ബെയ്ലി പാലത്തിൽ 'സീത ഷെൽക്കെ', സല്യൂട്ട് ചെയ്ത് നാട്; ഇത് പലർക്കുമുള്ള ഉത്തരമെന്ന് സോഷ്യൽമീഡിയ

ചിത്രം ദുരന്തഭൂമിയായ മുണ്ടക്കൈയിൽ നിന്നുള്ളതാണ്. അവിടെ സൈന്യം നിർമ്മിച്ച ബെയ്ലി പാലത്തിനു മുകളിൽ സൈനികവേഷത്തിൽ നിൽക്കുന്ന ഒരു സ്ത്രീയാണ് ചിത്രത്തിലെ ശ്രദ്ധാകേന്ദ്രം, പേര് മേജർ സീത അശോക് ഷെൽക്കെ!

dot image

'രക്ഷാപ്രവർത്തനത്തിൽ സ്ത്രീകൾക്ക് ഒന്നും ചെയ്യാനില്ല എന്ന് പറയുന്നവരേ നിങ്ങൾക്കുളള മറുപടിയാണിത്'- ഇന്നലെ മുതൽ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന ഒരു ചിത്രത്തിന്റെ ക്യാപ്ഷനാണിത്. ചിത്രം ദുരന്തഭൂമിയായ മുണ്ടക്കൈയിൽ നിന്നുള്ളതാണ്. അവിടെ സൈന്യം നിർമ്മിച്ച ബെയ്ലി പാലത്തിനു മുകളിൽ സൈനികവേഷത്തിൽ നിൽക്കുന്ന ഒരു സ്ത്രീയാണ് ചിത്രത്തിലെ ശ്രദ്ധാകേന്ദ്രം, പേര് മേജർ സീത അശോക് ഷെൽക്കെ!

മേജർ സീത ഷെൽക്കെയുടെ നേതൃത്വത്തിലാണ്, ഇന്ത്യൻ ആർമിയുടെ മദ്രാസ് എഞ്ചിനീയേഴ്സ് ഗ്രൂപ്പ് മുണ്ടക്കൈയിൽ ബെയ്ലി പാലം നിർമ്മിച്ചത്. 190 അടി നീളവും 24ടൺ ഭാരോദ്വഹന ശേഷിയുമുള്ള പാലം സൈന്യം പണിതീർത്തത് വെറും 20 മണിക്കൂർ കൊണ്ടാണ്. ജൂലൈ 31ന് രാത്രി ഒമ്പത് മണിയോടെ ആരംഭിച്ച പാലം നിർമ്മാണം ഓഗസ്റ്റ് 1വൈകുന്നേരം 5.30 ആയപ്പോഴേക്കും നാടിന് സമർപ്പിച്ചു. ആര്മി മദ്രാസ് എന്ജീനീയറിങ്ങ് ഗ്രൂപ്പിലെ 250 സൈനികരാണ് നിർമ്മാണ പ്രവർത്തനത്തിനുണ്ടായിരുന്നത്. പാലം വന്നതോടെ തിരച്ചിൽ നടപടികളും ദുരിതാശ്വാസ പ്രവർത്തനങ്ങളും കൂടുതൽ എളുപ്പമായി. സൈന്യത്തിന് നന്ദിയറിയിച്ച് നാടൊന്നാകെ കൈകൾ കൂപ്പുന്നു, പാലം നിർമ്മാണത്തിന് നേതൃത്വം നൽകിയ മേജർ സീത അശോക് ഷെൽക്കെയെ കുറിച്ച് വാതോരാതെ സംസാരിക്കുന്നു. ഇന്ത്യൻ സൈന്യത്തിലെ വനിതാ ഉദ്യോഗസ്ഥരുടെ സമർപ്പണ മനോഭാവത്തിനും ധീരതയ്ക്കുമുള്ള ഉദാഹരണമായിരിക്കുകയാണ് സീത ഷെൽക്കെ. അത്രയധികം കഠിനമായ ഒരു ജോലിയുടെ നേതൃത്വം ഏറ്റെടുത്ത് അതിഭംഗീരമായി അത് പൂർത്തിയാക്കിയതിലൂടെ, സങ്കീർണവും സമ്മർദ്ദമേറിയതുമായ അന്തരീക്ഷത്തിൽ വനിതാ ഓഫീസർമാർ ജോലിയിൽ എന്ത് നിർണായക പങ്കാണ് വഹിക്കുന്നതെന്ന പലരുടെയും സംശയത്തിന് ഉത്തരം കൂടിയായി അവർ മാറിയിരിക്കുന്നു.

മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയിലെ പാർനർ താലൂക്കിലെ ഗാഡിൽഗാവ് എന്ന ചെറുഗ്രാമമാണ് മേജർ സീത അശോക് ഷെൽക്കെയുടെ ജന്മനാട്. 600 പേർ മാത്രമുള്ള ആ ചെറിയ ഗ്രാമത്തില് നിന്നാണ് സീത അശോക് ഷെൽക്കെ സൈന്യത്തിലേക്ക് എത്തുന്നത്. അഭിഭാഷകനായ അശോക് ബിഖാജി ഷെല്ക്കെയുടെ നാല് മക്കളില് ഒരാളായ സീത അഹമ്മദ് നഗറിലെ ലോണിയിലെ പ്രവാര റൂറൽ എഞ്ചിനീയറിംഗ് കോളേജില് നിന്ന് മെക്കാനിക്കല് എഞ്ചിനീയറിംഗില് ബിരുദം പൂർത്തിയാക്കിയ ശേഷമാണ് സൈന്യത്തിലേക്ക് എത്തിയത്.

ഐപിഎസുകാരി ആകണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, ആ വഴിയിലേക്ക് നയിക്കാനോ മാർഗനിർദേശം നൽകാനോ ആരും ആ ഗ്രാമത്തിലുണ്ടായിരുന്നില്ല. എന്തു ചെയ്യണമെന്നോ എങ്ങനെ പഠിക്കണമെന്നോ ഒന്നും അറിയാത്ത അവസ്ഥ. ഒടുവിൽ ഐപിഎസ് മോഹം ഉപേക്ഷിച്ച് ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകാൻ സീത തീരുമാനിച്ചു. ആദ്യ രണ്ട് തവണയും സൈനികപ്രവേശന പരീക്ഷയിൽ (എസ്എസ്ബി) പരാജയപ്പെട്ടു. പക്ഷേ, പിന്മാറാൻ അവർ തയ്യാറായില്ല. മൂന്നാം തവണ ശ്രമം വിജയം കണ്ടു. അങ്ങനെ 2012ൽ സീത സൈന്യത്തിന്റെ ഭാഗമായി. സൈന്യത്തിൽ ചേരണമെന്ന തന്റെ സ്വപ്നത്തിന് രക്ഷിതാക്കളും സഹോദരിമാരും നൽകിയ പിന്തുണ വലുതായിരുന്നു എന്നാണ് മേജർ സീത ഷെൽക്കെ മുമ്പ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us