മുന് അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിനെതിരെയുള്ള, അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ ജീവചരിത്രത്തിലെ പരാമര്ശം ചര്ച്ചയാവുന്നു. എലിസബത്ത് രാജ്ഞിയുടെ ജീവചരിത്രമായി തയ്യാറാക്കുന്ന ക്രെയ്ഗ് ബ്രൗണിന്റെ 'എ വോയേജ് എറൗണ്ട് ദ ക്വീന്' എന്ന പുസ്തകത്തില് ഡൊണാള്ഡ് ട്രംപ് ഒരു പരുക്കനായ നേതാവാണെന്ന് പറഞ്ഞതിനെതിരെ പ്രതികരണവുമായി ട്രംപ് രംഗത്തെത്തിക്കഴിഞ്ഞു. ട്രംപ് ഒരു പ്രശ്നക്കാരനാണെന്ന് രാജ്ഞി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ പെരുമാറ്റം ഇഷ്ടപ്പെട്ടിട്ടില്ലെന്നുമാണ് പുസ്തകത്തില് പറയുന്നത്. ഇതിനെതിരെയാണ് ട്രംപ് പ്രതികരണം നടത്തിയത്.
ട്രംപ് ഈ ആരോപണങ്ങള് നിഷേധിച്ച് പുസ്തകത്തിന്റെ രചയിതാവ് ക്രെയ്ഗ് ബ്രൗണിനെ 'സ്ലീസ് ബാഗ്' എന്ന് മുദ്രകുത്തുകയും അവകാശവാദങ്ങള് 'തികച്ചും തെറ്റ്' എന്ന് തള്ളുകയും ചെയ്തു. ഡെയ്ലി മെയിലിന് നല്കിയ അഭിമുഖത്തില് അദ്ദേഹം അവകാശവാദങ്ങള് നിഷേധിക്കുന്നതിനോടൊപ്പം തനിക്ക് രാജ്ഞിയുമായി വലിയ ബന്ധമുണ്ടായിരുന്നുവെന്നും അവര് തന്നെ ഇഷ്ടപ്പെട്ടിരുന്നുവെന്നും പ്രതികരിച്ചു.
'ഞങ്ങള് ഒരു അത്താഴ വിരുന്നില് മണിക്കൂറുകളോളം ഒരുമിച്ച് ചെലവഴിച്ചു. അവര് ഒരു നല്ല സ്ത്രീയായിരുന്നു. ഒരു 'സ്ലീസ് ബാഗിന്' തികച്ചും തെറ്റായ ഒരു ലേഖനം എഴുതാന് കഴിയുന്നത് നാണക്കേടാണെന്ന് ഞാന് കരുതുന്നു. വാസ്തവത്തില്, ഞാന് കേട്ടിട്ടുള്ളത് രാജ്ഞിയുടെ പ്രിയപ്പെട്ട പ്രസിഡന്റണ് ഞാനെന്നാണ്. ഇക്കാര്യം അവര് പലരോടും പറഞ്ഞിട്ടുള്ളതായും ഞാന് കേട്ടിട്ടുണ്ട്'-ട്രംപ് പ്രതികരിച്ചു.
2018ല് പ്രസിഡന്റായിരിക്കെയാണ് ഡൊണാള്ഡ് ട്രംപ് ആദ്യമായി രാജ്ഞിയെ കാണുന്നത്. അമേരിക്കന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ തനിക്കെതിരായി പുറത്തുവന്ന പരാമര്ശത്തെ ആശങ്കയോടെയാണ് ട്രംപ് കാണുന്നതെന്ന് വിലയിരുത്തലുകള് പുറത്തുവരുന്നുണ്ട്.