'സ്ത്രീകൾക്ക് എന്താണ് പ്രശ്നം അതൊക്കെ പണ്ടല്ലേ' എന്നൊക്കെ ചോദിക്കുന്ന പലരും നമ്മുക്ക് ചുറ്റും ഇപ്പോഴുമുണ്ട്. എന്നാൽ കേട്ടോളു 2 ബില്യൺ സ്ത്രീകളാണ് സാമൂഹിക സുരക്ഷയില്ലാതെ ലോകത്ത് ജീവിക്കുന്നത്. യു എൻ വുമൺ പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന കണക്കുള്ളത്. സ്ത്രീകളും പെൺകുട്ടികളുമെല്ലാം നേരിടുന്ന സാമൂഹിക സുരക്ഷാ പ്രശ്നങ്ങളെൾ ഈ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. സാമൂഹിക സുരക്ഷയുമായി ബന്ധപ്പെട്ട ഈ അരക്ഷിതാവസ്ഥ നിരവധി സ്ത്രീകളെ ദാരിദ്ര്യത്തിന് കാരണമാകുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
അന്താരാഷ്ട്ര ദാരിദ്ര്യ നിർമാർജ്ജന ദിനത്തോടനുബന്ധിച്ച് പുറത്തുവന്ന യു എൻ വിമൻ റിപ്പോർട്ടിൽ സാമൂഹിക സുരക്ഷയുമായി ബന്ധപ്പെട്ട് ഗുരുതരമായ ലിംഗ വിവേചനം നിലനിൽക്കുന്നതായും സൂചിപ്പിക്കുന്നു. ധനാനുകൂല്യങ്ങൾ, തൊഴിലില്ലായ്മ ഇൻഷുറൻസ്, പെൻഷനുകൾ അല്ലെങ്കിൽ ആരോഗ്യ സംരക്ഷണം തുടങ്ങിയ സാമൂഹിക സംരക്ഷണ പദ്ധതികളിൽ നിന്ന് ഇവർ പുറത്താണെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
2015 മുതൽ ചില പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും മിക്ക വികസ്വര പ്രദേശങ്ങളിലും സാമൂഹിക സംരക്ഷണ കവറേജിലെ ലിംഗ അസമത്വം വർധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. സമീപകാല നേട്ടങ്ങൾ പുരുഷന്മാർക്ക് ആനുപാതികമായി ഗുണകരമായിട്ടുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ജീവിതത്തിന്റെ എല്ലാ കാലഘട്ടത്തിലും സ്ത്രീകൾ ദാരിദ്ര്യവും ദുരിതവും നേരിടുന്നുണ്ട്. പ്രായമേതായാലും കടുത്ത പട്ടിണിയിലൂടെയും ദാരിദ്ര്യത്തിലൂടെയും സ്ത്രീകൾക്ക് കടന്നു പോകേണ്ടതായി വരുന്നു. ഗർഭിണിയായിരിക്കെയാണ് ഈ ദുരിതം സ്ത്രീകൾ ഏറ്റവും അധികമായി നേരിടുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 25 മുതൽ 34 വരെ പ്രായമുള്ള സ്ത്രീകളെ പരിഗണിക്കുമ്പോൾ അതിൽ 25 % ശതമാനം സ്ത്രീകളും അതെ പ്രായത്തിലെ പുരുഷന്മാരെക്കാൾ ദാരിദ്ര്യം നേരിടുന്നതായി റിപ്പോർട്ട് കണ്ടെത്തിയിട്ടുണ്ട്.
2022 മുതൽ ലോകമെമ്പാടും ഉണ്ടായ പണപ്പെരുപ്പം വലിയ രീതിയിൽ ബാധിച്ചത് സ്ത്രീകളെയാണെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. 63 ശതമാനം സ്ത്രീകൾക്കാണ് പ്രസവാനുകൂല്യങ്ങൾ ലഭിക്കാതെ പോകുന്നത്. ഇതിൽ തന്നെ 94 ശതമാനവും സബ് സഹാറൻ ആഫ്രിക്കയിലുള്ളവരാണ് എന്നിരുന്നാലും ചില പ്രദേശങ്ങളിൽ സ്ത്രീകളുടെ സാമൂഹിക സുരക്ഷയുമായി ബന്ധപ്പെട്ട് നല്ല മാറ്റങ്ങൾ ഉണ്ടായതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. മംഗോളിയയിലെ മറ്റേർണിറ്റി പറ്റേർണിറ്റി ലീവുകൾ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്നും റിപ്പോർട്ട് എടുത്ത് പറയുന്നുണ്ട്.
Content Highlights: UN Women report that 2 billion women in the world lack social security