ഗെയിം ചേഞ്ചറായി ഡീപ്‌സീക്ക്; എഐയിലെ അമേരിക്കന്‍ കുത്തകയ്ക്ക് ചൈനയുടെ മറുപടി

പുറത്തിറങ്ങി ഒരാഴ്ച കൊണ്ട് തന്നെ വമ്പന്‍മാരെ മുട്ടുകുത്തിച്ചതോടെയാണ് ആഗോളതലത്തില്‍ ഡീപ്‌സീക്ക് ചര്‍ച്ചയായത്.

dot image

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖല ദിനംപ്രതി വളര്‍ന്നുകൊണ്ടിരിക്കുകയാണ്. വിവിധ നിര്‍മ്മിത ബുദ്ധി ചാറ്റ്‌ബോട്ടുകള്‍ക്ക് ലോകം മുഴുവന്‍ ലഭിക്കുന്ന വലിയ സ്വീകാര്യതയാണ് ഈ വളര്‍ച്ചയ്ക്ക് പിന്നില്‍. ഒപ്പണ്‍ എഐ, ജെമിനി, മെറ്റ എഐ, ഗ്രോക്ക് തുടങ്ങിയ വമ്പന്‍ എഐ ചാറ്റ് ബോട്ടുകള്‍ക്കിടയിലേക്കാണ് ചൈനയില്‍ നിന്നുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡല്‍ ഡീപ്‌സീക്ക് എത്തിയത്. പുറത്തിറങ്ങി ഒരാഴ്ച കൊണ്ട് തന്നെ വമ്പന്‍മാരെ മുട്ടുകുത്തിച്ചതോടെയാണ് ആഗോളതലത്തില്‍ ഡീപ്‌സീക്ക് ചര്‍ച്ചയായത്.

ഡീപ്‌സീക്കിന്റെ വളര്‍ച്ചയ്ക്ക് തൊട്ടുപിന്നാലെ അമേരിക്കയിലെ ഉള്‍പ്പടെ പ്രധാന എഐ സ്ഥാപനങ്ങളുടെ ഓഹരികള്‍ കുത്തനെ ഇടിഞ്ഞു. മാത്രമല്ല അമേരിക്കയില്‍ പോലും ഏറ്റവും കൂടുതല്‍ പേര്‍ ഡൗണ്‍ലോഡ് ചെയ്യുന്ന സൗജന്യ ആപ്ലിക്കേഷനായി ഡീപ്‌സീക്ക് മാറിയെന്നാണ് കണക്കുകള്‍. ചാറ്റ് ജിപിടിയെയും മറികടന്നാണ് ഈ മുന്നേറ്റമെന്നതാണ് ശ്രദ്ധേയം. ഡീപ് സീക്കിന്റെ ഈ വളര്‍ച്ച ടെക്‌നോളജി രംഗത്ത് അമേരിക്കയ്ക്കുണ്ടായ ഏറ്റവും വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.

DeepSeek AI

എന്താണ് ഡീപ്‌സീക്ക്?

കിഴക്കന്‍ ചൈനയിലെ ഹാങ്ഷൂ ആസ്ഥാനമായുള്ള ഡീപ്‌സീക്ക് എന്ന ഗവേഷണ ലാബ് വികസിപ്പിച്ച ഒരു നൂതന എഐ മോഡലാണ് 'ഡീപ്‌സീക്ക്'. ലിയാങ് വെന്‍ഫെങ് എന്ന ഗവേഷകന്‍ 2023ല്‍ സ്ഥാപിച്ചതാണ് ഈ ലാബ്. ഡീപ്‌സീക്ക്-വി3 മോഡലിനെ അടിസ്ഥാനമാക്കിയുള്ള ഓപ്പണ്‍ സോഴ്‌സ് എഐ ആണ് കമ്പനി പുറത്തിറക്കിയത്. ദിവസങ്ങള്‍ക്കുള്ളില്‍ അമേരിക്ക, യുകെ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ ആപ്പ് സ്റ്റോറില്‍ ടോപ്പ് റേറ്റഡ് ഫ്രീ ആപ്പായി ഡീപ്പ്‌സീക്ക് മാറി. ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടിയെയും മറികടന്നായിരുന്നു ഈ മുന്നേറ്റം. എഐ മേഖലയിലെ അമേരിക്കയുടെ ആധിപത്യത്തെ വെല്ലുവിളിക്കുന്നതായിരുന്നു ഈ ചൈനീസ് ആപിന്റെ വളര്‍ച്ച.

ചെലവ് കുറഞ്ഞതും പരിധിയില്ലാത്ത സൗജന്യ ഉപയോഗവും വാഗ്ദാനം ചെയ്യുന്നതാണ് ഡീപ്‌സീക്ക് എഐ മോഡല്‍. ഓപ്പണ്‍ എഐ, മെറ്റ തുടങ്ങിയ പ്രധാന എതിരാളികളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് ഡീപ്‌സീക്ക്. ചെലവ് തന്നെയാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഓപ്പണ്‍ എഐ, മെറ്റ പോലുള്ള കമ്പനികള്‍ വില കൂടിയ AI ചിപ്പുകള്‍ (Nvidia's H100 GPU-കള്‍ പോലെ) ഉപയോഗിച്ച് അത്യാധുനിക മോഡലുകള്‍ വികസിപ്പിക്കുമ്പോള്‍, കുറഞ്ഞ ചെലവിലാണ് സമാന പ്രകടനം കാഴ്ചവെക്കുന്ന മോഡലുകള്‍ ഡീപ്‌സീക്ക് സൃഷ്ടിച്ചത്. മറുപടികളില്‍ കൂടുതല്‍ വ്യക്തത നല്‍കുക തുടങ്ങിയ ഫീച്ചറുകളും ഡീപ്‌സീക്കിന്റെ പ്രത്യേകതയാണ്.

സ്വീകാര്യതയ്ക്ക് പിന്നില്‍

ഡീപ്‌സീക്ക് എഐ സേവനം പൂര്‍ണമായി സൗജന്യമാണ് എന്നതാണ് ആപിന് ലഭിക്കുന്ന സ്വീകാര്യതയ്ക്ക് പിന്നിലെ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. സുതാര്യത, കാര്യക്ഷമത, എല്ലാവര്‍ക്കും എളുപ്പത്തില്‍ ആക്‌സസ് ചെയ്യാം തുടങ്ങിയവയും ഡീപ്‌സീക്കിന്റെ പ്ലസ് പോയന്റുകളാണ്.

DeepSeek AI

എഐയെ ശക്തിപ്പെടുത്തുന്ന നൂതനമായ ചിപ്പ് സാങ്കേതികവിദ്യ ചൈനയ്ക്ക് വില്‍ക്കുന്നതില്‍ നിന്ന് കമ്പനികള്‍ക്ക് അമേരിക്ക നിയന്ത്രണമേര്‍പ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഡീപ്‌സീക്കിന്റെ കടന്നുവരവെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ഈ സാഹചര്യത്തില്‍ ലഭ്യമായ റിസോഴ്‌സുകള്‍ ഉപയോഗിച്ച് നിയന്ത്രണങ്ങളെ മറി കടക്കാന്‍ ചൈനീസ് കമ്പനിക്ക് സാധിച്ചു.

ടെക് ഭീമന്മാരായ എന്‍വിഡിയ, മെറ്റ, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികള്‍ എഐ ഇന്‍ഫ്രാസ്ട്രക്ടചര്‍ വികസനത്തിന് അമേരിക്കയില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. മാത്രമല്ല ഒപ്പണ്‍ എഐ, ഒറാക്കിള്‍, സോഫ്റ്റ് ബാങ്ക് എന്നിവരുമായി ചേര്‍ന്ന് അടുത്തിടെയാണ് ഡൊണാള്‍ഡ് ട്രംപ് എഐ മേഖലയില്‍ 500 ബില്യണ്‍ ഡോളറിന്റെ പദ്ധതി പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തിലുണ്ടായിരിക്കുന്ന ഡീപ്‌സീക്കിന്റെ വളര്‍ച്ച അമേരിയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് മുന്നില്‍ തീര്‍ക്കുന്ന വെല്ലുവിളി ചെറുതല്ല.

ഒഹരി വിപണിയില്‍ അമേരിക്കയ്ക്ക് തിരിച്ചടി

ഡീപ്‌സീക്കിന്റെ പെട്ടെന്നുള്ള വളര്‍ച്ചയോടെ അമേരിക്കയിലെ പ്രധാനപ്പെട്ട എഐ സ്ഥാപനങ്ങളുടെ ഓഹരികളിലാണ് കുത്തനെയുള്ള ഇടിവ് നേരിട്ടത്. എന്‍വിഡിയ, മൈക്രോസോഫ്റ്റ്, മെറ്റ തുടങ്ങിയ കമ്പനികളുടെ ഓഹരികളില്‍ ഈ ഇടിവ് പ്രതിഫലിച്ചു. അമേരിക്കന്‍ എഐ മോഡലുകള്‍ക്ക് കുറഞ്ഞ ചെലവിലുള്ള ചൈനീസ് ബദലുകള്‍ വിപണിയില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഡീപ്‌സീക്കിന്റെ ഈ മുന്നേറ്റം തുടര്‍ന്നാല്‍, മറ്റ് കമ്പനികള്‍ക്ക് അവരുടെ സ്ട്രാറ്റജികളില്‍ ഉള്‍പ്പടെ മാറ്റം വരുത്തേണ്ടി വന്നേക്കാം. മാത്രമല്ല എഐ ഹാര്‍ഡ്‌വെയറുകളുടെയും ചിപ്പുകളുടെയും നിര്‍മ്മാതാക്കള്‍ക്കും വലിയ തിരിച്ചടിയാകാം നേരിടേണ്ടിവരിക.

Content Highlights:What Makes China's DeepSeek A Game-Changer In AI, Explained

dot image
To advertise here,contact us
dot image