സ്വന്തം ഇടം സ്വയം കണ്ടെത്തിയ പെണ്കുഞ്ഞുങ്ങള്, ഇന്ന് അവരുടെ ദിനം

പെണ്കുട്ടികള് സ്വയം നടന്നെത്തിയ ദൂരത്തിലേയ്ക്ക് സമൂഹം ഇനിയും എത്തിയിട്ടില്ല എന്നതാണ് വാസ്തവം.

റിന്‍റുജ ജോണ്‍
2 min read|24 Sep 2023, 07:19 am
dot image

പെണ്ണാണ്, കൊന്നൊഴിച്ചീടാൻ കഴിഞ്ഞീല പൊറുക്കുക എന്ന മാപ്പ് അപേക്ഷയോടെ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിക്കാനൊരുങ്ങുന്ന ഒരമ്മയുടെ ചിന്തകളാണ് പെൺകുഞ്ഞ് 90 എന്ന കവിതയിൽ സുഗതകുമാരി പങ്കുവെയ്ക്കുന്നത്.

ഇരുട്ടിൽ, തിരുമുറ്റത്തു

കൊണ്ടു വെയ്ക്കുകയാണു ഞാൻ

പിഴച്ചു പെറ്റൊരീക്കൊച്ചു

പൈതലെ;ക്കാത്തു കൊളളുക.

എന്നു തുടങ്ങുന്ന കവിതയിൽ ജനിച്ചു വീണ പെൺകുഞ്ഞിനൊപ്പം അമ്മയുടെ ഉള്ളിൽ ജനിച്ചു വളരുന്ന ഒരായിരം ആധികൾ കൂടി കവി പങ്കുവെയ്ക്കുന്നുണ്ട്. ഇവളേതെങ്കിലും വീട്ടിന്നോമനപ്പുത്രിയാകുമോ? ഇവളെക്കയ്യേകി മാറത്തണിയാൻ പ്രേമമെത്തുമോ? ഇവൾക്കായ് സ്ത്രീധനം നൽകാൻ ലക്ഷങ്ങൾ കരുതുന്നതാര്? ഇവൾ തൻ മേനി പൊന്നിട്ടുനൽകാനാര്? ഇവളെ പോരപ്പൊന്നെന്ന് തീതൈലത്തിലെരിക്കുമോ? ഇവളെ യൗവനം പോയെന്നപ്പോഴെ മൊഴി ചൊല്ലുമോ? ഇവളെക്കൊടു മദ്യത്തിൻ മദം തല്ലിച്ചതയ്ക്കുമോ? ഇവളെച്ചോന്ന തെരുവിൽ പിഴിഞ്ഞൂറ്റിക്കുടിക്കുമോ?... എന്നിങ്ങനെ നീളുന്നു കവിതയിലെ അമ്മയുടെ ആധികൾ. ഇത് കവിതയിലൊതുങ്ങുന്ന അധികളായിരുന്നില്ല. അക്കാലത്ത് പെൺകുട്ടികളുണ്ടായിരുന്ന ഒട്ടുമിക്ക മാതാപിതാക്കളിലും ഏറിയും കുറഞ്ഞും ഇത്തരം ആധികളുണ്ടായിരുന്നു.

90 ൽ പിറന്ന മറ്റൊരു പെൺകുഞ്ഞിന്റെ കഥ പറയാം. കാലങ്ങളോളം കാത്തിരുന്ന അമ്മയ്ക്ക് വേണ്ടതൊരു കുഞ്ഞിനെ മാത്രമായിരുന്നു. അച്ഛനാവട്ടെ, തനിക്കൊരു പിൻഗാമി എന്ന ആഗ്രഹം മുതൽ കുടുംബം പുലർത്താനും അവസാനയാത്രയിൽ പെട്ടിയുടെ തലയ്ക്കൽ പിടിക്കാനും ഓരാൺ കുഞ്ഞ് വേണമായിരുന്നു എന്ന അതിയായ ആഗ്രഹവും. അന്നുവരെ കണ്ടു പഴകിയ ശീലങ്ങളിൽ ആൺകുഞ്ഞ് സ്വന്തം വീടിനു വേണ്ടിയും പെൺകുഞ്ഞ് 18 വയസ്സ് കഴിഞ്ഞാൽ പിന്നെ കയറി ചെല്ലേണ്ടുന്ന മറ്റൊരു വീടിനുവേണ്ടിയുമായിരുന്നു വളർത്തപ്പെട്ടിരുന്നത്. ആൺകുട്ടികളുടെ ലോകം കൂടുതൽ വിശാലവും പെൺകുട്ടികളുടെ ലോകം വീടിനും പരിസരത്തുമായി ഒതുങ്ങുകയും ചെയ്തിരുന്ന അക്കാലത്ത് മകളുടെ ലോകം കുറച്ചുകൂടി ഒന്നു വിശാലമാക്കാൻ ആ അച്ഛൻ ശ്രമിച്ചു. ബാല്യത്തിൽ അടുത്തവീട്ടിൽ പോയി സിനിമകണ്ടിട്ട് രാത്രി ഒറ്റയ്ക്ക് വീട്ടിൽ നടന്നെത്താനുള്ള സ്വാതന്ത്ര്യം. പത്ത് കിലോമീറ്റർ ഒറ്റയ്ക്ക് യാത്ര ചെയ്ത് പോയി വീട്ടിലേയ്ക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങിവരാനുള്ള സ്വാതന്ത്ര്യം തുടങ്ങി, കൗമാരത്തിലും യൗവനത്തിലും വിശാലമായ ലോകത്തിലേക്കുള്ള വാതിൽ അയാൾ തുറന്നിട്ടു. രാത്രിയെത്ര ഇരുണ്ടാലും തിരിച്ചെത്തുവോളം വീടിന്റെ വാതിലും. ഏത്ര ദൂരത്തിലും ഏത് ഇരുട്ടിലും പെണ്ണല്ലേ, തുണപോകേണ്ടേയെന്ന് ആ അച്ഛന് ഒരിക്കലും തോന്നിയതുമില്ല. ഒറ്റയ്ക്കുള്ള യാത്രകളിൽ, സന്ധ്യ ഇരുണ്ടുതുടങ്ങുമ്പോള്, വയസ്സ് ഇരുപത് കഴിഞ്ഞിട്ടും സ്വർണ്ണം കരുതാത്തതിൽ, കല്യാണം വൈകുന്നതില് എല്ലാ അമ്മമാരെയും പോലെ ആ അമ്മയും ആധി കൊണ്ടു. അച്ഛന് കണ്ടില്ലെന്നു നടിച്ചു. പതിയെ പതിയെ അമ്മയുടെ ആധികൾ കുറഞ്ഞു. ആ പെൺകുട്ടിയുടെ കല്യാണതലേന്ന് അമ്മ ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു. നിന്റെ കാര്യത്തിൽ എനിക്ക് ടെൻഷനേയില്ല, ഞാൻ അനുഭവിച്ചതൊന്നും നിനക്ക് അനുഭവിക്കേണ്ടി വരില്ലെന്ന് എനിക്കുറപ്പുണ്ട്. ഇത് ഒരു പെൺകുഞ്ഞിൻറെ മാത്രം കഥ. ഇത് ഇവിടെ നിർത്താം.

90 ൽ സുഗതകുമാരി കുറിച്ച എല്ലാ ആകുലതകളിൽ നിന്നും സ്വയം ഇറങ്ങി നടക്കുകയായിരുന്നു അക്കാലം മുതലിങ്ങോട്ട് പെൺകുഞ്ഞുങ്ങൾ. വിവാഹമാർക്കറ്റിലേയ്ക്ക് പാകപ്പെടുത്തിയെടുക്കേണ്ട കച്ചവടവസ്തുവല്ല താൻ എന്നും, ആ വളർത്തുരീതി ഒരു കെണിയാണെന്നും പെൺകുട്ടികൾ തിരിച്ചറിഞ്ഞു. വിദ്യാഭ്യാസത്തിനും ജോലിക്കും അവർ പ്രഥമ പ്രാധാന്യം നൽകി തുടങ്ങി. കുടുംബം നോക്കാൻ ആൺകുഞ്ഞ് വേണം എന്ന പൊതുബോധത്തെ അപ്പാടെ ഉടച്ചുവാർത്തു പെൺകുഞ്ഞുങ്ങൾ. തൊണ്ണൂറുകളിൽ നഴ്സിങ് കരിയർ തിരഞ്ഞെടുത്ത് വിദേശരാജ്യങ്ങളിൽ തൊഴിൽ കണ്ടെത്തുന്ന പെൺകുട്ടികളുടെ എണ്ണത്തിൽ വന് വർദ്ധനവ് ഉണ്ടായി. പെൺകുട്ടികളുടെ ലോകം കൂടുതൽ വിശാലമായതിനൊപ്പം അവരുടെ അധ്വാനത്തിൽ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു. സ്വന്തമായി സമ്പാദിക്കാൻ തുടങ്ങിയ പെൺകുട്ടികള് പതിയപതിയെ പഴയ പെൺ നിർവചനങ്ങളെ പൊളിച്ചുതുടങ്ങി. അടുക്കളകളില് നിന്ന് നടുമുറികളിലേയ്ക്ക് കയറി നിന്ന് അവർ വീട് പൊളിച്ചു പണിയുന്നതിനെകുറിച്ച്, വാഹനം വാങ്ങുന്നതിനെ കുറിച്ച്.. സംസാരിച്ചു തുടങ്ങി. കുടുംബം നോക്കാന് ആണ്കുട്ടി തന്നെ വേണമെന്ന മിഥ്യാധാരണകള് അങ്ങനെ തകർന്നു തുടങ്ങി. ഈ മാറ്റം പലതരത്തില് സമൂഹത്തിലും പ്രതിഫലിച്ചു. തൊഴിലിനെ കുറിച്ചും വിവാഹത്തെ കുറിച്ചും സ്ത്രീധനത്തെകുറിച്ചും സ്വന്തം ജീവിതത്തെ കുറിച്ചുമൊക്കെ പെണ്കുട്ടികള്ക്ക് സ്വന്തം തീരുമാനങ്ങളുണ്ടായി.

സമൂഹത്തിലെ ഒട്ടുമിക്ക മേഖലകളിലും സ്ത്രീകളുടെ സാന്നിധ്യം സജീവമായതോടെ മനസ്സില്ലാമനസോടെയെങ്കിലും സമൂഹത്തിനും മാറേണ്ടി വന്നു. ലിംഗസമത്വത്തെ കുറിച്ചും രാഷ്ട്രീയ ശരികളെകുറിച്ചും ചിന്തിക്കേണ്ടി വന്നു. ബോഡിഷെയ്മിങും അശ്ലീല ചുവയുള്ള സംഭാഷണങ്ങളും തീയേറ്ററില് ചിരിപടർത്തിയിരുന്ന ഒരു കാലത്തില് നിന്ന് അവയൊക്കെയും ഇഴകീറി വിമർശിക്കപ്പെടുന്നൊരു കാലത്തിലേയ്ക്ക് നമ്മള് എത്തി. സ്ത്രീവിരുദ്ധ പരാമർശങ്ങളൊക്കെയും ചോദ്യം ചെയ്യപ്പെട്ടു. സമൂഹത്തിന്റെ എല്ലാ മേഖലകളിലും ഇത് ശരിയല്ല എന്നു വിളിച്ചുപറയാനുറപ്പുള്ള പെണ് സാന്നിധ്യങ്ങളുണ്ടായി. ഇതൊക്കെയും സമൂഹത്തിന് മൊത്തത്തിലുണ്ടായ മാറ്റമെന്ന് പറയാറായിട്ടില്ല. പെണ്കുട്ടികള് സ്വയം നടന്നെത്തിയ ദൂരത്തിലേയ്ക്ക് സമൂഹം ഇനിയും എത്തിയിട്ടില്ല എന്നതാണ് വാസ്തവം. ഇന്നും തുടരുന്ന സ്ത്രീധന മരണങ്ങള്, ലൈംഗിക അതിക്രമങ്ങള് തുടങ്ങി അവാർഡ് വേദിയിലെ അലന്സിയറിന്റെ പ്രസംഗം വരെ സൂചിപ്പിക്കുന്നത് ഇനിയും പലതും മാറാനുണ്ട് എന്നു തന്നെയാണ്.

എങ്കിലും 2023 ൽ പെൺമക്കളുടെ ദിനത്തിൽ ഈ കുറിപ്പ് എഴുതുമ്പോൾ പെൺകുഞ്ഞ് ഒരു ബാധ്യതയായി കാണുന്ന മാതാപിതാക്കളുടെ എണ്ണം കേരളത്തിലെങ്കിലും കുറഞ്ഞിട്ടുണ്ടാവും എന്നത് ഉറപ്പ്. പെൺകുഞ്ഞിനായി ആഗ്രഹിക്കുന്ന മാതാപിതാക്കളുടെ എണ്ണം കൂടിയിട്ടും ഉണ്ടാവാം. ഇത് സ്വന്തം ഇടം സ്വയം കണ്ടെത്തിയ പെൺകുട്ടികളുടെ വിജയമാണ്. ഇന്ന് അവരുടെ, എല്ലാ പെണ്കുട്ടികളുടേയും ദിനവും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us