
സുനിത വില്യംസ് ഉള്‍പ്പടെ നാല് ബഹിരാകാശയാത്രികരെയും വഹിച്ചുകൊണ്ടുള്ള സ്‌പേസ്എക്‌സ് പേടകം മെക്‌സിക്കന്‍ കടലില്‍ തൊട്ട നിമിഷത്തെ ലോകം ഒന്നടങ്കം ഏറെ ആകാംക്ഷയോടെയാണ് കണ്ടത്. ഒമ്പത് മാസം, കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ 286 ദിവസം അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ കുടുങ്ങിയ സുനിത വില്യംസും ബാരി ബുച്ച് വില്‍മോറും സുരക്ഷിതരായി ഭൂമിയിലെത്തി. നാസയുടെ നിക് ഹേഗ്, റഷ്യന്‍ ബഹിരാകാശ യാത്രികന്‍ അലക്‌സാണ്ടര്‍ ഗോര്‍ബനോവ് എന്നിവരാണ് പേടകത്തിലുണ്ടായിരുന്നു മറ്റ് രണ്ട് പേര്‍.
സുനിത വില്യംസ് അടക്കമുള്ളവരുടെ സുരക്ഷിത മടക്കയാത്രയിലൂടെ നാസയ്‌ക്കൊപ്പം തന്നെ നേട്ടമുണ്ടാക്കുന്ന മറ്റൊരു പേര് കൂടിയുണ്ട്, സ്‌പേസ്എക്‌സ് ഉടമ ഇലോണ്‍ മസ്‌ക്. വിജയകരമായ ദൗത്യത്തിലൂടെ സ്‌പേസ് എക്‌സിന് ലഭിച്ച 'മൈലേജി'നൊപ്പം രാഷ്ട്രീയനേട്ടത്തിനായി കൂടി മസ്‌ക് ഇതിനെ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ടെന്ന് വ്യക്തം. ലാന്‍ഡിങിന് ശേഷം മസ്‌ക് നടത്തിയ പ്രതികരണങ്ങള്‍ ഇതിന് തെളിവാണ്.
'ബഹിരാകാശയാത്രികരെ സുരക്ഷിതമായി തിരിച്ചെത്തിച്ചതിന് സ്‌പേസ്എക്‌സ്, നാസ സംഘങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍. ഈ ദൗത്യത്തിന് മുന്‍ഗണന നല്‍കിയ അമേരിക്കന്‍ പ്രസിഡന്റിനും നന്ദി', എന്നായിരുന്നു മസ്‌കിന്റെ ആദ്യ ട്വീറ്റ്. എന്നാല്‍ അടുത്ത ഘട്ടത്തില്‍ മുന്‍ പ്രസിഡന്റ് ജോ ബൈഡനെ ഉന്നംവെച്ചുള്ളതായിരുന്നു മസ്‌കിന്റെ പ്രതികരണം. സുനിത വില്യംസ് അടക്കമുള്ളവരുടെ തിരിച്ചുവരവ് വൈകിപ്പിച്ചതിന് ബൈഡന്‍ ഭരണകൂടത്തെ കുറ്റപ്പെടുത്തിയ മസ്‌ക്, ഇവരെ നേരത്തെ തന്നെ തിരിച്ചെത്തിക്കാന്‍ സ്‌പേസ് എക്‌സ് തയ്യാറായിരുന്നുവെന്നും എന്നാല്‍ ഇത് ബൈഡന്‍ ഭരണകൂടം നിരസിക്കുകയായിരുന്നുവെന്നുമാണ് അവകാശപ്പെട്ടത്. രാഷ്ട്രീയകാരണങ്ങളാലാണ് ഈ നിര്‍ദേശം അവഗണിച്ചതെന്നും മസ്‌ക് ആരോപിച്ചു.
സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും മടക്കയാത്രയിലെ അനിശ്ചിതത്വം നേരത്തെ മുതല്‍ തന്നെ ട്രംപ് ബൈഡനെതിരായ ആയുധമാക്കി മാറ്റിയിരുന്നു. ട്രംപിന്റെ സ്ഥാനാരോഹണത്തിന് പിന്നാലെ തന്നെ ഇവരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.
ബോയിങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തിലാണ് സുനിത വില്യംസും ബുച്ച് വില്‍മോറും ബഹിരാകാശനിലയത്തിലെത്തിയത്. ജൂണ്‍ അഞ്ചിനാണ് ഇരുവരെയും വഹിച്ച് പേടകം പുറപ്പെട്ടത്. ജൂണ്‍ പകുതിയോടെ തിരികെയെത്തിക്കാനായിരുന്നു പദ്ധതി. എന്നാല്‍ ത്രസ്റ്ററുകളുടെ തകരാറുകള്‍ കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാകുകയായിരുന്നു. ബോയിങ് സ്റ്റാര്‍ലൈനര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് അരികിലെത്തിയപ്പോള്‍ പേടകത്തില്‍നിന്ന് ഹീലിയം വാതകച്ചോര്‍ച്ചയുണ്ടായി. ചില യന്ത്രഭാഗങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതിരുന്നത് ദൗത്യം ദുഷ്‌കരമാക്കിയിരുന്നു. ജൂണ്‍ 14-ന് മടങ്ങേണ്ട പേടകത്തിന്റെ യാത്ര പിന്നീട് പലതവണ മാറ്റിവച്ചു. യാത്രികരുടെ സുരക്ഷ പരിഗണിച്ചായിരുന്നു മടക്കയാത്ര നീട്ടിവച്ചത്. സാങ്കേതിക തകരാറുകള്‍ പഠിക്കാന്‍ നാസയ്ക്ക് കൂടുതല്‍ സമയം ആവശ്യമായി വന്നതാണ് മടക്കയാത്ര വൈകാന്‍ കാരണം. പിന്നീട് യാത്രക്കാരില്ലാതെ പേടകം തിരിച്ചെത്തിക്കുകയായിരുന്നു.
ഇതിന് പിന്നാലെയാണ് ഇലോണ് മസ്‌കിന്റെ സ്പേസ് എക്സിന്റെ ക്രൂ-9 മിഷന്റെ ഡ്രാഗണ് സ്പേസ് ക്രാഫ്റ്റില്‍ സുനിതയേയും വില്‍മോറിനേയും തിരികെയെത്തിക്കാന്‍ തീരുമാനിച്ചത്. ബോയിങ് പേടകത്തിന്റെ തകരാറ് മൂലം യാത്ര മുടങ്ങിയ യാത്രികരെ തിരിച്ചെത്തിക്കാന്‍ തങ്ങളുടെ എതിരാളികള്‍ തന്നെ രംഗത്തെത്തിയത് അവര്‍ക്ക് ചെറുതല്ലാത്ത ക്ഷീണമാണ് ഉണ്ടാക്കിയത്. 2014ല്‍ നാസയുടെ കൊമേര്‍ഷ്യല്‍ ക്രൂ പ്രോഗ്രാമിന്റെ ഭാഗമായി കരാര്‍ ലഭിച്ച രണ്ട് കമ്പനികളാണ് സ്‌പേസ് എക്‌സും ബോയിങ്ങും.
ബഹിരാകാശ യാത്രികരുടെ തിരിച്ചുവരവ് നടന്നത് ശ്രദ്ധാപൂര്‍വ്വമായ പദ്ധതികള്‍ക്കും ആലോചനകള്‍ക്കും ശേഷമാണെന്നും ഇതിന് രാഷ്ട്രീയവുമായോ വൈറ്റ് ഹൗസുമായോ യാതൊരു ബന്ധവുമില്ലെന്നുമാണ് ബഹിരാകാശ ഏജന്‍സിയിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്റ്റാര്‍ലൈനറിന് പ്രശ്‌നങ്ങള്‍ നേരിട്ടതോടെ യാത്രികരെ തിരികെയെത്തിക്കാന്‍ ലഭ്യമായ പല ഓപ്ഷനുകളും പരിശോധിച്ചതായി നാസയുടെ അസോസിയേറ്റ് അഡ്മിനിസ്‌ട്രേറ്റര്‍ കെന്‍ ബോവര്‍സോക്‌സ് ഈ അടുത്തിടെ നടന്ന ഒരു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ബഹിരാകാശ നിലയത്തില്‍ നിന്ന് പേടകങ്ങള്‍ വരുന്നതിന്റെയും പോകുന്നതിന്റെയും സമയക്രമം നിര്‍ണയിക്കുന്നത് രാഷ്ട്രീയമല്ലെന്നാണ് നാസയുടെ കൊമേഴ്‌സ്യല്‍ ക്രൂ പ്രോഗ്രാമിന്റെ മേല്‍നോട്ടം വഹിക്കുന്ന സ്റ്റീവ് സ്റ്റിച്ച് പറഞ്ഞത്.
Content Highlights: Astronauts return aboard SpaceX Dragon after nine-month and Elon Musk's response in it