മദ്യപിച്ചെത്തുന്ന ഭര്‍ത്താക്കന്മാരുടെ ഉപദ്രവം സഹിക്കവയ്യാതെ വീടുവിട്ടിറങ്ങിയ യുവതികള്‍ പരസ്പരം വിവാഹിതരായി. ഉത്തര്‍പ്രദേശിലാണ് സംഭവം. കവിത, ബബ്ലു എന്ന ഗുഞ്ച എന്ന യുവതികളാണ് വിവാഹിതരായത്. വ്യാഴാഴ്ച വൈകുന്നേരം ക്ഷേത്രത്തില്‍ വച്ച് മാല ചാര്‍ത്തി സിന്ദൂരം അണിയിച്ചാണ് വിവാഹിതരായത്.
ദേവ്‌റയിലെ ചോട്ടി കാശി എന്ന് അറിയപ്പെടുന്ന ശിവക്ഷേത്രത്തില്‍വെച്ചാണ് ഇരുവരും വിവാഹം കഴിച്ചത്. ക്ഷേത്ര പൂജാരി ഉമാ ശങ്കര്‍ പാണ്ഡെയാണ് വിവാഹത്തിന് കാര്‍മികത്വം വഹിച്ചത്. ഗുഞ്ചയാണ് വരന്റെ വേഷം ധരിച്ചത്. കവിതയ്ക്ക് സിന്ദൂരം ചാര്‍ത്തുകയും ഇരുവരും വരണമാല്യം ചാര്‍ത്തുകയുമായിരുന്നു.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും തമ്മില്‍ പരിചയപ്പെടുന്നത്. ദാമ്പത്യ ജീവിതം ഏതാണ്ട് ഒരേ പോലെയായിരുന്നുവെന്ന് ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു. മദ്യപാനിയായ ഭര്‍ത്താക്കന്മാര്‍ നിരന്തം ഉപദ്രവിക്കുമായിരുന്നുവെന്നാണ് യുവതികള്‍ പറയുന്നത്. മദ്യപാനവും മോശമായ പെരുമാറ്റവും വളരെയധികം വേദനിപ്പിച്ചു. സമാധാനവും സന്തോഷവുമുള്ള ജീവതം വേണമെന്നുള്ള ആഗ്രഹമാണ് തങ്ങളെ ഇതിന് പ്രേരിപ്പിച്ചതെന്നും ഇരുവരും പറഞ്ഞു.
നിലവില്‍ ഒരു മുറി വാടകയ്ക്ക് എടുത്ത് താമസം ആരംഭിക്കും. ദമ്പതികളായി ഗോരഖ്പൂരില്‍ ഒരുമിച്ച് ജീവിക്കാനാണ് തീരുമാനമെന്നും തങ്ങളെ വേര്‍പ്പെടുത്താന്‍ ഒരാളെയും അനുവദിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Fed up with abusive husbands,Two Women Marry each other in up's gorakhpur