സ്ത്രീകൾ തീരെ സുരക്ഷിതരല്ലാത്ത ആറ് രാജ്യങ്ങളിലൊന്ന് ഇന്ത്യ; റിപ്പോര്ട്ട് ഞെട്ടിക്കുന്നത്

സാംസ്കാരിക പാരമ്പര്യവും ജനാധിപത്യവും കൊട്ടിഘോഷിക്കപ്പെടുമ്പോഴും സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങളുടെ കാര്യത്തിൽ കുപ്രസിദ്ധിയാണ് ഇന്ത്യക്കുള്ളതെന്ന് റിപ്പോർട്ട് പറയുന്നു.

dot image

കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിൽ പിജി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെത്തുടർന്ന് രാജ്യമെങ്ങും സ്ത്രീസുരക്ഷയെച്ചൊല്ലി വാദപ്രതിവാദങ്ങൾ തുടരുകയാണ്. തൊഴിലിടങ്ങളിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് ചൂണ്ടിക്കാട്ടി ഡോക്ടർമാർ പരസ്യപ്രതിഷേധവുമായി രംഗത്തെത്തിയതിനു പിന്നാലെയാണ് കേരളത്തിൽ സിനിമാമേഖലയിൽ സ്ത്രീകൾ നേരിടുന്ന അരക്ഷിതാവസ്ഥ തുറന്നുകാട്ടുന്ന ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതും അതിന്മേലുള്ള വെളിപ്പടുത്തലുകൾ രാജ്യമെങ്ങും ചർച്ചയാകുന്നതും. തൊഴിലിടങ്ങളിലെ സ്ഥിതി ഇതാണെങ്കിൽ പൊതുവിടങ്ങളിൽ സ്ത്രീകൾ അനുഭവിക്കേണ്ടി വരുന്ന സുരക്ഷാ പ്രശ്നങ്ങൾ എത്രത്തോളം വലുതായിരിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ഇതിനിടയിലാണ് വേൾഡ് പോപ്പുലേഷൻ റിവ്യു ലോകത്ത് സ്ത്രീകൾ തീരെ സുരക്ഷിതരല്ലാത്ത രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. ആദ്യ അഞ്ച് രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെട്ടിട്ടുണ്ട് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത.

ദക്ഷിണാഫ്രിക്ക

സ്ത്രീകൾ സുരക്ഷിതരല്ലാത്ത രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്തുള്ളത് ദക്ഷിണാഫ്രിക്കയാണ്. ലിംഗവിവേചനവും അതനുസരിച്ചുള്ള അതിക്രമങ്ങളും ഇവിടെ സർവ്വസാധാരണമാണെന്ന് വേൾഡ് പോപ്പുലേഷൻ റിവ്യു റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ 25 ശതമാനം സ്ത്രീകൾ മാത്രമാണ് ഒറ്റയ്ക്ക് നടക്കുമ്പോൾ സുരക്ഷിതരായിട്ടുള്ളത്. ലൈംഗിക അതിക്രമം, ആക്രമണങ്ങൾ, മനുഷ്യക്കടത്ത് തുടങ്ങിയവയൊക്കെ സ്ത്രീകൾ വലിയതോതിൽ ഇവിടെ നേരിടേണ്ടിവരുന്നു. തനിച്ച് യാത്ര ചെയ്യുക എന്നത് ചിന്തിക്കാനാവാത്ത കാര്യമാണെന്നാണ് സ്ത്രീകൾ പ്രതികരിച്ചതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ബ്രസീൽ

പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത് ബ്രസീലാണ്. 28 ശതമാനത്തിൽ താഴെ മാത്രം സ്ത്രീകളാണ് തനിച്ച് യാത്ര ചെയ്യുമ്പോൾ പൊതുവിടങ്ങളിൽ സുരക്ഷിതരാണെന്ന് പറഞ്ഞിട്ടുള്ളത്.

റഷ്യ

സ്ത്രീകളുടെ കൊലപാതകനിരക്കിൽ ലോകത്തുതന്നെ രണ്ടാം സ്ഥാനത്തുള്ള രാജ്യമാണ് റഷ്യ. അത്രയും മോശമാണ് ഇവിടുത്തെ അവസ്ഥ. സ്ത്രീസുരക്ഷയുടെ കാര്യത്തിൽ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് റഷ്യ.

മെക്സികോ

പട്ടികയിൽ നാലാമതുള്ളത് മെക്സികോ ആണ്. രാജ്യത്ത് 33 ശതമാനം സ്ത്രീകൾ മാത്രമാണ് സുരക്ഷിതാവസ്ഥയുണ്ടെന്ന് പ്രതികരിച്ചിരിക്കുന്നത്. രാത്രിയിൽ പൊതുനിരത്തിൽ നടക്കുന്നത് വലിയ അപകടങ്ങൾ വരുത്തിവെക്കുമെന്നാണ് ഇവിടുത്തെ സ്ത്രീകൾ അഭിപ്രായപ്പെട്ടിരിക്കുന്നത്.

ഇറാൻ

സ്ത്രീകൾ സുരക്ഷിതമല്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ അഞ്ചാമതുള്ളത് ഇറാൻ ആണ്. ലിംഗഅസമത്വം ഏറ്റവും പ്രകടമായ രാജ്യമാണ് എന്നതും ഇതിനൊരു കാരണമായി വേൾഡ് പോപ്പുലേഷൻ റിവ്യു റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യ

ലോകരാജ്യങ്ങളുടെ പട്ടികയിൽ ആറാമതും ഏഷ്യൻ രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമതുമാണ് ഇന്ത്യ. സാംസ്കാരിക പാരമ്പര്യവും ജനാധിപത്യവും കൊട്ടിഘോഷിക്കപ്പെടുമ്പോഴും സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങളുടെ കാര്യത്തിൽ കുപ്രസിദ്ധിയാണ് ഇന്ത്യക്കുള്ളതെന്ന് റിപ്പോർട്ട് പറയുന്നു. മനുഷ്യക്കടത്ത്, നിർബന്ധിതമായി ജോലിയെടുപ്പിക്കൽ എന്നിവയിലൊക്കെ സ്ത്രീകൾ ഇരകളാവുന്നു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ സർവ്വസാധാരണമാണ്. കുറ്റവാളികൾക്ക് മതിയായ ശിക്ഷ നേടിക്കൊടുക്കുന്നതിൽ നീതിന്യായ വ്യവസ്ഥയും ഭരണസംവിധാനങ്ങളും പ്രതിസന്ധി നേരിടാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിലെ സാഹചര്യങ്ങൾ രാജ്യത്ത് സ്ത്രീകൾ കൂടുതൽ ശ്രദ്ധാലുക്കളാകേണ്ടതിന്റെ ആവശ്യകത വർധിപ്പിച്ചിരിക്കുകയാണെന്നും വേൾഡ് പോപ്പുലേഷൻ റിവ്യു റിപ്പോർട്ട് അഭിപ്രായപ്പെടുന്നു.

ബഹിരാകാശത്ത് നടക്കാൻ സ്പേസ് എക്സ് ദൗത്യത്തിനൊപ്പം 'മലയാളി മരുമകളും'; ആരാണ് അന്ന മേനോൻ?
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us