
ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി 12 വര്‍ഷത്തോളം സേവനമനുഷ്ടിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ വിടപറഞ്ഞിരിക്കുകയാണ്. പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്നതിനുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള പ്രക്രിയയ്ക്കാണ് അദ്ദേഹത്തിന്റെ വിയോഗത്തോടെ തുടക്കമായിരിക്കുന്നത്.
കാമര്‍ലങ്കോയാണ് പോപ്പുമാരുടെ മരണം സ്ഥിരീകരിക്കുന്നത് (ഒരു മാര്‍പാപ്പ തന്റെ സ്ഥാനം രാജിവെച്ച് ഒഴിയുമ്പോഴോ മരണപ്പെടുമ്പോഴോ പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നത് വരെ കത്തോലിക്കാ സഭയുടെ അധികാരി കമര്‍ലങ്കോ ആയിരിക്കും). പോപ്പിന്റെ സ്‌നാന നാമം അദ്ദേഹം മൂന്ന് തവണ വിളിക്കും. പ്രതികരണമില്ലെങ്കില്‍ മരണം പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് ഈ വിവരം ലോകത്തെ അറിയിക്കും. തുടര്‍ന്ന് പോപ്പിന്റെ അധികാര ചിഹ്നമായ ഫിഷര്‍മന്‍സും മോതിരവും സീലും നശിപ്പിക്കും. ഒരു പോപ്പിന്റെ മരണ ശേഷം, വത്തിക്കാന്‍ ഒരു ഇടവേളയിലേക്ക് പ്രവേശിക്കും. ഒരു പോപ്പിന്റെ മരണത്തിനും ഈ സ്ഥാനത്തേക്ക് പുതിയൊരാളെ നിയമിക്കുന്നതിനും ഇടയിലുള്ള സമയമാണിത്.
പോപ് മരിച്ച് 4-6 ദിവസത്തിനുള്ളില്‍ സംസ്‌കാരം നടക്കണം. മറ്റെവിടെയെങ്കിലും സംസ്‌കാരം നടത്താന്‍ അഭ്യര്‍ത്ഥിച്ചിട്ടില്ലെങ്കില്‍ സാധാരണഗതിയില്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലാണ് പോപ്പിന്റെ സംസ്‌കാരം നടക്കുക. തുടര്‍ന്ന് ഒമ്പത് ദിവസത്തെ ദുഃഖാചരണം.
പരമ്പരാഗതമായി മാര്‍പാപ്പമാരുടെ സംസ്‌കാരം ഏറെ വിപുലവും സങ്കീര്‍ണവുമായി ചടങ്ങുകളായിരുന്നു. എന്നാല്‍ ഈ നടപടിക്രമങ്ങളെല്ലാം ലളിതമാക്കാനുള്ള നീക്കത്തിന് മുന്‍കൈ എടുത്തതും അംഗീകാരം നല്‍കിയതും ഫ്രാന്‍സിസ് മാര്‍പാപ്പയാണ്.
സൈപ്രസ്, ഈയം, ഓക്ക് എന്നീ മൂന്ന് പാളികളോട് കൂടിയ പെട്ടികളിലാണ് സാധാരണ പോപ്പുമാരെ അടക്കാറുള്ളത്. എന്നാല്‍ സിങ്ക് കൊണ്ട് പൊതിഞ്ഞ മരം കൊണ്ടുള്ള ലളിതമായ പെട്ടിയാണ് പോപ് ഫ്രാന്‍സിസ് തിരഞ്ഞെടുത്തത്. മാത്രമല്ല കാറ്റഫാല്‍ക്ക് എന്നറിയപ്പെടുന്ന സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ ഒരു പ്രത്യേകയിടത്ത് പോപ്പിന്റെ ഭൗതിക ദേഹം പൊതുദര്‍ശനത്തിനായി വെക്കുന്ന ചടങ്ങും അദ്ദേഹം വേണ്ടെന്ന് നിര്‍ദേശിച്ചിരുന്നു. വത്തിക്കാനിന് പുറത്ത് സംസ്‌കരിക്കപ്പെടുന്ന ഒരു നൂറ്റാണ്ടിലേറെക്കാലത്തെ ആദ്യത്തെ പോപ്പും ഫ്രാന്‍സിസ് ആയിരിക്കും. റോമിലെ നാല് പ്രധാന പാപ്പല്‍ ബസിലിക്കകളില്‍ ഒന്നായ സെന്റ് മേരിസ് മേജര്‍ ബസിലിക്കയില്‍ അദ്ദേഹത്തെ അടക്കം ചെയ്യും. വത്തിക്കാന്‍ പ്രത്യേക പ്രാധാന്യവും പദവികളും നല്‍കിയിട്ടുള്ള ഒരു പള്ളികളാണ് ബസിലിക്ക എന്ന് അറിയപ്പെടുന്നത്.
കത്തോലിക്കാ സഭയിലെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, അതായത് കോളേജ് ഓഫ് കര്‍ദ്ദിനാള്‍സ് എന്നറിയപ്പെടുന്ന ഇവരാണ് പുതിയ പോപ്പിനെ തിരഞ്ഞെടുക്കേണ്ട്. നിലവില്‍ 252 കത്തോലിക്കാ കര്‍ദ്ദിനാള്‍മാരുണ്ട്, അവരില്‍ 138 പേര്‍ക്ക് പുതിയ പോപ്പിന് വോട്ട് ചെയ്യാന്‍ അര്‍ഹതയുണ്ട്.
മറ്റുള്ളവര്‍ 80 വയസ്സിനു മുകളിലുള്ളവരാണ്, അതായത് അവര്‍ക്ക് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയില്ല, എന്നിരുന്നാലും ആരെ തിരഞ്ഞെടുക്കണം എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ അവര്‍ക്ക് പങ്കുചേരാം.
കര്‍ദ്ദിനാള്‍മാര്‍ കോണ്‍ക്ലേവ് കൂടിയായിരിക്കും പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുക. 15 മുതല്‍ 20 ദിവസത്തിനുള്ളില്‍ കോണ്‍ക്ലേവ് കൂടണം. സിസ്‌റ്റൈന്‍ ചാപ്പലിനുള്ളിലാണ് തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കുക. ഫോണോ മറ്റ് മാധ്യമങ്ങളോ ഇല്ലാതെ പുറംലോകവുമായുള്ള ബന്ധം പൂര്‍ണമായും ഇല്ലാതെയായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. കര്‍ദ്ദിനാള്‍മാര്‍ അവര്‍ തങ്ങള്‍ക്ക് താല്‍പര്യമുള്ള സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യും. ഒരു സ്ഥാനാര്‍ത്ഥിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നത് വരെ ഈ വോട്ടെടുപ്പ് ആവര്‍ത്തിക്കും. ചിലപ്പോള്‍ ഇത് ദിവസങ്ങളോ ആഴ്ചകളോ നീണ്ടേക്കാം. മുമ്പ് വോട്ടെടുപ്പ് മാസങ്ങളോളം നീണ്ടുനിന്ന സമയമുണ്ടായിട്ടുണ്ട്. കോണ്‍ക്ലേവിനിടെ ചില കര്‍ദ്ദിനാള്‍മാര്‍ മരിച്ച സംഭവങ്ങള്‍ പോലുമുണ്ടായിട്ടുണ്ട്.
കോണ്‍ക്ലേവ് എങ്ങനെ പുരോഗമിക്കുന്നു എന്നത് മനസിലാക്കുന്ന സൂചന, കര്‍ദ്ദിനാള്‍മാര്‍ ബാലറ്റ് പേപ്പറുകള്‍ കത്തിക്കുന്നതിലൂടെ ദിവസത്തില്‍ രണ്ട് തവണ ഉയര്‍ന്നുവരുന്ന പുക മാത്രമാണ്. കറുത്ത പുക മാര്‍പാപ്പയെ തിരഞ്ഞെടുത്തിട്ടില്ലെന്നും വെളുത്ത പുക മാര്‍പാപ്പയെ തിരഞ്ഞെടുത്തുവെന്നുമാണ് സൂചിപ്പിക്കുന്നത്.
വെളുത്ത പുക ഉയര്‍ന്ന് ഒരു മണിക്കൂറിനുള്ളില്‍ സാധാരണ പുതിയ മാര്‍പാപ്പ സെന്റ് പീറ്റേര്‍സ് സ്‌ക്വയറിലെ ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെടും. കോണ്‍ക്ലേവില്‍ പങ്കെടുത്ത മുതിര്‍ന്ന കര്‍ദ്ദിനാള്‍ 'നമുക്ക് ഒരു പോപ്പ് ഉണ്ട്' എന്നര്‍ത്ഥം വരുന്ന ലാറ്റിന് വാക്കുകള്‍ ഉപയോഗിച്ച് തീരുമാനം പ്രഖ്യാപിക്കും. തുടര്‍ന്ന് അദ്ദേഹം പുതിയ പോപ്പിനെ തിരഞ്ഞെടുത്ത പാപ്പല്‍ നാമത്തില്‍ പരിചയപ്പെടുത്തും.
മാമ്മോദീസ സ്വീകരിച്ച ഏതൊരു റോമന്‍ കത്തോലിക്കാ പുരുഷനെയും പോപ്പ് ആകുന്നതിനുള്ള തിരഞ്ഞെടുപ്പിന് പരിഗണിക്കാമെന്നാണ് പറയുന്നത്. എന്നിരുന്നാലും കര്‍ദ്ദിനാള്‍മാരില്‍ ഒരാളെയാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. 2013-ല്‍ മുന്‍ കോണ്‍ക്ലേവില്‍ അര്‍ജന്റീനയില്‍ ജനിച്ച ഫ്രാന്‍സിസ് മാര്‍പ്പാപ്പ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, ലോകത്തിലെ കത്തോലിക്കരില്‍ ഏകദേശം 28% വരുന്ന തെക്കേ അമേരിക്കയില്‍ നിന്നുള്ള ആദ്യത്തെ പോന്തിഫായി അദ്ദേഹം മാറി. ഇതുവരെ തിരഞ്ഞെടുക്കപ്പെട്ട 266 പോപ്പുമാരില്‍ 217 പേര്‍ ഇറ്റലിയില്‍ നിന്നുള്ളവരാണ്.
Content Highlights: What next after the death of Pope Francis?