മകള്‍ക്ക് വേണ്ടി നീതി നടപ്പാക്കിയെന്ന വാഴ്ത്തുപാട്ടുകള്‍ക്കിടയില്‍ നീറി നീറി ജീവിച്ചുതീര്‍ന്നൊരച്ഛന്‍

അയല്‍ക്കാരന്റെ കൈകൊണ്ടുതന്നെ ദാരുണമായി മകള്‍ കൊല്ലപ്പെട്ടത് ശങ്കരനാരായണന് വിശ്വസിക്കാനും സഹിക്കാനും കഴിയുന്നുണ്ടായില്ല.

dot image

ച്ഛനുറങ്ങാത്ത വീടായിരുന്നു, മലപ്പുറം മഞ്ചേരി ചാരങ്കാവ് ചേണോട്ടുകുന്നില്‍ പൂവഞ്ചേരി തെക്കേവീട്. മകള്‍ കൃഷ്ണപ്രിയയുടെ മരണശേഷം, ശങ്കരനാരായണന്‍ എന്ന, ആ അച്ഛന്‍ ഉറങ്ങിയിട്ടേയില്ല… അവളുടെ മരണത്തിന് കാരണക്കാരനായ എളങ്കൂര്‍ ചാരങ്കാവ് കുന്നുമ്മല്‍ മുഹമ്മദ് കോയയെ വെടിവച്ചു കൊലപ്പെടുത്തും വരെ.

പതിമൂന്നുവയസ്സായിരുന്നു മരിക്കുമ്പോള്‍ കൃഷ്ണപ്രിയയുടെ പ്രായം. ശങ്കരനാരായണന്റെയും ശാന്തകുമാരിയുടെയും മൂന്നാമത്തെ കുട്ടിയായിരുന്നു കൃഷ്ണപ്രിയ. രണ്ടു ആണ്‍മക്കള്‍ക്ക് ശേഷം പിറന്ന പെണ്‍തരി. അതുകൊണ്ടുതന്നെ അവള്‍ എല്ലാവരുടെയും പൊന്നോമനയായിരുന്നു. കന്നുകാലികളെ വളര്‍ത്തി കുടുംബം നോക്കിയിരുന്ന ശങ്കരനാരായണന്‍ അല്ലലൊന്നും അറിയിക്കാതെയാണ് മൂന്നുമക്കളെയും വളര്‍ത്തിയത്.

2001ലാണ് ആ കുടുംബത്തിന്റെ സന്തോഷവും സമാധാനവും ഒറ്റയടിക്ക് തകരുന്നത്. പഠിക്കാന്‍ മിടുക്കിയായിരുന്നു കൃഷ്ണപ്രിയ. വാര്‍ഷിക പരീക്ഷയുടെ ചൂടിലേക്ക് കടന്ന ഫെബ്രുവരിയില്‍ സ്‌കൂള്‍ വിട്ടുവരികയായിരുന്ന കൃഷ്ണപ്രിയയെ, അയല്‍വാസിയായ, അന്ന് 24 വയസ്സ് പ്രായമുള്ള മുഹമ്മദ് കോയ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുകയായിരുന്നു. സ്‌കൂള്‍ വിട്ട് മകള്‍ എത്തേണ്ട നേരമായിട്ടും അവളെ കാണാതായതോടെ കൃഷ്ണപ്രിയയെ തിരഞ്ഞു വീട്ടുകാര്‍ ഇറങ്ങി. എന്നാല്‍, കണ്ടെത്താനായത് ജീവന്‍ നഷ്ടപ്പെട്ട മകളുടെ മൃതദേഹമാണ്. അയല്‍ക്കാരന്റെ കൈകൊണ്ടുതന്നെ ദാരുണമായി മകള്‍ കൊല്ലപ്പെട്ടത് ശങ്കരനാരായണന് വിശ്വസിക്കാനും സഹിക്കാനും കഴിയുന്നുണ്ടായില്ല. കിണറ്റില്‍ നിന്ന് കോയക്ക് വെള്ളം കോരിക്കൊടുത്തിട്ടുള്ള കൃഷ്ണപ്രിയയെ എങ്ങനെ അയാള്‍ക്ക് കൊല്ലാനായെന്നത് ആ പിതാവിന്റെ വിശ്വാസത്തെയാണ് തകര്‍ത്തുകളഞ്ഞത്.

പതിവുപോലെ പൊലീസ് കേസെടുത്തു, അന്വേഷണത്തില്‍ പ്രതി അറസ്റ്റിലായി ശിക്ഷിക്കപ്പെട്ടു. 2002ല്‍ ജാമ്യം ലഭിച്ച് പ്രതി മുഹമ്മദ് കോയ പുറത്തിറങ്ങി. മകളെ കൊലപ്പെടുത്തിയവന്‍, തന്റെ ജീവിതം എന്നെന്നേക്കുമായി തകര്‍ത്തു കളഞ്ഞവന്‍, കണ്‍മുന്നിലൂടെ നടക്കുന്നത് സഹിക്കാനും പൊറുക്കാനും ശങ്കരനാരായണനായില്ല. മകള്‍ക്ക് നീതി ലഭിച്ചില്ലെന്ന വിശ്വാസത്തില്‍ അയാള്‍, സുഹൃത്തിന്റെ സഹായത്തോടെ ഒരു കൈത്തോക്ക് സംഘടിപ്പിച്ചു. സമയവും സാഹചര്യവും ഒത്തുവന്നപ്പോള്‍ ശങ്കരനാരായണന്‍ മുഹമ്മദ് കോയയെ വെടിവച്ച് കൊലപ്പെടുത്തി. ശങ്കരനാരായണന്‍ തോക്കുമായി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് പറഞ്ഞ് മഞ്ചേരി സെഷന്‍സ് കോടതി ശങ്കരനാരായണനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

പക്ഷെ നിയമത്തിന് മുന്നിലെ ആ വലിയ തെറ്റ് മേല്‍ക്കോടതിക്ക് മുന്നില്‍ തെളിയിക്കാന്‍ സാധിച്ചില്ല. 2006 മെയ് മാസം തെളിവുകളുടെ അഭാവത്തില്‍ ആ പിതാവിനെ ഹൈക്കോടതി വെറുതെ വിട്ടു. കൃഷ്ണപ്രിയക്ക് ശേഷം വീണ്ടും നിരവധി പെണ്‍കുട്ടികള്‍ ലൈംഗികാതിക്രമത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടു. നിര്‍ഭയയിലും സൗമ്യയിലും ജിഷയിലും ഹഥ്റാസിലും അതവസാനിച്ചില്ല. അവര്‍ക്കുപിറകേ നിരവധി പെണ്‍കുട്ടികള്‍ മുഖമില്ലാതെ, സ്ഥലപ്പേരിലൊതുങ്ങി ജീവന്‍ വെടിഞ്ഞു. നീതിന്യായ സംവിധാനത്തില്‍ അടിയന്തരമായുണ്ടാകേണ്ട മാറ്റങ്ങളെ കുറിച്ച് രാജ്യമെങ്ങും മുറവിളി ഉയര്‍ന്നു.ക്രൂരമായി കൊല ചെയ്യപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കാതെ പോകുന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോഴെല്ലാം സമൂഹം ശങ്കരനാരായണനെ ഓര്‍ത്തു. മകളെ ആക്രമിച്ച് കൊലപ്പെടുത്തിയവനെ കൊന്ന് ജയിലില്‍ പോയ, ശങ്കരനാരായണനെ സമൂഹമാധ്യമങ്ങള്‍ ഹീറോയായി ആഘോഷിച്ചു.

എന്നാല്‍, ഇനിയും കത്തിത്തീരാത്ത നിസംഗതയുടെ ചിതയിലായിരുന്നു ശങ്കരനാരായണന്‍. മകള്‍ക്ക് ലഭിക്കേണ്ട നീതി സ്വയം നടപ്പാക്കിയ പിതാവെന്ന്, ചുറ്റുമുള്ളവര്‍ വിശേഷിപ്പിച്ചപ്പോഴെല്ലാം, നിസ്സഹായമായ പിതൃജീവിതമെന്നാണ് ശങ്കരനാരായണന്‍ തന്നെ കണക്കാക്കിയത്. ശത്രുവിന് അര്‍ഹമായ ശിക്ഷ നല്‍കിയവനെന്ന നായക പ്രകീര്‍ത്തനങ്ങളെ അയാള്‍ ഏറ്റുപിടിച്ചതേയില്ല. ഒരിക്കലും തന്നെ പോലൊരു പിതാവ്, ലോകത്തൊരിടത്തും ഇനിയുണ്ടാകാതിരിക്കട്ടെ എന്ന് മാത്രം ആഗ്രഹിച്ച് അയാള്‍ ജീവിച്ച് മരിച്ചു.ശങ്കരനാരായണന് വിട.

Content Highlights: Life of Shankaranarayanan, who killed the accused in Krishnapriya's murder

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us