ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിയില്‍ നടത്തിയ ആഡംബരവത്കരണത്തെ കുറിച്ച് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. 33.66 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് കെജ്‌രിവാളിന്റെ കാലത്ത് ഡല്‍ഹി സിവില്‍ ലൈനിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടത്തിയിരിക്കുന്നതെന്നാണ് സി.എ.ജിയുടെ കണ്ടെത്തല്‍. അതിന്റെ കണക്കുകള്‍ ഇങ്ങനെയാണ്. മുഖ്യമന്ത്രിയായി എത്തിയതിന് പിന്നാലെ 7.91 കോടി രൂപ വീട് മോടി കൂട്ടാനായി ചെലവിട്ടു. 2020ല്‍ 8.62 കോടി രൂപ ചെലവാക്കി. ആകെ നടന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവാണ് 33.66 കോടി രൂപ.
വീടിന്റെ ഡ്രോയിംഗ് റൂമില്‍ തൂക്കിയിരിക്കുന്ന കര്‍ട്ടന്റെ വില 99 ലക്ഷമാണ്. അടുക്കള സാധനങ്ങള്‍ 39 ലക്ഷം, മിനി തിയേറ്റര്‍ 20.34 ലക്ഷം, വ്യായാമ മുറി 18.52 ലക്ഷം, കാര്‍പ്പെറ്റ് 16.27 ലക്ഷം, മിനി ബാര്‍ 4.80 ലക്ഷം, മാര്‍ബിള്‍ സ്റ്റോണ്‍ വാള്‍ 20 ലക്ഷം, സോഫ 6.40 ലക്ഷം, ബെഡ് 3.99 ലക്ഷം, കണ്ണാടി 2.39 ലക്ഷം, ടൈല്‍സ് 14 ലക്ഷം അങ്ങനെ പോകുന്ന ചെലവുകള്‍ എന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.
മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് വിശ്വസ്തയായ അതിഷിയെ മുഖ്യമന്ത്രിയാക്കിയ ശേഷം ഡല്‍ഹി ഫിറോസ് ഷാ റോഡിലെ അഞ്ചാം നമ്പര്‍ വസതിയിലേക്ക് മാസങ്ങള്‍ക്ക് മുമ്പ് കെജ്രിവാള്‍ മാറിയിരുന്നു. അതിനുശേഷമാണ് മുമ്പ് താമസിച്ച വീടിന്റെ ദൃശ്യങ്ങളൊക്കെ ഇപ്പോള്‍ പുറത്തുവരുന്നത്. ആഡംബര വീടിന്റെ ദൃശ്യങ്ങള്‍ ഡല്‍ഹിയില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചയായി കഴിഞ്ഞു. അടുത്ത ദിവസങ്ങളില്‍ ഡല്‍ഹി യില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ പോവുകയാണ്. അടുത്ത മാസം ആദ്യം ദില്ലിയില്‍ തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. കെജ്രിവാള്‍ സ്വര്‍ണ്ണം പൂശിയ ടോയ്‌ലറ്റ് സീറ്റാണ് ഉപയോഗിച്ചതെന്ന ആരോപണമാണ് ബിജെപി ഉയര്‍ത്തുന്നത്. 33 കോടിയല്ല, 80 കോടി രൂപ ചെലവിട്ടാണ് അരവിന്ദ് കെജ്‌രിവാള്‍ മുഖ്യമന്ത്രിയുടെ വസതി ആഡംബരവത്കരിച്ചതെന്നും ബിജെപി ആരോപിക്കുന്നു.
കെജ്രിവാള്‍ വന്ന വഴി
മുഷിഞ്ഞ ഷര്‍ട്ടും തൊണ്ട പൊട്ടിയുള്ള മുദ്രാവാക്യങ്ങളുമായി ഒരു കുറിയ മനുഷ്യന്‍. ചുമച്ചുചുമച്ച് തളര്‍ന്നുവീഴുന്ന അവസ്ഥയില്‍ ഡല്‍ഹി ജനതക്ക് മുമ്പിലേക്ക് എത്തിയ ആ പാവം കെജ്‌രിവാള്‍ പിന്നീട് മുഖ്യമന്ത്രിയായി. സിവില്‍ സര്‍വ്വീസ് ഉദ്യോഗം രാജിവെച്ച് പൊതുസേവനത്തിന് ഇറങ്ങിയ നേതാവ്. ആദ്യം വിവാരാവകാശ നിയമത്തിന് വേണ്ടിയായിരുന്നു പോരാട്ടം. ആ പോരാട്ടം വിജയിച്ചു. ആര്‍.ടി.ഐ നിയമം നിയമം നിലവില്‍ വന്നു. പിന്നീട് അണ്ണാഹസാരേക്കൊപ്പം യു.പി.എ കാലത്തെ അഴിമതിക്കെതിരായ പോരാട്ടം. 2 ജി സ്‌പെക്ട്രം, കല്‍ക്കരി അഴിമതിക്കെതിരെ ലോക്പാല്‍ ആവശ്യപ്പെട്ട് നടന്ന സത്യാഗ്രഹ സമരം ദേശീയതലത്തില്‍ വലിയ കൊടുങ്കാറ്റായി. സമരങ്ങളുടെ പാതയില്‍ നിന്ന് പെട്ടെന്നായിരുന്നു ഒരു രാഷ്ട്രീയ പാര്‍ടിയായി അരവിന്ദ് കെജ്‌രിവാള്‍ മാറിയത്. ചൂല്‍ ചിഹ്നമാക്കി ആംആദ്മി പാര്‍ടി പ്രഖ്യാപിച്ചു. ദില്ലിയിലെ വലിയ തരംഗമായി പിന്നീട് ആംആദ്മി പാര്‍ടി. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വാരാണസിയില്‍ മോദിക്കെതിരെ മത്സരിച്ച് ദേശീയതലത്തില്‍ തന്നെ കെജ്‌രിവാള്‍ ഹീറോ ആയി. പിന്നീട് ഡല്‍ഹിയില്‍ കെജ്രിവാള്‍ അധികാരത്തില്‍ എത്തി. മോദി ഇന്ത്യ ഭരിക്കുമ്പോള്‍ ഡല്‍ഹി അരവിന്ദ് കെജ്‌രിവാള്‍ ഭരിച്ചു.
ഡല്‍ഹിയില്‍ സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് നല്ല മാറ്റങ്ങളാണ് കെജ്‌രിവാള്‍ സര്‍ക്കാര്‍ കൊണ്ടുവന്നത്. വൈദ്യുതി വിതരണം രംഗവും കുടിവെള്ള വിതരണ രംഗവും ശുദ്ധീകരിച്ചു. നല്ല തീരുമാനങ്ങള്‍. ഡല്‍ഹി ജനത രണ്ടാമതൊരിക്കല്‍ കൂടി കെജ്‌രിവാളിനെ അധികാരത്തിലേറ്റി. രണ്ടാം സര്‍ക്കാര്‍ കെജ്‌രിവാളിന് അത്ര നല്ല കാലമായിരുന്നില്ല. തുടക്കത്തില്‍ തന്നെ ആരോഗ്യ മന്ത്രിയായിരുന്ന സത്യേന്ദ്ര ജയിന്‍ അഴിമതി കേസില്‍ ജയിലിലായി. തൊട്ടുപിന്നാലെ വലംകയ്യായിരുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ജയിലിലേക്ക് പോയി. ഡല്‍ഹി മദ്യക്കോഴ കേസിലായിരുന്നു ആ അറസ്റ്റ്. അതിന്റെ തുടര്‍ച്ചയില്‍ മുഖ്യമന്ത്രിയായ അരവിന്ദ് കെജ്‌രിവാളും ജയിലിലായി. അങ്ങനെ മുഖ്യമന്ത്രിയായിരിക്കെ തന്നെ ജയിലില്‍ കിടന്ന ആദ്യത്തെ വ്യക്തികൂടിയായി അരവിന്ദ്കെജ്‌രിവാള്‍ മാറി. ജയില്‍ മോചനത്തിന് ശേഷം മുഖ്യമന്ത്രിപദം രാജിവെച്ചാണ് രാഷ്ട്രീയ കരുനീക്കങ്ങള്‍ക്കായി കെജ്‌രിവാള്‍ വീണ്ടും ഇറങ്ങി. അതിനിടയിലാണ് ഇപ്പോള്‍ ആഡംബര വീട് വിവാദം കെജ്‌രിവാളിനെ വീണ്ടും ആക്രമിക്കുന്നത്.
അരവിന്ദ് കെജ്‌രിവാളും ഭാര്യ സുനിതയും ഇന്ത്യന്‍ റവന്യു സര്‍വ്വീസ് ഉദ്യോഗസ്ഥരായിരുന്നു. അഴിമതിക്കെതിരായ കുരിശുയുദ്ധം നടത്തുന്ന വ്യക്തിയായാണ് കെജ്‌രിവാള്‍ വാഴ്ത്തപ്പെട്ടത്. പക്ഷെ, ഇപ്പോള്‍ പുറത്തുവരുന്ന കഥകള്‍ സത്യമെങ്കില്‍ അത് കെജ്‌രിവാള്‍ എന്ന രാഷ്ട്രീയ നേതാവിന്റെ തകര്‍ച്ചയുടെ തുടക്കമാകാന്‍ കൂടി സാധ്യതയുണ്ട്. ദില്ലിയില്‍ അരവിന്ദ് കെജ്‌രിവാള്‍ പല പ്രശ്‌നങ്ങളുടെയും പരിഹാരമായിരുന്നു. അതുകൊണ്ടാണ് ഷീലാ ദീക്ഷിത് സര്‍ക്കാര്‍ താഴെ വീണതും ഡല്‍ഹി പിടിക്കാന്‍ ബിജെപിക്ക് ഇതുവരെ സാധിക്കാതിരുന്നതും. പക്ഷെ ഇപ്പോള്‍ കാര്യങ്ങള്‍ മാറുന്നതിന്റെ സൂചന ഡല്‍ഹിയില്‍ കാണാം.
ഡല്‍ഹിയില്‍ നടക്കുന്ന ഇത്തവണത്തെ തെരഞ്ഞെടുപ്പ് ആംആദ്മി പാര്‍ട്ടിയെ സംബന്ധിച്ച് ഇതോടെ നിലനില്പിന്റെ കൂടി പോരാട്ടമാണ്. ഡല്‍ഹി പിടിക്കാന്‍ എല്ലാ തന്ത്രങ്ങളും ബിജെപി പുറത്തെടുക്കുന്നു. ഷീലാദീക്ഷിതിന് ശേഷം അതുപോലൊരു തലപ്പൊക്കമുള്ള കോണ്‍ഗ്രസ് നേതാവ് ഇതുവരെ ഡല്‍ഹിയില്‍ ഉണ്ടായിട്ടില്ല. ഷീലാ ദീക്ഷിതിന്റെ മകന്‍ സന്ദീപ് ദീക്ഷിതാണ് തല്‍ക്കാലം ഡല്‍ഹിയുടെ കോണ്‍ഗ്രസ് മുഖമായി തുടരുന്നത്. ആംആദ്മി പാര്‍ട്ടിയുമായുള്ള സീറ്റുധാരണകള്‍ പൊളിഞ്ഞതോടെ കോണ്‍ഗ്രസ് തനിച്ച് മത്സരിക്കുകയാണ്. ഏതായാലും കെജ്‌രിവാളിന് തെരഞ്ഞെടുപ്പിന് മുമ്പ് കിട്ടിയിരിക്കുന്നത് എട്ടിന്റെ പണി തന്നെയാണ്. അത് മറികടന്ന് വീണ്ടും കെജ്‌രിവാളിന് ഡല്‍ഹി പിടിക്കാന്‍ സാധിക്കുമോ എന്ന് കാത്തിരുന്ന് കാണാം.
Content Highlights: Will Kejriwal's anti-corruption image crumble in the luxury of the Seesh Mahal?