"കല്ല്യാണം കഴിഞ്ഞ് ഇവിടേക്ക് വന്നപ്പോ ഞാനൊരു കാര്യമേ ആഗ്രഹിച്ചുള്ളു. എനിക്കൊരു ചെറിയ ജോലിയെങ്കിലും കിട്ടുവാണേൽ എന്റെ ഏട്ടനെ സഹായിക്കാൻ പറ്റുമല്ലോന്ന്. എന്തു ജോലി ചെയ്യാനും തയ്യാറാരുന്നു. എന്റെ കൂടെ ഈ ജോലിക്ക് വന്നൊരാൾ പറഞ്ഞു ഈ കോട്ട് ഇടുന്നതു തന്നെ അവർക്ക് എന്തോപോലെയാ, വിഷമം പോലെയാന്ന്. അന്നും ഞാൻ കോട്ടിട്ടാ ഹരിത കർമ്മ സേനേടെ ജോലിക്ക് പോണത്. അപ്പോ എന്നോട് ഓര് പറഞ്ഞ്, ഷീജേച്ച്യേ നിങ്ങളാ കോട്ട് ഒന്ന് ഊരി വച്ചേ എന്ന്. അപ്പോ ഞാൻ പറഞ്ഞു നമ്മളൊരു ജോലി ചെയ്യാണ്, അതിനൊരു യൂണിഫോം ഉണ്ടെങ്കിൽ അത് മ്മള് ഇടണം. അത് ഇട്ടു പോയാൽ എവിടെയും നമ്മൾക്ക് ജയമാണ്". ഇത് പറഞ്ഞ് ഷീജ ചിരിക്കുമ്പോൾ കേൾക്കുന്നവർക്ക് മനസിലെവിടെയോ നോവും. ഒപ്പം അവരെയോർത്ത് അഭിമാനവും സന്തോഷവും തോന്നും. ഷീജയെ മാത്രമല്ല കേരളത്തിലെ എല്ലാ ഹരിത കർമ്മസേനാംഗങ്ങളെയും ഓർത്ത് അഭിമാനം തോന്നും.
ഷീജയുൾപ്പടെയുള്ള 11 അംഗ ഹരിത കർമ്മ സേനാംഗങ്ങൾക്കാണ് ഇക്കുറി മൺസൂൺ ബംപർ ഭാഗ്യം കനിഞ്ഞത്. പരപ്പനങ്ങാടി സ്വദേശികളായ ശോഭ, പാര്വ്വതി, കാര്ത്ത്യായാനി, ലക്ഷ്മി, ബിന്ദു, ലീല, ബേബി, കുട്ടിമാളു, രാധ, ചന്ദ്രിക എന്നിവരാണ് കൂട്ടത്തിലെ മറ്റുള്ളവർ.
"മൂന്നു കൊല്ലമായി ഈ പണിയെടുക്കാൻ തുടങ്ങീട്ട്. ഇതുവരെ ഞങ്ങള് പിരിഞ്ഞുപോയിട്ടില്ല. ഇനിയും പോവൂല. മരണം വരെ ഈ പണിയെടുക്കും". കുട്ടിമാളു പറയുന്നു. രാധയാണ് മൺസൂൺ ബംപർ ടിക്കറ്റെടുത്തത്. മറ്റുള്ളവരോട് കൂടിയാലോചിച്ച് ഷെയറിട്ട് ടിക്കറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു. പ്രാരാബ്ധങ്ങളും കടബാധ്യതകളും തീരാൻ പോകുന്നതിന്റെ സന്തോഷത്തിലാണെന്ന് രാധ പറയുന്നു.
"കിട്ടുന്ന കോടികൾ ഞങ്ങൾ തുല്യമായി വീതിച്ചെടുക്കും. എത്ര കിട്ടുമെന്നുള്ള കണക്കൊന്നും കൂട്ടിയില്ല. പ്രാരാബ്ധങ്ങളും വിഷമങ്ങളുമൊക്കെയുണ്ട്. ബാങ്കുകാര് വന്നിരുന്നു. ആരും പറയുന്നതൊന്നും ഞങ്ങള് കേട്ടില്ല. ഞങ്ങൾടെ സാറമ്മാര് പറയുന്ന പോലെ ഒക്കെ ചെയ്യും". ലീല പറയുന്നു.
എല്ലാവരും കൂടി നാലമ്പലം പോകണം ഗുരുവായൂര് പോകണമെന്നൊക്കെ പറയുന്നുണ്ട്. അക്കാര്യം ആലോചിക്കുന്നുണ്ട്. വേറെ യാത്രകളൊന്നും ഇപ്പോ ആലോചിച്ചിട്ടില്ലെന്നും ഈ 11 പേരും പറയുന്നു. തങ്ങളെല്ലാം വലിയ സന്തോഷത്തോടെയാണ് ജോലി ചെയ്യുന്നത്. സങ്കടങ്ങളെല്ലാം മറക്കുന്നത് അങ്ങനെയാണെന്നും ലക്ഷ്മി പറയുന്നു. അമ്മ മരിച്ചത് അടുത്തിടെയാണെന്ന് സങ്കടം പറഞ്ഞ് കരഞ്ഞ ലക്ഷ്മിയെ മറ്റുള്ളവർ ആശ്വസിപ്പിക്കുകയായിരുന്നു. ഓള് ഞങ്ങടെ കൂടപ്പിറപ്പാ, കരയാൻ വിടൂല്ലെന്നായിരുന്നു മറ്റുള്ളവർ പറഞ്ഞത്.
സന്തോഷം പങ്കുവച്ച് ലീല പാട്ടുപാടിയപ്പോൾ അതും ജനങ്ങൾക്കുള്ള സന്ദേശമായി. മാലിന്യങ്ങൾ വലിച്ചെറിയരുത് എന്ന അർത്ഥത്തിലുള്ള പാട്ടായിരുന്നു ലീല പാടിയത്. ഹരിത കർമ്മ സേനക്ക് 50 രൂപ നൽകുന്നത് വെറുതെയാണെന്ന് കരുതരുതെന്നും പാട്ടിലൂടെ പറഞ്ഞാണ് അവർ അവസാനിപ്പിച്ചത്.
മണ്സൂണ് ബംപറെടുക്കാന് ഇവര്ക്ക് പ്രചോദനമായത് ഓണം ബംപറിന് അടിച്ച 1,000 രൂപയാണ്. നഗരത്തില് ലോട്ടറി വില്ക്കുന്നയാളില് നിന്ന് നേരത്തെ മൂന്ന് തവണ ടിക്കറ്റ് എടുത്തിരുന്നു. ഇതില് കഴിഞ്ഞ ഓണം ബംപറിന് 1,000 രൂപ ലഭിക്കുകയുണ്ടായി. പിന്നാലെയാണ് മണ്സൂണ് ബംപര് എടുത്തത്.
മണ്സൂണ് ബംപര് എടുക്കാന് ടിക്കറ്റ് വില്പ്പനക്കാരന് നിര്ബന്ധിച്ചെങ്കിലും പൈസ ഇല്ലാത്തതിനാല് ആദ്യം ടിക്കറ്റ് വേണ്ടെന്ന് പറയുകയായിരുന്നു. എന്നാല് കഴിഞ്ഞ ഓണം ബംപറിന് 1,000 കോടി അടിച്ചത് വില്പ്പനക്കാരന് ഓര്മ്മിപ്പിച്ചതോടെ ടിക്കറ്റ് എടുത്തു. 9 പേര് 25 രൂപ വീതവും രണ്ട് പേര് പന്ത്രണ്ടര രൂപ വീതവും കൊടുത്താണ് ടിക്കറ്റ് എടുത്തത്.