കുടിയേറ്റം, വിദേശനയം, ക്രിപ്‌റ്റോ കറന്‍സി... രണ്ടാമൂഴത്തിൽ ട്രംപ് ലോകം മാറ്റിമറിയ്ക്കുമോ?

അധികാരത്തിലെത്തി ആദ്യ ദിനം തന്നെ തന്റെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്ന ഉത്തരവുകളുണ്ടാകുമെന്നാണ് ട്രംപിന്റെ ഉറപ്പ്. ഇങ്ങനെയെങ്കില്‍ കുടിയേറ്റം, വിദേശനയം, കാലാവസ്ഥ തുടങ്ങിയ വിഷയങ്ങളില്‍ ആദ്യദിനം തന്നെ എക്‌സിക്യൂട്ടീവ് ഓര്‍ഡറുകള്‍ പ്രതീക്ഷിക്കാം.

ജെയ്ഷ ടി കെ
1 min read|20 Jan 2025, 11:38 am
dot image

ലാപവും വിവാദങ്ങളുമൊക്കെയായി ഒരിക്കല്‍ പടിയിറങ്ങിയ ഇടത്തേക്ക് ഡൊണാള്‍ഡ് ട്രംപ് തിരിച്ചെത്തുകയാണ്. ഓവല്‍ ഓഫീസിലേക്ക്, അമേരിക്കന്‍ പ്രസിഡന്റെന്ന ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ പദവിയിലേയ്ക്ക് ട്രംപ് തിരിച്ചെത്തുന്നു. യുഎസ് ക്യാപിറ്റോൾ മന്ദിരത്തില്‍ നടക്കുന്ന ചടങ്ങില്‍ അമേരിക്കയുടെ 47-ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കും. സ്ഥാനാരോഹണത്തിന് പിന്നാലെ ഏഴായിരത്തിലധികം പേര്‍ പങ്കെടുക്കുന്ന പരേഡും ഉണ്ടാകും.

കൂടുതല്‍ കരുത്തനായാണ് ട്രംപ് തന്റെ രണ്ടാം ടേമില്‍ അധികാരത്തിലേറുന്നത്. കൃത്യമായ അജണ്ടയും പദ്ധതികളും ട്രംപ് ടീമിന് ഇത്തവണയുണ്ട്. പക്ഷെ ട്രംപിന്റെ രീതികൾ പ്രവചനാതീതമായതുകൊണ്ടു തന്നെ എന്തൊക്കെയാകും ട്രംപെന്ന ഭരണാധികാരി ചെയ്യാന്‍ പോകുന്നതെന്നത് ഇപ്പോഴും അവ്യക്തമാണ്.

ക്യാപിറ്റോളിലേക്ക് തിരികെ

നാല് വര്‍ഷം മുമ്പ് ജോ ബൈഡനോട് പരാജയപ്പെട്ട ട്രംപ് അധികാരമൊഴിയാന്‍ വിസമ്മതിച്ച് കാട്ടിക്കൂട്ടിയ പൊല്ലാപ്പുകള്‍ ചില്ലറയായിരുന്നില്ല. ട്രംപ് അനുകൂലികളുടെ നേതൃത്വത്തില്‍ നടന്ന ക്യാപ്പിറ്റോള്‍ കലാപം ഉൾപ്പെടെ അന്നുവരെ കേട്ടുകേൾവി പോലുമില്ലാത്ത സംഭവങ്ങളാണ് അന്ന് അരങ്ങേറിയത്. ഇതിന് പിന്നാലെ നാല് വർഷത്തിന് ശേഷം ട്രംപ് ആദ്യമായി ക്യാപ്പിറ്റോളിലേക്ക് എത്തുകയാണ്. ട്രംപിന്റെ രണ്ടാം ടേമില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് ആശങ്കയും പ്രതീക്ഷയും ഒരുപോലെയുണ്ട്. തന്റെ പ്രചാരണ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുമെന്ന് ട്രംപ് ഇതിനകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

പല നിര്‍ണായക തീരുമാനങ്ങളും ട്രംപ് സര്‍ക്കാരിന്റെ ആദ്യ ദിനങ്ങളില്‍ പ്രതീക്ഷിക്കാം. അധികാരത്തിലെത്തി ആദ്യ ദിനം തന്നെ തന്റെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്ന ഉത്തരവുകളുണ്ടാകുമെന്നാണ് ട്രംപിന്റെ ഉറപ്പ്. ഇങ്ങനെയെങ്കില്‍ കുടിയേറ്റം, വിദേശനയം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളില്‍ ആദ്യദിനം തന്നെ എക്‌സിക്യൂട്ടീവ് ഓര്‍ഡറുകള്‍ പ്രതീക്ഷിക്കാം. വൈറ്റ് ഹൗസിലെ ആദ്യ ദിനത്തില്‍ ഏറ്റവും കൂടുതല്‍ എക്‌സിക്യൂട്ടീവ് ഓര്‍ഡറുകള്‍ പാസാക്കിയ അമേരിക്കന്‍ പ്രസിഡന്റ് നിലവില്‍ ജോ ബൈഡനാണ്. ഒമ്പത് ഓര്‍ഡറുകളിലാണ് അദ്ദേഹം അന്ന് ഒപ്പുവെച്ചത്. ഇതില്‍ ആറെണ്ണം ട്രംപ് ഭരണകൂടം കൊണ്ടുവന്ന നയങ്ങളെ തിരുത്തുന്നതായിരുന്നു. ഇതിന് പകരമായി ട്രംപ് തന്റെ ആദ്യദിനം ഏതൊക്കെ ഉത്തരവുകളില്‍ ഒപ്പുവെക്കുമെന്നാണ് ഇനി അറിയേണ്ടത്.

കുടിയേറ്റത്തിലെ കര്‍ശന നിലപാട്

കുടിയേറ്റ നയത്തിലും അതിര്‍ത്തി സുരക്ഷയിലും കടുത്ത നിലപാടുകളുണ്ടാകുമെന്ന് ട്രംപ് സൂചന നല്‍കുന്നുണ്ട്. 'നാളെ സൂര്യന്‍ അസ്തമിക്കുന്നതിന് മുമ്പ് രാജ്യത്തെ അധിനിവേശം നിലച്ചിരിക്കും' എന്നാണ് സ്ഥാനാരോഹണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് നടന്ന വിക്ടറി റാലിയില്‍ ട്രംപ് പ്രഖ്യാപിച്ചത്.

രേഖകളില്ലാത്ത കുടിയേറ്റക്കാരെ നാട് കടത്തുമെന്നുള്ളതും 'റിമെയിന്‍ ഇന്‍ മെക്‌സിക്കോ' നയം പുനസ്ഥാപിക്കലും ട്രംപിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു. ബൈഡന്‍ സര്‍ക്കാരിന്റെ എല്ലാ അതിര്‍ത്തി നയങ്ങള്‍ക്കും കടിഞ്ഞാണിടാനാണ് ട്രംപ് ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ ദക്ഷിണഅതിര്‍ത്തി അടക്കുന്നതിന് ടൈറ്റില്‍ 42 ഉപയോഗിക്കുമെന്നും ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കുമെന്നുമടക്കം ട്രംപിന്റെ പ്രഖ്യാപനങ്ങള്‍ വന്നുകഴിഞ്ഞു. അമെന്‍ഡ്‌മെന്റ് 14 അനുസരിച്ച് രാജ്യത്തിന് അകത്ത് ജനിക്കുന്നവര്‍ക്ക് പൗരത്വം നല്‍കുന്ന നിയമമാണ് ജന്മാവകാശ പൗരത്വം.

താന്‍ ഭരണത്തിലെത്തുന്ന ആദ്യ ദിനം തന്നെ അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തില്‍ പദ്ധതിക്ക് തുടക്കമിടുമെന്നാണ് ന്യൂയോര്‍ക്ക് സിറ്റിയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ ട്രംപ് പറഞ്ഞത്. അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ 1798ലെ ഏലിയന്‍ എനിമീസ് ആക്ട് നടപ്പാക്കുമെന്നും ട്രംപിന്റെ പ്രഖ്യാപനമുണ്ട്. രണ്ടാം ലോക മഹായുദ്ധകാലത്ത് ജാപ്പനീസ് കുടിയേറ്റക്കാരുള്‍പ്പടെയുള്ളവര്‍ക്കെതിരെ ഉപയോഗിച്ചിരുന്ന നിയമമാണ് ഇത്. പക്ഷെ ഈ പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കുന്നത് അത്ര എളുപ്പമല്ലെന്ന് ട്രംപിന് അറിയാം. ഇതിനായി ഭരണഘടനാ ഭേദഗതികള്‍ ആവശ്യമായി വരും. കടുത്ത നിയമപോരാട്ടങ്ങളും പ്രതീക്ഷിക്കാം. മാത്രമല്ല അന്താരാഷ്ട്ര ബന്ധങ്ങളെയും ഈ തീരുമാനം ബാധിക്കും.

താരിഫുകളിലെ മാറ്റം

രാജ്യം നിലവില്‍ നേരിടുന്ന സാമ്പത്തിക ആശങ്കകളെ നേരിടുക എന്നത് ട്രംപിന്റെ മുന്നിലുള്ള വലിയ വെല്ലുവിളി തന്നെയാണ്. സാധാരണക്കാരുടെ ചെലവ് വര്‍ധിപ്പിക്കാതെയും പണപ്പെരുപ്പത്തിന് വഴിവെക്കാതെയും താരിഫുകളില്‍ മാറ്റം കൊണ്ടുവരാന്‍ ട്രംപിനാകുമോ എന്നാണ് അറിയേണ്ടത്. ആഭ്യന്തര എണ്ണ ഖനനം കൂട്ടിയും ചൈന, മെക്‌സികോ, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ക്കുള്ള ഇറക്കുമതി ചുങ്കം വര്‍ധിപ്പിച്ചും പണപ്പെരുപ്പത്തെ നേരിടുമെന്നും ഉപഭോക്തൃ ചെലവ് കുറക്കുമെന്നും ട്രംപ് വാഗ്ദാനം നല്‍കിയിരുന്നു.

മെക്‌സികോ, കാനഡ എന്നീ രാജ്യങ്ങള്‍ക്ക് കനത്ത താരിഫ് ചുമത്തുന്ന നടപടിയാകും തന്റെ ആദ്യ എക്‌സിക്യൂട്ടീവ് ഓര്‍ഡറുകളില്‍ ഒന്നെന്ന് ട്രംപ് സൂചന നല്‍കിയിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് വരുന്ന എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും 25 ശതമാനം നികുതി ഈടാക്കുമെന്നാണ് പ്രഖ്യാപനം. മാത്രമല്ല ചൈനയ്ക്ക് 25 ശതമാനത്തിന് പുറമെ 10 ശതമാനം അധിക നികുതി ചുമത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു. താരിഫുകളില്‍ ട്രംപ് കടുത്ത നിലപാടുകള്‍ സ്വീകരിച്ചാല്‍ അത് ഇന്ത്യയെയും പ്രതികൂലമായി ബാധിച്ചേക്കും. ഉയര്‍ന്ന താരിഫുകള്‍ ആഭ്യന്തര ഉത്പാദനത്തെ ഉത്തേജിപ്പിക്കുമെന്നാണ് ട്രംപിന്റെ വാദം. എന്നാല്‍ താരിഫുകള്‍ ഉയര്‍ത്തുന്നത് വിലക്കയറ്റത്തിന് കാരണമാകുമെന്നും ആഗോളതലത്തില്‍ തന്നെ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മാത്രമല്ല ഇത് വ്യാപാര പങ്കാളികളുമായുള്ള ബന്ധത്തില്‍ ഉലച്ചിലുണ്ടാക്കുന്നതിനും കാരണമാകും.

ഊര്‍ജ്ജം-കാലാവസ്ഥ

ബൈഡന്‍ ഭരണത്തില്‍ നിന്നും തികച്ചും വിപരീതമാണ് ഊര്‍ജ-കാലാവസ്ഥാ നയങ്ങളില്‍ ട്രംപിന്റെ അജണ്ട. പാരീസ് ഉടമ്പടിയില്‍ നിന്നും വീണ്ടും പിന്മാറുമെന്നും ഖനനത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കുമെന്നുമാണ് ട്രംപിന്റെ നിലപാട്. ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ബൈഡന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നയങ്ങളിലും പൊളിച്ചെഴുത്ത് പ്രതീക്ഷിക്കാം. മാത്രമല്ല രാജ്യത്ത് ഫോസില്‍ ഇന്ധന ഉത്പാദനം പരമാവധി വര്‍ധിപ്പിക്കാനും ട്രംപ് പദ്ധതിയിടുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ 'എണ്ണക്കലവറ'കളില്‍ ഒന്നാണ് അമേരിക്ക. ഇത് പരമാവധി ചൂഷണം ചെയ്യപ്പെട്ടേക്കാമെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടപ്പെടുന്നത്. കൂടുതല്‍ പര്യവേഷണവും ഉത്പാദനവും ഉണ്ടായേക്കാം. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ തീരുമാനങ്ങള്‍ രാജ്യത്തിനുണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങളും കാലാവസ്ഥാ വിദഗ്ധര്‍ ചുണ്ടിക്കാട്ടുന്നുണ്ട്.

ഇതിനിടെ ട്രംപ് നയങ്ങള്‍ക്ക് വിരുദ്ധമായി മറ്റൊരു പ്രഖ്യാപനം നടത്തിയാണ് ജോ ബൈഡന്‍ പടിയിറങ്ങുന്നത്. 2035ഓടെ രാജ്യത്തിന്റെ കാര്‍ബണ്‍ ബഹിര്‍ഗമനം 61 ശതമാനം കുറയ്ക്കുമെന്നാണ് ബൈഡന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പാരീസ് ഉടമ്പടിക്ക് കീഴിലാണ് പുതിയ പ്രഖ്യാപനം. മുന്‍തവണത്തേത് പോലെ പാരീസ് ഉടമ്പടിയില്‍ നിന്നും പിന്മാറുമെന്ന് ട്രംപ് പരസ്യമായി പ്രഖ്യാപിച്ചിരിക്കെയായിരുന്നു ബൈഡന്റെ പുതിയ 'പ്രതിജ്ഞ'. തന്റെ ആദ്യ ടേമില്‍ തന്നെ ട്രംപ് ഇത്തരം നയങ്ങളില്‍ നിന്ന് പിന്മാറ്റം പ്രഖ്യാപിച്ചിരുന്നു. ഇത്തവണയും ചരിത്രം ആവര്‍ത്തിക്കപ്പെടുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്.

വിദേശ നയം

ട്രംപിന്റെ ആദ്യ ടേമിലെ ആഭ്യന്തര, വിദേശ നയങ്ങളില്‍ കൊണ്ടുവന്ന പരിഷ്‌ക്കാരങ്ങളുടെ തുടര്‍ച്ച രണ്ടാം ടേമില്‍ പ്രതീക്ഷിക്കാം. പ്രചാരണ വേളയില്‍ തന്നെ 'അമേരിക്ക ഫസ്റ്റ്' മുദ്രാവാക്യവുമായി രംഗത്തെത്തിയ ട്രംപിന്റെ വിദേശനയങ്ങള്‍ എങ്ങനെയാകുമെന്ന ആകാക്ഷ ലോക രാജ്യങ്ങള്‍ക്കുണ്ട്. ഇതില്‍ പ്രധാനം മധ്യപൂര്‍വേഷ്യയില്‍ അദ്ദേഹം സ്വീകരിക്കുന്ന നിലപാടുകളാകും. യുക്രെയ്നിലെയും മിഡില്‍ ഈസ്റ്റിലെയും സംഘര്‍ഷം വേഗത്തില്‍ അവസാനിപ്പിക്കുമെന്ന വലിയ ഉറപ്പായിരുന്നു തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയുള്ള ട്രംപിൻ്റെ പ്രഖ്യാപനം. ഇതെങ്ങനെയെന്ന് ട്രംപ് അന്ന് വ്യക്തമാക്കിയില്ലെങ്കിലും ഗാസയിലെ വെടിനിര്‍ത്തല്‍ കരാര്‍ കൂടി ഇതിനോട് ചേര്‍ത്ത് വായിക്കാം.

15 മാസം നീണ്ട യുദ്ധത്തിന് അന്ത്യം കുറിച്ചാണ് ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നത്. ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് ഇസ്രയേലും ഹമാസും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച ധാരണയായത്. ബന്ദികളാക്കിയവരെ പരസ്പരം കൈമാറാനും ഗാസയില്‍ നിന്ന് ഘട്ടംഘട്ടമായി ഇസ്രയേല്‍ സൈന്യം പിന്മാറാനും ധാരണയായിട്ടുണ്ട്. പല തവണ ചര്‍ച്ച നടത്തി പരാജയപ്പെട്ട കരാറാണ് ഇപ്പോള്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. ട്രംപ് അധികാരത്തില്‍ വരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയുണ്ടായ തീരുമാനം യാദൃശ്ചികം എന്ന് പറയാന്‍ സാധിക്കില്ല. താന്‍ ഓഫീസിലെത്തി 24 മണിക്കൂറിനകമോ അതിന് മുമ്പോ യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുമെന്നും ട്രംപ് ഉറപ്പ് നല്‍കിയിട്ടുണ്ട്.

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് നിരോധനം

രാജ്യത്തെ ട്രാന്‍സ്‌ജെന്‍ഡറുകളുടെ അവകാശങ്ങള്‍ സംബന്ധിച്ച ട്രംപിന്റെ നിലപാട് എല്ലായ്‌പ്പോഴും വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്നതായിരുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീകളെ പലപ്പോഴും പുരുഷന്മാര്‍ എന്ന് വിശേഷിപ്പിച്ചിട്ടുള്ള ട്രംപ്, അവര്‍ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നത് പരിമിതപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 'പുരുഷന്മാര്‍' സ്ത്രീകളുടെ കായിക ഇനങ്ങളില്‍ പങ്കെടുക്കുന്നത് 100 ശതമാനം ഇല്ലാതാക്കുമെന്നും അധികാരത്തിലെത്തി ആദ്യ ദിവസം തന്നെ ഇതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നുമാണ് ട്രംപ് പ്രഖ്യാപിച്ചിട്ടുള്ളത്. ഹോര്‍മോണ്‍ തെറാപ്പി ഉള്‍പ്പടെയുള്ള പരിചരണ രീതികള്‍ അവസാനിപ്പിക്കുമെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു. LGBTQ+ സമൂഹത്തിനിടയില്‍ വലിയ രോഷമാണ് ട്രംപിന്റെ ഈ പ്രഖ്യാപനങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്.

ഗര്‍ഭച്ഛിദ്ര നിരോധനം

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമല ഹാരിസും തമ്മിലുള്ള സംവാദങ്ങളിലെ പ്രധാന വിഷയമായിരുന്നു ഗര്‍ഭച്ഛിദ്രത്തിലെ നിലപാട്. അബോര്‍ഷന്‍ നിരോധനത്തോട് അനുകൂല സമീപനമുള്ള ട്രംപ് അധികാരത്തിലെത്തുന്നതോടെ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഇനി അറിയേണ്ടത്. ഗര്‍ഭച്ഛിദ്ര നിയമത്തില്‍ നിര്‍ണായകമായിരുന്നു റോ വേഴ്‌സസ് വെയ്ഡ് കേസിലെ സുപ്രീകോടതി വിധി. ഇതിനായി നീക്കം നടത്തിയവരില്‍ പ്രധാനിയായിരുന്നു ട്രംപ്. ഗര്‍ഭച്ഛിദ്രം അമേരിക്കയില്‍ ഭരണഘടനാപരമായ അവകാശമല്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ തീരുമാനമെടുക്കാനുള്ള അവകാശവും കോടതി നല്‍കിയിരുന്നു. എന്നാല്‍ രാജ്യത്ത് ഗര്‍ഭച്ഛിദ്രം നിരോധിക്കില്ലെന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിലപാടായിരിക്കും താന്‍ സ്വീകരിക്കുകയെന്നുമാണ് പ്രചാരണവേളകളില്‍ പലപ്പോഴും ട്രംപ് പറഞ്ഞിട്ടുള്ളത്. അമേരിക്കയില്‍ ഐവിഎഫ് ചികിത്സയുടെ ചെലവ് പൂര്‍ണമായും ഇന്‍ഷുറന്‍സ് പരിധിയില്‍ കൊണ്ടുവരുമെന്നും ട്രംപിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നാണ്.

ക്രിപ്‌റ്റോ കറന്‍സി

ആദ്യ 'ക്രിപ്‌റ്റോ കറന്‍സി പ്രസിഡന്റ്' എന്നാണ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ ഡൊണാള്‍ഡ് ട്രംപിനെ ചില മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. ലോകത്തിലെ ക്രിപ്‌റ്റോ തലസ്ഥാനമാക്കി അമേരിക്കയെ മാറ്റുമെന്നായിരുന്നു ട്രംപിന്റെ വാഗ്ദാനം. ക്രിപ്‌റ്റോ ഇടപാടുകള്‍ സര്‍ക്കാര്‍ നിരീക്ഷണത്തില്‍ നിന്നും നിയന്ത്രണത്തില്‍ നിന്നും സ്വതന്ത്രമാക്കുമെന്നും പ്രഖ്യാപനമുണ്ട്. ഇപ്പോള്‍ സ്വന്തം ക്രിപ്‌റ്റോ കോയിന്‍ പുറത്തിറക്കിയിരിക്കുകയാണ് ട്രംപ്. സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് ട്രംപ് ക്രിപ്‌റ്റോ കോയിന്‍ പുറത്തിറക്കിയത്. ട്രംപ് മീം കോയിന്‍ എന്ന് പേരിട്ടിരിക്കുന്ന കോയിന്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്തതിന് പിന്നാലെ 200 ശതമാനത്തിലധികം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

കമ്പനികള്‍ക്കും ബാങ്കുകള്‍ക്കും മൂന്നാം കക്ഷികള്‍ക്ക് വേണ്ടി ക്രിപ്‌റ്റോകറന്‍സി കൈവശം വയ്ക്കുന്നത് ചെലവേറിയതാക്കുന്ന നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിക്കുന്നതിനെക്കുറിച്ചും ട്രംപ് ആലോചിക്കുന്നുണ്ട്. രാജ്യത്തിന്റെ ഗോള്‍ഡ് റിസര്‍വിന് പകരം ക്രിപ്റ്റോ കറന്‍സി വാങ്ങുന്നതിനെ കുറിച്ചും ട്രംപ് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്തായാലും അധികാരത്തിലെത്തുന്ന ട്രംപിന്റെ ഭാഗത്തുനിന്ന് നിരവധി ക്രിപ്‌റ്റോ കറന്‍സി പോളിസികള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

ക്രിപ്‌റ്റോ കറന്‍സി മുതല്‍ സാമ്പത്തിക രംഗത്തെ ട്രംപിന്റെ വിവിധ തീരുമാനങ്ങളില്‍ വരെ ടെക് ഭീമന്‍ ഇലോണ്‍ മസ്‌കിന്റെ സ്വാധീനമുണ്ടെന്നത് വ്യക്തമാണ്. തിരഞ്ഞെടുപ്പ് പ്രചാരണം മുതല്‍ ട്രംപിനൊപ്പം സജീവ സാന്നിധ്യമായി മസ്‌ക് ഉണ്ട്. അധികാരത്തിലെത്തിയതിന് പിന്നാലെ താക്കോല്‍ സ്ഥാനം തന്നെ നല്‍കി ട്രംപ് മസ്‌കിനെ കൂടെ നിര്‍ത്തിയിട്ടുമുണ്ട്.

രാജ്യത്തിന്റെ അധികാരം സമ്പന്നരില്‍ കേന്ദ്രീകരിക്കുന്നുവെന്ന ആശങ്ക പങ്കുവെച്ചാണ് ജോ ബൈഡന്‍ വൈറ്റ് ഹൗസ് പടികളിറങ്ങുന്നത്. ജനാധിപത്യത്തിനും തുല്യ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും കടുത്ത ഭീഷണിയാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അമേരിക്കയെ പോലെ ശക്തമായ ഒരു രാജ്യത്തുണ്ടാകുന്ന മാറ്റങ്ങളുടെ പ്രതിഫലനങ്ങള്‍ എത്രത്തോളം വലുതായിരിക്കുമെന്ന് നമുക്കറിയാം. ഇതുതന്നെയാണ് ട്രംപിന്റെ സ്ഥാനാരോഹണം ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇത്രത്തോളം ആകാക്ഷയും ആശങ്കയും ഉണ്ടാക്കുന്ന ഒന്നായി മാറ്റുന്നത്.

Content Highlights: What we can expect from Donald Trump's second term as US president

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us