അര്ഹതയോ അവകാശമോ അല്ല, ക്രൂരതയാണ് സ്ത്രീധനം

നിയമങ്ങള് കര്ശനമായ നാട്ടില് എന്തുകൊണ്ടാണ് സ്ത്രീധനപീഡനങ്ങള് സ്ഥിരം വാര്ത്തയാകുന്നത്? പീഡനങ്ങള് മൂലം ജീവന് നഷ്ടപ്പെടുന്ന പെണ്കുട്ടികളുടെ എണ്ണം വര്ധിക്കുന്നതിന് കാരണം എന്താകും?

ജെയ്ഷ ടി കെ
7 min read|18 Jun 2023, 12:07 pm
dot image

ഈ വര്ഷം ഏപ്രില് വരെ മാത്രം അഞ്ച് സ്ത്രീകള്ക്ക് സ്ത്രീധന പീഡനത്തിന്റെ ഇരയായി ജീവന് നഷ്ടപ്പെട്ടുവെന്നാണ് കേരള പൊലീസിന്റെ ക്രൈം സ്റ്റാറ്റിസ്റ്റിക്സ് പറയുന്നത്. ഔദ്യോഗിക കണക്കുകള് ഇതാണെങ്കിലും ഇതിലും എത്രയോ ഇരട്ടിയാണ് യഥാര്ത്ഥ സംഭവങ്ങളെന്ന് ദിവസേന പുറത്ത് വരുന്ന വാര്ത്തകള് പരിശോധിച്ചാല് മനസിലാകും. സ്ത്രീധനം വാങ്ങുന്നതും നല്കുന്നതും ശിക്ഷ ലഭിക്കാവുന്ന കുറ്റകരമായ നാട്ടിലാണ് സ്ത്രീധനത്തിന്റെ പേരിലുള്ള മരണങ്ങള് സ്ഥിരം വാര്ത്തയാകുന്നത്.

സ്ത്രീധന നിരോധന ചട്ടങ്ങള് പരിഷ്കരിക്കാന് സര്ക്കാര് നടപടികള് അരംഭിച്ചിരിക്കുകയാണ്. സ്ത്രീകള്ക്കെതിരായ അതിക്രമങ്ങള് വര്ധിക്കവെ വനിതാ കമ്മീഷനും സ്ത്രീ സംരക്ഷണ സംഘടനകളും സമ്മര്ദ്ദം ചെയുത്തിയതിന്റെ ഫലം കൂടിയായാണ് നടപടി. നിയമങ്ങള് കര്ശനമായ നാട്ടില് എന്തുകൊണ്ടാണ് സ്ത്രീധനപീഡനങ്ങള് സ്ഥിരം വാര്ത്തയാകുന്നത്? സ്ത്രീധനം ആവശ്യപ്പെട്ടുള്ള മാനസികവും ശാരീരികവുമായ പീഡനങ്ങള് മൂലം ജീവന് നഷ്ടപ്പെടുന്ന പെണ്കുട്ടികളുടെ എണ്ണം വര്ധിക്കുന്നതിന് കാരണം എന്താകും?

ശക്തമായ നിയമമാണ് സ്ത്രീധനപീഡനങ്ങള്ക്കെതിരെ സംസ്ഥാനത്തുള്ളത്. 1961ലെ സ്ത്രീധന നിരോധന നിയമം അനുസരിച്ച് ഇന്ത്യയില് സ്ത്രീധനം നിരോധിക്കപ്പെട്ടതാണ്. എന്നിട്ടും മകളുടെ അല്ലെങ്കില് സഹോദരിയുടെ വിവാഹം പറ്റാവുന്നതില് കൂടുതല് സ്ത്രീധനം നല്കി നടത്തുക എന്നത് അഭിമാനപ്രശ്നമാണ് നമ്മുടെ നാട്ടില്. സഹോദരിയുടെ വിവാഹത്തിന് പണം കണ്ടെത്താനാകാത്തതിനാല് യുവാവ് ആത്മഹത്യ ചെയ്ത സംഭവം ആരും മറന്നു കാണാന് ഇടയില്ല. സ്ത്രീധനം വിവാഹത്തിന്റെ അവിഭാജ്യ ഘടകമാണെന്ന ധാരണയാണ് ഇപ്പോഴും സമൂഹത്തിനുള്ളത്. സ്ത്രീധനം എന്ന പേരിട്ട് വിളിക്കാതെ സമ്മാനമെന്നോ ഭാവിലേക്ക് കരുതലെന്നോ ഒക്കെയുള്ള പേരില് ഈ കൊടുക്കല് വാങ്ങല് സമൂഹത്തില് തുടര്ന്നുകൊണ്ടേയിരിക്കുകയാണ്.

വിവാഹ വേളയില് ലഭിക്കുന്ന അല്ലെങ്കില് നല്കുന്ന 'സമ്മാനങ്ങള്' ഏകദേശ മൂല്യം സഹിതം ലിസ്റ്റ് ചെയ്ത് സമര്പ്പിക്കണമെന്ന് 1985ലെ കേന്ദ്രനിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. സര്ക്കാര് ജീവനക്കാര് സ്ത്രീധനം വാങ്ങിയിട്ടില്ലെന്നുള്ള സത്യവാങ്മൂലം ഭാര്യയുടെ ഒപ്പു സഹിതം മേലധികാരിക്ക് സമര്പ്പിക്കണമെന്നും നിയമമുണ്ട്, പക്ഷേ ഇത് എത്രപേര് പാലിക്കുന്നുണ്ട് എന്ന് പരിശോധിക്കണം.

വിദ്യാഭ്യാസവും ജോലിയും കഴിഞ്ഞ് മതി വിവാഹം. സ്ത്രീധനം ചോദിച്ച് വരുന്നവര്ക്ക് മക്കളെ കൊടുക്കാതിരിക്കുക. പെണ്കുട്ടികള്ക്ക് നല്ല വിദ്യാഭ്യാസം നല്കുക. വിവാഹം രണ്ടാമത്തെ കാര്യമാണ്. അനുഭവം ഉള്ളതുകൊണ്ടാണ് പറയുന്നത്. ഈ ഗതി ഒരച്ഛനും വരുത്തരുതേ എന്ന പ്രാര്ത്ഥനയാണെനിക്ക്
സ്ത്രീധനപീഡനത്തില് ജീവന് നഷ്ടപ്പെട്ട വിസ്മയയുടെ അച്ഛന്റെ വാക്കുകളാണിത്.

എന്താണ് സ്ത്രീധനം?

വിവാഹവുമായി ബന്ധപ്പെട്ട് വിവാഹത്തിന് മുമ്പോ, പിമ്പോ, വിവാഹിതരാകുന്ന കക്ഷികളില് ഒരാള് മറ്റൊരാള്ക്ക് കൊടുക്കുന്നതോ, വിവാഹിതരാകുന്നവരുടെ മാതാപിതാക്കളോ മറ്റാരെങ്കിലുമോ വധുവിനോ വരനോ മറ്റാര്ക്കെങ്കിലുമോ കൊടുക്കുന്ന എല്ലാ സ്വത്തുക്കളും വിലയുള്ള പ്രമാണങ്ങളും സ്ത്രീധനമാണ് (മുസ്ലീം വ്യക്തിനിയമം അനുസരിച്ച് മഹര് ഇതില് നിന്ന് ഒഴിവാക്കിയിട്ടുണ്ട്). സ്ത്രീധനം ചോദിക്കുന്നതും കൊടുക്കുന്നതും സ്വീകരിക്കുന്നതും കുറ്റകരമാണ്.'

വര്ധിക്കുന്ന 'സ്തീധനക്കൊലകള്'

കഴിഞ്ഞ വര്ഷങ്ങളില് സ്ത്രീധന പീഡന കേസുകളുടെ എണ്ണത്തില് കാര്യമായ വര്ധനവ് ഉണ്ടായെന്ന് കണക്കുകള് വ്യക്തമാക്കുന്നു. മുന്കാലങ്ങളില് 'സഹിച്ചും, ഒതുങ്ങിയും' ഭര്തൃവീടുകളില് കഴിഞ്ഞിരുന്നവര് ഇപ്പോള് പരാതിയുമായി മുന്നോട്ട് വരാന് തയ്യാറാകുന്നു എന്നത് ഈ വര്ധനവിന് പിന്നിലെ ഒരു കാരണമാണ്. കണക്കുകളില് രാജ്യത്തെ മൂന്ന് ശതമാനം മാത്രം ജനസംഖ്യയുള്ള കേരളം മാട്രിമോണിയല് കേസുകളുടെ കാര്യത്തില് മുന്നില് നില്ക്കുന്നതിന്റെ കാരണവും സംസ്ഥാനത്ത് പരാതികള് കൂടുതല് രജിസ്റ്റര് ചെയ്യപ്പെടുന്നു എന്നത് തന്നെയാണ്.

2021 ജൂണ് 21നായിരുന്നു ബിഎഎംഎസ് വിദ്യാര്ത്ഥിനിയായ വിസ്മയ ഭര്തൃഹൃഗൃഹത്തില് ആത്മഹത്യ ചെയ്തു എന്ന വാര്ത്ത പുറത്തുവന്നത്. ഭര്ത്താവായിരുന്ന മോട്ടോര് വെഹിക്കിള് ഇന്സ്പെക്ടര് കിരണ് കുമാര് ആയിരുന്നു പ്രതി. വിവാഹ സമയം നൂറു പവന് സ്വര്ണവും, 1.20 ഏക്കര് സ്ഥലവും കാറും ഉള്പ്പടെ സ്തീധനമായി നല്കിയിരുന്നു. എന്നാല് ലഭിച്ച കാറില് തൃപ്തനല്ലാത്തതിനാലും, വാഗ്ദാനം ചെയ്ത സ്വര്ണം ലഭിച്ചില്ലെന്നും ആരോപിച്ചായിരുന്നു വിസ്മയ എന്ന 24കാരിക്ക് ക്രൂരമായ ശാരീരിക-മാനസീക പീഡനങ്ങള് ഏല്ക്കേണ്ടി വന്നത്.

ഭര്ത്താവില് നിന്നും വീട്ടുകാരില് നിന്നും വിസ്മയയ്ക്ക് ഏല്ക്കേണ്ടി വന്ന മര്ദ്ദനത്തിന്റെയുള്പ്പടെ തെളിവുകള് പിന്നീട് പുറത്തുവന്നു. നാല് മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമായിരുന്നു കേസില് വിധി പറഞ്ഞത്. സ്ത്രീപീഡനം, ആത്മഹത്യാപ്രേരണ, ഗാര്ഹിക പീഡനം, എന്നീ കുറ്റങ്ങള് തെളിഞ്ഞു. കിരണ് കുമാര് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു.

സ്ത്രീധനമായി കിട്ടാവുന്നതെല്ലാം സ്വന്തമാക്കിയ ശേഷം ഭാര്യയെ ഭര്ത്താവ് വിഷപാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം പത്തനംതിട്ടയിലായിരുന്നു. 2020 മെയ് 7നാണ് ഉത്രയെ കിടപ്പുമുറിയില് മരിച്ച നിലയില് കണ്ടെത്തിയത്. അന്വേഷണത്തില് ഭര്ത്താവ് സൂരജ് കുറ്റക്കാരനാണെന്ന് തെളിഞ്ഞു. അപൂര്വങ്ങളില് അപൂര്വമെന്ന് നിരീക്ഷിച്ച കേസില് പ്രതിക്ക്, 17 വര്ഷം കഠിനതടവും, ഇരട്ട ജീവപര്യന്തവും പിഴയുമായിരുന്നു ശിക്ഷ വിധിച്ചത്.

ചിന്തിപ്പിക്കുന്ന കണക്കുകള്

പൊലീസിന്റെ ക്രൈം റെക്കോര്ഡുകള് പ്രകാരം 2016 മുതല് ഈ വര്ഷം ഏപ്രില് വരെ സംസ്ഥാനത്ത് രജിസ്റ്റര് ചെയ്ത സ്ത്രീധനപീഡന മരണങ്ങളുടെ എണ്ണം 90 ആണ്. 2021ല് 9 പേരും, 2020ല് 6 പേരും, 2019ല് 9 പേരും, 2018ല് 17 പേരും സ്ത്രീധന പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. വിവിധ പരാതികളില് ഭര്ത്താക്കന്മാര്ക്കും മറ്റുബന്ധുക്കള്ക്കും എതിരെ രജിസ്റ്റര് ചെയ്തിട്ടുള്ള കേസുകളുടെ എണ്ണം 20,000ല് അധികം വരുമെന്നതാണ് മറ്റൊരു വസ്തുത.

കഴിഞ്ഞ 13 വര്ഷത്തിനിടെ സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്ന്നുള്ള 212 മരണങ്ങള് കേരള പൊലീസ് റെക്കോര്ഡ് ചെയ്തുവെന്ന് കഴിഞ്ഞ വര്ഷം ദ ന്യൂ ഇന്ത്യന് എക്സ്പ്രസ് പുറത്തുവിട്ട റിപ്പോര്ട്ട് പറയുന്നുണ്ട്.

സ്ത്രീധന നിരോധന നിയമം

1961ലാണ് രാജ്യത്ത് സ്ത്രീധന നിരോധന നിയമം നിലവില് വരുന്നത്. 1984ലെ ഭേഗഗതിയില് വിവാഹ സമയത്ത് സമ്മാനങ്ങള് കൈമാറ്റം ചെയ്യുന്നതിനുള്ള വിലക്ക് നീക്കി. ഗാര്ഹിക പീഡനങ്ങള്ക്കെതിരെ നിയമപരിരക്ഷ ഉറപ്പാക്കപ്പെട്ടത് 2005ലെ 'പ്രൊട്ടക്ഷന് ഓഫ് വിമണ് ഫ്രം ഡൊമസ്റ്റിക് വയലന്സ് ആക്ടി'ലൂടെയാണ്.

1961 ലെ സ്ത്രീധന നിരോധന നിയമത്തിലെ നാലാം വകുപ്പനുസരിച്ച് ഭര്ത്താവോ അയാളുടെ ബന്ധുക്കളൊ നേരിട്ടൊ അല്ലാതെയൊ സ്ത്രീധനം ആവശ്യപ്പെട്ടാല് അത് ആറ് മാസം മുതല് രണ്ട് വര്ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. ഇത് ചൂണ്ടിക്കാട്ടി പീഡനം അനുഭവിക്കുന്ന സ്ത്രീക്ക് പൊലീസില് പരാതി നല്കാം. ഇനി, രണ്ടാമതായി ഇത്തരം മാനസിക പീഡനങ്ങള് 2005 ലെ പ്രൊട്ടക്ഷന് ഓഫ് വിമണ് ഫ്രം ഡൊമസ്റ്റിക് വയലന്സ് ആക്ട് പ്രകാരവും കുറ്റകരമാണ്. ഈ ആക്ടിലെ പേരില് കാണുന്ന ഡൊമസ്റ്റിക് വയലന്സില് ശാരീരികമായ ആക്രമണം മാത്രമല്ല, മാനസികമായ പീഡനവും വാക്കാലുള്ള ഉപദ്രവവും വരും. ഉദാഹരണത്തിന് ഒരു സ്ത്രീ ഗര്ഭം ധരിച്ചില്ലെങ്കില്, അല്ലെങ്കില് ആണ് കുട്ടി ഉണ്ടായില്ലെങ്കില് അവരെ വാക്കു കൊണ്ട് കുറ്റപ്പെടുത്തുന്നത് ഉള്പ്പടെ ഈ കുറ്റത്തിന്റെ പരിധിയില് വരും. അതായത് ഒരു വ്യക്തിയെ അവരുടെ സാമ്പത്തികമോ ശാരീരിമോ ആയ കുറവുകളുടെ പേരില് അപമാനിക്കുന്നത് ഡൊമസ്റ്റിക് വയലന്സ് തന്നെയാണ്. ഇത്തരം ഉപദ്രവങ്ങളുണ്ടായാല് അത് ചൂണ്ടിക്കാട്ടി ഒരു സ്ത്രീക്ക് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാവുന്നതാണ്. കാര്യങ്ങള് ബോധ്യപ്പെട്ടാല് മജിസ്ട്രേറ്റിന് പ്രൊട്ടക്ഷന് ഓര്ഡര് പാസാക്കാം. എന്ന് വച്ചാല് ഇത്തരം പീഡനങ്ങളില് നിന്നുള്ള പ്രൊട്ടക്ഷന്. ഇങ്ങനെ ഒരു ഓര്ഡര് പാസാക്കിയതിന് ശേഷവും ഭര്ത്താവോ ബന്ധുക്കളോ പീഡനം തുടര്ന്നാല് അത് മജിസ്ട്രേറ്റിന്റെ ഉത്തരവിന്റെ ലംഘനമാകും. അങ്ങനെ ചെയ്യുന്നത് ഒരു വര്ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാകും. അത്തരം കേസുകളുടെ വിചാരണ നടത്തുക നേരത്തെ ഓഡര് പാസാക്കിയ മജിസ്ട്രേറ്റ് തന്നെയാവും.

എന്നാല് 2005ലെ ഈ നിയമം വേണ്ടതു പോലെ ആളുകള് ഉപയോഗിക്കുന്നില്ലെന്ന് അഡ്വക്കേറ്റ് മുഹമ്മദ് ഇബ്രാഹിം അബ്ദുള് സമദ് പറയുന്നു. ഈ വകുപ്പ് പ്രകാരം മജിസ്ട്രേറ്റ് കോടതിയില് നിന്ന് സംരക്ഷണ ഉത്തരവ് ലഭിക്കും, സ്ത്രീധനം ആവശ്യപ്പെടലൊക്കെ ആദ്യ കോടതി ഉത്തരവോടെ നിര്ത്തിക്കാവുന്നതെയുള്ളൂ എന്നര്ത്ഥം. എന്നാല് ഈ വകുപ്പ് പൊതുവെ ആളുകള് ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ കേരളത്തില് നടന്ന ആത്മഹത്യകളില് ഭര്ത്താക്കന്മാര്ക്കെതിരെ ചാര്ജ് ചെയ്യപ്പെട്ട പ്രധാന വകുപ്പ് ഐപിസി 304 ബി എന്ന സ്ത്രീധന മരന്നത്തിനുള്ള വകുപ്പായിരുന്നു. ഈ വകുപ്പനുസരിച്ച് വിവാഹം കഴിഞ്ഞ ഒരു സ്ത്രീ പൊള്ളലേറ്റൊ മറ്റൊ മരണപ്പെടുകയും മരണത്തിന് മുമ്പായി അവരെ സ്ത്രീധനത്തിന് വേണ്ടി ഭര്ത്താവോ ഭര്ത്താവിന്റെ ബന്ധുക്കളൊ ഉപദ്രവിക്കുകയും ചെയ്യുകയാണെങ്കില് അത് സ്ത്രീധനവുമായി ബന്ധപ്പെട്ട മരണമാണ്. വിവാഹം കഴിഞ്ഞ് ഏഴ് വര്ഷത്തിനകം നടക്കുന്ന സാധരണ മരണങ്ങളെയും നിയമം ഇത്തരത്തില് പരിശോധിക്കും. ഇത്തരം മരണങ്ങള്ക്ക് കാരണമാകുന്നവര്ക്ക് ഏഴ് വര്ഷം മുതല് ജീവപര്യന്തം വരെയാണ് തടവ് ശിക്ഷ. ഏതെങ്കിലും തരത്തില് നടത്തുന്ന അക്രമം ഇന്ത്യന് പീനല് കോഡ് അനുസരിച്ച് കുറ്റകരമാക്കിയിരിക്കുന്ന വകുപ്പാണ് 498 എ. ഭര്ത്താവോ ഭര്ത്താവിന്റെ വീട്ടുകാരോ സ്ത്രീധനം ചോദിച്ചോ നിയമപരമല്ലാത്ത മറ്റെന്തെങ്കിലും കാര്യത്തിന്റെയോ പേരില് പീഡിപ്പിച്ചാല് ഈ വകുപ്പ് അനുസരിച്ചാണ് നടപടിയെടുക്കുക.

ശിക്ഷിക്കപ്പെടാതെ പോകുന്ന കേസുകള്

വിസ്മയ കേസ് പുറത്തുവന്നതിന് ശേഷം സംസ്ഥാനത്ത് രജിസ്റ്റര് ചെയ്യുന്ന സ്ത്രീപീഡന കേസുകളുടെ എണ്ണത്തില് വലിയ വര്ധനവുണ്ടായിട്ടുണ്ട്. ഇത് ശരിവെക്കുന്നതാണ് സര്ക്കാര് കണക്കുകളും. എങ്കിലും യഥാര്ത്ഥത്തില് നടക്കുന്ന സംഭവങ്ങളില് വലിയൊരു ശതമാനം പോലും ഇപ്പോഴും റിപ്പോര്ട്ട് ചെയ്യപ്പെടുന്നില്ലെന്ന് വിദഗ്ധര് പറയുന്നു. റിപ്പോര്ട്ട് ചെയ്യുന്ന കേസുകളില് എത്ര ശതമാനം ശിക്ഷിക്കപ്പെടുന്നുണ്ട് എന്നത് കൂടി ഇതിനൊപ്പം ചേര്ത്ത് വായിക്കേണ്ടതാണ്. നാല് ശതമാനത്തിലും താഴെയാണെന്നാണ് ഔദ്യോഗിക കണക്കുകള് വ്യക്തമാക്കുന്നത്.

സ്ത്രീധന വിഷയം ഇത്രയും ഗൗരവമായി ചര്ച്ചചെയ്യപ്പെടാന് ഇടയാകുന്നത് തന്നെ കേസുകള് രജിസ്റ്റര് ചെയ്യപ്പെടുന്നത് കൊണ്ടാണെന്ന് സംസ്ഥാന വനിതാകമ്മീഷന് അധ്യക്ഷ പി സതീദേവി പറയുന്നു. പലപ്പോഴും തെളിവുകള് ഇല്ലാതെ പോകുന്നതാണ് ശിക്ഷ ലഭിക്കുന്ന കേസുകളുടെ എണ്ണം കുറയാന് കാരണമെന്നും അവര് പറഞ്ഞു. വിവാഹ ശേഷം ഭര്തൃഗൃഹത്തില് നിന്നുണ്ടാകുന്ന പീഡനങ്ങള്, കിടപ്പുമുറിയില് ഭര്ത്താവില് നിന്നേല്ക്കേണ്ടി വരുന്ന വലിയ രീതിയിലുള്ള ഹരാസ്മെന്റുകള് ഇവയൊക്കെ തെളിയിക്കുക എന്നത് പെണ്കുട്ടികളുടെ മാത്രം ഉത്തരവാദിത്വമായ് മാറുന്നു. ബേര്ഡന് ഓഫ് പ്രൂഫ് പെണ്കുട്ടികള്ക്കാണ്. പലപ്പോഴും ഇതിനൊന്നും തെളിവുകള് ഉണ്ടാകുന്നില്ലെന്നതാണ് വസ്തുത. വിവാഹസമയത്ത് നല്കുന്ന ആഭരണങ്ങള്, പണം എന്നിവ സംബന്ധിച്ചൊന്നും രേഖകളുണ്ടാകുന്നില്ല, പെണ്കുട്ടിയില് നിന്ന് ആഭരണങ്ങളുള്പ്പടെ ഭര്തൃവീട്ടുകാര് എടുത്ത് മാറ്റുമ്പോഴും ഇടപെടലുണ്ടാകുന്നില്ല. ബന്ധത്തില് പ്രശ്നങ്ങള് ഉണ്ടാകുമ്പോള് മാത്രമാണ് പരാതികളുണ്ടാകുന്നത്. അപ്പോഴാണെങ്കില് ഇതിന് തെളിവുകളും ഉണ്ടാകില്ല, ആഭരണങ്ങള് ഭര്തൃവീട്ടുകാര് എടുത്തു എന്നോ, കൂടുതല് സ്ത്രീധനം ചോദിച്ചു എന്നോ, അതിന്റെ പേരില് പീഡനങ്ങള് ഏല്ക്കേണ്ടി വന്നു എന്നോ പെണ്കുട്ടികള്ക്ക് തെളിയിക്കാന് പറ്റാതെ പോകും. പലപ്പോഴും ഇത്തരം കേസുകളില് കുടുംബക്കാര് മാത്രമാകും സാക്ഷികള്, ബന്ധുക്കള് തമ്മില് പ്രശ്നങ്ങള് ഉണ്ടാകേണ്ടെന്ന് കരുതി അവര് മിണ്ടാതിരിക്കുകയും ചെയ്യുന്നു. ഇതാണ് ഭൂരിഭാഗം കേസുകളും കോടതിയില് തെളിയിക്കപ്പെടാതെ പോകുന്നതിന് പ്രധാന കാരണമെന്ന് വനിതാകമ്മീഷന് അധ്യക്ഷ പറഞ്ഞു.

കേരളത്തില് അടുത്ത കാലത്തായി ഉത്രയുടെയും വിസ്മയയുടെയും കേസില് ഉള്പ്പടെ കടുത്ത ശിക്ഷ തന്നെ പ്രതികള്ക്ക് വാങ്ങിക്കൊടുക്കാന് നമ്മുടെ നീതിന്യായ വ്യവസ്ഥയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇതിലൂടെ ഒരു അവബോധം പൊതുസമൂഹത്തില് ഉണ്ടാക്കിയെടുക്കാനും സാധിച്ചിട്ടുണ്ടെന്നും സാമൂഹ്യ പ്രവര്ത്തകര് ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാന വനിതാ കമ്മീഷന്

സ്ത്രീകള്ക്കെതിരായ അതിക്രമങ്ങള് അന്വേഷിക്കുന്നതിനും പരിഹരിക്കുന്നതിനുമായി ദേശീയ വനിതാ കമ്മീഷന് മാതൃകയില് സംസ്ഥാന വനിതാ കമ്മീഷന് സ്ഥാപിതമായത് 1996 മാര്ച്ച് 14നാണ്. സ്ത്രീകള്ക്ക് നീതി നേടി കൊടുക്കുവാനുള്ള സംവിധാനമാണ് വനിതാ കമ്മീഷന്. പലപ്പോഴും വനിതാ കമ്മീഷന്റെ പ്രവര്ത്തനത്തങ്ങളില് വിമര്ശനങ്ങള് ഉണ്ടാകാറുണ്ട്. വനിതാ കമ്മീഷന് അംഗങ്ങളുടെ മോശമായ പെരുമാറ്റം മൂലം പരാതി പറയാന് പോലും പലരും മടി കാണിക്കുന്നുവെന്നും ആക്ഷേപമുണ്ട്.

ഈ ആരോപണങ്ങളോട് വനിതാ കമ്മീഷന് അധ്യക്ഷ പ്രതികരിക്കുന്നത് ഇങ്ങനെ; 'പരാതിപറയാന് എത്തുന്നവരോട് വളരെ സൗമ്യമായ പെരുമാറ്റം ഉറപ്പുവരുത്തുന്നുണ്ട്. ഒരു തരത്തിലുമുള്ള തെറ്റായ സമീപനവും വനിതാകമ്മീഷന്റെ മുമ്പാകെ വരുന്ന പരാതികളില് ആരോടും സ്വീകരിക്കാറില്ല. രമ്യമായി പ്രശ്നങ്ങള് പരിഹരിക്കുന്നതിനുള്ള ഇടപെടലാണ് വനിതാ കമ്മീഷന് നടത്തിക്കൊണ്ടിരിക്കുന്നത്.

കോടതിയിലേക്ക് കേസ് എത്തിക്കുന്നതിന് മതിയായ തെളിവുകള് ശേഖരിക്കാനും, പ്രതിക്കെതിരായുള്ള പ്രോസിക്യൂഷന് നടപടികള് കുറ്റമറ്റ രൂപത്തില് തെളിയിക്കാനും പൊലീസ് സംവിധാനം കാര്യക്ഷമമാക്കണം. പൊലീസ് സംവിധാനം കുറ്റമറ്റ രീതിയില് മുന്നോട്ട് വന്ന കേസുകളിലാണ് ശിക്ഷ ഉറപ്പുവരുത്താന് കഴിഞ്ഞിട്ടുള്ളത്. പൊലീസിന്റെ ഭാഗത്ത് എന്തെങ്കിലും അനാസ്ഥയുണ്ടായിട്ടുണ്ടെങ്കില് വനിതാ കമ്മീഷന് അതില് ഇടപെടുന്നുണ്ട്. പൊലീസില് പരാതി നല്കി, മതിയായ അന്വേഷണം നടക്കാതിരിക്കുകയോ, മൊഴിരേഖപ്പെടുത്താതിരിക്കുകയോ ഒക്കെ ചെയ്യുമ്പോള് തീര്ച്ചയായും വനിതാകമ്മീഷന് ഇടപെടുന്നുണ്ട്.'

നിയമങ്ങളെ കുറിച്ച് കൃത്യമായ അവബോധം ഇന്ന് കേരളസമൂഹത്തിനുണ്ട്. അതുകൊണ്ട് എന്ത് സംഭവങ്ങളുണ്ടായാലും പരാതിപ്പെടാനും പരിഹാരം തേടാനും സ്ത്രീകള് മുന്നോട്ട് വരുന്നു എന്നുള്ളതാണ് സംസ്ഥാനത്ത് രജിസ്റ്റര് ചെയ്യപ്പെടുന്ന സ്ത്രീധനപീഡന കേസുകളുടെ എണ്ണം കൂടാന് ഒരു കാരണമെന്ന് പി സതീദേവി. 'കേരളത്തിലാണ് വിവാഹങ്ങള്ക്ക് ഏറ്റവും കൂടുതല് സ്വര്ണാഭരണങ്ങള് ഉപയോഗിക്കുന്ന പ്രവണതയുള്ളത്. വളരെ തെറ്റായിട്ടുള്ള ഒരു കീഴ്വഴക്കമാണിത്. എങ്ങനെയായിരിക്കണം ഹിന്ദു വധു, എങ്ങനെയായിരിക്കണം ക്രിസ്ത്യന് വധു, എങ്ങനെയായിരിക്കണം ഇസ്ലാം വധു എന്നതിനെ സംബന്ധിച്ച് വളരെ തെറ്റായിട്ടുള്ള ഒരു സന്ദേശം തന്നെയാണ് പൊതുസമൂഹം ഉണ്ടാക്കിയിരിക്കുന്നത്. ആടയാഭരണങ്ങള് അണിഞ്ഞുകൊണ്ടുവേണം വധു വിവാഹ പന്തലിലേക്ക് കടക്കാന് എന്നാണ് അവര് കരുതുന്നത്. വലിയ സാമ്പത്തിക ശേഷിയുള്ളവര് അതിനനുസരിച്ച് വധുവിനെ അണിയിച്ചൊരുക്കുമ്പോള്, ഇടത്തരക്കാരും അതിനെ അനുകരിക്കാന് ശ്രമിക്കുകയാണ്. അവര് കടം വാങ്ങിയും കിടപ്പാടം പണയപ്പെടുത്തിയും പെണ്കുട്ടികളെ വിവാഹം കഴിപ്പിച്ച് അയക്കാന് തയ്യാറാകുന്നു.

പെണ്കുട്ടികള്ക്ക് പണം കൊടുക്കണം, സ്വര്ണം കൊടുക്കണം, കാറ് കൊടുക്കണം എന്ന ധാരണയില് മാറ്റം വരുത്തന്നതിന് വേണ്ടിയുള്ള ബോധവല്ക്കരണമാണ് വനിതാ കമ്മീഷന് ഉള്പ്പടെ നല്കുന്നത്. യഥാര്ത്ഥത്തില് പെണ്കുട്ടികള്ക്ക് സ്വാശ്രയത്വം ഉണ്ടായി സ്വന്തം കാലില് നില്ക്കാന് പ്രാപ്തിയുണ്ടാക്കുകയാണ് വേണ്ടത് എന്ന ശരിയായ ധാരണയാണ് രക്ഷിതാക്കളില് ഉണ്ടാകേണ്ടത്.

കേരളത്തില് പെണ്കുട്ടികള് നല്ല വിദ്യാഭ്യാസമുള്ളവരാണ്. പക്ഷെ ഒരു നല്ല വിവാഹബന്ധം തരപ്പെടുത്തുക എന്ന ചിന്തയിലാണ് പല രക്ഷിതാക്കളും ഇന്നും പെണ്കുട്ടികളെ പഠിപ്പിക്കുന്നത്. ആ വിദ്യാഭ്യാസത്തിലൂടെ അവര് സ്വയം പര്യാപ്തയാകണം എന്ന ചിന്ത പലപ്പോഴും രക്ഷിതാക്കള്ക്ക് ഉണ്ടാകുന്നില്ല. അടുത്തിടെ ഉണ്ടായിട്ടുള്ള സ്ത്രീധനപീഡന കേസുകളിലും, സ്ത്രീധന പീഡന മരണങ്ങളിലും ഒക്കെ ഇരയായിട്ടുള്ളത് ഇടത്തരം കുടുംബങ്ങളില് നിന്നുള്ള വിദ്യാസമ്പന്നരായ പെണ്കുട്ടികളാണ്. പഠിക്കാന് നല്ല മിടുക്കികളായ കുട്ടികളെ പോലും അതിനിടയില് വിവാഹം കഴിപ്പിച്ച് അയക്കുകയാണ്. വിദ്യാഭ്യാസം എന്തിനായിരുന്നു എന്ന് അവര് ചിന്തിക്കുന്നില്ല.

ഒരു പെണ്കുട്ടിയെ വിവാഹം കഴിപ്പിച്ച് അയച്ചു കഴിഞ്ഞാല് പിന്നെ കടക്കെണിയില് അകപ്പെട്ട് നശിച്ചു പോകുന്ന എത്രയോ കുടുംബങ്ങളുണ്ട്. പെണ്കുട്ടികളോടുള്ള മനോഭാവം മാറ്റിയേ തീരൂ, അവരും ആണ്കുട്ടികളെ പോലെ എല്ലാ കഴിവുകളും ഉള്ള അവകാശങ്ങളുമുള്ള പൗരന്മാരാണ് എന്നുള്ള കാഴ്ച്ചപ്പാട് എന്ന് നമ്മുടെ സഹൂഹത്തിലുണ്ടാകുന്നുവോ അന്ന് മാത്രമേ ഇത്തരത്തിലുള്ള തെറ്റായ പ്രവണത ഇല്ലാതാവുകയുള്ളൂ. സ്ത്രീധനം ഉള്പ്പടെയുള്ള ദുരാചാരങ്ങള്ക്ക് അറുതി വരുത്തണമെങ്കില് നമ്മുടെ ചിന്താഗതിയിലാണ് മാറ്റമുണ്ടാകേണ്ടത്', വനിതാ കമ്മീഷന് അധ്യക്ഷ പറഞ്ഞു.

സ്ത്രീധന പീഡനങ്ങള്ക്ക് പിന്നില് സാമ്പത്തികലാഭം മാത്രമോ?

സാമ്പത്തിക ലാഭം മാത്രമല്ല, പലപ്പോഴും മാനസികാരോഗ്യ പ്രശ്നങ്ങളും സ്ത്രീധന പീഡനങ്ങള്ക്ക് കാരണമാകുന്നുണ്ടെന്നാണ് മാനസികാരോഗ്യ വിദഗ്ധര് പറയുന്നത്. ഇത്തരം പ്രശ്നങ്ങള്ക്ക് ചികിത്സ തേടാത്തത് പ്രശ്നങ്ങളുടെ വ്യാപ്തി വര്ധിപ്പിക്കുകയാണെന്നും കണ്സല്ട്ടന്റ് സൈക്കാട്രിസ്റ്റ് ഡോ എല്സി ഉമ്മന് പറഞ്ഞു.

'മാനസികാരോഗ്യ പ്രശ്നങ്ങള്ക്ക് ചികിത്സ തേടാന് ഇപ്പോഴും പലര്ക്കും മടിയാണ്. പലപ്പോഴും മരുന്ന് മാത്രമാകും ഭൂരിഭാഗം കേസുകള്ക്കും പരിഹാരം. പക്ഷെ ആളുകള്ക്ക് ഇപ്പോഴും മരുന്ന് എന്ന് പറയുന്നത് ഭയമാണ് അതുപോലെ നാണക്കേടുമാണ്. എല്ലാ ശാരീരികപ്രശ്നങ്ങളും പോലെ തന്നെയാണ് തലച്ചോറിന്റെ പ്രവര്ത്തനത്തിന്റെ വ്യത്യാസവും. മറ്റു രോഗത്തിന് മരുന്നകള് കഴിക്കുന്നത് പോലെ തന്നെയാണ് ഇതിനും മരുന്നുകള് കഴിക്കുന്നതെന്ന് സമൂഹം തിരിച്ചറിയണം.'

സാമൂഹിക-സാംസ്കാരിക സ്വാധീനങ്ങള്, മാനസികാരോഗ്യ പ്രശ്നങ്ങള്, മതപരമായ ചില ചിന്താഗതികള് ഇങ്ങനെ പല ഘടകങ്ങള് സ്ത്രീധന പീഡനങ്ങള്ക്ക് പിന്നിലുണ്ടെന്ന് ഡോ എല്സി ഉമ്മന് വിശദീകരിക്കുന്നു. 'സ്ത്രീകളെ ഉപഭോഗവസ്തുക്കളായി കണക്കാക്കുന്ന ഒരു ചെറിയ വിഭാഗമെങ്കിലും നമ്മുടെ സമൂഹത്തിലുണ്ട്. അവരുടെ കാഴ്ച്ചപ്പാട് അനുസരിച്ച്, സ്ത്രീതള് എന്നുപറയുന്നത്, സ്ത്രീധനം കൊണ്ടുവരാനും, വീട്ടില് വന്നാല് എല്ലാ കാര്യങ്ങളും ചെയ്യുന്ന, വീട്ടിലെ എല്ലാവരുടെയും കാര്യങ്ങള് നോക്കുന്ന തികഞ്ഞ ഒരു സൂപ്പര് വുമണ് ആണെന്ന ഒരു പ്രതിച്ഛായയാണ് അവര്ക്കുള്ളത്. ജോലി ചെയ്യുന്നവരാണെങ്കില് പോലും, ശമ്പളം കൊണ്ടുവന്ന് ഭര്ത്താവിന്റെ അല്ലെങ്കില് ഭര്ത്താവിന്റെ മാതാപിതാക്കളുടെ കയ്യില് കൊടുക്കുന്ന രീതി ഇന്നും നമ്മുടെ സമൂഹത്തില് നിലനിന്ന് പോകുന്നുണ്ട്. ഉത്തമയായ സ്ത്രീ ഇങ്ങനെയായിരിക്കണം എന്നാണ് ധാരണ. ഇതില് നിന്ന് മാറിചിന്തിക്കാന് ഒരു ശ്രമം നടക്കുന്നുണ്ടെന്നല്ലാതെ, കാര്യമായ മാറ്റം ഇതുവരെ ഉണ്ടായിട്ടില്ല. ഇത്തരം കാഴ്ച്ചപ്പാടുകള് മാറിയാല് മാത്രമേ നമുക്ക് സ്ത്രീധനപീഡന മരണങ്ങള് ഇല്ലാതാക്കാനാകൂ.

മാനസികാരോഗ്യവും പ്രധാന ഘടകമാണ്. അത് പലരീതിയില് വരാം. വ്യക്തിത്വ വൈകല്യമുള്ളവര്, ഇമോഷണലി അണ്സ്റ്റെബില് പേഴ്സണാലിറ്റി ഡിസോഡര്, ബോര്ഡര്ലൈന് പേഴ്സണാലിറ്റി ഡിസോഡര്, ആന്റി സോഷ്യല് പേഴ്സണാലിറ്റി ഡിസോഡര് തുടങ്ങിയ അവസ്ഥകളിലുള്ളവരുടെ പ്രത്യേകത എന്തെന്നാല്, ഒരു ക്രിമിനല് ആക്ടിവിറ്റി ചെയ്യുന്നതില് ഇവര്ക്ക് കുറ്റബോധം തോന്നില്ല എന്നതാണ്. അതിനെ കുറിച്ച് പിന്നീട് ആലോചിക്കുമ്പോഴും അതില് തെറ്റൊന്നും കാണില്ല.

സ്ത്രീധനം ചോദിക്കുന്നതും, അതിന്റെ പേരില് സ്ത്രീയെ ആക്രമിക്കുന്നതും തെറ്റാണെന്ന് ഇവര് തിരിച്ചറിയില്ല. ഇവര് ചിന്തിക്കുന്നത് ഇതൊക്കെ അവരുടെ അവകാശമാണെന്നാണ്. വിവാഹം കഴിക്കുമ്പോള് അതിനൊപ്പം തന്നെ കിട്ടേണ്ടതാണ് ധനവും എന്നാണ് അവര് ചിന്തിക്കുന്നത്. തങ്ങള്ക്ക് കിട്ടേണ്ടതാണ് അത് എന്ന കാഴ്ച്ചപ്പാടിലേക്ക് വരുമ്പോള് വ്യക്തിത്വ വൈകല്യങ്ങളുള്ളവര്ക്ക് അക്രമം ചെയ്യാന് പോലും മടി കാണില്ല. അവര് പെട്ടെന്ന് അക്രമാസക്തരാവുകയും ചെയ്യും. ലഹരി ഉപയോഗമാണ് മറ്റൊരു കാരണം. ലഹരി ഉപയോഗം കൂടിയാകുമ്പോള് അക്രമാസക്തരാകാനും, തെറ്റുകുറ്റങ്ങള് ചെയ്താലും അതില് ബോധവാന്മാരാകാതിരിക്കുകയും, അതേകുറിച്ച് കുറ്റബോധം ഇല്ലാതിരിക്കുകയും, തെറ്റുകള് തിരിച്ചറിയാനുള്ള വിവേകം നഷ്ടപ്പെടുകയും ചെയ്യും.

കാഴ്ച്ചപ്പാടുകള് മാറണം, സ്ത്രീയെയും പുരുഷനെയും തുല്യരായ് കാണണമെന്ന് പറയുമ്പോള് പലര്ക്കും പരിഹാസമാണ്. സ്ത്രീക്കും പുരുഷനും ഒരിക്കലും തുല്യരാകാന് പറ്റില്ല, സ്ത്രീ സ്ത്രീയും പുരുഷന് പുരുഷനുമാണ്. അവരുടെ തലച്ചോറ് വ്യത്യസ്തമാണ്, ഹോര്മോണ് വ്യത്യസ്തമാണ്, അവയവങ്ങള് വ്യത്യസ്തമാണ്. കായികമായി പുരുഷന് മേല്ക്കോയ്മ കാണും. ആ രീതിയിലല്ല തുല്യത എന്ന് ഉദ്ദേശിക്കുന്നത്. ഒരേ രീതിയില് പരിഗണന നല്കുക, ഒരേ അവകാശങ്ങള് നല്കുക, ഒരേ സ്വാതന്ത്ര്യം നല്കുക ഇതൊക്കെയാണ് തുല്യത കൊണ്ട് ഉദ്ദേശിക്കുന്നത്. അങ്ങന ഒരു കാഴ്ച്ചപ്പാടുണ്ടായാല് തന്നെ സമൂഹത്തില് നല്ല മാറ്റങ്ങളുണ്ടാകും.

ലഹരി ഉപയോഗം ആണെങ്കിലും, മാനസിക പ്രശ്നങ്ങളാണെങ്കിലും മറനീക്കി പുറത്തുവരുന്നത് നമ്മുടെ കാഴ്ച്ചപ്പാട് തന്നെയാണ്. പൊളിച്ചെഴുത്ത് ആദ്യം വേണ്ടത് നമ്മുടെ മനോഭാവത്തിലും, കാഴ്ച്ചപ്പാടിലുമാണ്. വിവേചനം ഉണ്ടെന്ന് ഭൂരിഭാഗം സ്ത്രീകളും തിരിച്ചറിയുന്നില്ലെന്നതാണ് വസ്തുത. ഇത് മാറണമെങ്കില് ആദ്യമേ ചെയ്യേണ്ടത് കുട്ടികളെ ബോധവാത്മാരാക്കുകയാണ്. വീട്ടില് നിന്ന് ഈ പഠനം തുടങ്ങണം', ഡോ. എല്സി ഉമ്മന് പറയുന്നു.

വേണ്ടത് മാറ്റം

വനിതാ കമ്മീഷന്റെയും സ്ത്രീസംരക്ഷണ സംഘനടകളുടെയും തുടര്ച്ചയായ സമ്മര്ദ്ദങ്ങളുടെ ഭാഗമായി കൂടിയാണ് സ്ത്രീധന നിരോധന ചട്ടങ്ങള് പരിഷ്കരിക്കാന് സര്ക്കാര് നടപടി ആരംഭിച്ചത്. വിസ്മയയുടെ മരണത്തിന് പിന്നാലെ സംസ്ഥാന വനിതാ കമ്മീഷന് പരിഷ്കരണ ശുപാര്ശ നല്കിയിരുന്നു. വിവാഹത്തിന് വധൂവരന്മാര്ക്ക് കൗണ്സലിങ് നല്കുന്നതും വധുവിന് രക്ഷിതാക്കള് നല്കുന്ന സമ്മാനം പരമാവധി ഒരു ലക്ഷം രൂപയും 10 പവനും മാത്രമേ ആകാവൂ എന്നതും ഉള്പ്പടെയാണ് പരിഷ്കരണം.

ഭേദഗതികള് വന്നാലും സമൂഹത്തില് ആഴത്തില് വേരൂന്നിയിരിക്കുന്ന സ്ത്രീധനം എന്ന മഹാവിപത്തിനെ നിയമത്തിലൂടെ മാത്രം പരിഹരിക്കാനാകില്ലെന്നതാണ് വസ്തുത. മകള് വിവാഹം കഴിഞ്ഞ് മറ്റൊരു വീട്ടിലേക്ക് പോകുമ്പോള് നല്കുന്ന സമ്മാനം, ഒരു കരുതല് എന്നിങ്ങനെ പല പേരുകളിലായി സ്ത്രീധനം കൊടുക്കുന്നതും, വാങ്ങുന്നതും തുടര്ന്നുകൊണ്ടേയിരിക്കും. എത്രയൊക്കെ ബോധവല്ക്കരിക്കാന് ശ്രമിച്ചാലും തിരിച്ചറിയപ്പെടാത്ത കുറ്റമായി. സ്ത്രീ തന്നെ ധനം എന്ന് സോഷ്യല് മീഡിയയില് കയറി വാചകമടിക്കുന്നവര്, സ്വന്തം വീടുകളിലേക്ക് കൂടി തിരിഞ്ഞുനോക്കണം.

ഇന്നത്തെ പെണ്കുട്ടികള് ഒരുപാട് മാറിയിട്ടുണ്ട്. സ്ത്രീധനം സംബന്ധിച്ച ചോദ്യങ്ങളുണ്ടാകുമ്പോള് വിവാഹങ്ങളില് നിന്ന് പിന്മാറാന് അവര് തയ്യാറാകുന്നു. പക്ഷെ മാറ്റം പെണ്കുട്ടികള്ക്ക് മാത്രം ഉണ്ടാകേണ്ടതല്ല, ആണ്കുട്ടികള്ക്കും വേണം, വീട്ടുകാര് മാറണം. വിവാഹകമ്പോളത്തില് വിലപേശി വില്ക്കാനുള്ള അല്ലെങ്കില് വാങ്ങാനുള്ളവരാണ് പെണ്കുട്ടികള് എന്ന ധാരണ തിരുത്തുന്നതിന് വേണ്ടിയുള്ള സാമുഹിക അവബോധം സൃഷ്ടിക്കപ്പെടണം. സ്ത്രീകളോടുള്ള മനോഭാവത്തില് മാറ്റമുണ്ടാകണം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us