പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയാണെങ്കില്‍ അവരുടെ രാജ്യം കൂടുതല്‍ അഭിവൃദ്ധിപ്പെടുകയും കരുത്തുള്ളതായും മാറുമെന്ന് പറഞ്ഞത് മിഷേല്‍ ഒബാമയാണ്. അതേ, സുരക്ഷിതവും ആരോഗ്യകരവുമായ ഒരു ജീവിതം നയിക്കുന്നതിന് പെണ്‍കുട്ടികള്‍ക്കും അവകാശമുണ്ട്. പെണ്‍കുട്ടികളുടെ ദിനമായ ജനുവരി 24 ഓര്‍മിപ്പിക്കാന്‍ ആഗ്രഹിക്കുന്നത് അത്രമാത്രമാണ്. പെണ്‍ഭ്രൂണഹത്യ, ബാലവിവാഹം എന്നിവ തടഞ്ഞുകൊണ്ട് വിദ്യാഭ്യാസം, ആരോഗ്യം, പോഷണം തുടങ്ങി എല്ലാ മേഖലകളിലും പെണ്‍കുട്ടികളെ ശാക്തീകരിക്കുകയാണ് ലക്ഷ്യം. മികച്ച ഭാവിക്കായി പെണ്‍കുട്ടികളെ ശാക്തീകരിക്കുക എന്ന ആശയത്തില്‍ അധിഷ്ഠിതമായാണ് ഇത്തവണത്തെ ദേശീയ പെണ്‍കുട്ടികളുടെ ദിവസം ആചരിക്കുന്നത്.
എന്തുകൊണ്ട് ജനുവരി 24
വനിതാശിശുക്ഷേമ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ 2008ലാണ് ആദ്യമായി രാജ്യം പെണ്‍കുട്ടികളുടെ ദിനം ആചരിച്ചുതുടങ്ങുന്നത്. ബാലവിവാഹം, പെണ്‍ഭ്രൂണഹത്യ, ലിംഗവിവേചനം എന്നിവ അഭിസംബോധന ചെയ്യുകയായിരുന്നു ലക്ഷ്യം. ഇന്ത്യന്‍ വനിതാ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് 1966 ജനുവരി 24നാണ്. രാജ്യത്തിന്റെ സുപ്രധാന പദവിയിലേക്ക് രാജ്യത്തില്‍ നിന്നുള്ള മകള്‍ ആദ്യമായി സത്യപ്രതിജ്ഞ ചെയ്ത ദിവസത്തിന്റെ ഓര്‍മയിലാണ് ഈ ദിവസം തന്നെ ദേശീയ പെണ്‍കുട്ടികളുടെ ദിവസമായി ആചരിക്കാന്‍ തീരുമാനിക്കുന്നത്. സമൂഹത്തില്‍ പെണ്‍കുട്ടികള്‍ നേരിടുന്ന വിവേചനങ്ങളും വെല്ലുവിളികളും ചര്‍ച്ചയാക്കുകയും അതിനെതിരെ ബോധവല്‍ക്കരണം നടത്തുകയും ദിനത്തിന്റെ ലക്ഷ്യങ്ങളിലൊന്നാണ്.
ബാലവിവാഹ നിരോധന നിയമം നടപ്പാക്കിയതോടെ രാജ്യത്തെ ബാലവിവാഹങ്ങളില്‍ ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ട്. 47.4 ശതമാനത്തില്‍ നിന്ന് 2019-21 കാലയളവില്‍ 23.3 ശതമാനമായി ബാലവിവാഹങ്ങള്‍ കുറഞ്ഞിരുന്നു. എന്നിരുന്നാല്‍ തന്നെയും പതിനെട്ട് വയസ്സെത്തുന്നതിന് മുന്‍പ് രാജ്യത്ത് അഞ്ചില്‍ ഒരു പെണ്‍കുട്ടി വിവാഹിതരാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2023ല്‍ രണ്ടുലക്ഷത്തോളം ബാല വിവാഹങ്ങള്‍ തടയാന്‍ സാധിച്ചിട്ടുള്ളതായി വനിതാശിശുക്ഷേമ മന്ത്രി അവകാശപ്പെട്ടിരുന്നു. പശ്ചിമബംഗാള്‍, ബിഹാര്‍, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, ത്രിപുര, അസം, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലാണ് ബാലവിവാഹങ്ങള്‍ കൂടുതലും നടക്കുന്നത്. പെണ്‍കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പരിശോധിക്കുകയാണെങ്കിലും ഞെട്ടക്കുന്ന കണക്കുകളാണ് നമുക്ക് മുന്നിലുള്ളത്. ദേശീയ പെണ്‍കുട്ടികളുടെ ദിനത്തില്‍ വ്യത്യസ്തമായ പദ്ധതിയുമായി കര്‍ണാടക ആരോഗ്യവകുപ്പ് രംഗത്തെത്തിയിട്ടുണ്ട്. പെണ്‍കുട്ടികളുടെ ദിനമായ ജനുവരി 24ന് ജനിക്കുന്ന എല്ലാ പെണ്‍കുഞ്ഞുങ്ങള്‍ക്കും ആയിരം രൂപ വിലവരുന്ന ബേബി കിറ്റ് ആശുപത്രിയില്‍ നിന്ന് സമ്മാനിക്കും.
പെണ്‍കുട്ടികളെ നിങ്ങള്‍ മൂല്യമുള്ളവരും ശക്തരും നിങ്ങളുടെ സ്വപ്നത്തെ സാക്ഷാത്ക്കരിക്കാനും ലോകത്തുള്ള എല്ലാ അവസരങ്ങളെയും പിന്തുടരാന്‍ അര്‍ഹതയുള്ളവരുമാണെന്ന കാര്യത്തില്‍ ഒരിക്കലും ആശങ്കപ്പെടരുത് - ഹിലരി ക്ലിന്റണ്‍
Content Highlights: National Girl Child Day 2025: History, significance, wishes and more