മൈക്കിൾ ജാക്സന്റെ ജന്മദിനമായ ഓഗസ്റ്റ് 30ന് മകൾ പാരീസ് ജാക്സൻ അദ്ദേഹത്തെ അനുസ്മരിച്ച് ഇൻസ്റ്റഗ്രാമിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തു. പോസ്റ്റ് വ്യാപകമായ ചർച്ചയ്ക്കും വിമർശനങ്ങൾക്കും ട്രോളുകൾക്കും വഴിവച്ചു. കാരണമായത് അതിലെ ഉള്ളടക്കമോ മൈക്കിൾ ജാക്സന്റെ ജീവിതമോ ഒന്നുമായിരുന്നില്ല. പാരീസ് വീഡിയോയ്ക്കിടെ തലമുടി കെട്ടിവെക്കാനായി കൈകൾ ഉയർത്തുന്നുണ്ട്. അപ്പോൾ കൈക്കുഴിയിലെ രോമം കാണാമായിരുന്നു. അതാണ് വിവാദമായത്!
പാരീസിനോട് ആ രോമങ്ങൾ നീക്കം ചെയ്യാൻ ആജ്ഞാപിച്ചവർ മുതൽ അത് വൃത്തിയില്ലായ്മയുടെ ലക്ഷണമാണെന്നു പറഞ്ഞവരും തികഞ്ഞ അശ്ലീലമെന്ന് ചൂണ്ടിക്കാട്ടിയവരും വരെ വീഡിയോയുടെ കമന്റ് ബോക്സിലുണ്ടായിരുന്നു. പിതാവിനോടുള്ള സ്നേഹമോ ആദരവോ അല്ല കൈക്കുഴികളിലെ രോമം കാണിക്കാൻ വേണ്ടി മാത്രമാണ് അവൾ വീഡിയോ എടുത്തതെന്നും വിമർശനമുണ്ടായി. സൈബർ ആക്രമണങ്ങളെ തികഞ്ഞ ആത്മസംയമനത്തോടെ പാരീസ് നേരിട്ടു. അവൾ പറഞ്ഞു - നിങ്ങൾ പറയുന്നതുപോലെ കൈക്കുഴികൾ കാണിക്കാനല്ല ഞാൻ ശ്രമിച്ചത്. ആ രോമങ്ങൾ സ്ഥിരമായി നീക്കം ചെയ്യുന്ന പതിവ് എനിക്കില്ലാതായിട്ട് വർഷങ്ങളായി. അക്കാര്യം ഞാൻ ഓർമ്മിക്കാറുപോലുമില്ല!
രോമം വടിച്ചു നീക്കാത്ത കൈക്കുഴികളുടെയും കൈകാലുകളുടെയും പേരില് വിമര്ശനങ്ങള് നേരിട്ട സ്ത്രീകളിൽ സിനിമാനടിമാര് മുതല് മോഡലുകള് വരെയുണ്ട്. 1950കളിൽ സോഫിയ ലോറൻസ്, 1970കളിൽ ഗ്രേസ് ജോൺസ്, സമീപകാലത്ത് ജൂലിയ റോബർട്സ് മുതൽ മലൈക അറോറ വരെ നീളുന്ന നീണ്ട നിര.... അങ്ങനെ ഇതേ രോമങ്ങളുടെ പേരിൽ പലപ്പോഴും വിമർശനവും ചിലപ്പോഴൊക്കെ മാത്രം അഭിനന്ദനവും ഏറ്റുവാങ്ങിയവർ നിരവധിയാണ്. പെണ്ണഴകിന്റെ ശൈലീനിഘണ്ടുവില് ഇടമില്ലാത്ത ഒന്നാണ് ശരീരരോമം. രോമങ്ങളില്ലാതെ മിനുമിനുങ്ങുന്ന ശരീരമാണ് പെണ്ണിന് സൗന്ദര്യം എന്നാണ് വാര്പ്പുമാതൃകകള് പറയാതെപറഞ്ഞുവച്ചിട്ടുള്ളത്. രോമാവൃതമായ കൈകാലുകള് എക്കാലവും പൊതുബോധത്തിൽ പൗരുഷത്തിന്റെ പ്രതീകമാണ്!
എത്രയോ പതിറ്റാണ്ടുകളായി തുടരുന്ന ഇരട്ടത്താപ്പ്!
ആണിന് രോമം അലങ്കാരമാണെന്ന് വിശ്വസിപ്പിച്ച അതേ സമൂഹമാണ് പെണ്ണിന് അത് അശ്ലീലമാണെന്ന് പ്രചരിപ്പിച്ചതും. ഈ ഇരട്ടത്താപ്പ് നൂറ്റാണ്ടിലേറെയായി നിലനിൽക്കുന്നു. സ്ത്രൈണതയ്ക്ക് രോമം ഭൂഷണമല്ലെന്ന പൊതുബോധനിര്മ്മിതിയിലേക്ക് ഈ ചിന്താഗതി വഴിവച്ചു. പെണ്ണിന്റെ ശരീരം എപ്പോഴും മാംസളവും മിനുത്തതും ആവണമെന്ന് ഏത് നിയമത്തിലാണ് എഴുതിവച്ചിരിക്കുന്നത്? ജൈവികമായ ഒന്നിനെ സൗന്ദര്യവത്കരണത്തിന്റെ പേരില് വടിച്ചുനീക്കാന് പെണ്ണിനെ പ്രേരിപ്പിക്കുന്ന ഘടകങ്ങളെക്കുറിച്ച് ആലോചിച്ചാല്ത്തന്നെ ഇതിലെ പൊള്ളത്തരം വ്യക്തമാകും.
സോഷ്യൽ മീഡിയകളിലും ഫാഷന് മാസികകളിലും കാണുന്ന സെലിബ്രിറ്റികളുടെ ചിത്രങ്ങളും വീഡിയോകളുമാണ് രോമങ്ങളില്ലാത്ത, തിളങ്ങുന്ന ശരീരമാണ് സൗന്ദര്യത്തിന്റെ അളവുകോലെന്ന് പെണ്കുട്ടികളെ പഠിപ്പിക്കുന്നത്. ഫാഷന് സങ്കല്പങ്ങളിലെ സുന്ദരിയാവാനുള്ള പരിശ്രമമാണ് പിന്നെ. അപ്പോൾ ആരോഗ്യത്തിന് നല്ലതല്ല ഇതിൽ പലതും എന്നത് പോലും മറന്ന് രോമനിർമാർജനത്തിന് പല വഴികൾ പെൺകുട്ടികൾ തേടും. വിപണനതന്ത്രങ്ങള്ക്കായി സൗന്ദര്യസങ്കല്പങ്ങളെ മാറ്റിയെഴുതിയത് അതാത് മേഖലകളിലെ ഉത്പന്നനിര്മ്മാണകമ്പനികളാണെന്ന സത്യം അറിയാതെയാണ് പെണ്കുട്ടികള് കൈകാലുകളിലെയും കൈക്കുഴികളിലെയും രോമങ്ങള് ഇല്ലാതാക്കാന് ശ്രമിക്കുന്നത്. പെണ്ശരീരം ഉപഭോഗ വസ്തുവായി മാറിത്തുടങ്ങിയ കാലത്തോളം പഴക്കമുണ്ട് ഈ വടിച്ചുനീക്കലിനും!
എല്ലാം തുടങ്ങിയത് വിക്ടോറിയൻ കാലഘട്ടത്തിൽ?
കൈകാലുകളിലെയും കൈക്കുഴികളിലെയും രോമങ്ങള് നീക്കം ചെയ്യേണ്ടതാണെന്ന ധാരണ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് സ്ത്രീകളിലേക്ക് എത്തുന്നത്. ശരീരമാകെ മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങളില് നിന്ന് സ്ത്രീകള് മോചനം നേടുന്നത് വിക്ടോറിയന് കാലഘട്ടത്തിന് ശേഷമാണ്. അതോടൊപ്പം തന്നെയാണ് പുറമേ ദൃശ്യമാകുന്ന വിധമുള്ള ശരീരരോമങ്ങള് ചർച്ചാവിഷയമായതും
1915ലാണ് സ്ത്രീകള്ക്കായുള്ള ഷേവിംഗ് സെറ്റ് എന്ന ആശയം ഗില്ലറ്റ് ആദ്യമായി പ്രാവര്ത്തികമാക്കിയത്. അന്ന് ഭൂരിപക്ഷം സ്ത്രീകള്ക്കും അത് എന്തിനു വേണ്ടിയുള്ളതാണെന്ന് അറിയില്ലായിരുന്നെന്ന് ചരിത്രരേഖകൾ പറയുന്നു. സ്ത്രീകള് സ്ലീവ്ലെസ്സ് വേഷങ്ങള് അണിഞ്ഞുതുടങ്ങിയതോടെ പുതിയ വിപണന സാധ്യത കമ്പനി തിരിച്ചറിയുകയായിരുന്നു. ഏഴ് വര്ഷത്തിനു ശേഷം സ്ത്രീകള്ക്ക് വേണ്ടിയുള്ള മാസികകളില് രോമരഹിതമായ കൈക്കുഴികളുള്ള സ്ത്രീകളുടെ ചിത്രങ്ങള് വന്നുതുടങ്ങി. നാണക്കേടില് നിന്ന് ഒഴിവാകാന് ഷേവിംഗ് റേസറുകള് ഉപയോഗിക്കൂ എന്ന തലവാചകത്തോടെയായിരുന്നു അന്ന് പരസ്യങ്ങള് പ്രത്യക്ഷപ്പെട്ടത്. കൈക്കുഴികളിൽ രോമങ്ങളുമായി പൊതുവിടങ്ങളില് പ്രത്യക്ഷപ്പെട്ടാൽ താൻ നാണംകെടേണ്ടി വരും എന്ന ധാരണ സ്ത്രീകളിൽ സൃഷ്ടിക്കാന് ഈ പരസ്യത്തിലൂടെ ഷേവിംഗ് റേസര് കമ്പനികള്ക്ക് സാധിച്ചു. പല മാസികകളും ഇതൊരു ക്യാമ്പയിനായി സ്വീകരിച്ചു. സ്ത്രീസൗന്ദര്യത്തിന്റെ അളവുകോലുകള് അങ്ങനെ വിപണികേന്ദ്രീകൃതമായ മാനദണ്ഡങ്ങളിലേക്ക് ചുരുങ്ങാൻ \ വികസിക്കാൻ തുടങ്ങി.
1930കളോടെ ഈ ചിന്താഗതി പുതിയൊരു തലത്തിലേക്ക് എത്തിയതിന് ചരിത്രം സാക്ഷിയായി. ശരീരരോമങ്ങള് നീക്കം ചെയ്യാത്ത സ്ത്രീകള്ക്ക് പങ്കാളികളെ കിട്ടില്ല എന്ന തരത്തിലായിരുന്നു അന്ന് പരസ്യപ്രചരണം. അങ്ങനെ ഈ രോമങ്ങള് വൈരൂപ്യത്തിന്റെയും ഏകാന്തതയുടെയും പ്രതീകമായി മാറി. അത് ക്രമേണ സമൂഹത്തിലേക്ക് ആഴ്ന്നിറങ്ങി. പത്തുവർഷം കഴിഞ്ഞപ്പോഴേക്കും രോമനിര്മാര്ജന ഉത്പന്നങ്ങളുടെ വില്പനയില് വന് കുതിച്ചു ചാട്ടമുണ്ടായി. അന്നു വരെ കൈക്കുഴികളിലെ രോമങ്ങള് മാത്രമായിരുന്നു പ്രശ്നമെങ്കില് 1940കളില് കാലുകളിലെ രോമങ്ങളും പ്രശ്നമാണ് എന്ന ധാരണയിലേക്ക് കാര്യങ്ങളെത്തി. അതിനു കാരണമായത് രണ്ടാം ലോകമഹായുദ്ധമാണ്!
യുദ്ധകാലത്ത് നൈലോണ് തുണികള്ക്കുണ്ടായ ക്ഷാമം സ്റ്റോക്കിംഗുകള് കിട്ടാനില്ലാത്ത അവസ്ഥയുണ്ടാക്കി. അതോടെ സ്ത്രീകള് കാലുകള് പുറത്തുകാണുന്ന തരത്തില് വസ്ത്രം ധരിക്കാന് നിര്ബന്ധിതരായി. അങ്ങനെ പുതിയ വിപണി സാധ്യത തിരിച്ചറിഞ്ഞ കമ്പനികള് കാലുകളിലെ രോമങ്ങളും പിഴുതെറിയേണ്ടതാണെന്ന ധാരണ കൊണ്ടുവരുന്നതില് വിജയിച്ചു. പിന്നാലെ, 1950കള് മുതല് 80കള് വരെയുള്ള കാലഘട്ടം ഫാഷന് രംഗത്ത് പല നൂതന പരീക്ഷണങ്ങള്ക്കും വഴിവച്ചു. ശരീരഭാഗങ്ങള് കൂടുതലായി ദൃശ്യമാകുന്ന തരത്തിലുള്ള വസ്ത്രങ്ങളില് കൂടുതല് കൂടുതല് പരീക്ഷണങ്ങള് സ്ത്രീകൾ നടത്തിത്തുടങ്ങി. അതോടൊപ്പം തന്നെ രോമനിര്മാര്ജന ഉത്പന്നങ്ങളിലും നിരവധി പുതിയ കണ്ടുപിടുത്തങ്ങളുണ്ടായി.
രോമാവൃതമായ ശരീരവും ലൈംഗികതയും
1980കളിലാണ് രോമാവൃതമായ ശരീരത്തിന് ലൈംഗികതയുമായി ചേർന്ന നിർവചനമുണ്ടായത്. രോമരഹിതമായ പെണ്കാലുകള് ലൈംഗികതയിലേക്ക് പുരുഷന്മാരെ ആകര്ഷിക്കുമെന്ന സന്ദേശം പകരുന്ന പരസ്യങ്ങള് പുറത്തിറങ്ങി. ശരീരസൗന്ദര്യം കൂടുതല് വിപണനം ചെയ്യപ്പെടുന്ന കാലവും കൂടിയായിരുന്നു ഇത്. 'ജസ്റ്റ് വിസില്' ക്യാമ്പയിനുമായി ഗില്ലെറ്റ് രംഗത്തെത്തി. പുരുഷന്മാര് നിങ്ങളെ ശ്രദ്ധിക്കണമെങ്കില് കാലുകളിലെ രോമങ്ങള് നീക്കം ചെയ്യൂ എന്ന് കമ്പനി പരസ്യത്തിലൂടെ പറഞ്ഞതോടെ കാര്യങ്ങള് മാറിമറിഞ്ഞു.
രോമരഹിതമായ സ്ത്രീശരീരം ലൈംഗികത്വരകമാണെന്ന മിഥ്യാധാരണ ഇപ്പോഴും നിലനിൽക്കുന്നു. പെണ്മയുടെ മികച്ച ഉദാഹരണങ്ങളിലൊന്ന് മിനുങ്ങുന്ന ശരീരമാണെന്ന് പരസ്യങ്ങള് ഇടതടവില്ലാതെ പറഞ്ഞുകൊണ്ടേയിരിക്കുന്നു. സോഷ്യൽമീഡിയയിൽ നിറയെ, കൈകാലുകൾ തിളങ്ങാൻ അതു ചെയ്യൂ ഇതുപയോഗിക്കൂ തുടങ്ങി പരസ്യങ്ങളുടെ ബഹളമാണ്. ഷേവിംഗ് റേസറുകളില് നിന്ന് ഹെയര് റിമൂവല് ക്രീമുകളിലേക്കും വാക്സിംഗിലേക്കും ലേസർ ട്രീറ്റ്മെന്റിലേക്കും പുതിയ തരത്തിലുള്ള പല രോമനിർമാർജന സംവിധാനങ്ങളിലേക്കും കാര്യങ്ങള് മാറിയിരിക്കുന്നു. സ്ത്രീകള്ക്ക് രോമം അശ്ലീലമാണെന്ന പൊതുധാരണയിലേക്കെത്താൻ വലിയതോതിൽ സ്വാധീനിച്ചത് പരസ്യങ്ങളാണെന്ന കാര്യത്തില് സംശയമില്ല. സ്ത്രീശരീരം ആണിനു വേണ്ടിയുളളതാണെന്ന പുരുഷകേന്ദ്രീകൃത സമൂഹമനോഭാവവും ഒരു പരിധിയില് കൂടുതല് ഇതിനു കാരണമായി. രോമാവൃതമായ ശരീരം മൂലം താന് പുരുഷനാല് തിരസ്കൃതയാവുമെന്ന ഭയമോ സങ്കോചമോ സ്ത്രീകളില് സൃഷ്ടിക്കുന്നതില് ഈ മനോഭാവം വിജയം കണ്ടു. ആ പൊതുബോധത്താൽ തന്നെ, പരസ്യത്തിലായാലും റെഡ്കാര്പറ്റില് പ്രത്യക്ഷപ്പെടുമ്പോഴായാലുമൊക്കെ കൈകാലുകളിലെയും കൈക്കുഴികളിലെയുമൊക്കെ രോമങ്ങള് ദൃശ്യമാവുന്നത് നടിമാരെയും മോഡലുകളെയും വിമര്ശനങ്ങൾക്കിരയാക്കി.
വിപണി പറയുന്നത്....
രോമനിർമാർജന ഉത്പന്നങ്ങളുടെ വിൽപനയിൽ വൻ കുതിച്ചുചാട്ടം ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നതാണ് വസ്തുത. 2022ലെ കണക്ക് പ്രകാരം രോമനിർമാർജന ഉത്പന്നങ്ങളുടെ വിപണി മൂല്യം 4100 മില്യൺ ഡോളറാണ്. 2029 ആകുമ്പോഴേക്കും ഇത് 4940 മില്യൺ ഡോളറാകുമെന്ന് അനലിസ്റ്റുകൾ പ്രവചിക്കുന്നു. ഇക്കാലം കൊണ്ട് 4.9 ശതമാനം വളർച്ച വിൽപനയിലുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഹെയർ റിമൂവൽ ക്രീമുകൾക്കാണ് വിപണിയിൽ ഒന്നാം സ്ഥാനം. വാക്സിംഗ് ആണ് രണ്ടാം സ്ഥാനത്തുള്ളത്. പിന്നാലെയാണ് ലേസർ ചികിത്സ പോലെയുള്ളവയും മറ്റ് രോമനിർമാർജന ഉത്പന്നങ്ങളുമുള്ളത്.
2022ലെ കണക്ക് പ്രകാരം ഇത്തരം ഉത്പന്നങ്ങളുടെ വില്പനയിൽ ഒന്നാം സ്ഥാനത്തുള്ളത് നോർത്ത് അമേരിക്കയാണ്. വിപണനത്തിന്റെ 29.7% ഇവിടെയാണ് നടക്കുന്നത്. വില്പനയിൽ വൻ കുതിച്ചുചാട്ടമുണ്ടായിക്കൊണ്ടിരിക്കുന്നത് ഏഷ്യാ പസഫിക് മേഖലയിലാണ്. 6.87 ശതമാനമാണ് നിലവിൽ ഇവിടെ വളർച്ചാ നിരക്ക്. ചൈനയാണ് ഏഷ്യാ പസഫിക് മേഖലയില് ഇതിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം (11.5 % വളർച്ച), രണ്ടാം സ്ഥാനത്ത് ജപ്പാൻ (4.3%) ആണ്.
നോ ഷേവ് ക്യാമ്പയിന്റെ വരവ്....
2001നു ശേഷം ഈ പ്രവണതയ്ക്ക് നേരെ സ്ത്രീകൾ പ്രതിഷേധം പ്രകടിപ്പിക്കുകയും 'നോ ഷേവ് ക്യാമ്പയിന്' എന്ന പേരില് സമാന്തരമായി ഒരു പ്രസ്ഥാനം രൂപപ്പെടുകയും ചെയ്തു. ജൈവികമായ ഒന്നിനെ മറ്റെന്തിന്റെ പേരിലായാലും ഇല്ലാതാക്കാന് പറയുന്നത് അംഗീകരിക്കാനാവില്ലെന്ന വാദവുമായി നിരവധി സെലിബ്രിറ്റികള് രംഗത്തെത്തി. 2011ല് ഒരു അവാര്ഡ് വേദിയില് ലേഡി ഗാഗ ഇത്തരത്തില് പ്രത്യക്ഷപ്പെട്ടത് ഏറെ ചര്ച്ചയായിരുന്നു. കക്ഷത്തിലെ രോമങ്ങള്ക്ക് നിറം നല്കി വ്യത്യസ്ത ലുക്കിലായിരുന്നു അന്ന് അവര് വേദിയിലെത്തിയത്. 'നാച്ചുറല് ബ്യൂട്ടി' എന്ന പേരില് ഫോട്ടോഗ്രാഫറായ ബെന് ഹോപ്പര് ഒരു ഓണ്ലൈന് ക്യാമ്പയിന് സംഘടിപ്പിച്ചപ്പോള് അതില് പങ്കെടുത്തവരില് ജൂലിയ റോബര്ട്സും മില്ലി സൈറസും ഉള്പ്പടെയുള്ളവര് ഉണ്ടായിരുന്നു. പാരീസ് ജാക്സനെ പോലെ നിരവധി സ്ത്രീകളും പെണ്കുട്ടികളും 'നോ ഷേവ്' ക്യാമ്പയിനില് ഭാഗമാകുന്നുണ്ടെന്നാണ് ഇപ്പോള് പുറത്തുവരുന്ന പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്.
സമീപകാല കണക്കുകൾ പറയുന്നത് നാലിലൊരു സ്ത്രീ എന്ന കണക്കിൽ രോമനിർമാർജനം ഉപേക്ഷിച്ചിട്ടുണ്ട് എന്നാണ്. ഹെറ്ററോസെക്ഷ്വൽ അനുകൂല വിപണിതന്ത്രം എന്ന നിലയ്ക്ക് ഷേവിംഗിനെ തിരസ്കരിച്ച എൽജിബിടിക്യുഎ+ കമ്മ്യൂണിറ്റിയിലുള്ളവരും കൂടിയാകുമ്പോൾ കണക്ക് ഇനിയും വർധിക്കും. മറ്റുള്ളവരാൽ വിലയിരുത്തപ്പെടാത്ത കാലമായി കൊവിഡ് കാലം മാറിയിരുന്നതും പലരും ഷേവിംഗിനെ തടയാൻ ഒരുപരിധിക്കപ്പുറം കാരണമായി. എന്റെ ശരീരം എന്റേത് മാത്രമാണെന്നും അതിന്മേലുള്ള അവകാശം എനിക്കു മാത്രമാണെന്നും പെണ്ലോകം പൂര്ണമായും തിരിച്ചറിയുന്ന കാലത്തിലേക്കുള്ള ദിശാസൂചകമായാണ് ഈ മാറ്റങ്ങൾ വിലയിരുത്തപ്പെടുന്നത്. അപ്പോഴും ആണിന് രോമം ആണത്തവും പെണ്ണിന് രോമം അശ്ലീലമാകുന്നതെങ്ങനെ എന്ന ചോദ്യം സമൂഹം ശരിയായ അർത്ഥത്തിൽ ഉൾക്കൊള്ളുന്നുണ്ടോ എന്നതാണ് ചോദ്യം!