മാറ്റത്തിന്റെ വാതിൽ തുറന്നിട്ട, യാഥാസ്ഥിതികത്വത്തോട് ഒറ്റയ്ക്ക് പോരാടിയ പരിഷ്കരണവാദി; മാർപാപ്പയെ ഓർക്കുമ്പോൾ

സഭയില്‍ നവീകരണത്തിന്റെ വാതില്‍ തുറന്നിട്ട രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ നേരവകാശി, വിമര്‍ശകരെ പോലും കൂടെ നിര്‍ത്തിയ നയതന്ത്രജ്ഞൻ...

ആഷ്ന റോസ്
4 min read|21 Apr 2025, 01:46 pm
dot image

130 കോടിയിലേറെ വരുന്ന വിശ്വാസികളുടെ തലവന്‍. കത്തോലിക്കാസഭയെ കാലഘട്ടത്തിന്റെ മാറ്റങ്ങളോടെ നയിച്ച മഹാ ഇടയന്‍. ആഗോള കത്തോലിക്കാ സഭയില്‍ നവീകരണത്തിന്റെ വാതില്‍ തുറന്നിട്ട രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ നേരവകാശി. വിമര്‍ശകരെ പോലും കൂടെ നിര്‍ത്തിയ നയതന്ത്രജ്ഞൻ. അന്തരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഈ വിശേഷങ്ങള്‍ നന്നായി ചേരും.

പോപ് ബനഡിക്റ്റ് 16-ാമൻ സ്ഥാനമൊഴിഞ്ഞതോടെ കത്തോലിക്ക സഭയുടെ അമരത്തേക്ക് അര്‍ജന്റീനക്കാരനായ ഹോര്‍ഗേ മാരിയോ ബെര്‍ഗോളിയോ എന്ന കര്‍ദിനാളിന്റെ വരവ് ആകസ്മികമോ, അപ്രതീക്ഷിതമോ ആയിരുന്നില്ല. കത്തോലിക്ക സഭക്ക് ആഗോള മുഖഛായ നല്‍കുകയും, വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിടുകയും ഫ്രാൻസിന് മാർപാപ്പ ചെയ്തു.

ആഗോള കത്തോലിക്ക സഭയുടെ അധികാരശ്രേണിയില്‍ മൂന്നാമനായിരുന്ന കര്‍ദ്ദിനാള്‍ അഴിമതി കുറ്റത്തിന് വിചാരണ നേരിട്ട് ശിക്ഷിക്കപ്പെട്ടു. ഇന്നയാള്‍ തടവറയിലാണ്. ഇത്തരം ഉയര്‍ന്ന അധികാരശ്രേണിയില്‍ ഇരിക്കുന്നവരെ വിചാരണ ചെയ്യാന്‍ വത്തിക്കാനില്‍ മാര്‍പാപ്പ പ്രത്യേക കോടതി സ്ഥാപിച്ചു. ഒരു അല്‍മായനായിരുന്നു ഈ കോടതിയുടെ ജഡ്ജി.

മാര്‍പാപ്പമാരെ തിരഞ്ഞെടുക്കുന്നതിനുള്ള ഇലക്ടറൽ കോളേജില്‍ പരിഷ്‌കരണവാദികള്‍ക്ക് ഉള്‍പ്പെടെ അദ്ദേഹം കസേര ഇട്ടുനല്‍കി. നാളിതുവരെ കര്‍ദിനാള്‍മാര്‍ ഉണ്ടായിട്ടില്ലാത്ത ചെറു രാജ്യങ്ങളില്‍ നിന്നുപോലും കര്‍ദിനാള്‍മാരെ ചേര്‍ത്ത് കര്‍ദ്ദിനാള്‍ സംഘം മാർപ്പാപ്പ പരിഷ്‌കരിച്ചു.

ഇറ്റാലിയന്‍ കര്‍ദ്ദിനാളായ പിയദ്രേ പരോളിന്‍ പോലെയുള്ളവരെ ചേര്‍ത്ത് നിര്‍ത്തി മുഖ്യ ചുമതല നല്‍കാനും അദേഹം ശ്രദ്ധിച്ചു. പൗരസ്ത്യ സഭകളുടെ തലവന്‍മാര്‍ക്ക് കര്‍ദിനാള്‍ പദവിയെന്ന കീഴ്വഴക്കം ഫ്രാന്‍സിസ് മാര്‍പാപ്പ കാറ്റില്‍ പറത്തി. സിറോ - മലബാര്‍, യുക്രൈന്‍ സഭകളുടെ കാര്യത്തില്‍ ലോകം ഇത് കണ്ടു.

അധികാരമേറ്റ ആദ്യനാളുകളില്‍ തന്നെ വിശുദ്ധ പദവിയിലേക്ക് ജോണ്‍ 23-ാമന്റെ പേര് കൂട്ടിച്ചേർത്ത് ഫ്രാന്‍സിസ് മാര്‍പാപ്പ നല്‍കിയത് ഒരു വലിയ സൂചനയായിരുന്നു. കാരണം രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ എന്ന അസാധാരണ സംഭവം ജോണ്‍ 23-ാമന്റെ മാത്രം ചിന്തയില്‍ വിരിഞ്ഞതാണ്. എന്നാല്‍ കൗണ്‍സില്‍ പൂര്‍ത്തിയാക്കാതെ അദ്ദേഹം വിടവാങ്ങിയതോടെ ലക്ഷ്യത്തിലെത്താന്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് കഴിഞ്ഞിരുന്നില്ല. പതിറ്റാണ്ടുകള്‍ക്ക് ശേഷം സമഗ്രമാറ്റത്തിലേക്ക് കത്തോലിക്ക സഭയെ നയിച്ചത് ഫ്രാന്‍സിസ് മാര്‍പാപ്പയായിരുന്നു.

കത്തോലിക്ക സഭക്ക് പുറത്തും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇടപെടല്‍ ശക്തമായിരുന്നു. ഇതര മതങ്ങള്‍ക്ക് വത്തിക്കാനില്‍ സ്വാഗതമരുളി. മിഡില്‍ ഈസ്റ്റിലെ സമാധാന ശ്രമങ്ങള്‍, റഷ്യ - യുക്രൈന്‍ യുദ്ധത്തിനെതിരായ നിലപാടുകള്‍, അമേരിക്കന്‍ ബിഷപ്പ് കോണ്‍ഫറന്‍സിനെതിരെയുള്ള നിലപാടുകള്‍, ട്രംപിനെതിരെയുള്ള വിമര്‍ശനങ്ങള്‍ ഒക്കെ ഫ്രാന്‍സിസ് മാര്‍പാപ്പയെ ശ്രദ്ധാകേന്ദ്രമാക്കി. ചെറുപ്പത്തില്‍ കുടിയേറ്റക്കാരനായി പറിച്ച് നടപ്പെട്ട സാഹചര്യം എക്കാലത്തും കുടിയേറ്റ ജനതയോടുള്ള ഐക്യദാര്‍ഡ്യമായി പോപ് ഫ്രാന്‍സിസ് ഉയര്‍ത്തിപിടിച്ചു. ഈ നിലപാടിന് മുന്‍പില്‍ യൂറോപ്പിന് വഴങ്ങേണ്ടിവന്നു.

കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ഇന്നോളം ചിന്തയില്‍ പോലും വരാത്ത എല്‍ജിബിടിക്യു പ്ലസ് സമൂഹത്തോടുള്ള കാഴ്ച്ചപ്പാടുകള്‍, കുടിയേറ്റ ജനതയോടുള്ള കരുതല്‍, പൗരോഹിത്യ ദുഷ്പ്രഭുത്വം, വിവാഹം, വിവാഹ മോചനം തുടങ്ങിയ വിഷയങ്ങളിലും മാര്‍പാപ്പയുടെ കാഴ്ചപ്പാടുകള്‍ വ്യത്യസ്തമായിരുന്നു. വലിയ രീതിയിലുള്ള പരിഷ്‌കാരങ്ങളാണ് ഈ മേഖലയില്‍ പോപ്പ് ഫ്രാന്‍സിസ് കൊണ്ടുവരാന്‍ ശ്രമിച്ചത് എന്നതും ശ്രദ്ധേയമാണ്.

ഭിന്ന ലൈംഗികതയില്‍ അദ്ദേഹം സ്വീകരിച്ച നിലപാടുകളെ വിപ്ലവം എന്നുതന്നെ വിശേഷിപ്പിക്കാം. സ്വവര്‍ഗരതി കുറ്റകൃത്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഭിന്ന ലൈംഗികതയും മാരക പാപത്തിന്റെ പട്ടികയില്‍ നിന്ന് പുറത്തായി. വിവാഹം എന്നതിന്റെ നിര്‍വചനം പോലും കത്തോലിക്ക സഭയ്ക്ക് പുനര്‍ ചര്‍ച്ചകള്‍ക്ക് വിധേയമാക്കേണ്ടി വന്നു.

ഈ പരിഷ്‌കാരങ്ങളും നിലപാടുകളുമൊക്കെ പ്രവര്‍ത്തികമാക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. സഭയില്‍ പൂര്‍ത്തിയായ നടപടികളുമല്ല. എന്നാലും ആ തലങ്ങളിലേക്ക് സഭയുടെ നേതൃത്വത്തിന്റെ ചിന്തയെ എത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. എട്ട് പ്രത്യേക സിനഡുകളാണ് ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അദ്ദേഹം വിളിച്ചു ചേര്‍ത്തത്. ആദ്യ സിനഡില്‍ കര്‍ദിനാള്‍മാര്‍ ഒന്നു ചേര്‍ന്ന് അദ്ദേഹത്തിന്റെ പരിഷ്‌കരണ നടപടികളെ വോട്ട് ചെയ്ത് തോല്‍പിച്ചു.

എന്നാല്‍ ആ പരാജയത്തോടെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്‍മാറിയില്ല. മാര്‍പാപ്പയുടെ പ്രത്യേക അധികാരം ഉപയോഗപ്പെടുത്തി സിനഡിന്റെ പാറ്റേണ്‍ മാറ്റി. സാധാരണ വിശ്വാസികളും, സന്യാസ സഭാ പ്രതിനിധികളും സിനഡില്‍ പങ്കാളികളായി വന്നു. വോട്ട് രേഖപ്പെടുത്തി. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി സിനഡിന്റെ രേഖകള്‍ ആഗോള കത്തോലിക്ക സഭയിലെ അടിസ്ഥാന യൂണിറ്റായ ഓരോ ഭവനത്തിലും എത്തി. അവിടെ നിന്ന് ഇടവകകളിലേക്കും, രൂപതകളിലേക്കും, ചര്‍ച്ചകള്‍ കത്തിപ്പടർന്നു. 2025 ഒക്ടോബറില്‍ ഈ സിനഡ് രേഖകളില്‍ അന്തിമതീരുമാനമാകുമോയെന്ന് ലോകം കാത്തിരിക്കുമ്പോഴാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വേര്‍പാട്.

ഇനിയെന്താകും ഈ വിഷയങ്ങളിലെ കത്തോലിക്കാ സഭയുടെ നിലപാട് എന്നത് കാത്തിരുന്ന് കാണേണ്ടതാണ്. നൂതന കാലത്ത് ചരിത്രപരമായ നിലപാടുകള്‍ സ്വീകരിച്ച പരമാചാര്യനാണ് വിടപറഞ്ഞിരിക്കുന്നത്. കത്തോലിക്കാ സഭയെ മാറ്റത്തിലേക്ക് നയിക്കാന്‍ ശ്രമിച്ച ക്രിസ്തുവിന്റെ വികാരിയെ കാലം എന്നും ഓര്‍മ്മിക്കും.

Content Highlights: How Francic Marpapa fought conservatism in church

dot image
To advertise here,contact us
dot image