
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ, സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ, അഥവാ SDPIയുടെ ഓഫീസുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്റേറ്റിന്റെയും മറ്റ് അന്വേഷണ ഏജൻസികളുടെയും റെയ്ഡ് നടക്കുകയാണ്. അനധികൃത പണമിടപാട് ആരോപിച്ച് SDPI ദേശീയ അധ്യക്ഷൻ എം കെ ഫൈസിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് SDPI ഓഫീസുകളിൽ വ്യാപക പരിശോധന അരങ്ങേറിയത്.
നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ആണ് SDPIക്ക് ഫണ്ടിങ് നടത്തുന്നതെന്നും ഇരു സംഘടനകളിലെയും ഭാരവാഹികൾ ഒന്നാണെന്നുമാണ് ഇഡിയുടെ കണ്ടെത്തൽ. ഇഡി നടപടിക്ക് പിന്നാലെ ഉയരുന്ന ഒരു ചോദ്യമുണ്ട് നിലവിൽ രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ പ്രവർത്തിക്കുന്ന SDPI യും പോപ്പുലർ ഫ്രണ്ടിന് സമാനമായ രീതിയിൽ നിരോധിക്കപ്പെടുമോയെന്ന്. എന്തിനാണ് SDPIക്ക് നേരെ ഇപ്പോഴത്തെ അന്വേഷണങ്ങൾ? അന്വേഷണത്തിൽ എന്തെങ്കിലും കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടോ? നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടും SDPIയും തമ്മിലുള്ള ബന്ധമെന്താണ്? വിശദമായി പരിശോധിക്കാം.
2009 ജൂൺ 21ന് ഡൽഹി പ്രസ് ക്ലബിൽ വെച്ച് നടന്ന വാർത്താ സമ്മേളനത്തിലാണ് SDPIയുടെ പ്രഥമ പ്രസിഡന്റ് കൂടിയായ ഇ അബൂബക്കർ, ഔദ്യോഗികമായി പാർട്ടി പ്രഖ്യാപിക്കുന്നത്. വിശപ്പ് രഹിതവും ഭയരഹിതവുമായ ഇന്ത്യ എന്നതായിരുന്നു SDPI മുന്നോട്ട് വെച്ച മുദ്രാവാക്യം. പാർട്ടി പ്രഖ്യാപിക്കുന്നതിനും മാസങ്ങൾക്ക് മുമ്പ് 2009 ഫെബ്രുവരി 13-14-15 ദിവസങ്ങളിലായി കോഴിക്കോട് വെച്ച് നടന്ന പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ദേശീയ സമ്മേളനത്തിൽ വെച്ചാണ് പുതിയൊരു രാഷ്ട്രീയ പാർട്ടിയെ കുറിച്ച് ചർച്ചകൾക്ക് അന്തിമ തീരുമാനമാകുന്നത്.
2009 ൽ പ്രഖ്യാപനം നടന്നെങ്കിലും 2010 ഏപ്രിൽ 13 നാണ് SDPI ക്ക് രജിസ്ട്രേഷൻ ലഭിക്കുന്നത്. വൈകാതെ, തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരവും ലഭിച്ചു. SDTU എന്ന പേരിൽ ട്രേഡ് യൂണിയനും, വിമൻ ഇന്ത്യ മൂവ്മെന്റ് എന്ന പേരിൽ ഒരു വനിത സംഘടനയും SDPI ക്ക് കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
ബാബരി മസ്ജിദ് ധ്വംസനം, ഗുജറാത്ത് കൂട്ടക്കൊല എന്നിങ്ങനെ ന്യൂനപക്ഷങ്ങൾക്ക് നേരെ ഇന്ത്യയിലുണ്ടായ അടിച്ചമർത്തലുകളുടെ പശ്ചാത്തലത്തിലാണ് പോപ്പുലർ ഫ്രണ്ട് രൂപം കൊള്ളുന്നത്. ന്യൂനപക്ഷ പ്രതിരോധം എന്ന ആശയത്തെ മുൻനിർത്തി മുസ്ലിം വിഭാഗങ്ങളിലെ തീവ്ര ചിന്താഗതിക്കാരെ ചേർത്തുനിർത്തിയാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തിച്ചു തുടങ്ങിയത്.
കേരളത്തിൽ പ്രവർത്തിച്ചിരുന്ന എൻഡിഎഫ്, കർണാടകയിലെ കർണാടക ഫോറം ഫോർ ഡിഗ്നിറ്റി (KFD), തമിഴ്നാട്ടിലെ മനിത നീതി പാസറൈ (MNP) എന്നിങ്ങനെ തുടങ്ങി തീവ്ര നിലപാടുള്ള മുസ്ലിം സംഘടനകളെ ഒന്നിച്ചുചേർത്താണ് 2006 ൽ പോപ്പുലർ ഫ്രണ്ട് രൂപംകൊണ്ടത്. നേരത്തെ, നിരോധിക്കപ്പെട്ട സിമി എന്ന സംഘടനയുടെ ഭാഗമായിരുന്ന ധാരാളം പേർ പോപ്പുലർ ഫ്രണ്ടിൽ ഉണ്ടായിരുന്നു.
2009 ൽ കോഴിക്കോട്ട് വെച്ച് നടന്ന ദേശീയ രാഷ്ട്രീയ സമ്മേളനത്തിൽ, ആന്ധ്രാ പ്രദേശ്, ഗോവ, രാജസ്ഥാൻ, മണിപ്പൂർ, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള സമാന സ്വഭാവത്തിലുള്ള നിരവധി സംഘടനകളെ ചേർത്ത് പോപുലർ ഫ്രണ്ട് ദേശീയ തലത്തിലുള്ള ഒറ്റ സംഘടനയായി മാറി.
തീവ്ര ആശയ പ്രചരണങ്ങൾക്കൊപ്പം കായികമായ അതിക്രമങ്ങളിലേക്ക് കൂടി പോപ്പുലർ ഫ്രണ്ട് എത്തിയതോടെയാണ് മതേതരത്വത്തിന് വെല്ലുവിളിയായ ഒരു സംഘടന എന്ന നിലയിൽ പോപ്പുലർ ഫ്രണ്ട് ചർച്ചായി മാറിയത്. പ്രവാചക നിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളെജിലെ അധ്യാപകനായിരുന്ന ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസ് ഇതിനൊരുദാഹരണമായിരുന്നു.
ഇതിനിടെ 2013ൽ കണ്ണൂർ ജില്ലയിൽ നാറാത്ത് പാമ്പുരുത്തി റോഡിനു സമീപമുള്ള തണൽ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസിൽ റെയ്ഡ് നടക്കുകയും സംഘടനയ്ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കുന്ന തെളിവുകൾ കണ്ടെടുത്തതായും ആയുധങ്ങൾ പിടിച്ചെടുത്തതായും പൊലീസ് സ്ഥിരീകരിച്ചു.
2018 ൽ എസ് എഫ് ഐ നേതാവും എറണാകുളം മഹാരാജാസ് വിദ്യാർത്ഥിയുമായിരുന്ന അഭിമന്യുവിനെ കുത്തികൊലപ്പെടുത്തിയ സംഭവത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ വിദ്യാർത്ഥി സംഘടനയായ ക്യാംപസ് ഫ്രണ്ട് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഏറ്റവുമൊടുവിൽ 2022-ൽ പോപ്പുലർ ഫ്രണ്ടിനെ അഞ്ച് വർഷക്കാലത്തേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിക്കുകയുണ്ടായി. രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ റെയ്ഡ് ചെയ്ത ഏജൻസികൾ സംഘടനയുടെ നിരവധി നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 'രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും സുരക്ഷയ്ക്കും ഹാനികരമായ' 'നിയമവിരുദ്ധ പ്രവർത്തനങ്ങൾ' നടത്തിയെന്നാരോപിച്ചാണ് പിഎഫ്‌ഐയെയും അതിന്റെ അനുബന്ധ ഗ്രൂപ്പുകളെയും കേന്ദ്രസർക്കാർ നിരോധിച്ചത്.
നിരോധിത ഇസ്ലാമിക ഗ്രൂപ്പുകളായ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി), ജമാത്ത്-ഉൽ-മുജാഹിദീൻ ബംഗ്ലാദേശ് (ജെഎംബി), ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ (ഐസിസ്) എന്നിവയുമായും ഈ സംഘടനയ്ക്ക് ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. ഇപ്പോഴിതാ പോപ്പുലർ ഫ്രണ്ടിന്റെ നിർദ്ദേശ പ്രകാരം രൂപീകരിക്കപ്പെട്ട SDPI ക്ക് എതിരെയും സമാനമായ രീതിയിൽ അന്വേഷണ ഏജൻസികൾ നടപടി സ്വീകരിക്കുകയാണ്.
എസ്ഡിപിഐയുടെ സ്ഥാനാർത്ഥി നിർണയത്തിൽ പോലും പിഎഫ്ഐ സ്വാധീനിച്ചുവെന്നും അനധികൃത പണമിടപാട് നടത്തിയെന്നുമാണ് ഇഡിയുടെ കണ്ടെത്തൽ. ഇന്ത്യയിൽ പത്ത് സംസ്ഥാനങ്ങളിലായി 14 കേന്ദ്രങ്ങളിലാണ് ഇഡി ഒരേസമയം റെയ്ഡ് നടത്തിയത്. എസ്ഡിപിഐ ദേശീയ അധ്യക്ഷൻ എം കെ ഫൈസിയെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി ചൊവ്വാഴ്ച അറസ്റ്റ് ചെയതതിന് പിന്നാലെയായിരുന്നു റെയ്ഡ്. രാജ്യത്ത് ഭീകരവാദ പ്രവർത്തനത്തിനായി പിഎഫ്‌ഐ പിരിച്ച പണത്തിന്റെ വിഹിതം എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി കൈപ്പറ്റിയെന്നും, 12 തവണ നോട്ടീസ് നൽകിയിട്ടും എംകെ ഫൈസി ഹാജരായില്ലെന്നും ഇ ഡി പറഞ്ഞു.
തിരഞ്ഞെടുപ്പ് കാലത്ത് എസ്ഡിപിഐക്ക് വേണ്ടി ഗൾഫ് രാജ്യങ്ങളിൽ പിഎഫ്‌ഐ പണപ്പിരിവ് നടത്തിയെന്നും ഇതുവഴി 3.75 കോടി രൂപ സമാഹരിച്ചെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഉള്ള തിരഞ്ഞെടുപ്പും അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പും അടുത്തിരിക്കെയാണ് കേന്ദ്ര ഏജൻസികളുടെ നടപടി. പോപ്പുലർ ഫ്രണ്ടിനെ പോലെ തന്നെ SDPI-യെയും നിരോധിക്കുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്.
Content Highlights: Relationship between Popular Front and SDPI? Will SDPI also be banned?