പത്ത് വർഷത്തിനിടെ കേരളത്തിൽ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടവരില്‍ കൂടുതലും വയനാട്ടുകാർ, കണക്കുകൾ

2015ൽ മാത്രം മൂന്ന് പേരാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്

dot image

കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളത്തിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരില്‍ കൂടുതലും വയനാട്ടുകാരെന്ന് കണക്കുകൾ. 2014 മുതൽ 2025 ജനുവരി വരെയുള്ള കാലഘട്ടത്തിൽ കേരളത്തിൽ കടുവയുടെ ആക്രമണത്തിൽ 11 പേരാണ് കൊല്ലപ്പെട്ടത്. എന്നാൽ കേന്ദ്രസർക്കാരിന്റെ കണക്കുകൾ പ്രകാരം 2014 മുതൽ 2024 നവംബർ വരെ കേരളത്തിൽ നിന്നുള്ള 5 പേരാണ് കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

ലോക്‌സഭയിൽ 2024 നവംബർ 25ന് കേരളത്തിൽ നിന്നുള്ള എംപിമാരായ ബെന്നി ബഹനാന്റെയും ആന്റോ ആൻണിയുടെയും ചോദ്യത്തിന് ഉത്തരമായി കേന്ദ്രവനം പരിസ്ഥിതി വകുപ്പ് മന്ത്രി കൃതി വർധൻസിങ് നൽകിയ മറുപടിയിലാണ് കേരളത്തിൽ നിന്ന് അഞ്ച് പേർ കൊല്ലപ്പെട്ടതായി കണക്കുകൾ സൂചിപ്പിക്കുന്നത്.

2015 ൽ മൂന്ന് പേരും പിന്നീട് 2020ൽ രണ്ട് പേരും കൊല്ലപ്പെട്ടെന്നാണ് കേന്ദ്രകണക്കുകൾ. എന്നാൽ 2015, 2018, 2019, 2020, 2023, 2025 എന്നീ വർഷങ്ങളിൽ കേരളത്തിൽ കടുവ അക്രമണം ഉണ്ടാവുകയും മനുഷ്യർ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. 2015ൽ മാത്രം മൂന്ന് പേരാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

2015 ഫെബ്രുവരി 10ന് വയനാട് നൂൽപ്പുഴ മൂക്കുത്തികുത്തിൽ ഭാസ്‌ക്കരൻ ആയിരുന്നു ആദ്യം കൊല്ലപ്പെട്ടത്. പിന്നീട് 2015 ജൂലായ് മാസത്തിൽ കുറിച്യാട് സ്വദേശി ബാബുരാജും 2015 നവംബറിൽ വയനാട് തോൽപ്പെട്ട റേഞ്ചിലെ വാച്ചറായ കക്കേരി ഉന്നതിയിലെ ബസവനും കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

2019-ലാണ് പിന്നീട് കടുവ ആക്രമണത്തിൽ വയനാട്ടില്‍ ഒരാള്‍ കൊല്ലപ്പെടുന്നത്. 2019 ഡിസംബർ 24ന് സുൽത്താൻ ബത്തേരി പച്ചാടി കാട്ടുനായ്ക്ക ഉന്നതിയിലെ ജഡയൻ ആയിരുന്നു കൊല്ലപ്പെട്ടത്. തൊട്ടടുത്ത വർഷം ജൂൺ 16ന് ബസവൻകൊല്ലിയിൽ ശിവകുമാറും കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

2023-ൽ രണ്ട് പേരാണ് വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 2023 ജനുവരി 12ന് പുതുശ്ശേരി പള്ളിപ്പുറം സ്വദേശി തോമസും 2023 ഡിസംബർ 9ന് മീനങ്ങാടി വാകേരി കൂടല്ലൂർ സ്വദേശി പ്രജീഷുമായിരുന്നു കൊല്ലപ്പെട്ടത്. ഏറ്റവുമൊടുവിൽ 2025 ജനുവരി 24 ന് മാനന്തവാടി പഞ്ചാരക്കൊല്ലി പ്രിയദർശനി എസ്റ്റേറ്റിനു സമീപത്ത് വെച്ച് രാധയെന്ന തോട്ടം തൊഴിലാളിയും കടുവ ആക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു. സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ കാപ്പിക്കുരു പറിക്കുന്നതിനിടെയായിരുന്നു കടുവയുടെ ആക്രമണം നടന്നത്. രാധയുടെ കഴുത്തിൽ കടിച്ച കടുവ ഇവരെ 100 മീറ്ററോളം വലിച്ചിഴച്ചുകൊണ്ടുപോയി.

തണ്ടർബോൾട്ട് ടീമാണ് പകുതി ഭക്ഷിച്ച നിലയിലുള്ള രാധയുടെ മൃതദേഹം കണ്ടെത്തിയത്. വ്യാപക പ്രതിഷേധമാണ് പ്രദേശത്ത് രാധയുടെ മരണത്തെ തുടർന്ന് ഉണ്ടായത്. സ്ഥലത്തെത്തിയ മന്ത്രി ഒ ആർ കേളുവിനെതിരെയും ജനരോഷം ഉയർന്നിരുന്നു. ഇതിനിടെ മാനന്തവാടിയിൽ ഇറങ്ങിയ നരഭോജി കടുവയെ കൊല്ലാൻ ജില്ലാ ഭരണകൂടം ഉത്തരവിറക്കിയിട്ടുണ്ട്.

അതേസമയം 2018 ല്‍ കോന്നി കൊക്കത്തോട് കിഴക്കേതില്‍ രവിയും 2019 മേയ് മാസത്തില്‍ അതിരപ്പിള്ളി പെരുമ്പാര തങ്കപ്പനും കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. 2020 മേയില്‍ പത്തനംതിട്ട തണ്ണിത്തോട് സ്വദേശി വിനീഷ് മാത്യുവും കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

Content Highlights: All those killed in tiger attacks in Kerala in the last ten years are from Wayanad

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us