![search icon](https://www.reporterlive.com/assets/images/icons/search.png)
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് അരവിന്ദ് കെജ്‌രിവാളിന് ഒരു ഹിതപരിശോധന ആയിരുന്നു. ജനങ്ങള്‍ക്ക് കെജ്‌രിവാളിനെയും ആം ആദ്മി പാര്‍ട്ടിയെയും ഇനി വേണമോ എന്ന ചോദ്യത്തിന് ഉത്തരമായി ഡല്‍ഹി വിധിയെഴുതി, തല്ക്കാലം വേണ്ട! തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ ജാമ്യം റദ്ദാക്കി തിരികെ ജയിലിലേക്ക് പോകുമെന്നാണ് കെജ്‌രിവാളിന്റെ വാക്ക്. അമിത ആത്മവിശ്വാസത്തിലായിരുന്നു കെജ്‌രിവാള്‍ എന്നതാണ് സത്യം. ബിജെപി എത്രയൊക്കെ പയറ്റിയാലും താമരവിരിയിക്കാനുള്ള നിലമൊരുക്കില്ല ഡല്‍ഹി എന്ന ആത്മവിശ്വാസത്തിലായിരുന്നു കെജ്‌രിവാളിന്റെ ഓരോ വാക്കും നോക്കും. പ്രചാരണത്തിന്റെ ഒരു ഘട്ടത്തിലും പരാജയഭീതിയുള്ള ഒരാളുടെ ശരീരഭാഷ ആയിരുന്നില്ല കെജ്‌രിവാളിന്റേത്. ആരോപണപ്രത്യാരോപണങ്ങളുമായി തെരഞ്ഞെടുപ്പ് കളം മുറുകിയപ്പോഴും ഏറ്റവുമൊടുവില്‍ ഓപ്പറേഷന്‍ താമര ഉയര്‍ത്തി ബിജെപിയെ വെല്ലുവിളിച്ചപ്പോഴും പാതിയിലധികം ജയിച്ച യോദ്ധാവിന്റെ ഭാവമായിരുന്നു കെജ്‌രിവാളിന്. പക്ഷേ, ആ ആത്മവിശ്വാസം കണക്കിലേക്ക് എത്തിയില്ല. ജനവിധിയില്‍ കെജ്‌രിവാളും ആം ആദ്മി പാര്‍ട്ടിയും അമ്പേ പരാജയപ്പെട്ടു.
ബൂമറാങ് ആയ രാമായണ വിവാദം
വനവാസകാലത്ത് സീതയെ തട്ടിക്കൊണ്ടുപോകാന്‍ രാവണന്‍ അയച്ച സ്വര്‍ണ മാനിനെപ്പോലെയാണ് ബിജെപിയെന്ന അരവിന്ദ് കെജ്‌രിവാളിന്റെ പരാമര്‍ശം വിവാദമായിരുന്നു. ബിജെപി വാഗ്ദാനങ്ങള്‍ പാലിക്കാതെ ജനങ്ങളെ വഞ്ചിക്കുമെന്ന് ഉപമിക്കുകയായിരുന്നു കെജ്‌രിവാള്‍. പക്ഷേ, ബിജെപി അതേ വാളെടുത്ത് കെജ്‌രിവാളിന് നേരെ ഉയര്‍ത്തി. രാമായണത്തെ കെജ്‌രിവാള്‍ അവഹേളിച്ചെന്നും അദ്ദേഹം ഹിന്ദുവിരുദ്ധനാണെന്നും ആരോപിച്ചു. പിന്നാലെ പ്രായശ്ചിത്ത പ്രാര്‍ഥനയ്ക്കായി ബിജെപി നേതാക്കള്‍ ദില്ലിയിലെ ഹനുമാന്‍ ക്ഷേത്രത്തിലെത്തുക കൂടി ചെയ്തതോടെ രാമായണ നാടകം കെജ്‌രിവാളിന് തിരിച്ചടിയായി.
യമുനയെച്ചൊല്ലി ഹരിയാനയോടും തെറ്റി
ഹരിയാനയുടെ പുത്രനാണ് താന്‍ എന്ന് പറഞ്ഞയാളാണ് കെജ്‌രിവാള്‍. പക്ഷേ, യമുനാ നദിയിലെ മാലിന്യത്തില്‍ നിന്ന് തലയൂരാന്‍ അതേ ഹരിയാനയെ കെജ്‌രിവാള്‍ തള്ളിപ്പറഞ്ഞു. യമുനയിലെ മാലിന്യം നീക്കുമെന്ന് പറഞ്ഞാണ് 2020ല്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലേറിയത്. പക്ഷേ, നടപടിയുണ്ടായില്ല. അതേപ്പറ്റിയുള്ള ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ആരോപണങ്ങളെ കെജ്‌രിവാള്‍ പ്രതിരോധിച്ചത് കൊവിഡിന്റെയും കള്ളക്കേസില്‍ ജയിലില്‍ പോകേണ്ടി വന്നതിന്റെയും ന്യായമുയര്‍ത്തിയായിരുന്നു. യമുനാനദിയില്‍ ഹരിയാന വ്യവസായ മാലിന്യം തള്ളുന്നെന്നും അമോണിയ കലര്‍ത്തുന്നെന്നുമുള്ള മുഖ്യമന്ത്രി അതിഷിയുടെ ആരോപണത്തെ പിന്തുണച്ചതോടെ കഴിഞ്ഞകാലങ്ങളിലെ വാക്കുകളെല്ലാം കെജ്‌രിവാള്‍ മറന്നു. ജനങ്ങള്‍ക്ക് കൊടുക്കാനുള്ള വെള്ളത്തില്‍ വിഷം കലര്‍ത്തി ഡല്‍ഹിക്കാരെ കൊല്ലാനുള്ള നീക്കമാണ് ഹരിയാന നടത്തുന്നതെന്ന കെജ്‌രിവാളിന്റെ പരമാര്‍ശം വലിയ കോളിളക്കമുണ്ടാക്കി. ബിജെപിയെ ആണ് ഉന്നം വച്ചതെങ്കിലും കെജ്‌രിവാളിന്റെ പാലിക്കാത്ത വാഗ്ദാനവും ഹരിയാന വിമര്‍ശനവും അദ്ദേഹത്തിന് തന്നെ തിരിച്ചടിയായെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു.
ഫലം കാണാതെ പോയ ഇരവാദം
മദ്യനയ അഴിമതിക്കേസില്‍ ജയിലിലായപ്പോഴും ജാമ്യത്തിലിറങ്ങി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചപ്പോഴും കെജ്‌രിവാള്‍ വിശ്വസിച്ചിരുന്നു . ഡല്‍ഹിയിലെ ജനം കൈവിടില്ലെന്ന്. പ്രതിപക്ഷമൊന്നാകെ കെജ്‌രിവാളിനായി രംഗത്തെത്തിയപ്പോഴും ഭാര്യ സുനിതയെ രംഗത്തിറക്കിയപ്പോഴും മറിച്ചൊരു ചിന്ത പോലും അദ്ദേഹത്തിനുണ്ടായില്ല. മുഖ്യമന്ത്രി സ്ഥാനം അതിഷി മര്‍ലേനയെ ഏല്‍പ്പിച്ച് ബിജെപിക്കെതിരെ പോരാട്ടത്തിനിറങ്ങിയപ്പോഴും ആസന്ന ഭാവിയില്‍ അഗ്‌നിശുദ്ധി വരുത്തി തിരികെയെത്തുന്ന സ്വപ്നം കെജ്‌രിവാളിനുണ്ടായിരുന്നെന്ന് ഉറപ്പ്. തന്നെയും മറ്റ് ആം ആദ്മി നേതാക്കളെയും കള്ളക്കേസില്‍ കുടുക്കിയെന്ന പ്രതിഛായയുയര്‍ത്തി ബിജെപിയെ തറപറ്റിക്കാമെന്ന് കെജ്‌രിവാള്‍ കരുതി. എല്ലാം തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ബിജെപി ഗിമ്മിക്കുകളാണെന്ന് ജനങ്ങളോട് ആവര്‍ത്തിച്ചു. എന്നാല്‍, അഴിമതി ആരോപണമെന്ന ലേബലില്‍ നിന്ന് പുറത്തുകടക്കാന്‍ കെജ്‌രിവാളിന് കഴിഞ്ഞില്ല. ആരോപണവിധേയരെയെല്ലാം തള്ളി അതിഷിയെ മാത്രം വിജയിപ്പിച്ച് ഡല്‍ഹി കെജ്‌രിവാളിനെ പുറത്താക്കി.
ആം ആദ്മി പരിവേഷം വെറും മറയോ
ഇന്‍സര്‍ട്ട് ചെയ്യാത്ത ഷര്‍ട്ടും പോക്കറ്റിലെ സാദാ ബോള്‍പേനയുമായി ഡല്‍ഹിയിലെ ഇടത്തരക്കാര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന ഒരു കുഞ്ഞുനുഷ്യനെ ഇരുകയ്യും നീട്ടി ജനം സ്വീകരിച്ചത് അഴിമതി വിരുദ്ധന്‍ എന്ന ഉറച്ച വിശ്വാസത്തിലായിരുന്നു. അണ്ണാ ഹസാരെക്കൊപ്പമുള്ള സമരവും മുന്‍കാല പ്രതിഛായയും കെജ്‌രിവാളിന് ബലമായി. ഡല്‍ഹിയുടെ ഭാവി കെജ്‌രിവാളിന്റെ കൈയ്യില്‍ എന്ന് കണ്ണുമടച്ച് വിശ്വസിച്ചു. ആദ്യ രണ്ട് തിരഞ്ഞെടുപ്പുകളിലും വന്‍ ഭൂരിപക്ഷത്തോടെ കെജ്‌രിവാളിന് വിജയിക്കാനായതും ഈ വിശ്വാസം കൊണ്ടുതന്നെ. മൂന്നാം വട്ടമായപ്പോഴേക്കും ആ ജനസമ്മതി കുറഞ്ഞുവന്നിരുന്നു. ദില്ലിയെ നന്നാക്കാന്‍ ഇത്രയും കാലം പോരായിരുന്നോ എന്ന ചോദ്യം സ്വാഭാവികമായും ഉയര്‍ന്നു. അതിനെല്ലാമൊടുവിലാണ് ബിജെപി കളമറിഞ്ഞ് കളിച്ചത്. ദില്ലി മദ്യനയ അഴിമതിയില്‍ തുടങ്ങി ഇക്കഴിഞ്ഞ ബജറ്റ് വരെ ബിജെപി അതിവിദഗ്ധമായി ഉപയോഗിച്ചു. ആഢംബരവസതി ആരോപണം വേറെയും. കെജ്‌രിവാളിന്റെ കോമണ്‍ മാന്‍ ഇമേജ് പൊളിച്ചടുക്കുന്നതില്‍ ബിജെപി വിജയിച്ചു. ശീഷ് മഹല്‍ ആരോപണം കുറച്ചൊന്നുമല്ല കെജ്‌രിവാളിന് വിനയായത്. അധികാരവും പണവും കെജ്‌രിവാളിനെ മാറ്റിമറിച്ചെന്ന അണ്ണാ ഹസാരെയുടെ പ്രസ്താവനകള്‍ കൂടിയായതോടെ ചിത്രം സമ്പൂര്‍ണം, തോല്‍വി കെജ്‌രിവാളിന്റേതായി!
ഇനിയെന്ത്
അഗ്‌നിപരീക്ഷയില്‍ തോറ്റു, ഇനി അറിയേണ്ടത് കെജ്‌രിവാള്‍ വാക്കുപാലിക്കുമോ എന്നാണ്. ജയിലിലേക്ക് തിരികെപ്പോകുമെന്നൊക്കെ പറയാനെളുപ്പമാണ്, പക്ഷേ പ്രാവര്‍ത്തികമാക്കാന്‍ അത്ര എളുപ്പമല്ലല്ലോ. അതിഷിയെ മുന്നില്‍നിര്‍ത്തി ബിജെപിക്കെതിരെ പോരാടുക എന്ന സാധ്യത ബാക്കിയാണ്. കെജ്‌രിവാള്‍ എന്ന അതികായന്‍ ദില്ലി രാഷ്ട്രീയത്തില്‍ നിന്ന് മാഞ്ഞുകഴിഞ്ഞു, ആം ആദ്മി എന്ന പാര്‍ട്ടിയും ഏറെക്കുറെ അപ്രസക്തമായിരിക്കുന്നു. ഇന്ദ്രപ്രസ്ഥത്തിന്റെ ഇടനാഴികള്‍ ഇനിയെന്ത് രാഷ്ട്രീയ അത്ഭുതമാണ് ഒളിപ്പിച്ചുവച്ചിരിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.
Content Highlights: Arvind Kejriwal and Delhi Assembly Election 2025