പരന്തൂരിലെ സമരക്കാരെ വിജയ് പിന്തുണയ്ക്കുന്നത് എന്തുകൊണ്ട്? ഡിഎംകെയ്ക്ക് തലവേദനയാകുമോ?

ആയിരം ദിവസത്തിനിടയിൽ സമരത്തിനെ പിന്തുണച്ച് അവരെ നേരിട്ട് അഭിസംബോധന ചെയ്യുന്ന ആദ്യത്തെ രാഷ്ട്രീയക്കാരൻ കൂടിയാണ് വിജയ്

അശ്വിൻ രാജ് എൻ കെ
1 min read|21 Jan 2025, 01:15 pm
dot image

മിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലുള്ള പരന്തൂര്‍ എന്ന കര്‍ഷക ഗ്രാമത്തില്‍ കഴിഞ്ഞ ആയിരത്തിലധികം ദിവസമായി ഗ്രാമീണരായ കര്‍ഷകര്‍ ഒരു സമരത്തിലാണ്. തങ്ങള്‍ ജനിച്ചുവളര്‍ന്ന ഗ്രാമവും കൃഷിഭൂമിയും ജലാശയവും സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടത്തിലാണവർ. ഒരു രാഷ്ട്രീയ നേതാവും ഇതുവരെ ആ സമരത്തെയും ആ ജനതയെയും തിരിഞ്ഞു നോക്കിയിരുന്നില്ല. എന്നാല്‍, ഇന്നലെ ഒരു രാഷ്ട്രീയ നേതാവ് ആ സമരഭൂമിയിലെത്തി. പരന്തൂരിലെ കര്‍ഷക സമരം ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നതിന് അയാള്‍ കാരണമായി…

തമിഴക വെട്രി കഴകം നേതാവ്, സാക്ഷാല്‍ വിജയ്…

'ഞാന്‍ വികസനത്തിന് എതിരല്ല. ഞാന്‍ വിമാനത്താവളം ആഗ്രഹിക്കാത്ത ആളല്ല, പക്ഷേ ഈ വിമാനത്താവളം ഈ സ്ഥലത്ത് വരരുതെന്ന് ഞാന്‍ നിര്‍ബന്ധം പിടിക്കുകയാണ്. ചെന്നൈയിലെ വെള്ളപ്പൊക്കത്തിന് കാരണം ചതുപ്പുനിലങ്ങളും ജലാശയങ്ങളും നശിച്ചതാണ് എന്നാണ് സമീപകാല പഠനങ്ങള്‍ പറയുന്നത്. വിമാനത്താവളത്തിനായി 90% കൃഷിഭൂമിയും 90% ജലാശയങ്ങളും നശിപ്പിക്കുന്ന ഏതൊരു സര്‍ക്കാരും 'ജനവിരുദ്ധ' സര്‍ക്കാരായിരിക്കും….

ഇതായിരുന്നു വിജയ് എന്ന രാഷ്ട്രീയ നേതാവ്, തന്റെ ആദ്യ പ്രത്യക്ഷ രാഷ്ട്രീയ സമരത്തില്‍ മുന്നോട്ടുവെച്ച വാക്കുകള്‍…

എന്തുകൊണ്ടാണ് പരന്തൂരിലെ ജനങ്ങള്‍ പുതിയ എയര്‍പോര്‍ട്ടിനെ എതിര്‍ക്കുന്നത്, ആയിരം ദിവസത്തോളമായി സമരം പ്രഖ്യാപിച്ചിട്ടും എന്തുകൊണ്ടാണ് വിജയ് അല്ലാതെ മറ്റൊരു രാഷട്രീയക്കാരനും കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിക്കാത്തത്? പാര്‍ട്ടി പ്രഖ്യാപനത്തിനും പൊതുസമ്മേളനത്തിനും ശേഷം ആദ്യ പൊതുവിഷയമായി പരന്തൂര്‍ പ്രതിഷേധം വിജയ് എറ്റെടുത്തത് എന്തുകൊണ്ടായിരിക്കാം? വിശദമായി പരിശോധിക്കാം…


1999 ലാണ് തമിഴ്‌നാട്ടില്‍ ചെന്നൈയ്ക്ക് അടുത്ത് രണ്ടാമത് ഒരു എയര്‍പോര്‍ട്ട് കൂടി വേണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വരുന്നത്. പിന്നീട് 2007 ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എം കരുണാനിധി ശ്രീപെരുമ്പത്തൂരില്‍ 4820 ഏക്കര്‍ സ്ഥലത്ത് പുതിയ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് നിര്‍മിക്കുമെന്ന് പ്രഖ്യാപനം നടത്തി. എന്നാല്‍ ഈ പദ്ധതിക്ക് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കല്‍ നീക്കം പരാജയപ്പെട്ടതോടെ നിലവിലുള്ള ചെന്നൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് തന്നെ വികസിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

പിന്നീട് 2022 ലാണ് വീണ്ടും മറ്റൊരു എയര്‍പോര്‍ട്ട് എന്ന പദ്ധതി ചര്‍ച്ചയില്‍ വരുന്നത്. പടളം, തിരുപ്പോരൂര്‍, പന്നൂര്‍, പരന്തൂര്‍ തുടങ്ങിയ സ്ഥലങ്ങളായിരുന്നു എയര്‍പോര്‍ട്ടിനായി നിര്‍ദ്ദേശിക്കപ്പെട്ടത്. സാധ്യതാ പഠനത്തിന് ശേഷം, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പറന്തൂരും പന്നൂരും നിര്‍ദ്ദിഷ്ട വിമാനത്താവളത്തിനുള്ള സ്ഥലങ്ങളായി ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. 2022 ഓഗസ്റ്റില്‍, കാഞ്ചീപുരം ജില്ലയിലെ പരന്തൂരിനെ എയര്‍പോര്‍ട്ടിന് അനുയോജ്യമായ സ്ഥമായി കണ്ടെത്തി.


പ്രതിഷേധങ്ങളുടെ തുടക്കം

പതിമൂന്ന് ഗ്രാമങ്ങളിലായി നിരന്നിരിക്കുന്ന 4,970 ഏക്കര്‍ (2,010 ഹെക്ടര്‍) സ്ഥലമാണ് എയര്‍പോര്‍ട്ടിനായി നിര്‍ദ്ദേശിക്കപ്പെട്ടത്. ഇതോടെയാണ് പരന്തൂരിലെ കര്‍ഷകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളില്‍ നിന്നുളള സൈറ്റ് ക്ലിയറന്‍സ് ലഭിച്ചതോടെ കഴിഞ്ഞ സെപ്റ്റംബറില്‍ തമിഴ്നാട് സര്‍ക്കാര്‍ പരന്തൂരിലെ ഏകനാപുരത്ത് 4445 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ നോട്ടീസ് നല്‍കി തുടങ്ങി. ഇതോടെയാണ് സമരമുഖം കൂടുതല്‍ സജീവമായത്.

കൃഷി പ്രധാന വരുമാനമാര്‍ഗമായിട്ടുള്ള, തടാകങ്ങളും നീര്‍ത്തടങ്ങളും നിറഞ്ഞ ഒരു പ്രദേശമാണ് എയര്‍പോര്‍ട്ടിനായി നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്. എയര്‍പോര്‍ട്ടിനായി 1,386.43 ഹെക്ടര്‍ കൃഷിഭൂമിയും 577 ഹെക്ടര്‍ ജലാശയങ്ങളും നികത്തേണ്ടി വരും. പ്രദേശത്തെ പ്രധാന ജലസ്രോതസായ 43 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കമ്പന്‍ കനാലിന്റെ ഒഴുക്ക് തടസ്സപ്പെടും, ഈ കനാലാണ് ഏകദേശം 85 തടാകങ്ങളിലേക്കുള്ള ജലം നല്‍കുന്നത്. കനാല്‍ വഴി എത്തുന്ന വെള്ളം ഏകദേശം 22,235 ഏക്കര്‍ കൃഷിഭൂമിയിലേക്കാണ് എത്തുന്നത്. വിമാനത്താവളത്തിനെതിരെ കര്‍ഷകര്‍ പ്രതിഷേധിക്കുന്നതിന് ഉള്ള പ്രധാന കാരണം ഇതാണ്.

പരന്തൂര്‍ പദ്ധതി പ്രദേശം

ഭരണത്തിലിരിക്കെ ചെന്നൈയിലെ രണ്ടാം വിമാനത്താവളം കൊണ്ടുവരാനായി ദീര്‍ഘകാലം ശ്രമിച്ചിരുന്ന അണ്ണാ ഡിഎംകെയാണ് ഇപ്പോള്‍ പ്രതിപക്ഷത്തുള്ളത്. അതുകൊണ്ട് തന്നെ അവര്‍ക്ക് വിമാനത്താവളത്തെ എതിര്‍ക്കാനാവില്ല. അക്കാലങ്ങളില്‍ അണ്ണാ ഡിഎംകെയുടെ നീക്കങ്ങളെ എതിര്‍ത്തിരുന്ന ഡിഎംകെയാകട്ടെ ഇപ്പോള്‍ പദ്ധതി നടപ്പിലാക്കുകയും ചെയ്യുന്നു. അതോടെ, തമിഴ്‌നാട്ടിലെ ഭരണ പ്രതിപക്ഷ കക്ഷികള്‍ക്ക് വിഷയത്തില്‍ ഒരേ നിലപാടാണ്. സമരം ചെയ്യുന്ന കര്‍ഷകരെ കാണാന്‍ അവര്‍ക്കാവില്ല. ഈ സാധ്യതയെ കൂടിയാണ് വിജയ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ തന്റെ പാര്‍ട്ടിയുടെ ആദ്യ പൊതുസമ്മേളനം വിളിച്ച വിജയ് ആദ്യമായി പങ്കെടുക്കുന്ന സമരപരിപാടിയും പരന്തൂരിലെയായിരുന്നു.

പാര്‍ട്ടിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്നാണ് കര്‍ഷകരുടെയും ദളിത് - ന്യൂനപക്ഷങ്ങളുടെയും ഉന്നമനം. അതുകൊണ്ടാണ് കര്‍ഷകരുടെ പ്രശ്നം തന്നെ ആദ്യ പ്രതിഷേധ പരിപാടിയായി വിജയ് തിരഞ്ഞെടുത്തത്. പരന്തൂരിലേക്ക് എത്തുന്നതിന് മുമ്പായി വിജയ് വികസന വിരോധിയാണെന്നും അതിനാലാണ് വിമാനത്താവളത്തെ എതിര്‍ക്കുന്നവരെ പിന്തുണയ്ക്കാന്‍ എത്തുന്നതെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സന്ദര്‍ശനത്തിന് പൊലീസ് അനുമതി തേടിയപ്പോള്‍ ഏതെങ്കിലും ഓഡിറ്റോറിയത്തില്‍ വെച്ച് കര്‍ഷകരെ കാണാനായിരുന്നു പൊലീസ് നല്‍കിയ നിര്‍ദ്ദേശം. എന്നാല്‍ വിജയ്യുടെ തന്നെ ഹിറ്റ് സിനിമയായ കത്തിയെ ഓര്‍മ്മപ്പെടുത്തുന്ന രീതിയില്‍ വിജയ് പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്‍ വിജയ് എത്തുകയും കര്‍ഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു.

താന്‍ വികസനത്തിനോ വിമാനത്താവളത്തിനോ എതിരല്ലെന്നും എന്നാല്‍ പരന്തൂരില്‍ വിമാനത്താവളം ആവശ്യമില്ലെന്നുമായിരുന്നു വിജയ് വിമര്‍ശകര്‍ക്ക് മറുപടിയായി പറഞ്ഞത്. ഇതൊരു രാഷ്ട്രീയ പ്രശ്നമാക്കി മുഖ്യധാരയിലേക്ക് എത്തിക്കാനാണ് വിജയ്യുടെ തീരുമാനം ഭരണകക്ഷിയായ ഡിഎംകെയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനം വിജയ് ഉന്നയിച്ചതും അതുകൊണ്ടാണ്. പദ്ധതിക്കെതിരെ നിയമ പോരാട്ടത്തിന് ഒരുങ്ങുമെന്നും വിജയ് പ്രഖ്യാപിച്ചു. ആദ്യം പദ്ധതിയെ എതിര്‍ത്ത ഡിഎംകെ ഇപ്പോള്‍ പദ്ധതിയെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് എന്തോ ലാഭം കണ്ടാണെന്നും ഇത്തരം നാടകം ജനങ്ങളോട് വേണ്ടെന്നും വിജയ് പറഞ്ഞു.

ചെന്നൈ വിമാനത്താവളം നഗരമധ്യത്തില്‍ ആയതിനാല്‍ വികസന സാധ്യത കുറവാണെന്നും അതുകൊണ്ടു തന്നെ പുതിയ വിമാനത്താവളം വേണമെന്നുമാണ് ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്. എന്നാല്‍ പരന്തൂരില്‍ വിമാനത്താവളം വരുന്നത് വെള്ളപ്പൊക്കത്തിനും സ്വാഭാവിക ആവാസവ്യവസ്ഥയുടെ നഷ്ടത്തിനും ഇടയാക്കുമെന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നത്. ചെന്നൈയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ ആയി ഉണ്ടാവുന്ന വെള്ളപ്പൊക്കം പ്രദേശത്തെ നീര്‍ത്തടങ്ങളും തടാകങ്ങളും മണ്ണിട്ട് മൂടിയതുകൊണ്ടാണെന്നാണ് ശാസ്ത്രീയമായ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

മറ്റൊന്ന് പരന്തൂരിലെ വിമാനത്താവളത്തിനായി സ്ഥലം കണ്ടെത്തിയത് ഡിജിസിഎയുടെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാണ് എന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. രാജ്യത്ത് നിലവില്‍ ഒരേ നഗരത്തില്‍ രണ്ട് വിമാനത്താവളങ്ങള്‍ ഉള്ള സ്ഥലങ്ങള്‍ ഒന്നുപോലുമില്ല. സിവിലിയന്‍ വിമാനത്താവളത്തില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ മാത്രമേ മറ്റൊരു വിമാനത്താവളം പാടുള്ളൂവെന്നാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് പറയുന്നത്. പുതിയ വിമാനത്താവളം 150 കിലോമീറ്ററില്‍ താഴെയാണ് പരിഗണിക്കുന്നതെങ്കില്‍, നിലവിലുള്ള വിമാനത്താവളത്തിന് എന്ത് പ്രത്യാഘാതമുണ്ടാകുമെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. നിലവില്‍ ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്ന് 65 മുതല്‍ 70 കിലോമീറ്റര്‍ ദൂരം മാത്രമാണ് പരന്തൂരിലെ നിര്‍ദ്ദിഷ്ട വിമാനത്താവളത്തിനുള്ളത്.

ചെന്നൈ വിമാനത്താവളം ഉപയോഗിക്കുന്നവരില്‍ ഭൂരിപക്ഷവും ഇതര ജില്ലകളില്‍ നിന്നുള്ളവരാണ്. ആരക്കോണം, ചെട്ടിനാട്, ചോളവാരം, ഹൊസൂര്‍, ഖയ്യദാര്‍, നെയ്വേലി, രാമനാഥപുരം, സേലം, സൂലൂര്‍, താംബരം, തഞ്ചാവൂര്‍, ഉളുന്ദൂര്‍പേട്ട്, വെല്ലൂര്‍ എന്നിവിടങ്ങളില്‍ ഉപയോഗിക്കാതെ കിടക്കുന്ന എയര്‍സ്ട്രിപ്പുകള്‍ ഉണ്ട്. ഇവ എയര്‍പോര്‍ട്ടായി പരിഗണിക്കാവുന്നതാണ്.

മറ്റൊരു പ്രധാന പ്രശ്നം പരന്തൂരില്‍ എയര്‍പോര്‍ട്ട് പ്രഖ്യാപിച്ചതോടെ പ്രദേശത്തെ റിയല്‍ എസ്റ്റേറ്റ് വില നൂറിരട്ടിയാണ് വര്‍ധിച്ചത്. സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം കര്‍ഷകര്‍ക്ക് ലഭിച്ചാലും പ്രദേശത്ത് തന്നെ പുതിയ ഭൂമി വാങ്ങുന്നതിന് ഈ തുക കൊണ്ട് സാധിക്കില്ല. അതുകൊണ്ട് തന്നെ ഒരു വിമാനത്താവളത്തിന് വേണ്ടിയുള്ള ഈ നീക്കം എത്രത്തോളം പാരിസ്ഥിതിക, സാമ്പത്തിക, സാമൂഹിക ആഘാതമായിരിക്കും പരന്തൂരില്‍ ഉണ്ടാക്കുകയെന്ന് പറയാന്‍ സാധിക്കില്ല.

Content Highlights: Why Actor and TVK Founder Thalapathy Vijay Support Parandur airport protest

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us