'മക്കൾ ഉണ്ടോ ഇല്ലയോ എന്നത് സാമൂഹിക പ്രശ്നം അല്ല, വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്ന് ബഹുമാനിക്കണം'

വിവാഹം, കുടുംബം, കുട്ടി, ലൈം​ഗികത എന്നിവയിലൊക്കെ തീരുമാനമെടുക്കേണ്ടത് മറ്റുള്ളവരുടെ താല്പര്യങ്ങളനുസരിച്ചല്ല, കാരണം സ്വന്തം ജീവിതം സ്വയം ജീവിച്ചുതീർക്കേണ്ടതാണ്.

dot image

സ്വന്തം ജീവിതം എങ്ങനെയാണ് ജീവിക്കേണ്ടത് എന്നത് അവരവരുടെ തിരഞ്ഞെടുപ്പാണ്. വിവാഹം, കുടുംബം, കുട്ടി, ലൈം​ഗികത എന്നിവയിലൊക്കെ തീരുമാനമെടുക്കേണ്ടത് മറ്റുള്ളവരുടെ താല്പര്യങ്ങളനുസരിച്ചല്ല, കാരണം സ്വന്തം ജീവിതം സ്വയം ജീവിച്ചുതീർക്കേണ്ടതാണ്. ഇത്തരം കാര്യങ്ങളുമായി ബന്ധപ്പെട്ട് സമൂഹത്തിൽ നിലനിൽക്കുന്ന അബദ്ധധാരണകൾ മാറേണ്ട സമയം അതിക്രമിച്ചെന്ന് പറയുകയാണ് അഭിഭാഷകയായ മായാ കൃഷ്ണൻ. വിവാഹം കഴിഞ്ഞ് മാസങ്ങൾ തികയുംമുന്നേ തന്നെ വിശേഷമായില്ലേ എന്ന് ചോദിച്ച് സ്വൈര്യംകെടുത്തുന്ന സമൂഹത്തോടുള്ള മറുപടിയാണ് മായ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചിരിക്കുന്നത്. സ്വന്തം അനുഭവം മുൻനിർത്തിയാണ് എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ലാസര്‍ ഷൈനിന്റെ പങ്കാളി കൂടിയായ മായ ഈ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ഈ ഫേസ്ബുക്ക് കുറിപ്പ് ഏറ്റെടുത്ത് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച സജീവമാക്കിയിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം…

ഞായറാഴ്ച ഒരു സംഭവമുണ്ടായി
ഷൈനും ഞാനും കുട്ടികൾ സ്വന്തമായി വേണ്ട എന്ന തീരുമാനം എടുത്തവരാണ്. പത്തൊൻപതാമത്തെ വയസിൽ. കല്യാണം കഴിഞ്ഞിട്ടിപ്പോൾ 17 വർഷവും കഴിഞ്ഞു. ആ തീരുമാനം എടുത്തതിന്റെ പേരിൽ വളരെ മര്യാദയോടെ പെരുമാറുന്ന അനേകം മനുഷ്യരുണ്ട്.
ഞായറാഴ്ച വീട്ടിൽ പോയി. കാറിൽ അമ്മയുണ്ട്. വഴിയിലൂടെ ഒരു പരിചയക്കാരി പോകുന്നു. അവരുടെ മോന് എന്റെ പ്രായമാണ്. മൂന്നു പെൺമക്കൾ കൂടിയുണ്ട്. ഞാനവരെ കാറിൽ കയറ്റി. കാറിൽ കയറിയതു മുതൽ, ശത്രുതാപരമായ ശബ്ദത്തിൽ… വെറിയോടെ അവരെന്നെ ഉപദേശിക്കാൻ തുടങ്ങി- “മക്കളില്ലല്ലേ… ട്രീറ്റ്മെന്റ് നടത്തിയില്ലല്ലേ… പെൺമക്കളെ കല്യാണം കഴിച്ചു വിട്ടാൽ അമ്മമാർക്കെല്ലാം കുട്ടികൾ ഉണ്ടാകണമെന്ന ചിന്താഗതിയാണ്… ഇതെന്തൊരു ജീവിതമാണ്… ഇതാണോ ജീവിതം… ഇങ്ങനെയാണോ ജീവിക്കേണ്ടത്…” എന്നൊക്കെ പറഞ്ഞ്, അവരങ്ങ് തുടങ്ങുകയാണ്…

കാറിലുള്ള അമ്മ അപ്പോൾ അവരെ സമാധാനിപ്പിക്കുന്നു- അല്ല… മരുന്ന് കഴിക്കുന്നുണ്ടെന്ന്…
ഞാനൊന്നും മിണ്ടിയില്ല. ഞാനിപ്പോൾ പനിക്കല്ലേ അമ്മേ മരുന്നു കഴിക്കുന്നത്, വെറെ ഏതു മരുന്നാണെന്നും ചോദിച്ചില്ല.
ഉടനെ ഒരു തീരുമാനമുണ്ടാകണമെന്ന്- കൽപ്പിച്ച് വീടിനടുത്തെത്തിയപ്പോൾ അവർ കാറിൽ നിന്ന് ഇറങ്ങിപ്പോയി.

ഞാനൊരു ചടങ്ങിന് പോയതാണ്. ചേട്ടൻ കൂടെയുണ്ട്, ചേട്ടൻ അവരോട് ചോദിച്ചു- മായയെ മനസിലായില്ലേ…
അപ്പോൾ തന്നെ അവരുടെ ചോദ്യം വന്നു- മക്കളില്ലേ…?
ഞാൻ പറഞ്ഞു- ഇല്ല.
അപ്പോൾ അവർ- അയ്യോ എന്നു പറയുന്നു എല്ലാവരും കൂടി തുടങ്ങുന്നു സാഡ് സോങ്…
എനിക്ക് എന്തോ പ്രശ്നമുള്ളതു പോലെ അങ്ങു നിന്ന് ആശ്വസിപ്പിക്കുകയാണ്.
ഞാനിത് എഴുതുന്നത് എന്തുകൊണ്ടാണെന്നോ, ഞങ്ങളുടേത് ഒരു തീരുമാനമാണ്. പക്ഷെ കുട്ടികൾ ഉണ്ടാകാത്ത…. വേണം എന്നാഗ്രഹിച്ച് ട്രീറ്റ്മെന്റ് ചെയ്യുന്ന… ട്രീറ്റ്മെന്റുകൾ വിഫലമായ… അനേകം ആളുകളുണ്ട്. ജീവിത കാലം മുഴുവനും നേരിടുന്ന ഇത്തരം ചോദ്യങ്ങളും പറച്ചിലുകളും ആ മനുഷ്യരെ എത്രമാത്രം മുറിവേൽപ്പിക്കും…
സ്വന്തമായി കുട്ടികൾ വേണ്ടെന്നത് ഞങ്ങൾക്കു ഞങ്ങളുടെ ചോയ്സാണ് ഇപ്പോൾ വരെ. അത് മാറാം മാറാതിരിക്കാം. ഞങ്ങളോട് ചോദിക്കുന്നവരോട്, കുട്ടികൾ വേണ്ടെന്നു തീരുമാനിച്ചതാണ് എന്നങ്ങു പറയാം. പിന്നെയും സംസാരിക്കുന്നവരോട് ഷൈൻ മുഖത്തടിച്ച് മറുപടിയും പറയും. എനിക്കതത്ര വശമില്ല.

എന്നോട് ആദ്യം സംസാരിച്ച വ്യക്തിയുടെ മക്കളെല്ലാം പുള്ളിയെ ഏതാണ്ട് ഉപേക്ഷിച്ച് ഒറ്റക്കാക്കിയ നിലയിലാണത്രേ. ജീവിതത്തിൽ അവർ കണ്ട ഒരേ ഒരു അച്ചീവ്മെന്റ് മക്കളുണ്ടാക്കുക എന്നതാകാം. വേറെ തരം സമ്പാദ്യങ്ങൾ, വേറെ തരം ജീവിതം, വേറെ തരം സന്തോഷങ്ങൾ ഉണ്ടെന്ന് അവർക്ക് മനസിലാകുന്നുണ്ടാവില്ല.
ഞാനിത് എഴുതുന്നത്, ഭീകര ഹർട്ടാണ് ഇതെന്നതിനാലാണ്. ഈ ചർച്ച വരുന്ന സിറ്റുവേഷനുകളിൽ നടക്കുന്ന ആശ്വസിപ്പിക്കൽ എന്ന ഭാവേനയുള്ള വയലൻസ് വേറെ. എന്നെ രണ്ടു പ്രാവശ്യം ടീവിയിൽ കണ്ടാൽ, അയ്യോ… എന്തായിട്ടെന്താ …മക്കളില്ലല്ലോ എന്ന ആശ്വസിപ്പിക്കൽ, എവിടെ നിന്നുണ്ടാകുന്നതാണ് എന്നറിയാം. മറുപടിയും അറിയാം. പക്ഷെ നിൽക്കുന്ന കുടുംബസദസിലോ… നാട്ടിലെ ചടങ്ങിലോ അലോസരം ഉണ്ടാകണ്ട എന്ന നിശബ്ദതയാണ് എന്നിൽ നിന്ന് എപ്പോഴും ഉണ്ടാകുന്നത്.

പ്രസവിച്ചു എന്നു പറയുന്ന സ്ത്രീകൾ, പ്രസവിക്കാത്ത സ്ത്രീകളോട് നടത്തുന്ന വയലൻസ് നിസാരമല്ല എന്നു തോന്നിയതു കൊണ്ടാണ് ഇതെഴുതുന്നത്. എന്റെ ചോയ്സാണ് എന്ന് പറഞ്ഞു നിൽക്കാം എനിക്ക്. ആ ചോയ്സില്ലാത്ത… സമ്പാദ്യവും ജീവിതവും ചെലവാക്കി കുട്ടികൾക്കായി ശ്രമിച്ചു കൊണ്ടേയിരിക്കുന്ന സ്ത്രീകൾക്കു നേരെ നടക്കുന്ന വയലൻസ്.
പലപ്പോഴും ഇത്തരം സന്ദർഭങ്ങളിൽ അമ്മ കൂടെ ഉണ്ടാകുന്നതിനാൽ എനിക്കു പാലിക്കേണ്ടി വരുന്ന നിശബ്ദത, പിന്നീട് എനിക്ക് എന്നോടു ദേഷ്യം ഉണ്ടാക്കും.

കുട്ടികൾ ഉണ്ടോ ഇല്ലയോ എന്നത് ഒരു സാമൂഹിക പ്രശ്നം അല്ലെന്നും വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്നും അംഗീകരിക്കാൻ മനുഷ്യർക്ക് കഴിയണം.
മായക്കു പിന്നെ ഇതിനെല്ലാം സമയമുണ്ടല്ലോ, എന്നു പറയുന്ന നഗരത്തിലെ വ്യക്തികളേയും ഞാൻ കാണാറുണ്ട്. അതായത് കുട്ടികളില്ലാത്തതു കൊണ്ട് സമയമുണ്ടല്ലേ എന്ന തരത്തിൽ. നാട്ടിലെ സ്ത്രീകൾ പറയുന്ന ഭാഷയുടെ നാഗരിക രൂപം.

ഇതിനെല്ലാം സമയം ഉണ്ടാകാൻ വേണ്ടിയാണ് സ്വന്തമായി കുട്ടികൾ വേണ്ട എന്നു തീരുമാനിച്ചത്. അതിനർത്ഥം ഞങ്ങൾക്ക് കുട്ടികൾ ഇല്ല എന്നല്ല. ഞങ്ങൾക്ക് ധാരാളം കുട്ടികളുണ്ട്. മൂത്തയാൾ മുതൽ കഴിഞ്ഞിടയ്ക്ക് ജനിച്ച ഇളയാൾ വരെ നീളുന്ന കുഞ്ഞുങ്ങൾ. അവരെ ഞങ്ങൾ തന്നെ ജനിപ്പിക്കണം എന്നില്ല, എന്ന തീരുമാനമാണ് എടുത്തത്. തൽക്കാലം ഒരു മരുന്നിനും മതത്തിനും അത് മാറ്റാനുള്ള ശേഷിയില്ല എന്നറിയിച്ചോട്ടെ. നാട്ടിലെ ചേച്ചിമാർ സോഷ്യൽ മീഡിയയിൽ ഇല്ലെന്നറിയാം. നഗരത്തിലെ ചേച്ചിമാർ ഇവിടുണ്ടല്ലോ

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us