നിർണായകമായത് ഷാരോണിന്റെ മരണമൊഴി, രണ്ട് മാസം കൊണ്ട് വിചാരണ പൂർത്തിയായി; പാറശ്ശാല കേസിന്റെ നാൾവഴികൾ

പതിനൊന്ന് ദിവസം ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് ഷാരോൺ മരണത്തിന് കീഴടങ്ങുന്നത്

dot image

പാറശ്ശാല ഷാരോൺ വധക്കേസിൽ കോടതി വിധി പറഞ്ഞു. കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയും അമ്മാവൻ നിർമലകുമാരൻ നായരും പ്രതികളാണെന്ന് കോടതി വിധിച്ചു. അമ്മ സിന്ധു കുറ്റക്കാരിയല്ലെന്ന് കണ്ട് കോടതി വെറുതെ വിടുകയും ചെയ്തു. കേസിൽ ശിക്ഷാവിധി ശനിയാഴ്ച പ്രഖ്യാക്കും.

ഷാരോണിന്റെ മരണം കഴിഞ്ഞ് രണ്ട് വർഷം കഴിയുമ്പോഴാണ് കേസിൽ വിചാരണ പൂർത്തിയാക്കി നെയ്യാറ്റിൻകര അഡീഷ്ണൽ സെഷൻസ് കോടതി വിധി പറഞ്ഞിരിക്കുന്നത്. 2022 ഒക്ടോബറിലായിരുന്നു കേരളത്തിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്.

നാലുവർഷമായി പ്രണയത്തിലായിരുന്നു ഷാരോണും ഗ്രീഷ്മയും. ഇരുവരുടെയും പ്രണയം ഗ്രീഷ്മയുടെ വീട്ടിലറിഞ്ഞതോടെ ബന്ധത്തിൽ നിന്ന് പിന്മാറാൻ ഗ്രീഷ്മയോട് കുടുംബം ആവശ്യപ്പെടുകയും മറ്റൊരു വിവാഹാലോചന ഉറപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഷാരോണിനെ ബന്ധത്തിൽ നിന്ന് ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും ഷാരോൺ പിന്മാറാൻ തയ്യാറാിരുന്നില്ല. തുടർന്നാണ് ഗ്രീഷ്മയും കുടുംബവും ഷാരോണിനെ ബന്ധത്തിൽ നിന്ന് പിന്മാറാൻ പദ്ധതി തയ്യാറാക്കുന്നത്.

ഷാരോണിനെ വീട്ടിലേക്ക് ക്ഷണിച്ച ഗ്രീഷ്മ വിഷം കലർത്തിയ കഷായം നൽകുകയായിരുന്നു. ഗ്രീഷ്മയുമായി കണ്ടുമുട്ടി തിരികെ വീട്ടിലേക്ക് പോകുന്നതിനിടെ ഷാരോൺ ഛർദ്ദിച്ച് അവശനാകുകയും ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

പതിനൊന്ന് ദിവസം ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് ഷാരോൺ മരണത്തിന് കീഴടങ്ങുന്നത്. ഗ്രീഷ്മ നൽകിയ കഷായം കുടിച്ചിരുന്നതായി മജിസ്ട്രേറ്റിന് മുന്നിൽ ഷാരോൺ മരണമൊഴി നൽകിയിരുന്നു. എന്നാൽ ഗ്രീഷ്മ തന്നെ അപായപ്പെടുത്തുമെന്ന് കരുതുന്നില്ലെന്നും ഷാരോൺ മൊഴി നൽകിയിരുന്നു.

തുടർന്ന് കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണസംഘം ശാസത്രീയ തെളിവുകളുടെയും ചോദ്യം ചെയ്യലിന്റെയും അടിസ്ഥാനത്തിൽ ഗ്രീഷ്മയെ അറസ്റ്റ് ചെയ്തു. കേസിൽ തെളിവുകൾ നശിപ്പിച്ചതിന് ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമലകുമാരൻ നായർ എന്നിവരെയും കേസിൽ പ്രതി ചേർത്തിരുന്നു. തുടർന്ന് 2023 ജനുവരി 25 പൊലീസ് കുറ്റപ്പത്രം സമർപ്പിക്കുകയും തുടർന്ന് കഴിഞ്ഞ ഒക്ടോബറിൽ വിചാരണം ആരംഭിക്കുകയും ചെയ്തു. 2025 ജനുവരി 17 ന് വിധി പറയുകയായിരുന്നു.


പാറശ്ശാല ഷാരോൺ വധക്കേസ് നാൾവഴികൾ

ഗ്രീഷ്മയ്ക്ക് മറ്റൊരു വിവാഹാലോചന വന്നതോടെ ഷാരോണിനെ കൊലപ്പെടുത്താൻ തീരുമാനിക്കുന്നു.

  • 2022 ഒക്ടോബർ 13 - ഷാരോണിനെ വീട്ടിൽ മറ്റാരുമില്ലാത്ത ദിവസത്തേക്ക് ഗ്രീഷ്മ വിളിച്ചു
  • 2022 ഒക്‌ടോബർ 14 - ഷാരോൺ ഗ്രീഷ്മയുടെ വീട്ടിലെത്തി, തുടർന്ന് വിഷം കലർത്തിയ കഷായവും ജ്യൂസും കഴിച്ചു. തിരികെ പോകുന്നതിനിടെ അവശനായ ഷാരോൺ പാറശ്ശാല ആശുപത്രിയിൽ ചികിത്സ തേടി
  • 2022 ഒക്ടോബർ 15- ആരോഗ്യസ്ഥിതി മോശമായ ഷാരോണിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചു
  • 2022 ഒക്ടോബർ 16- ഷാരോണിനെ ഇഎൻടി ഡോക്ടറെ കാണിക്കുന്നു
  • 2022 ഒക്ടോബർ 18- ആരോഗ്യസ്ഥിതി മോശമായ ഷാരോണിനെ മെഡിക്കൽ കോളജ് ഐസിയുവിൽ പ്രവേശിപ്പിച്ചു
  • 2022 ഒക്ടോബർ 20- മജിസ്‌ട്രേറ്റ് ആശുപത്രിയിൽ എത്തുകയും ഷാരോണിന്റെ മൊഴിയെടുക്കുകയും ചെയ്തു. ഗ്രീഷ്മയുടെ വീട്ടിൽ നിന്ന് കഷായം കഴിച്ചിരുന്നെന്നും എന്നാൽ ഗ്രീഷ്മ തന്നെ അപായപ്പെടുത്തുമെന്ന് കരുതുന്നില്ലെന്നും ഷാരോണിന്റെ മൊഴി
  • 2022 ഒക്ടോബർ 21- പാറശാല പൊലീസ് ഷാരോണിന്റെ മൊഴിയെടുത്തു
  • 2022 ഒക്ടോബർ 25- ആശുപത്രിയിൽ വെച്ച് ഷാരോൺ മരിച്ചു
  • 2022 ഒക്ടോബർ 26- കുടുംബം പൊലീസിൽ പരാതി നൽകി
  • 2022 ഒക്ടോബർ 28- ഷാരോണിൻറെ ബന്ധുക്കളുടെ ആരോപണം തെറ്റാണെന്ന് പാറശാല പൊലീസ്
  • 2022 ഒക്ടോബർ 29- വിവാദങ്ങൾക്കൊടുവിൽ കേസ് ക്രൈം ബ്രാഞ്ച് എറ്റെടുത്തു.
  • 2022 ഒക്ടോബർ 30- ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിനിടെ ഗ്രീഷ്മ കുറ്റം സമ്മതിച്ചു
  • 2022 ഒക്ടോബർ 31- ഗ്രീഷ്മയുടെ അറസ്റ്റ് രജിസ്റ്റർ ചെയ്തു. ഷാരോണിനെ ഒഴിവാക്കാൻ പലവഴി ശ്രമിച്ച് പരാജയപ്പെട്ടതോടെയാണ് കൊലപാതകം നടത്തിയതെന്ന് ഗ്രീഷ്മ മൊഴി നൽകി. ഷാരോണിന്റെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. കഷായത്തിൽ തുരിശ് കലർത്തിയിരുന്നെന്ന് തെളിഞ്ഞു. ശാസ്ത്രീയ തെളിവുകളും ഗ്രീഷ്മയ്ക്ക് എതിരായിരുന്നു. നേരത്തെയും ഷാരോണിനെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി.
  • 2022 നവംബർ 1- ടോയ്‌ലെറ്റ് ക്ലീനർ കഴിച്ച് ഗ്രീഷ്മ പൊലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു.
  • 2023 ജനുവരി 25- കേസിൽ കുറ്റപ്പത്രം സമർപ്പിച്ചു. ആദ്യം തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിൽ പ്രവേശിപ്പിച്ച ഗ്രീഷ്മയെ സഹതടവുകാരുടെ പരാതിയെ തുടർന്ന് മാവേലിക്കര ജയിലിലേക്ക് മാറ്റി
  • 2023 സെപ്റ്റംബർ 26- കേസിൽ ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. അതേസമയം കേസ് തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്ന ഹർജി ഹൈക്കോടതി തള്ളി
  • 2024 ഒക്ടോബർ 15 - കേസിൽ വിചാരണ ആരംഭിച്ചു. രണ്ട് മാസം കൊണ്ട് വിചാരണ പൂർത്തിയായി
  • 2025 ജനുവരി 17- കേസിൽ ഗ്രീഷ്മയും അമ്മാവൻ നിർമലകുമാരൻ നായരും പ്രതികളാണെന്ന് കോടതി വിധിച്ചു. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു.

Content Highlights: Parashala Sharon Murder case timeline

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us