സ്വന്തം സൗന്ദര്യത്തില്‍ ആനന്ദിക്കാനും അത് പ്രദര്‍ശിപ്പിക്കാനുമുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്: ശാരദക്കുട്ടി

'എന്റേത് വരെ ഓക്കെ അതിനപ്പുറം കച്ചവടം എന്ന ന്യായം ശരിയല്ല. പ്രതികരിക്കുന്ന പെണ്ണുങ്ങളെ ചട്ടം പഠിപ്പിക്കാന്‍ ചെല്ലരുത്'

dot image

നടി ഹണി റോസിന്റെ പരാതിയും അതിനെ തുടര്‍ന്നുള്ള സംഭവവികാസങ്ങളും വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. ഇപ്പോള്‍ ഹണി റോസിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരി എസ് ശാരദക്കുട്ടി. സ്വന്തം ശരീരത്തില്‍ വിശ്വസിക്കാനും അതിനെ പൊലിപ്പിക്കാനും അതിലാനന്ദിക്കാനും അത് പ്രദര്‍ശിപ്പിക്കാനും അഭിനന്ദനം ഏറ്റുവാങ്ങാനും ഉള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. എന്റേത് വരെ ഓക്കെ അതിനപ്പുറം കച്ചവടം എന്ന ന്യായം ശരിയല്ല. പ്രതികരിക്കുന്ന പെണ്ണുങ്ങളെ ചട്ടം പഠിപ്പിക്കാന്‍ ചെല്ലരുതെന്നും ശാരദക്കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം:

പെണ്ണിന്റെ തലമുടി ലൈംഗികോത്തേജനമുണ്ടാക്കുന്നതിനാല്‍ സ്ത്രീകള്‍ ഭര്‍ത്താവല്ലാത്ത അന്യപുരുഷന്മാര്‍ക്കു മുന്നില്‍ തലമുടി പ്രദര്‍ശിപ്പിക്കരുതെന്നും, വിധവകള്‍ തല മുണ്ഡനം ചെയ്യണമെന്നും വിധിച്ച സമുദായങ്ങള്‍ ഇവിടെയുണ്ട്.


മുടി കൊണ്ട് നഗ്‌നമായ മാറിടം മറച്ചു നടന്ന അക്ക മഹാദേവി പറഞ്ഞത് എന്റെ മാറിടത്തില്‍ കാമദേവന്റെ അടയാളമുണ്ട്, അത് നിങ്ങളെ വിറളി പിടിപ്പിക്കുമെന്നാണ്. പക്ഷേ സമൃദ്ധമായ മുടിയിലാകാം ചിലര്‍ കാമമുദ്ര കാണുക. കാമനു കേളി വളര്‍ക്കാനും കോമനു കേറി ഒളിക്കാനും ഇടമുണ്ടവിടെ.
കണ്ണുകള്‍ ലൈംഗികോത്തേജനമുണ്ടാക്കുമെന്നും അതുകൊണ്ട് വലിയ പൊട്ടു തൊടണമെന്നും കണ്ണുകളുടെ ആകര്‍ഷണീയതയില്‍ നിന്ന് പുരുഷനോട്ടത്തിന്റെ ശ്രദ്ധ പൊട്ടിലേക്ക് തിരിച്ചു വിടണമെന്നും പണ്ടൊരാള്‍ പ്രസംഗിക്കുന്നതു കേട്ടിട്ടുണ്ട്. കണ്ണ് ക്ഷണിക്കുമ്പോള്‍ പൊട്ട് തടയണമത്രേ. പൂമുഖവാതില്‍ തുറന്നിട്ടിട്ട് തുളസിത്തറ കൊണ്ട് തടസ്സമുണ്ടാക്കുന്നത് പോലെയാണ്, ക്ഷണിക്കുന്ന കണ്ണിനെ പൊട്ട് തടയുന്നത് എന്നാണ് പ്രാസംഗികന്‍ ഉദാഹരിച്ചത്.


കണ്ണിനേക്കാള്‍ വശ്യത പൊട്ടിനും നെറ്റിക്കും മറുകിനും നുണക്കുഴിക്കും വരെ ഉണ്ടാകാം. അതൊക്കെ അറിയുന്നവരാണ് നമ്മളെല്ലാം.
മുലയും നിതംബവും മാത്രമല്ല, നഖം, വയര്‍, കഴുത്ത് , തോള്‍ , കണങ്കാല്‍, പാദം തുടങ്ങി ഏതവയവവും എപ്പോള്‍ വേണമെങ്കിലും ലൈംഗികോത്തേജനവസ്തുവാകാം.

അത് ആണിന് മാത്രമല്ല പെണ്ണിനുമറിയാം.


ചിലര്‍ സമൃദ്ധമായ മുടി കൊണ്ട് ചെയ്യുന്നതേ മറ്റു ചിലര്‍ സമൃദ്ധമായ നിതംബം കൊണ്ട് ചെയ്യുന്നുള്ളു.
സ്വന്തം സൗന്ദര്യത്തില്‍ വിശ്വസിക്കാനും അതിനെ പൊലിപ്പിക്കാനും അതിലാനന്ദിക്കാനും അതു പ്രദര്‍ശിപ്പിക്കാനും അഭിനന്ദനം ഏറ്റുവാങ്ങാനും എനിക്കുള്ള അതേ അവകാശം എല്ലാവര്‍ക്കുമുണ്ട്. അല്ലാതെ എന്റേതു വരെ ഓക്കെ, അതിനപ്പുറം കച്ചവടം എന്ന ന്യായം ശരിയല്ല. പ്രതികരിക്കുന്ന പെണ്ണുങ്ങളെ ചട്ടം പഠിപ്പിക്കാന്‍ ചെല്ലരുത്.
സ്വയം വഞ്ചിച്ചു കൊണ്ട് സംസാരിക്കരുത് ആരും.
എസ് ശാരദക്കുട്ടി

Content Highlights: S Saradakutty's Facebook Post On Honey Rose Issue

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us