സൗദിയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി; ആരാണ് റയ്യാന ബര്നാവി?

സ്തനാര്ബുദ ഗവേഷകയായ റയ്യാന ബര്നാവി സ്വകാര്യ ബഹിരാകാശ കമ്പനിയായ ആക്സിയോ സ്പേസിന്റെ ദൗത്യത്തിന്റെ ഭാഗമായാണ് ബഹിരാകാശത്തെത്തിയത്

dot image

യുഎസിലെ കെന്നഡി സ്പെയ്സ് സെന്ററില് നിന്ന് കുതിച്ചുയര്ന്ന സ്പെയിസ് എക്സ് ഫാല്ക്കണ് 9 റോക്കറ്റ് ബഹിരാകാശ നിലയത്തിലെത്തിയപ്പോള് സൗദിയുടെ ചരിത്രത്തില് പുതിയ അധ്യായം കൂടിയാണ് എഴുതി ചേര്ക്കപ്പെട്ടത്. മെയ് 22ന് എത്തിയ നാലംഗ സംഘത്തില് സൗദിയിലെ ആദ്യ വനിതാ ബഹിരാകാശ ഗവേഷക റയ്യാന ബര്നാവിയും ഉള്പ്പെട്ടിരുന്നു.

ആരാണ് റയ്യാന ബര്നാവി?

'ഭാവി ഏറെ പ്രകാശമുള്ളതാണ്, എല്ലാവരും വലിയ സ്വപ്നങ്ങള് കാണുക. നിങ്ങളില് വിശ്വസിക്കുക, മനുഷ്യത്വത്തില് വിശ്വസിക്കുക', സൗദിയുടെ ആദ്യ വനിതാ ബഹിരാകാശ ഗവേഷകയായ റയ്യാന ബര്നാവിയുടെ വാക്കുകള് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളെ അഭിസംബോധന ചെയ്തുകൊണ്ടുള്ളതായിരുന്നു. ലക്ഷക്കണക്കിന് സ്ത്രീകള്ക്ക് പ്രചോദനം കൂടിയാണ് റയ്യാനയുടെ ജീവിതം.

സ്തനാര്ബുദ ഗവേഷകയായ റയ്യാന ബര്നാവി സ്വകാര്യ ബഹിരാകാശ കമ്പനിയായ ആക്സിയോ സ്പേസിന്റെ ദൗത്യത്തിന്റെ ഭാഗമായാണ് ബഹിരാകാശത്തെത്തിയത്. ബഹിരാകാശ നിലയത്തിലേക്കുള്ള ആക്സിയോ സ്പേസിന്റെ രണ്ടാമത്തെ ദൗത്യമായിരുന്നു ഇത്. ശൂന്യാകാശത്ത് മൂല കോശങ്ങളുടെ സ്വഭാവം പഠിക്കുകയായിരുന്നു ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ഇതുള്പ്പടെ ഇരുപതോളം പരീക്ഷണങ്ങള് ബഹിരാകാശ നിലയത്തിലെത്തിയ സംഘം നടത്തി.

കമാന്ഡര് പെഗ്ഗി വിറ്റ്സണ്, പൈലറ്റ് ജോണ് ഷോഫ്നര് തുടങ്ങിയവര് സംഘത്തിലുണ്ടായിരുന്നു. മിഷന് സ്പെഷ്യലിസ്റ്റായിരുന്നു ബര്നാവി. തനിക്ക് ലഭിച്ച ചുമതലയില് അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്നാണ് ടേക്ക് ഓഫിന് മുമ്പ് ബര്നാവി പറഞ്ഞത്. സൗദിയിലെ ജനങ്ങളുടെ പ്രത്യേകിച്ച് സ്ത്രീകളുടെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയും പ്രതിനിധീകരിക്കുന്നതില് അതിയായ സന്തോഷമുണ്ടെന്നും അവര് പറഞ്ഞിരുന്നു.

'സ്തനാര്ബുദത്തിലും സ്റ്റെം സെല് കാന്സര് ഗവേഷണത്തിലും ഒമ്പത് വര്ഷത്തെ പ്രവര്ത്തി പരിചയമുള്ള ഒരു റിസര്ച്ച് ലാബോറട്ടറി ടെക്നീഷ്യന്, അവര് സൗദിയില് നിന്നുള്ള ആദ്യ വനിതാ ബഹിരാകാശ യാത്രികയാകും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ 10 ദിവസം നീണ്ടു നില്ക്കുന്ന ദൗത്യത്തില് പങ്കെടുക്കും', എന്നായിരുന്നു നാസ ദൗത്യത്തിന് മുന്നോടിയായി പ്രഖ്യാപിച്ചത്.

1988ല് സൗദിയിലെ ജിദ്ദയിലായിരുന്നു ബര്നാവിയുടെ ജനനം. ന്യൂസിലന്ഡിലെ ഒട്ടാഗോ സര്വകലാശാലയില് നിന്നും ബയോമെട്രികല് സയന്സില് ബിരുദം നേടി. സൗദി അറേബ്യയിലെ അല്ഫൈസല് യൂണിവേഴ്സിറ്റിയില് നിന്നാണ് ബര്നാവി ബിരുദാനന്ദര ബിരുദം കരസ്ഥമാക്കിയത്. സ്കൂബാ ഡൈവിങ്, ഹാങ് ഗ്ലൈഡിങ്, ഹൈക്കിങ്, റാഫ്റ്റിങ് തുടങ്ങിയ മേഖലകളിലും ബര്നാവി കഴിവ് തെളിയിച്ചിട്ടുണ്ട്.

റിയാദിലെ കിങ് ഫൈസല് സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റല് ആന്റ് റിസര്ച്ച് സെന്ററില് റിസര്ച്ച് ലാബോറട്ടറി ടെക്നീഷ്യനായിരിക്കെയാണ് റയ്യാന ബര്നാവി ബഹിരാകാശ ദൗത്യത്തിന് തെരഞ്ഞെടുക്കപ്പെടുന്നത്. ബഹിരാകാശ ദൗത്യത്തില് പങ്കാളിയായി ഐഎസ്എസി (International Space Station) ലെത്തുന്ന ആദ്യ അറബ് വനിത കൂടിയാണ് ഇവര്. സ്റ്റെം സെല്ലുമായും സ്തനാര്ബുദവുമായും ബന്ധപ്പെട്ട ഗവേഷണത്തില് തന്നെയാണ് ദൗത്യത്തിന്റെ ഭാഗമായും ബര്നാവി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

സൗദി കിരീടാവകാശി മുഹമ്മദ് ബിന് സല്മാന്റെ ഇടപെടലിന്റെ ഭാഗമായി രാജ്യം അടുത്തിടെ സ്ത്രീകള്ക്ക് നിരവധി മേഖലകളില് പ്രാതിനിധ്യം ഉറപ്പാക്കുകയും ഇളവുകള് നടപ്പിലാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആദ്യ സൗദി ബഹിരാകാശ സഞ്ചാരിയായി റയ്യാന ബര്നാവി ദൗത്യത്തിന്റെ ഭാഗമായത്. തീവ്ര യാഥാസ്ഥിതിക ഇമേജ് നവീകരിക്കാനുള്ള സൗദി അറേബ്യയുടെ ഏറ്റവും പുതിയ ശ്രമമായും ബര്നാവിയുടെ ബഹിരാകാശ യാത്രയെ അന്താരാഷ നിരീക്ഷകര് വിലയിരുത്തുന്നുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us