്രതിഷേധത്തിന് കാരണമായേക്കാം.

Content Highlights: Canadian PM Justin Trudeau To Resign

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us