അശുതോഷ് മഹാരാജ് എന്ന ആത്മീയനേതാവ്, നെയ്യാറ്റിന്‍കരയിലെ സമാധി വിഷയത്തോടെ ഈ പേര് വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്. മരിച്ച് 11 വര്‍ഷമായിട്ടും അശുതോഷിന്റെ മൃതദേഹം സംസ്‌കരിച്ചിട്ടില്ല. കര്‍ശന സുരക്ഷയില്‍ പഞ്ചാബിലെ ആശ്രമത്തിലെ ഒരു മുറിയിലെ ഫ്രീസറില്‍ അശുതോഷിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. തങ്ങളുടെ നേതാവ് ധ്യാനത്തിലാണെന്നും ഒരിക്കല്‍ എഴുന്നേല്‍ക്കുമെന്നുമുള്ള വിശ്വാസത്തിലാണ് 'അനുയായികള്‍'.
ദിവ്യജ്യോതി ജാഗൃതി സന്‍സ്ഥാന്‍ സ്ഥാപകനായിരുന്ന അശുതോഷ് മഹാരാജ് 2014 ജനുവരി 29-നാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. നെഞ്ചുവേദനയെ തുടര്‍ന്നാണ് അശുതോഷിനെ ആശുപത്രിയിലെത്തിച്ചത്. പരിശോധനയില്‍ ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചു. എന്നിട്ടും അദ്ദേഹത്തിന്റെ അനുയായികള്‍ വിശ്വസിക്കുന്നത് തങ്ങളുടെ ഗുരു ഗാഢമായ ധ്യാനത്തിലാണെന്നും ഏത് നിമിഷവും എഴുന്നേല്‍ക്കുമെന്നുമാണ്. ഇപ്പോഴും അദ്ദേഹത്തിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന മുറിക്ക് അവര്‍ കാവല്‍ നില്‍ക്കുകയാണ്.
ഇന്ത്യയുടെ ചരിത്രത്തില്‍ മുമ്പും ഇത്തരത്തില്‍ നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ടെന്നാണ് ഇവര്‍ പറയുന്നത്. ഹിമാലയത്തിലെ ഉയര്‍ന്ന കൊടുമുടികളില്‍ തണുത്തുറഞ്ഞ അന്തരീക്ഷത്തില്‍ ആത്മീയഗുരുക്കള്‍ 'സമാധി'യിലേക്ക് പോയിട്ടുണ്ടെന്നും പിന്നീട് ഇവര്‍ ജീവിതത്തിലേക്ക് മടങ്ങിയെത്തിയിട്ടുണ്ടെന്നും ആശ്രമത്തിലുള്ളവര്‍ പറയുന്നു. ജലന്ധറിലുള്ള ആശ്രമത്തില്‍ മൈനസ് 22 ഡിഗ്രി തണുപ്പിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. മൃതദേഹം സൂക്ഷിച്ചിരിക്കുന്നിടത്തേക്ക് മറ്റാര്‍ക്കും പ്രവേശിക്കാന്‍ അനുവാദവുമില്ല.
ബിഹാറിലെ ദര്‍ഭംഗ ജില്ലയിലെ ഒരു ഗ്രാമത്തില്‍ 1946ലായിരുന്നു അശുതോഷിന്റെ ജനനമെന്നാണ് പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകളില്‍ പറയുന്നത്. വിവാഹിതനായി 18 മാസത്തിന് ശേഷം തന്റെ ഭാര്യയെും കുഞ്ഞനെയും ഉപേക്ഷിച്ച് അശുതോഷ്, മാനവ് ഉത്ഹാന്‍ സേവ സമിതിയുടെ സ്ഥാപകന്‍ സത്പാല്‍ മഹാരാജിന്റെ ശിഷ്യത്വം സ്വീകരിച്ചു. 1983ലാണ് സ്വന്തമായി ദിവ്യജ്യോതി ജാഗൃതി സന്‍സ്ഥാന്‍ എന്ന പേരില്‍ ആശ്രമം സ്ഥാപിക്കുന്നത്. പതിയെ പതിയെ വളര്‍ന്ന അശുതോഷിന്റെ ആശ്രമത്തിന്റെ പേരില്‍ ഇന്ന് ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി സ്ഥാപനങ്ങളും ഏക്കറ് കണക്കിന് ഭൂമികളും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
അശുതോഷിന്റെ മരണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 'ധ്യാനവാദ'വുമായി ആശ്രമത്തിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. അശുതോഷ് മരിച്ചിട്ടില്ല, ഗാഢമായ ധ്യാനത്തിലാണെന്നായിരുന്നു വാദം. ആദ്യം മരണാനന്തര ചടങ്ങുകളെ കുറിച്ച് ചര്‍ച്ച ചെയ്തവരാണ് പിന്നീട് ഈ എതിര്‍വാദമുന്നയിച്ചത്. അങ്ങനെ ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു.
അശുതോഷിന്റെ മകനെന്ന് അവകാശപ്പെട്ട് ദലിപ് കുമാര്‍ ഝാ എന്നയാള്‍ രംഗത്തെത്തിയതോയാണ് ആത്മീയ നേതാവിന്റെ മരണം ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന തരത്തില്‍ വലിയ വിവാദമായത്. അശുതോഷിന്റെ മൃതദേഹം ഹിന്ദു ആചാര പ്രകാരം സംസ്‌കരിക്കണമെന്നും അന്ത്യകര്‍മ്മങ്ങള്‍ ആചാരപ്രകാരം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. അനുയായികള്‍ ഇത് എതിര്‍ത്തതോടെ സംഭവം കോടതിയിലെത്തി. വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ കോടതി വിധി അനുയായികള്‍ക്ക് അനുകൂലമായി.
അശുതോഷ് മഹാരാജിന്റെ മരണത്തില്‍ ഇപ്പോഴും വാദപ്രതിവാദങ്ങള്‍ നടക്കുകയാണ്. അശുതോഷ് തിരിച്ചുവരുമെന്ന് വിശ്വസിക്കുന്ന വലിയൊരു വിഭാഗം ഇപ്പോഴുമുണ്ട്. എന്നാല്‍ മൃതദേഹം സൂക്ഷിക്കാനുള്ള അനുയായികളുടെ തീരുമാനത്തിന്‍ പിന്നില്‍ മറ്റ് ചില ഉദ്ദേശങ്ങളുണ്ടെന്നും പറയുന്നവരുണ്ട്. ആശ്രമത്തിന്റെ സ്വത്തുക്കളുടെയും അശുതോഷിന്റെ പിന്തുടര്‍ച്ചക്കാരന്‍ ആരാകുമെന്നതിന്റെയും പേരില്‍ ഉടലെടുത്ത തര്‍ക്കങ്ങളാണ് ഇങ്ങനൊരു തീരുമാനമെടുക്കാന്‍ ഇവരെ പ്രേരിപ്പിച്ചതെന്നാണ് ആശ്രമത്തിനുള്ളിലെ ചിലര്‍ പിന്നീട് പ്രതികരിച്ചിരിച്ചത്. എന്നാല്‍ ഇക്കാര്യങ്ങളൊന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
Content Highlights: Clinically Dead Seer Kept Alive By The Faith Of His Followers, Story Of Ashutosh Maharaj