പോഞ്ഞിക്കര, ദശമൂലം, മണവാളൻ... എല്ലാവരെയും 'ഹീറോ'യാക്കിയ ചിരിയുടെ മായാവി

ഷാഫി കഥാപാത്രങ്ങൾക്ക് മലയാളിയുടെ മനസ്സിൽ കയറിക്കൂടാൻ സിനിമയിൽ ഉടനീളം നിറഞ്ഞു നിൽക്കേണ്ട ആവശ്യമില്ല

dot image

'ബുദ്ധിക്ക് ഒരു അഞ്ച് വയസ്സ് കുറവുള്ള ആളാ.. അയാൾ എന്താ… എപ്പഴാ ചെയ്യുന്നത് എന്ന് പറയാൻ പറ്റില്ല' ഈ ഡയലോഗിന് പിന്നാലെ മിസ്റ്റർ പോഞ്ഞിക്കരയുടെ ഇൻട്രോ വരികയാണ്. ഒരു സംഘം കൊച്ചുകുട്ടികൾക്കൊപ്പം പഞ്ചഗുസ്തി നടത്തുന്ന ഇൻട്രോ. ആ നിമിഷം കാണുന്ന പ്രേക്ഷകർക്ക് മനസ്സിലാകും അയാളുടെ സ്വഭാവ സവിശേഷതകൾ. പിന്നീട് അങ്ങോട്ട് സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്ന ഓരോ നിമിഷത്തിലും അയാൾ നമ്മളെ ചിരിപ്പിക്കുന്നുണ്ട്. വർഷങ്ങൾക്കിപ്പുറം കല്യാണരാമൻ എന്ന സിനിമയെക്കുറിച്ച് പറയുമ്പോൾ നായികാ-നായകന്മാരെക്കാളും മുൻപ് ഓർമ വരിക പോഞ്ഞിക്കരയെ ആയിരിക്കും. ആ കഥാപാത്രം ഇന്നും ആഘോഷിക്കപ്പെടുന്നതിൽ ഇന്നസെന്റ് എന്ന അതുല്യ കലാകാരന്റെ അഭിനയ നൈപുണ്യത്തിനൊപ്പം ഷാഫി എന്ന സംവിധായകന്റെ നർമ്മ ബോധം കലർന്ന വീക്ഷണവും മികവുമുണ്ട്.

സംവിധായകൻ ഷാഫി

തന്റെ ആദ്യ സിനിമ മുതൽ ഇങ്ങോട്ട് നായകനും നായികയ്ക്കുമൊപ്പമോ അവർക്ക് മുകളിലോ തിളങ്ങുന്ന സഹ കഥാപാത്രങ്ങളെ ഒരുക്കാൻ ഷാഫിക്ക് കഴിഞ്ഞിട്ടുണ്ട്. ഷാഫി കഥാപാത്രങ്ങൾക്ക് മലയാളിയുടെ മനസ്സിൽ കയറിക്കൂടാൻ സിനിമയിൽ ഉടനീളം നിറഞ്ഞു നിൽക്കേണ്ട ആവശ്യമില്ല. ഒന്നോ രണ്ടോ രംഗത്തിൽ വന്നുപോകുന്ന ഷാഫിയുടെ സഹകഥാപാത്രങ്ങൾ പോലും ഇന്നും മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നവയാണ്.

വൺ മാൻ ഷോ എന്ന ഷാഫിയുടെ ആദ്യ സിനിമ തന്നെയെടുക്കാം. ജയറാം നായകനായ സിനിമയുടെ ആദ്യ രംഗങ്ങളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന കഥാപാത്രമാണ് കൊച്ചിൻ ഹനീഫയുടേത്. വൺ മാൻ ഷോ എന്ന പരിപാടിയിലെ മത്സരാർത്ഥികളിൽ ഒരാൾ. 'ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്നത് ആരാണ്?' എന്ന് മുകേഷ് ചോദിക്കുമ്പോൾ 'കടത്തനാടൻ അമ്പാടി' എന്ന് പറയുന്നത് മുതൽ അയാളുടെ ഒരു തഗ് ഡയലോഗും റീലുകളിലൂടെ ഇന്നും മലയാളി ആഘോഷിക്കുന്നവയാണ്. ആ ചിത്രത്തിലെ കലാഭവൻ മണിയുടെ പൊന്നപ്പൻ മുതൽ സലിം കുമാറിന്റെ ഭാസ്കരൻ വരെയുള്ളവർ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്.

കല്യാണരാമനിലേക്ക് വന്നാൽ അവിടെ വലിയ ശരീരവും കുഞ്ഞുങ്ങളുടെ മനസ്സുമുള്ള പോഞ്ഞിക്കരയ്ക്കും പറയുന്ന ഓരോ വാക്കിലും മൂന്ന് തെറ്റെങ്കിലും വരുത്തുന്ന പ്യാരിലാലിനുമെല്ലാം വലിയ ഫാൻ ബേസാണുള്ളത്. 'ഭാരതം എന്നാൽ പാരിൻ നടുവിൽ…' എന്നും പാടിക്കൊണ്ട് ബോഡി വിത്ത് മസിൽ ഷോ കാണിക്കുന്ന പോഞ്ഞിക്കരയാകാൻ ഇന്നസെന്റിന് ആദ്യം താല്പര്യമില്ലായിരുന്നു. ഈ കഥയിൽ തനിക്ക് വലുതായി ഒന്നും ചെയ്യാനില്ല എന്നായിരുന്നു ഇന്നസെന്റ് ആദ്യം പറഞ്ഞത്. എന്നാൽ 700 ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഇന്നസെന്റിന്റെ കരിയറിലെ ഐകോണിക് വേഷമായി പോഞ്ഞിക്കര കേശവൻ മാറിയെന്നത് ചരിത്രം.

കല്യാണരാമൻ സിനിമയിലെ ഒരു രംഗം

പുലിവാൽ കല്യാണത്തിൽ മുംബൈയിൽ നിന്ന് കൊച്ചിയിലേക്ക് ടാക്സി കാറിൽ വന്ന രണ്ടുപേരായിരുന്നു താരങ്ങൾ, സലിം കുമാറും കൊച്ചിൻ ഹനീഫയും അവതരിപ്പിച്ച മണവാളനും ധർമേന്ദ്രയും. ആ സിനിമയ്ക്ക് ഐകോണിക് സ്വഭാവം ലഭിച്ചതിൽ ആ കഥാപാത്രങ്ങളുടെ നിർമിതി വഹിച്ച പങ്ക് ചെറുതല്ല. 'എല്ലാം ഗുദ ഹവാ…' ഉൾപ്പടെയുള്ള ഡയലോഗുകൾ കൊണ്ട് മണവാളൻ ആറാടിയപ്പോൾ അതിനൊത്ത എക്സ്പ്രഷൻസിലൂടെ ധർമേന്ദ്ര ആ രംഗങ്ങളെ കൂടുതൽ രസകരമാക്കുകയായിരുന്നു. അവർ രണ്ടാളും ഇന്നും മീമുകളിലെ താരങ്ങളാണ്.

പുലിവാൽ കല്യാണത്തിലെ ഒരു രംഗം

സലിം കുമാർ, കൊച്ചിൻ ഹനീഫ, ഇന്നസെന്റ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ നടന്മാരുടെ കരിയറിലെ ഐകോണിക് കോമഡി കഥാപാത്രങ്ങൾ നോക്കിയാൽ അതിൽ പലതും ഷാഫി സിനിമകളിലേതാകും. സലിം കുമാറിന് തൊമ്മനും മക്കളും ചേർന്ന് അടിമക്കണ്ണാക്കിയ രാജാക്കണ്ണും മായാവിയുടെ ആശാനായ കണ്ണൻ സ്രാങ്കും ഉൾപ്പടെയുള്ളവർ ആയിരുന്നെങ്കിൽ സുരാജിന് ഒരു 'ആന്റി ഹീറോ' കഥാപാത്രമാണ്. തല്ലിന് മുന്നേ ദശമൂലാരിഷ്ടം കുടിക്കുന്ന ദശമൂലം ദാമു. ചട്ടമ്പിനാട് എന്ന സിനിമയിലെ മമ്മൂട്ടിയുടെ നായകവേഷത്തെക്കാൾ ദശമൂലം ദാമു ഇന്നും ആഘോഷിക്കപ്പെടുന്നു.

ദശമൂലം ദാമു

ഷാഫി സിനിമകളിലെ കഥാപാത്രങ്ങൾ പോലെ അവരുടെ ഡയലോഗുകളും ഐകോണിക്കാണ്. 'ഇനി ബിരിയാണി കിട്ടിയാലോ, പറയാൻ പറ്റൂല', 'എല്ലാം ശടപടെ ശടപടെന്നായിരുന്നു', 'ഇനി നമ്മൾ എന്തു ചെയ്യും മല്ലയ്യാ', 'ജോസ് കഴി', 'തളരരുത് രാമന്‍ കുട്ടി', 'എല്ലാം ഗുദ ഹവാ…', 'എനിക്ക് പ്രാന്തായതാണോ… നാട്ടുകാർക്ക് മൊത്തം പ്രാന്തായതാണോ' വാ ബാല എന്ന് തുടങ്ങുന്ന ഷാഫി സിനിമകളിലെ ഡയലോഗുകൾ നിത്യജീവിതത്തിൽ ഉപയോഗിക്കാത്ത മലയാളികൾ ഉണ്ടാകില്ല. അത് ബെന്നി പി നായരമ്പലവും റാഫിയും മെക്കാർട്ടിനും സച്ചിയും സേതുവും ഉൾപ്പടെയുള്ള തിരക്കഥാകൃത്തുക്കളുടെ സംഭാവനയാണെന്ന് പലയാവർത്തി ഷാഫി തന്നെ പറഞ്ഞട്ടുണ്ടെങ്കിലും ഷാഫി എന്ന സംവിധായകന്റെ നർമ്മ ബോധത്തിനും അതിൽ വലിയ പങ്കുണ്ടെന്നതിൽ തർക്കമില്ല.

മലയാളികളെ കുടുകുടാ ചിരിപ്പിച്ച ഷാഫി ചിരികൾക്കപ്പുറത്തെ ലോകത്തേക്ക് പോകുമ്പോൾ നമുക്ക് നഷ്ടമാകുന്നത് ഇനിയുമുണ്ടാകേണ്ട ഐകോണിക് കഥാപാത്രങ്ങളും അവരുടെ ഹിറ്റ് ഡയലോഗുകളുമാണ്. എന്നാൽ ഷാഫി എന്ന സംവിധായകനെ മലയാളികൾ എന്നും ഓർമിക്കും… അയാളുടെ കഥാപാത്രങ്ങൾ മലയാളികളെ എന്നും ചിരിപ്പിച്ചുകൊണ്ടേയിരിക്കും…

Content Highlights: Shafi the man who gave many iconic characters to malayalam cinema

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us