ഇത് പുതുചരിത്രം; മാതാപിതാക്കളുടെ പോരാട്ട വഴിയിലൂടെ നടന്ന യു വാസുകി

യു വാസുകിയുടെ പിതാവും സിഐടിയു നേതാവുമായ ആർ ഉമാനാഥ് നേരത്തെ സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗമായിരുന്നു

dot image

യു വാസുകി സിപിഐഎമ്മിന്റെ പൊളിറ്റ്ബ്യൂറോയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുമ്പോൾ ഒരു പുതുചരിത്രം കൂടി കുറിക്കപ്പെടുകയാണ്. സിപിഐഎമ്മിന്റെ പരമോന്നത ഘടകത്തിൽ പിതാവിന് പിന്നാലെ മകളും അംഗമായി വരുന്നത് ആദ്യമാണ്. യു വാസുകിയുടെ പിതാവും സിഐടിയു നേതാവുമായ ആർ ഉമാനാഥ് നേരത്തെ സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗമായിരുന്നു.

തമിഴ്‌നാട്ടിൽ നിന്നുള്ള ട്രേഡ് യൂണിയൻ നേതാവും ജനാധിപത്യ മഹിളാ അസോസിയേഷന്റെ അഖിലേന്ത്യാ വൈസ് പ്രസിഡന്റുമാണ് യു വാസുകി. ബാങ്ക് ജീവനക്കാരിയായിരുന്ന യു വാസുകി ജോലിയിൽ നിന്നും നിർബന്ധിത റിട്ടയർമെന്റ് എടുത്ത ശേഷം സിപിഐഎമ്മിന്റെ മുഴുവൻ സമയ പ്രവർത്തകയാകുകയായിരുന്നു. സൈദ്ധാന്തിക ശേഷിയുള്ള നേതാവ് എന്ന നിലയിലും ശ്രദ്ധേയയാണ് യു വാസുകി.

തമിഴ്‌നാട്ടിൽ കമ്യൂണിസ്റ്റ് പാർട്ടിയെയും തൊഴിലാളി വർഗ്ഗ മുന്നേറ്റങ്ങളെയും കെട്ടിപ്പെടുക്കുന്നതിൽ പ്രധാന പങ്കു വഹിച്ച നേതാക്കളായിരുന്ന ആർ ഉമാനാഥിന്റെയും പാപ്പാ ഉമാനാഥിന്റെയും മകളാണ് യു വാസുകി. ആർ ഉമാനാഥ് സിപിഐഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗമായിരുന്നു. 1995 ഏപ്രിൽ 3 മുതൽ 8 വരെ ചണ്ഡീഗഡിൽ നടന്ന 15-ാം പാർട്ടി കോൺഗ്രസിലാണ് ആർ ഉമാനാഥ് സിപിഐഎമ്മിന്റെ പൊളിറ്റ്ബ്യൂറോയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. പിന്നീട് 2008ൽ കോയമ്പത്തൂരിൽ നടന്ന നടന്ന 19-ാം പാർട്ടി കോൺഗ്രസിൽ വെച്ച് അനാരോഗ്യത്തെ തുടർന്ന് ഉമാനാഥ് പി ബിയിൽ നിന്ന് ഒഴിയുകയായിരുന്നു.

യു വാസുകി

കർണാടകയോട് ചേർന്ന കാസർകോടൻ അതിർത്തി ഗ്രാമത്തിൽ ജനിച്ച ഉമാനാഥ് ബാല്യകാലം ചെലവഴിച്ചത് തലശ്ശേരിയിലും കോഴിക്കോടുമായിരുന്നു. ഉപരിപഠനാർത്ഥം ചിദംബരത്തെ അണ്ണാമലൈ യൂണിവേഴ്‌സിറ്റിയിൽ ചേർന്ന ഉമാനാഥ് 18-ാമത്തെ വയസ്സിലാണ് കമ്യൂണിസ്റ്റ് പാർട്ടി അംഗമാകുന്നത്. എകെജിയുടെ സ്വാധീനത്തിലാണ് ഉമാനാഥ് കമ്യൂണിസ്റ്റ് പാർട്ടി അംഗമായത്.

1940ൽ മദിരാശി ഗൂഢാലോചന കേസിൽ പി രാമമൂർത്തിക്കൊപ്പം ഉമാനാഥും അറസ്റ്റിലായി. ഈ കേസിൽ രണ്ട് വർഷത്തോളം ജയിൽശിക്ഷ അനുഭവിച്ചു.

പൊതുപ്രവർത്തന ജീവിതത്തിൽ ഒമ്പതര കൊല്ലത്തോളം ജയിൽ ശിക്ഷ അനുഭവിച്ച സ്വാതന്ത്ര്യ സമര സേനാനിയായ ഉമാനാഥ് ഏതാണ്ട് ഏഴരവർഷത്തോളം ഒളിവ് ജീവിതം നയിച്ചു. തമിഴ്‌നാട്ടിൽ കമ്യൂണിസ്റ്റ് പാർട്ടിയും സിഐടിയുവും കെട്ടിപ്പെടുക്കുന്നതിൽ നിർണ്ണായക സംഭാവനകൾ നൽകിയ നേതാവായിരുന്നു ഉമാനാഥ്. 1978ലാണ് ഉമാനാഥ് സിപിഐഎമ്മിന്റെ കേന്ദ്രകമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. രണ്ട് തവണ തമിഴ്‌നാട്ടിൽ നിന്നും ലോക്‌സഭയിലേയ്ക്കും രണ്ട് വട്ടം തമിഴ്‌നാട് നിയമസഭയിലേയ്ക്കും ഉമാനാഥ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2014ൽ 93-ാമത്തെ വയസ്സിലാണ് ഉമാനാഥ് അന്തരിച്ചത്.

ഉമാനാഥിന്റെ ജീവിതപങ്കാളി പാപ്പാ ഉമാനാഥും തമിഴ്‌നാട്ടിൽ നിന്നുള്ള കമ്യൂണിസ്റ്റ് നേതാവായിരുന്നു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ സ്ഥാപക ജനറൽ സെക്രട്ടറി കൂടിയായിരുന്നു ധനലക്ഷ്മിയെന്ന പാപ്പാ ഉമാനാഥ്. റെയിൽവെ തൊഴിലാളികൾക്കൊപ്പം സമരം ചെയ്തതിന്റെ പേരിൽ 12-ാം വയസിൽ പൊലീസ് കസ്റ്റഡയിൽ എടുത്ത പാപ്പാ ഉമാനാഥിനെ പ്രായപൂർത്തിയാകാത്തതിന്റെ പേരിൽ മജിസ്‌ട്രേറ്റ് വിട്ടയയ്ക്കുകയായിരുന്നു.

ആര്‍ ഉമാനാഥും പാപ്പ ഉമാനാഥും

1948ൽ കമ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടപ്പോൾ പ്രവർത്തന കേന്ദ്രം മദ്രാസിലേയ്ക്ക് മാറ്റി. പി രാമമൂർത്തി, ശ്രീനിവാസ റാവു, എം കല്യാണസുന്ദരം തുടങ്ങിയ മുതിർന്ന നേതാക്കൾക്കൊപ്പമായിരുന്നു മദ്രാസിലെ പ്രവർത്തനം. 1950ൽ അറസ്റ്റ് ചെയ്യപ്പെട്ട് സൈദാപേട്ട് ജയിലിൽ അടക്കപ്പെട്ട സമയത്താണ് പാപ്പാ ഉമാനാഥിന്റെ അമ്മ മരിക്കുന്നത്. അമ്മയുടെ മൃതദേഹം കാണിക്കണമെങ്കിൽ പാർട്ടി പ്രവർത്തനം ഉപേക്ഷിക്കണമെന്ന നിബന്ധന നിരസിച്ച് ജയിലിൽ തുടരുകയായിരുന്നു പാപ്പാ ഉമാനാഥ്. ജയിൽ അധികൃതരോട് പ്രതിഷേധിച്ച് 23 ദിവസത്തെ നിരാഹാര സമരത്തിനൊടുവിലായിരുന്നു പാപ്പാ ഉമാനാഥിന്റെ അമ്മ ലക്ഷ്മിയെന്ന അലമേലു മരണത്തിന് കീഴടങ്ങിയത്.

Content Highlights: U Vasuki make new history she is new cpim politburo member

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us